Foto

പ്രത്യാശാദീപം തെളിയുന്നു; ദുരിതകാലം ഇനി അകലെ: ഫ്രാന്‍സിസ് മാര്‍പാപ്പ

പ്രതിസന്ധികളെ ഒന്നിച്ചു തരണം ചെയ്യുന്നതിന് ദൈവ സന്ദേശം കേള്‍ക്കാന്‍ ലോകം
തയാറാകണം; ആഹ്വാനം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഈസ്റ്റര്‍ ചടങ്ങില്‍


മഹാമാരിയുടെ ദുരിതകാലത്തോടു വിട പറഞ്ഞ്  ലോകം പ്രത്യാശയിലേക്ക് മടങ്ങവേ ശുഭകരമായ പുനരാരംഭത്തിന്റെ ദൈവ സന്ദേശമാണ് ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ സ്വായത്തമാകുന്നതെന്ന് വത്തിക്കാനിലെ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രത്യാശാ ദീപ്തമായ ദൈവ സന്ദേശം കേള്‍ക്കാന്‍ ലോകം തയാറായാല്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും കഴിയുമെന്ന്, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്ത ഇരുനൂറു വിശ്വാസികളെ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

പകര്‍ച്ചവ്യാധിയുടെയും മറ്റ് വിപരീതാനുഭവങ്ങളുടെയും അന്ധകാരാനുഭവങ്ങളില്‍ നിന്ന് മുക്തി നേടി ദൈനംദിന ജീവിതത്തിന്റെ കൃപ വീണ്ടും കണ്ടെത്തുന്നതിന്  മുന്‍വിധികള്‍ ഒഴിവാക്കാനും നമ്മുടെ ചുറ്റുമുള്ളവരോട് ഓരോ ദിവസവും അടുക്കാനും യേശു ക്ഷണിക്കുന്നു-  മാര്‍പാപ്പ പറഞ്ഞു. യഥാര്‍ത്ഥ ജീവിതമാകുന്ന ഗലീലിയിലേക്ക് നമ്മെ നയിക്കാന്‍ മുമ്പേ ഗമിച്ച യേശുവിനെയാണ് അവിടത്തെ കല്ലറയിലെത്തിയ സ്ത്രീകള്‍ പരിചയപ്പെട്ടത്.  കര്‍ത്താവ് തങ്ങള്‍ക്ക് മുമ്പേ എത്തിയ  ഗലീലിയില്‍, തങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമെന്ന ഉറപ്പാണ് അതുവഴി ലഭിച്ചത്. 'ഭയപ്പെടേണ്ട!' എന്ന വാക്കുകള്‍ കേട്ട് അത്ഭുതപ്പെട്ടു അവര്‍. അതോടെ കണ്ണുനീര്‍ വറ്റി; അവരുടെ ഭയം പ്രത്യാശയ്ക്ക് വഴി മാറി. രചനാത്മകമായ പുനരാരംഭം എല്ലായ്‌പ്പോഴും സാധ്യമാണെന്ന ബോധ്യം വന്നു.

ഗലീലിയിലേക്ക് പോകുക എന്നതിനര്‍ത്ഥം കല്ലറയില്‍ നിന്ന് മാറി പുതിയ പാതകളിലേക്ക് പോകുക എന്നതാണ്. വിശ്വാസം സജീവമാക്കുകയും  പരിശുദ്ധിയിലേക്കുള്ള വഴിയില്‍ തിരിച്ചെത്തുകയുമാണ്. ദൈവ വഴികളിലെ ആശ്ചര്യമനുഭവിച്ച് താഴ്മയെ പുല്‍കാന്‍ കഴിയണം. പരിമിതികളില്ലാതെ നമ്മെ സ്‌നേഹിക്കുന്നുവെന്നും നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും  നമ്മോടൊപ്പമുണ്ടെന്നും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് അവരെ ബാധ്യപ്പെടുത്തി.

ശിഷ്യന്മാരും കര്‍ത്താവുമായി ആദ്യമായി കണ്ടുമുട്ടിയ സ്ഥലമായിരുന്നു ഗലീലി. അവരുടെ ആദ്യ സ്‌നേഹം നാമ്പിട്ടത് ഗലീലിയിലായിരുന്നു. അവരോട് അവന്‍ പ്രസംഗിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു അവിടെ. അവന്റെ വാക്കുകള്‍ അവര്‍ തെറ്റിദ്ധരിച്ചതും കുരിശിന്റെ മുഖത്ത് അവനെ ഉപേക്ഷിച്ച് ഓടിപ്പോയതും ഗലീലിയിലായിരുന്നു. അനുദിനം ജീവിക്കാന്‍ പാടുപെടുന്നവര്‍ക്കും ഒഴിവാക്കപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും അവന്‍ തന്റെ സന്ദേശം പങ്കുവച്ചു അവിടെ. എന്തൊക്കെയാണെങ്കിലും, അവര്‍ ആരംഭിച്ച സ്ഥലത്ത് നിന്ന് വീണ്ടും തുടങ്ങാന്‍ കര്‍ത്താവ് അവരെ ക്ഷണിച്ചു. 'ഈ ഗലീലിയില്‍, കര്‍ത്താവിന്റെ അനന്തമായ സ്‌നേഹത്തില്‍ നാം ആശ്ചര്യ ഭരിതരാകുന്നു. അവിടെ നമ്മുടെ തോല്‍വികളുടെ പാതയ്ക്കപ്പുറം പുതിയ പാതകള്‍ തുറക്കുന്നു. അതിനാല്‍, ഗലീലിയിലേക്കുള്ള മടങ്ങിവരുന്നതിന്റെ ആദ്യ ആശയം ഇതാണ്:  എല്ലാ പരാജയങ്ങള്‍ക്കും ഉപരിയായി പുതിയ ആരംഭം എല്ലായ്‌പ്പോഴും സാധ്യമാണ്. നമ്മുടെ ഹൃദയത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന്, ദൈവത്തിന് ഒരു കലാസൃഷ്ടി സാധ്യമാക്കാന്‍ കഴിയും; മനുഷ്യരാശിയുടെ നഷ്ടങ്ങളില്‍ നിന്ന്, ദൈവത്തിന് ഒരു പുതിയ ചരിത്രം തയ്യാറാക്കാന്‍ കഴിയും. പകര്‍ച്ചവ്യാധിയുടെ ഈ ഇരുണ്ട മാസങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ പുനരാരംഭത്തിനാണ് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ക്ഷണിക്കുന്നത്'.

ലോകമെമ്പാടും ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും തിരുക്കര്‍മ്മങ്ങളും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി. ദരിദ്രരേയും, രോഗികളേയും, അഭയാര്‍ഥികളേയും സ്വീകരിച്ച് ശുശ്രൂഷ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. ദൈവത്തെ മഹത്വപ്പെടുത്താനുള്ള അവസരമായി  ജീവിതത്തെ കാണുന്നവര്‍ കുറഞ്ഞുവരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ക്രൈസ്തവര്‍ പാതിരാകുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കാളികളായി.പരുമല പള്ളിയില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് യു.കെ യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍  ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കി. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍  പാവപ്പെട്ടവരെ കരുതുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത മേലധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങളില്‍് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.പലവിധത്തില്‍ തകര്‍ന്ന മനുഷ്യരെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവങ്ങളിലേക്കും, രോഗികളിലേക്കും കരങ്ങള്‍ നീട്ടിയാകണം സന്തോഷം പങ്കുവയ്‌ക്കേണ്ടതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News