Foto

ജോക്കോയ്ക്ക് ഇനി ഗോൾഡൻസ്‌ലാം സ്വപ്നം മാത്രം

ജോക്കോയ്ക്ക്  ഇനി
ഗോൾഡൻസ്‌ലാം
സ്വപ്നം മാത്രം     

ഈ പെണ്ണുങ്ങളുടെ മനസ്സ് ഒന്ന് വേറെ തന്നെയെന്ന് പറയാതെ വയ്യ. വെള്ളിയാഴ്ച, ടോക്കിയോ ഒളിംപിക്‌സ് വേദികളിൽ ഇന്ത്യൻ യുവത്വം ഏറെ പ്രതീക്ഷകൾ പകർന്ന ദിനമായിരുന്നു. വനിതാ ബോക്‌സിങ്ങിൽ വനിതകളുടെ 69 കിലോഗ്രാം വെൽറ്റർ വെയിറ്റ് വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ അസമിലെ ഗോലഘട്ട് ജില്ലയിലെ ബാരമുഖിയ ഗ്രാമത്തിൽ നിന്നുള്ള 23 കാരി ലവ്‌ലിന ബോർഗോഹെയിന്റെ മുൻലോക ചാംമ്പ്യൻ ചൈനീസ് അയ്‌പേയുടെ നീൻചിൽ ചെന്നിനെതിരിയുള്ള വിജയം. സെമിയിൽ എത്തിയതനുസരിച്ച് വെങ്കല മെഡൽ ഈ കൗമാരക്കാരി ഉറപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. പുരുഷ ഹോക്കിയിൽ ജപ്പാനെ തകർത്ത് ക്വാർട്ടർ ഉറപ്പാക്കിയപ്പോൾ, വനിതകൾ അയർലണ്ടിനെതിരെ, മൂന്നു മത്സരങ്ങളിലെ തുടർച്ചയായ തോൽവിയിൽ നിന്നും മടങ്ങി വന്ന ടീം. അയർലണ്ടിനെ ഒരേയൊരു ഗോളിന് തകർത്ത റാണി റാംപാലും  കൂട്ടുകാരികളും, ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതി നേടിയ വിജയത്തോടെ ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ്.
    ഒളിംപിക് മത്സരങ്ങളിൽ വനിതകളുടെ മുന്നേറ്റങ്ങളൊക്കെകണ്ട് അറിയാതെ ഒന്നു മയങ്ങി തുടങ്ങിയപ്പോഴാണ് മൊബൈൽ ചിലച്ചത്. നോക്കുമ്പോൾ വയനാട്ടിലെ മൂനങ്ങാടിയിൽ നിന്നും ചേച്ചിയുടെ വിളിയാണ്. പതിവ് സമയത്തല്ലാത്തതിനാൽ, ഇന്നെന്താ പേഷ്യന്റസ് ഒന്നുമില്ലേ - എന്ന് അങ്ങോട്ട് ചോദിച്ചു. - അല്ല, നിന്റെ ജോക്കോ തോറ്റുവല്ലേ?-  ഒളിംപിക്‌സിൽ ഒരു സ്വർണ്ണമെഡലോടെ, ടെന്നീസിൽ എക്കാലത്തയും മഹാനായ കളിക്കാരൻ (GOAT- greatest of all time) താനാണെന്ന് തെളിയിക്കുവാൻ ഒരുങ്ങി കോർട്ടിലിറങ്ങിയ നോവാക് ജോക്കോവിച്ച് സെമിയിൽ അലക്‌സാണ്ടർ സ്വരോവിനോട് അടിയറവു പറഞ്ഞതിൽ വിഷമമുണ്ടായിരുന്നു. ആഗസ്റ്റ് 30 ന് ന്യൂയോർക്കിൽ ആരംഭിക്കുന്ന യു.എസ്. ഓപ്പണിൽ വിജയിക്കുവാൻ കഴിയുകയാണെങ്കിൽ ഗ്രാൻഡ്സ്ലാം, ഒളിംമ്പിക്ക്‌  സ്വർണ്ണത്തോടെ ജോക്കോവിന് 'ഗോൾഡൺ സ്ലാം' ആക്കി മാറ്റാമായിരുന്നു.
   - അതെ, ജോക്കോ തോറ്റു, - തെല്ലു ദു:ഖത്തോടെ മറുപടി പറഞ്ഞു.  ഞാൻ ഹാപ്പിയാണ് .ഞങ്ങളുടെ സ്റ്റെഫി ഗ്രാഫിന്റെ ഗോൾഡൺ സ്ലാം റിക്കാർഡ് അങ്ങനെ നിൽക്കുമല്ലോ. ഞാൻ ജോക്കോ തോൽക്കണമെന്നാഗ്രഹിച്ചത് ഇക്കാരണം ഒന്നുകൊണ്ട് മാത്രമാണ്. അത് സ്റ്റെഫിക്കു മാത്രം സ്വന്തമായിരിക്കട്ടെ. - ആറു വർഷങ്ങൾക്ക് മുൻപ് പുരുഷ ടെന്നീസിലെ എക്കാലത്തേയും ഏറ്റവും മികച്ച കളിക്കാർ ന്യൂഡൽഹിയിൽ വരുന്നതറിഞ്ഞ് ഇന്റർ നാഷണൽ പ്രീമിയർ ടെന്നീസ് ലീഗ് കാണുവാൻ അവധിയെടുത്ത് പോയ ചേച്ചിക്ക് ഇത്രയ്ക്കും കടുത്ത ആരാധന സ്റ്റെഫിയോടു മാത്രമുണ്ടെന്ന് കരുതിയിരുന്നില്ല. അതെ സ്റ്റെഫിക്കു മാത്രം സ്വന്തമായിട്ടുള്ള ഗോൾഡൺ സ്ലാം ജോക്കോക്കെന്നല്ല മറ്റാർക്കും കിട്ടരുതെന്നാഗ്രഹിച്ചു. അതൊരു സ്വകാര്യ അഹങ്കാരമായി കരുതിയവർ ഏറെയുണ്ട്. കരിയറിന്റെ ആദ്യ കാലങ്ങളിൽ പെരുമാറ്റത്തിന്റെ കുലീനത്വവും, കളി അഴകും കൊണ്ട് ലോകമെമ്പാടും ആരാധകരുള്ള റോജർ ഫെഡററുടേയും, കളിമൺ കോർട്ടിൽ അജയ്യനെന്നു പറയാവുന്ന, കരുത്തേറിയ കളികൊണ്ട് കോർട്ട് അടക്കി വാഴുന്ന റാഫേൽ നദാലിന്റേയും  നിഴലിൽ നിൽക്കുവാനേ  ജോക്കോവിച്ചിന് കഴിഞ്ഞിരുന്നുള്ളൂ. കഴിഞ്ഞ ദശാബ്ദത്തിന്റെ അവസാന വർഷങ്ങളിൽ കാണിച്ച വിജയ തീഷ്ണത  ഈ ദശാബ്ദത്തിലും ജോക്കോ തുടരുകയായിരുന്നു. 2008-ൽ ബെയ്ജിങ്ങ് ഒളിംപ്കിസിൽനേടിയ വെങ്കല മെഡൽ മാത്രമാണ് വിശ്വകായിക മേളയിൽ നിന്നും ഈ  സെർബിയൻ താരത്തിന്റെ ആകെ സമ്പാദ്യം. ടോക്കിയോ ടെന്നീസ് പാർക്കിൽ ജർമ്മനിയുടെ അലക്‌സാണ്ടർ സ്വരേവിനോട് 1-6, 6-3, 6-1 നാണ് ജോക്കോയുടെ സെമിഫൈനൽ പതനം. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ജോക്കോ ലോക റാങ്കിങ്ങിൽ തന്നേക്കാൾ 64 സ്ഥാനങ്ങൾ പുറകിലുള്ള സ്പാനിഷ് താരം പാസ്ലോ കരേനോ ബുസ്റ്റയോടാണ് പൊരുതി തോറ്റത്. ആദ്യ സെറ്റ് സ്പാനിഷ് താരം അനായാസം സ്വന്തമാക്കിയപ്പോൾ, രണ്ടാം സെറ്റിൽ ടൈ ബ്രേക്കറിലാണ് ജോക്കോ തിരിച്ചു വന്നത്. 6-3 ന് മൂന്നാം സെറ്റിൽ കരോന ബുസ്റ്റ വെങ്കലമെഡൽ ഉറപ്പിച്ചു.
    ഒരു ഗോൾഡൻ സ്ലാം സ്വപ്നമിട്ട്, ഒളിംപിക്‌സിൽ കന്നി സ്വർണ്ണ മെഡൽ നേടാൻ ടോക്കിയോ ഒളിംപിക് ടെന്നീസ് പാർക്കിൽ റാക്കറ്റേന്തിയ നോവാക്കിന് ഒരു മെഡലുമായി പോലും ടോക്കിയോവിൽ നിന്നും മടങ്ങുവാൻ കഴിഞ്ഞില്ല. റോജർ ഫെഡററും, റാഫേൽ നദാലും ഇല്ലാത്ത ഒരു ഒളിംപിക്‌സിൽ ജോക്കോയ്ക്ക് ലോക ഒന്നാം നമ്പർ താരമെന്ന നിലയിൽ സാധ്യതകൾ വളരെ കൂടുതലായിരുന്നു. 2008-ൽ ബെയ്ജിങ്ങിൽ നേടിയ വെങ്കലമാണ് ഒളിംപിക്‌സിൽ നിന്നുള്ള മെഡൽ.
    കായിക ക്ഷമതയിലും, കളി മികവിലും, മനക്കരുത്തിലും, സഹകളിക്കാരേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ജോക്കോയ്ക്ക് തന്റെ കരിയറിൽ ഇനിയൊരിക്കലും ഗോൾഡൺ സ്ലാമിനുള്ള അവസരം ലഭിക്കുവാൻ സാധ്യതകളില്ല. 20 ഗ്രാൻഡ്സ്ലാം മെഡലുകൾ തന്റെ സ്വീകരണ മുറിയിൽ സൂക്ഷിക്കുന്ന ജോക്കോക്ക് ഫെഡററെപ്പോലെ ഒളിംപിക് സ്വർണ്ണം ഒരു കിട്ടാക്കനിയായേക്കാം. പുരുഷ ടെന്നീസിൽ തനിക്ക് മുന്നിൽ ആരുമില്ല എന്ന് ഇനി ജോക്കോക്ക് കരുതുവാൻ കഴിയില്ല. ഓഗസ്റ്റ് 30ന് തുടങ്ങുന്ന യു.എസ് ഓപ്പണിൽ വിജയിച്ച് 1969-ൽ ഓസ്‌ട്രേലിയയുടെ റോഡ് ലേവർ അവസാനമായി നേടിയ ഗ്രാൻഡ്സ്ലാം ബഹുമതി കരസ്ഥമാക്കുകയായിരിക്കും ജോക്കോയുടെ അടുത്ത ലക്ഷ്യം.
സാഹചര്യങ്ങൾ മുഴുവൻ ഒത്തു വന്നാലും, എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കുവാൻ കഴിയുകയില്ലെന്ന് ജോക്കോയുടെ ടോക്കിയോ ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നു.

വാൽക്കഷണം
സ്റ്റെഫി ഗ്രാഫിന്റെ റിക്കാർഡ് തകരാതിരിക്കുവാൻ നേർച്ചയിട്ട വനിതകൾ ജോക്കോക്ക് ഇങ്ങനെയൊരു പാരയാകുമെന്നാരു കണ്ടു?

എൻ. എസ് . വിജയകുമാർ.

Comments

leave a reply

Related News