Foto

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ദൈവവിളിദിന സന്ദേശം - 2021 വിശുദ്ധ യൗസേപ്പ്: ദൈവവിളിയുടെ സ്വപ്നം

പ്രിയ സഹോദരീസഹോദരന്മാരേ,

വിശുദ്ധ യൗസേപ്പിനെ സാർവത്രികസഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിയമ്പതാം വർഷം ആചരിക്കുന്നതിന്റെ ഭാഗമായി  കഴിഞ്ഞ ഡിസംബർ 8-ന് യൗസേപ്പിതാവർഷം ആരംഭിച്ചുവല്ലോ. അതിനായി ഞാൻ 'പിതൃഹൃദയത്തോടെ' (Patris Corde) എന്ന അപ്പസ്‌തോലിക ലേഖനം എഴുതുകയുണ്ടായി. അതിന്റെ ലക്ഷ്യം ഈ മഹാവിശുദ്ധനോട് നമുക്കുള്ള സ്‌നേഹം വർധിപ്പിക്കുക എന്നതായിരുന്നു. അദ്ദേഹം ഒരു അസാധാരണ വ്യക്തിയായിരുന്നു. അതേസമയം തന്നെ ''മാനുഷികമായ നമ്മുടെ അനുഭവങ്ങളോട് വളരെ അടുത്തുനില്ക്കുന്ന''യാളുമാണ്. അത്ഭുതകരമായതൊന്നും അദ്ദേഹം ചെയ്തിട്ടില്ല. അദ്ദേഹത്തിന് പ്രത്യേകതരം സിദ്ധികളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ കണ്ടവർക്കാർക്കും പ്രത്യേകതയൊന്നും തോന്നിയതുമില്ല. അദ്ദേഹം പ്രശസ്തനോ ശ്രദ്ധേയനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു വാക്കുപോലും സുവിശേഷങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തിലൂടെ അദ്ദേഹം ദൈവദൃഷ്ടിയിൽ  അസാധാരണമായതു ചെയ്തു തീർത്തു.

ദൈവം ഹൃദയങ്ങൾ പരിശോധിക്കുന്നു (1 സാമു 16,7). ദൈനംദിനകാര്യങ്ങളുടെ നടുവിലും ജീവൻ നല്കാനും ഉത്പാദിപ്പിക്കാനും കഴിവുള്ള ഒരു പിതൃഹൃദയം ദൈവം വിശുദ്ധ യൗസേപ്പിൽ തിരിച്ചറിഞ്ഞു. ദൈവവിളികൾക്കും ഇതേ ലക്ഷ്യമാണുള്ളത് - ദൈനംദിനമുള്ള  ജീവോത്പാദനവും നവീകരണവും. പിതാക്കന്മാരുടെയും മാതാക്കളുടെയും ഹൃദയം രൂപപ്പെടുത്താനാണ് ദൈവം ആഗ്രഹിക്കുന്നത്: തുറവുള്ളതും മഹത്തായ തുടക്കങ്ങൾക്ക് ത്രാണിയുള്ളതും ജീവദാനത്തിന് ഔദാര്യമുള്ളതും ഉത്കണ്ഠകളെ ആശ്വസിപ്പിക്കാൻ ആർദ്രതയുള്ളതും  പ്രത്യാശകളെ ശക്തിപ്പെടുത്തുവാൻ ആർജവമുള്ളതുമായ ഒരു ഹൃദയം. പൗരോഹിത്യത്തിലും സമർപ്പിതജീവിതത്തിലും  ഈ ഗുണഗണങ്ങൾ വളരെ ആവശ്യമായിരിക്കുന്ന നാളുകളാണിത്.  ദുർബലതയാലും പകർച്ചവ്യാധി മൂലമുള്ള സഹനങ്ങളാലും അടയാളപ്പെടുത്തപ്പെട്ട ഈ സമയം ഭാവിയെക്കുറിച്ചും ജീവിതത്തിന്റെതന്നെ അർത്ഥത്തെക്കുറിച്ചും അനിശ്ചിതത്വങ്ങളും ഭയങ്ങളും വിതച്ചുകഴിഞ്ഞു. വിശുദ്ധ യൗസേപ്പിതാവ് തന്റെ സഹജമായ മാന്യതയിൽ നമ്മെ സ്പർശിക്കുന്നത് ''തൊട്ടടുത്ത വിശുദ്ധ''രിൽ ഒരാൾ എന്ന നിലയിലാണ്. അതേസമയം തന്നെ, അദ്ദേഹത്തിന്റെ ശക്തമായ സാക്ഷ്യം നമ്മുടെ യാത്രയിൽ മാർഗദർശകവുമാണ്.

ഓരോ വ്യക്തിയുടെയും ദൈവവിളിയിൽ മൂന്ന് പ്രധാന വാക്കുകൾ വിശുദ്ധ യൗസേപ്പ് നിർദ്ദേശിക്കുന്നുണ്ട്. അതിൽ ഒന്നാമത്തേത് 'സ്വപ്ന'മാണ്. ഓരോരുത്തരും ജീവിതത്തിന്റെ പൂർത്തീകരണം സ്വപ്നം കാണുന്നവരാണ്. വിജയം, ധനം, വിനോദം മുതലായ ക്ഷണികമായ ലക്ഷ്യങ്ങൾകൊണ്ട് തൃപ്തിപ്പെടുത്താൻ സാധ്യമല്ലാത്ത വലിയ പ്രതീക്ഷകളും ഉന്നതമായ അഭിലാഷങ്ങളും പരിപോഷിപ്പിക്കുന്നവരാണ് നമ്മൾ.  ആളുകളുടെ ജീവിതസ്വപ്നങ്ങളെ ഒറ്റവാക്കിൽ പ്രകടിപ്പിക്കാൻ പറഞ്ഞാൽ, അതിനുത്തരം ഊഹിച്ചെടുക്കാൻ ഒട്ടും പ്രയാസമുണ്ടാകില്ല.  'സ്‌നേഹിക്കപ്പെടുക' എന്നതായിരിക്കും അതിന്റെ ഉത്തരം. സ്‌നേഹമാണ് ജീവിതത്തിന് അർഥം നല്കുന്നത്. കാരണം, അത് ജീവിതത്തിന്റെ രഹസ്യത്തെ വെളിപ്പെടുത്തുന്നതാണ്. തീർച്ചയായും, നല്കുന്നതിലൂടെയാണ് നമുക്ക് ജീവൻ ഉണ്ടാകുന്നത്; ഉദാരമായി നല്കുന്നതിലൂടെയാണ് അത് നാം കൈവശപ്പെടുത്തുന്നതും. ഇക്കാര്യത്തിൽ വിശുദ്ധ യൗസേപ്പിന് നമ്മോട് വളരെയേറെ പറയാനുണ്ട്. കാരണം, ദൈവംതന്നെ പ്രചോദിപ്പിച്ച സ്വപ്നങ്ങളിലൂടെ അദ്ദേഹം തന്റെ  ജീവിതത്തെ ഒരു ദാനമാക്കി മാറ്റി.

സുവിശേഷങ്ങൾ നമ്മോട് നാലു സ്വപ്നങ്ങളെക്കുറിച്ച് പറയുന്നു (മത്താ 1,20; 2,13.19.22). അതാകട്ടെ ദൈവത്തിൽ നിന്നുള്ള വിളിയാണ്. എന്നാൽ അവ എളുപ്പത്തിൽ സ്വീകരിക്കാവുന്നവയായിരുന്നില്ല. ഓരോ സ്വപ്നത്തിനുംശേഷം യൗസേപ്പിന് താൻ സമ്പൂർണമായും വിശ്വാസം അർപ്പിച്ച ദൈവത്തിന്റെ നിഗൂഢമായ രൂപകല്പനകളെ പിൻതുടരുന്നതിനുവേണ്ടി സ്വന്തം പദ്ധതികൾ മാറ്റിവച്ച് അപകടകരമായത് ഏറ്റെടുക്കേണ്ടിവന്നു. എന്തിനാണ് രാത്രിയിൽ കണ്ട ഒരു സ്വപ്നത്തെ ഇത്രമാത്രം വിശ്വസിക്കുന്നതെന്ന് നമ്മൾ ചോദിച്ചേക്കാം. പുരാതനകാലങ്ങളിൽ സ്വപ്നങ്ങളെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നെങ്കിലും ജീവിതത്തിന്റെ മൂർത്തമായ യാഥാർത്ഥ്യത്തിന്റെ മുമ്പിൽ അതു ചെറിയ കാര്യം മാത്രമായിരുന്നു. എങ്കിലും, തന്നെ നയിക്കാൻ തന്റെ സ്വപ്‌നങ്ങളെ ഒരു വിഷമവും കൂടാതെ വിശുദ്ധ യൗസേപ്പ് അനുവദിച്ചു. എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിങ്കലേക്ക് തിരിഞ്ഞിരുന്നതും അവിടന്നിലേക്ക് ചേർന്നിരുന്നതുമായിരുന്നു. ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ആന്തരിക കർണങ്ങൾക്ക് ഒരു ചെറിയ സൂചനമാത്രം മതിയാകുമായിരുന്നു. ഇത് നമ്മുടെ ദൈവവിളിയുടെ കാര്യത്തിലും ബാധകമാണ്. കാരണം, നമ്മുടെ സ്വാതന്ത്ര്യത്തെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് അതിശയകരമായ രീതിയിൽ സ്വയം വെളിപ്പെടുത്താൻ ദൈവം ഇഷ്ടപ്പെടുന്നില്ല. അവിടന്ന് തന്റെ പദ്ധതികൾ വളരെ മാന്യമായാണ് അവതരിപ്പിക്കുന്നത്. മാസ്മരിക ദർശനങ്ങൾകൊണ്ട് നമ്മെ കീഴ്‌പ്പെടുത്തുകയല്ല, മറിച്ച് നിശ്ശബ്ദമായി നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ സംസാരിക്കുകയാണ് അവിടന്ന് ചെയ്യുന്നത്. അവിടന്ന് നമ്മോട് അടുക്കുകയും നമ്മുടെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും നമ്മോട് സംസാരിക്കുകയും ചെയ്യുന്നു. ഇങ്ങനെ, വിശുദ്ധ യൗസേപ്പിനോടു ചെയ്തതുപോലെ അഗാധവൂം അപ്രതീക്ഷിതവുമായ ചക്രവാളങ്ങൾ അവിടന്ന് നമ്മുടെ മുമ്പിലും വയ്ക്കുന്നു.

വാസ്തവത്തിൽ, യൗസേപ്പിന്റെ സ്വപ്നങ്ങൾ അദ്ദേഹം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത അനുഭവങ്ങളിലേക്കാണ് നയിച്ചത്. ആദ്യത്തേത് അദ്ദേഹത്തിന്റെ വിവാഹനിശ്ചയത്തെ ഉയർത്തി അദ്ദേഹത്തെ മിശിഹായുടെ പിതാവാക്കി. രണ്ടാമത്തേതാകട്ടെ, ഈജിപ്തിലേക്ക് പലായനം ചെയ്യാൻ കാരണമായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ രക്ഷിക്കാനിടയാക്കി. മൂന്നാമത്തെ സ്വപ്നം സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുവരവിനെ മൂൻകൂട്ടി അറിയിക്കുന്നതായിരുന്നുവെങ്കിൽ നാലാമത്തേത് അദ്ദേഹത്തിന്റെ പദ്ധതികളെ പുനഃക്രമീകരിച്ച് യേശുവിനെ അവിടത്തെ ദൈവരാജ്യപ്രഘോഷണം ആരംഭിക്കുന്നിടമായ നസ്രത്തിലേക്ക് കൊണ്ടുവന്നു. ഈ സംഘർഷങ്ങൾക്കിടയിലും അദ്ദേഹം ദൈവഹിതം അനുധാവനം ചെയ്യുന്നതിനുള്ള ധൈര്യം കണ്ടെത്തി. ഇങ്ങനെതന്നെയാണ് ഓരോ ദൈവവിളിയിലും: ദൈവത്തിന്റെ വിളി നമ്മെ ആദ്യചുവടുവയ്ക്കാൻ - നമ്മെത്തന്നെ നല്കാനും മുന്നോട്ടായാനും - നിർബന്ധിക്കുന്നു. ചേതമില്ലാതെ വിശ്വാസമില്ല. നമ്മുടെ പദ്ധതികളും സുഖസൗകര്യങ്ങളും മാറ്റിവച്ച്, ആത്മവിശ്വാസത്തോടെ നമ്മെത്തന്നെ ദൈവകൃപയ്ക്കു വിട്ടുകൊടുത്തുകൊണ്ടു മാത്രമേ ദൈവത്തോട് 'അതെ' എന്നു പറയാൻ നമുക്കു കഴിയുകയുള്ളൂ.

ഓരോ 'അതെ'കളും ഫലം പുറപ്പെടുവിക്കുന്നു. കാരണം, അത് വിശാലമായ ഒരു രൂപകല്പനയുടെ ഭാഗമായിത്തീരുന്നു. നാം കാണുന്നതിനുമപ്പുറത്ത് എല്ലാം അറിയുകയും പൂർത്തിയാക്കുകയും ചെയ്യുന്ന ദിവ്യകലാകാരൻ ഓരോ ജീവിതത്തെയും ഉത്തമ കലാസൃഷ്ടിയായി മാറ്റുന്നുവല്ലോ. ഇപ്രകാരം ദൈവഹിതം സ്വീകരിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് വിശുദ്ധ യൗസേപ്പ്. അദ്ദേഹത്തിന്റേത് സജീവവും ഒരിക്കലും  വിമുഖത കാട്ടാത്തതും പിൻവലിക്കാത്തതുമായ സമ്മതമായിരുന്നു. യൗസേപ്പ് ''ഒരിക്കലും നിഷ്‌ക്രിയനായിരുന്നില്ല, മറിച്ച് ധൈര്യത്തോടും ഉറപ്പോടുംകൂടി പ്രവർത്തനനിരതനായിരുന്നു'' (Patris Corde, 4). അദ്ദേഹം എല്ലാവരെയും സഹായിക്കട്ടെ, പ്രത്യേകിച്ച് തങ്ങളെക്കുറിച്ചുള്ള ദൈവഹിതം നിവർത്തിതമാകാൻ തങ്ങളുടെ സ്വപ്നങ്ങളെ വിവേചിക്കുന്ന ചെറുപ്പക്കാരെ. അദ്ദേഹം അവരെ സദാ പ്രചോദിപ്പിച്ച്, ഒരിക്കലും നിരാശപ്പെടുത്താതെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്ന ദൈവത്തോട്, 'അതെ' എന്നു പറയാനാവും വിധം ധൈര്യശാലികളാക്കട്ടെ.

വിശുദ്ധ യൗസേപ്പിന്റെ യാത്രയെയും ദൈവവിളിയെയും അടയാളപ്പെടുത്തുന്ന രണ്ടാമത്തെ വാക്ക് സേവനമാണ്. യൗസേപ്പ് എങ്ങനെ തനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നുവെന്നു സുവിശേഷങ്ങൾ കാണിച്ചുതരുന്നു. കലവറയില്ലാതെ സ്‌നേഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അധികരിച്ച് ദൈവജനം അദ്ദേഹത്തെ 'അത്യന്തം വിരക്തനായ ഭർത്താവ്' എന്ന് വിശേഷിപ്പിക്കുന്നു. തന്റേതുമാത്രമായി സ്‌നേഹിക്കുന്നതിൽ നിന്നും തന്നെത്തന്നെ സ്വതന്ത്രനാക്കിയതുവഴി ഫലദായകമായ സേവനത്തിൽ മുഴുകാൻ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ സ്‌നേഹമസൃണമായ സംരക്ഷണം തലമുറകളിലേക്ക് എത്തിനില്ക്കുന്നു. അതുപോലെതന്നെ അദ്ദേഹത്തിന്റെ അതീവ ജാഗ്രതയോടെയുള്ള രക്ഷാകർതൃത്വം സഭയുടെ സംരക്ഷകനായി അദ്ദേഹത്തെ മാറ്റി. ജീവിതത്തിൽ സ്വയംദാനം ചെയ്യുന്നതിന്റെ അർത്ഥം ഉൾക്കൊള്ളുന്നയാളെന്ന നിലയിൽ അദ്ദേഹം സന്തോഷകരമായ മരണത്തിന്റെ മധ്യസ്ഥനായി. വലിയ സ്‌നേഹത്തിലധിഷ്ഠിതമായതിനാലാണ് അദ്ദേഹത്തിന്റെ സേവനവും സഹനവും യാഥാർത്ഥ്യമായത്. ''ശരിയായ ഓരോ ദൈവവിളിയും സ്വയംദാനത്തിലൂടെയാണ് ജന്മം കൊള്ളുന്നത്; അതാകട്ടെ, പരിപക്വമായ ബലിയുടെ ഫലമാണ്. പൗരോഹിത്യത്തിനും സമർപ്പിത സന്ന്യാസത്തിനും ഇത്തരത്തിലുള്ള പക്വത ആവശ്യമാണ്. ഏതു തരം ദൈവവിളിയുമായിക്കൊള്ളട്ടെ - വിവാഹമോ, ബ്രഹ്മചര്യമോ/കന്യാത്വമോ - സഹനത്തിന്റെ മുന്നിൽ നിന്നുപോയാൽ, നമ്മുടെ സ്വയംദാനം പൂർണമാകില്ല. അങ്ങനെ വരുമ്പോൾ സൗന്ദര്യത്തിന്റെ അടയാളവും സ്‌നേഹത്തിന്റെ ആനന്ദവും ആകുന്നതിനുപകരം  നിരാശയുടെയും ദുഃഖത്തിന്റെയും സന്തോഷമില്ലായ്മയുടെയും അടയാളമായി മാറും സ്വയംദാനം'' (Patris Corde, 7).

വിശുദ്ധ യൗസേപ്പിന് കേവലം ഉയർന്ന ആദർശം മാത്രമായിരുന്നില്ല സേവനം; മറിച്ച്, ദൈനംദിന ജീവിതത്തിന്റെ നിയമമായിരുന്നു. അദ്ദേഹം യേശുവിന് ജനിക്കാനുള്ള സ്ഥലം കഠിനാധ്വാനത്തിലൂടെ കണ്ടെത്തുകയും വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. ഹേറോദേസിന്റെ ക്രോധത്തിൽ നിന്ന് യേശുവിനെ രക്ഷിക്കാൻ വേണ്ടി ഈജിപ്തിലേക്ക് തിടുക്കത്തിൽ ഒരു യാത്ര ഒരുക്കി. ജറുസലേമിൽ വച്ച് യേശുവിനെ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹം തിടുക്കത്തിൽ അവിടേക്കു തിരിച്ചുപോയി. കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അദ്ദേഹം വിദേശത്തുപോലും കഠിനാധ്വാനം ചെയ്തു. ചുരുക്കത്തിൽ, ജീവിതം തങ്ങൾ ആഗ്രഹിക്കുന്നതുപോലെയല്ലെങ്കിലും നിരാശപ്പെടാത്തവരുടെ മനോഭാവത്തോടെ അദ്ദേഹം വ്യത്യസ്ത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട് സന്നദ്ധസേവകരുടെ മനോഭാവം പ്രകടിപ്പിച്ചു. ഇത്തരത്തിൽ, ജീവിതത്തിലെ അപ്രതീക്ഷിതവും എന്നാൽ ഇടയ്ക്കിടയ്ക്ക് കടന്നുവരുന്നതുമായ യാത്രകളെ - ജനസംഖ്യാ കണക്കെടുപ്പിനുവേണ്ടി നസ്രത്തിൽ നിന്നും ബത്‌ലഹേമിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കും അവിടെനിന്ന് തിരിച്ച് നസ്രത്തിലേക്കും പിന്നെ എല്ലാവർഷവും ജറുസലേമിലേക്കും - അദ്ദേഹം സ്വാഗതം ചെയ്തു. പരാതിപ്പെടാതെ ഓരോ തവണയും പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനും  പരിഹൃതമാകേണ്ട  സാഹചര്യങ്ങളെ പരിഹരിക്കുന്നതിന് സഹായഹസ്തം നല്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. അതാകട്ടെ, ഭൂമിയിലുള്ള തന്റെ പുത്രനിലേക്ക് നീട്ടപ്പെട്ട സ്വർഗീയപിതാവിന്റെ  കരങ്ങളായിരുന്നുവെന്ന് നമുക്ക് പറയാൻ കഴിയും. തന്റെ മക്കളിലേക്ക് നീട്ടപ്പെട്ട, പിതാവിന്റെ സദാപ്രവർത്തനനിരതമായ കരങ്ങളാകാനുള്ള വിളിയാണല്ലോ ദൈവവിളികൾ. അവയ്‌ക്കെല്ലാം തികഞ്ഞ മാതൃകയാണ് യൗസേപ്പ്.

യേശുവിന്റെയും സഭയുടെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിനെക്കുറിച്ച് ദൈവവിളിയുടെയും സംരക്ഷകനാണ് അദ്ദേഹം എന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. സേവനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയിൽ നിന്നുതന്നെ സംരക്ഷിക്കുവാനുള്ള കരുതലും വരുന്നുണ്ട്. യൗസേപ്പ് ആ രാത്രിയിൽത്തന്നെ എഴുന്നേറ്റ് കുട്ടിയെയും അമ്മയെയും കൂട്ടി പുറപ്പെട്ടു (മത്താ 2,14) എന്ന് സുവിശേഷത്തിൽ പറയുന്നതുതന്നെ അദ്ദേഹത്തിന് തന്റെ കുടുംബത്തെക്കുറിച്ചുള്ള കരുതലാണ് കാണിക്കുന്നത്. തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചു വ്യാകുലപ്പെട്ട് സമയം കളയാതെ തന്റെ കരുതലിൽ ഏല്പിക്കപ്പെട്ടവരെ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത്തരം ചിന്താഭരിതമായ ശ്രദ്ധയാണ് ശരിയായ ദൈവവിളിയുടെ അടയാളം.  അതാകട്ടെ, ദൈവസ്‌നേഹസ്പർശനത്തിന്റെ സാക്ഷ്യജീവിതവുമാണ്. നമ്മുടെ അഭിലാഷങ്ങളെ പിന്തുടരുന്നതിൽ നിന്നും മിഥ്യാധാരണകളിൽ മുഴുകുന്നതിൽനിന്നും  നാം വിട്ടുനില്ക്കുന്നതും കർത്താവ് സഭയിലൂടെ നമ്മെ ഭരമേല്പിച്ചവയെ ശ്രദ്ധയോടെ കരുതുന്നതും എത്രയോ മനോഹരമായ ക്രൈസ്തവ സാക്ഷ്യമായിരിക്കും! അപ്പോൾ അവിടന്ന് യൗസേപ്പിൽ ചെയ്തതുപോലെ അവിടത്തെ ആത്മാവിനെയും സൃഷ്ടി വൈഭവത്തെയും നമ്മിൽ വർഷിക്കുകയും നമ്മിൽ അവിടന്ന് അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യും.

നമ്മുടെ മഹത്തായ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്ന ദെവത്തിന്റെ വിളിയോടും ഉദാരമായ സേവനവും  ശ്രദ്ധാപൂർവകമായ കരുതലുംകൊണ്ട് രൂപപ്പെടുന്ന നമ്മുടെ പ്രതികരണത്തോടുമൊപ്പം, വിശുദ്ധ യൗസേപ്പിതാവിന്റെ അനുദിന ജീവിതത്തിലും നമ്മുടെ ക്രൈസ്തവവിളിയിലും തെളിഞ്ഞുനില്ക്കുന്ന മൂന്നാമത്തെ സവിശേഷ സ്വഭാവമാണ് വിശ്വസ്തത. ദൈവത്തെയും അവിടത്തെ പദ്ധതികളെയും നിശ്ശബ്ദമായി സേവിക്കുന്നതിൽ ദിനംപ്രതി പരിശ്രമിച്ച നീതിമാൻ (മത്താ 1,19) ആയിരുന്നു ജോസഫ്. തന്റെ ജീവിതത്തിന്റെ വിഷമകരമായ ഒരു നിമിഷത്തിൽ, എന്തുചെയ്യണമെന്ന് അദ്ദേഹം പര്യാലോചിച്ചു. തന്നെത്തന്നെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹം അനുവദിച്ചില്ല. മോശമായി പ്രവർത്തിക്കാനുള്ള പ്രലോഭനത്തിന് - സഹജാവബോധം പിന്തുടരുന്നതിനോ ആ നിമിഷത്തിലേക്കു മാത്രം ഒതുങ്ങുന്നതിനോ - അദ്ദേഹം വശപ്പെട്ടില്ല. പകരം, അവധാനതയോടെ കാര്യങ്ങൾ ധ്യാനിച്ചു. പ്രധാനപ്പെട്ട തീരുമാനങ്ങളോടുള്ള നിരന്തരമായ വിശ്വസ്തതയിലാണ് ജീവിതത്തിലെ വിജയം കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എളിയ ഒരു തച്ചനായി വ്യാപരിക്കുന്നതിലെ സ്ഥിരോത്സാഹത്തിൽ ഇത് പ്രതിഫലിച്ചു (മത്താ 13,55). നിശ്ശബ്ദമായ ആ സ്ഥിരോത്സാഹം, പക്ഷേ, ഒരു വാർത്തയും അക്കാലത്ത് സൃഷ്ടിച്ചില്ലായെങ്കിലും എണ്ണമറ്റ പിതാക്കന്മാരുടെയും തൊഴിലാളികളുടെയും ക്രിസ്ത്യാനികളുടെയും ജീവിതങ്ങൾക്ക് അത് പ്രചോദനമായി. ദൈവവിളി - ജീവിതംപോലെതന്നെ - പരിപക്വമാകുന്നത് ദൈനംദിന വിശ്വസ്തതയിലൂടെ മാത്രമാണ്.

അത്തരം വിശ്വസ്തത എങ്ങനെയാണ് പരിപോഷിപ്പിക്കപ്പെടുന്നത്? ദൈവത്തിന്റെ വിശ്വസ്തതയുടെ വെളിച്ചത്തിൽ. വിശുദ്ധ യൗസേപ്പ് സ്വപ്നത്തിൽ കേട്ട ആദ്യത്തെ വാക്കുകൾ, ഭയപ്പെടാതിരിക്കാനുള്ള ഒരു ക്ഷണമായിരുന്നു, കാരണം, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ''ദാവീദിന്റെ പുത്രനായ ജോസഫ്, ഭയപ്പെടേണ്ടാ'' (മത്താ 1,20).

ഭയപ്പെടേണ്ടയെന്ന വചനം, പ്രിയ സഹോദരീ/സഹോദരാ, നിങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. അനിശ്ചിതത്വത്തിനും ശങ്കയ്ക്കും ഇടയിൽപ്പോലും, നിങ്ങളുടെ ജീവിതം അവിടത്തേക്കു നൽകാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് കാലതാമസം വരുത്തുവാൻ നിങ്ങൾക്കാവില്ല. പരീക്ഷണങ്ങൾക്കും തെറ്റിദ്ധാരണകൾക്കുമിടയിൽ അവിടത്തെ ഇഷ്ടം നിറവേറ്റാൻ നിങ്ങൾ ശ്രമിക്കുമ്പോൾ അവിടന്ന് ഈ വാക്കുകൾ വീണ്ടും പറയുന്നു. ദൈവവിളിയുടെ ആദ്യ സ്‌നേഹത്തിലേക്ക് നിങ്ങൾ മടങ്ങുമ്പോൾ, നിങ്ങളുടെ ഓരോ ചുവടടിയിലും നിങ്ങൾ കേൾക്കുന്നത് നവീകൃതമാകുന്ന ഈ വാക്കുകൾ തന്നെയാണ്. അനുദിന വിശ്വസ്തതയിലൂടെ ജീവിതംകൊണ്ട് ദൈവത്തോട് 'അതെ'യെന്ന് വിശുദ്ധ യൗസേപ്പിനെപ്പോലെ പറയുന്നവരോട്, ഇതേ വാക്കുകൾ അവിടന്നുതന്നെയാണ് പറയുന്നത്.

ഈ വിശ്വസ്തതയാണ് സന്തോഷത്തിന്റെ രഹസ്യം. ആരാധനക്രമത്തിലെ ഒരു ഗാനം നസ്രത്തിലെ കുടുംബത്തിൽ നിറഞ്ഞുനിന്ന സുതാര്യമായ സന്തോഷത്തെക്കുറിച്ച് പറയുന്നു. സത്യമായവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകവഴി ദൈവത്തോടും അയൽക്കാരോടും കൂടുതൽ വിശ്വസ്തമായ അടുപ്പം ദൈനംദിന ജീവിതത്തിൽ പുലർത്തുന്നവരിൽ ലാളിത്യത്തിന്റെ ഈ സന്തോഷം കാണാം. നമ്മുടെ സെമിനാരികൾ, സമർപ്പിത ഭവനങ്ങൾ, വൈദികമന്ദിരങ്ങൾ എന്നിവയിൽ ലളിതവും പ്രസരിപ്പുള്ളതും ശാന്തവും പ്രത്യാശയുള്ളതുമായ ഒരന്തരീക്ഷം നിറഞ്ഞിരുന്നാൽ എത്രയോ നന്നായിരിക്കും!

പ്രിയ സഹോദരീസഹോദരന്മാരേ, ദൈവത്തെ നിങ്ങളുടെ ജീവിതത്തിന്റെ സ്വപ്നമാക്കി മാറ്റിയ നിങ്ങൾ ഈ സന്തോഷം  അനുഭവിക്കട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നീണ്ടുനില്ക്കുന്ന സന്തോഷം നല്കാത്തതെരഞ്ഞെടുപ്പുകളുടെയും വികാരങ്ങളുടെയും യുഗത്തിൽ അവിടത്തെ സഹോദരീ സഹോദരങ്ങളെ വിശ്വസ്തതയോടെ സേവിക്കുകയെന്നത് വളരെ ശക്തമായ സാക്ഷ്യമാണ്. ദൈവവിളിയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പ് പിതൃഹൃദയത്തോടെ നിങ്ങളെ അനുധാവനം ചെയ്യട്ടെ!

ഫ്രാൻസിസ് പാപ്പാ
സെന്റ് ജോൺ ലാറ്ററൻ, റോം

വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനം
19 മാർച്ച് 2021

പി. ഒ. സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയം

Foto
Foto

Comments

leave a reply

Related News