Foto

എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങും:മന്ത്രി, എംഎൽഎ, ജില്ലാ കലക്ടർ പങ്കെടുത്ത "കരുതലും കൈത്താങ്ങും" അദാലത്ത് നടക്കുന്നതിടെ പുറത്താണ് ഇയാൾ പിടിയിലായത്.

മണ്ണാർക്കാട്∙ കൈക്കൂലി വാങ്ങുന്നതിനിടെ  വിജിലൻസിൻ്റെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ കൈക്കൂലി ലഭിക്കാതെ ഒന്നും ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മന്ത്രി, എംഎൽഎ, ജില്ലാ കലക്ടർ,സബ് കലക്ടർ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത "കരുതലും കൈത്താങ്ങും" അദാലത്ത് നടക്കുന്നതിനിടയിലാണ് പുറത്തു കൈക്കൂലിക്കേസിൽ ഇയാൾ പിടിയിലായത്.കൈക്കൂലി നൽകുന്നതുവരെ നടപടിയെടുക്കാതെ അപേക്ഷകൾ പിടിച്ചുവയ്ക്കുന്നതാണ് ഇയാളുടെ ശൈലിയെന്നും ആരോപണമുണ്ട്. തേൻ, കുടംപുളി, പുഴുങ്ങിയ മുട്ട,ജാതിക്ക എന്നിങ്ങനെ എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. തൃശൂർ വിജിലൻസ് കോടതി സുരേഷ് കുമാറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ജൂൺ 7ന് കേസ് വീണ്ടും പരിഗണിക്കും.
സുരേഷ് കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും കൈക്കൂലി വാങ്ങുന്നതായി സംശയം തോന്നിയിട്ടില്ലെന്നും പാലക്കയം വില്ലേജ് ഓഫിസർ പറഞ്ഞു. മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായി ഇയാൾ ഇതിനു മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസിനടുത്തുള്ള കോംപ്ലക്സിലെ ഒറ്റമുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്.കാര്യമായ് ആരോടും അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണെന്നും പറഞ്ഞു കേൾക്കുന്നുണ്ട്.    
മുൻപ് പലരും പരാതി ബോധിപ്പിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ നടപടി ഉണ്ടായിട്ടില്ലെന്നും സൂചനയുണ്ട്.മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് അടുത്തുള്ള താമസസ്ഥലത്ത് നടന്ന റെയ്ഡിൽ ഏകദേശം 35 ലക്ഷം രൂപ പണമായും സ്ഥിര നിക്ഷേപ രേഖകളും കിലോ നാണയങ്ങളും സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പെടെ ഒരു കോടിക്കുമേലെ പണവും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
തൊട്ടടുത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 

പരാതിക്കാരനോട് ലൊക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 2,500 രൂപ കൈക്കൂലിയുമായ് അന്നേരം താനുള്ള, മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന കോളജിൽ എത്താൻ ആവശ്യപ്പെട്ടു.പണം വാങ്ങുന്നതിനിടയിലാണു സുരേഷ്കുമാർ അറസ്റ്റിലായത്. 

Comments

leave a reply

Related News