Foto

കായേന്റെ പൈശാചികോര്‍ജ്ജം യുദ്ധമായി  പരിണമിക്കുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ

എന്തുവന്നാലും നാം ഒരിക്കലും പഠിക്കുന്നില്ല ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ബാബു കദളിക്കാട്‌

കായേന്റെ പൈശാചികോര്‍ജ്ജം യുദ്ധമായി 
 പരിണമിക്കുന്നു: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കരുണയറ്റ കായേന്റെ പൈശാചിക ജീവോര്‍ജ്ജം രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധമായി രൂപാന്തരപ്പെടുന്നതിന്റെ വിഹ്വലതയും വ്യഥയും ആവര്‍ത്തിച്ചു പ്രകടമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 'എന്തുവന്നാലും നാം ഒരിക്കലും പഠിക്കുന്നില്ല; യുദ്ധത്താലും കായേന്റെ ഊര്‍ജ്ജത്താലും വശീകരിക്കപ്പെട്ട അവസ്ഥ മാറാതെ നില്‍ക്കുന്നു'- തന്റെ മുപ്പത്തിയാറാമത്തെ അപ്പോസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി  മാള്‍ട്ടയില്‍ നിന്ന് വത്തിക്കാനിലേക്കു മടങ്ങവേ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിനിടെ മാര്‍പ്പാപ്പ പറഞ്ഞു.

ഗാന്ധിജിയെ പോലുള്ള മഹത് വ്യക്തികള്‍ സമാധാനത്തെക്കുറിച്ചു പഠിപ്പിച്ചിട്ടുള്ളത് വിസ്മരിക്കപ്പെട്ടുപോകുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
മാള്‍ട്ട സന്ദര്‍ശന വേളയില്‍ തന്നെ അനുഗമിച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 74 മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പാ നന്ദി രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ചോദ്യോത്തര വേള. വിശുദ്ധ ജോര്‍ജ് പ്രെക്കാ അന്ത്യവിശ്രമം കൊള്ളുന്ന ദേവാലയത്തില്‍ ചെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മാള്‍ട്ടയിലെ ജനങ്ങളെ വിസ്മയിപ്പിച്ചതിനെ കുറിച്ചും, ഈ അപ്പോസ്തലിക യാത്രയുടെ ഓര്‍മ്മകളെ കുറിച്ചും മാര്‍പ്പാപ്പയുടെ ആരോഗ്യത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മാള്‍ട്ടാ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനായ അന്ദ്രേയാ റോസ്സിത്തോയ്ക്കാണ്  പാപ്പാ ആദ്യം ഉത്തരം നല്‍കിയത്.

കാല്‍ മുട്ടിന്റെ വേദന തീവ്രമാണെന്ന് പാപ്പാ വെളിപ്പടുത്തി. 'എന്റെ ആരോഗ്യത്തിന് ഇടയ്ക്കിടെ മാറ്റം സംഭവിക്കുന്നുണ്ട്. മുട്ടിന്റെ വേദന കാരണം രണ്ടാഴ്ചകള്‍ക്ക് മുമ്പ് എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ അത്ര വലിയ പ്രശ്‌നമില്ല. എങ്കിലും ഈ പ്രായത്തില്‍ ആരോഗ്യത്തിന്റെ ഇത്തരം കളികള്‍ എവിടെപ്പോയി അവസാനിക്കുമെന്നറിയില്ല. നല്ല പരിണാമം സംഭവിക്കുമെന്ന് വിശ്വസിക്കാം'- പാപ്പാ പറഞ്ഞു.

'അപ്പോസ്‌തോലിക യാത്രയില്‍ മാള്‍ട്ടാ, കോസോ ദ്വീപുകളിലെ ജനങ്ങളുടെ ഉത്സാഹം എന്നെ സന്തോഷിപ്പിച്ചു. പൊതുവേ ഈ യാത്ര എനിക്ക് ഒത്തിരി സന്തോഷം നല്‍കി. അതേസമയം കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതലായി കാണാന്‍ കഴിഞ്ഞു.കുടിയേറ്റക്കാരെ  സംബന്ധിച്ച മുഴുവന്‍ പ്രശ്‌നങ്ങളെയും  അവരെ കൂടുതല്‍ സ്വീകരിക്കുന്ന മാള്‍ട്ട പോലുള്ള അയല്‍ രാജ്യങ്ങളെ അടിച്ചേല്‍പ്പിക്കരുതെ'ന്ന് പാപ്പാ അഭിപ്രായപ്പെട്ടു.'അഭയാര്‍ത്ഥികള്‍ ഹൃദയപൂര്‍വം സ്വീകരിക്കപ്പെടണം. മാള്‍ട്ടയിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ അവരെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന ഭയങ്കരമായ കഷ്ടപ്പാടുകളെ കുറിച്ച് അറിയാന്‍ കഴിഞ്ഞു.'

ഗ്രീസ്, സൈപ്രസ്, മാള്‍ട്ട, ഇറ്റലി, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ മധ്യ കിഴക്കന്‍ രാജ്യങ്ങളുടെ സമീപത്തായിരിക്കുന്നതിനാല്‍ അവിടെ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഈ രാജ്യങ്ങളിലേക്ക് കടന്നുവരുന്നതു സ്വാഭാവികമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.'എന്നാല്‍ ഇതിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനു മുന്നോടിയായി,  എത്രപേരാണ് ഈ രാജ്യങ്ങളില്‍ താമസിക്കേണ്ടത് എന്നതിനെക്കുറിച്ച് ഓരോ രാജ്യവും വ്യക്തമാക്കേണ്ടിയിരിക്കുന്നു. യൂറോപ്പ് കുടിയേറ്റക്കാരാല്‍ രൂപീകരിക്കപ്പെട്ട ഒരു ഭൂഖണ്ഡമാണ് എന്ന വസ്തുത നം മറന്നുപോകുന്നു.' 


കീവ് സന്ദര്‍ശന സാധ്യത

യുക്രെയ്‌നിലെ കീവ് നഗരത്തിലേക്ക് സന്ദര്‍ശനം നടത്താനുള്ള സാധ്യതയെക്കുറിച്ച് ജോര്‍ജ് അന്തേല്ലോ ബാര്‍ച്ചാ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ആരാഞ്ഞു. കീവ് നഗരത്തിനു സമീപത്തുള്ള ബുച്ചാ എന്ന ഗ്രാമത്തില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങിയപ്പോള്‍ അവിടെയുള്ള തെരുവീഥികളില്‍ ഒട്ടേറെ മൃതശരീരങ്ങള്‍ കിടന്നിരുന്നതും അവയില്‍ ചില ശരീരങ്ങളുടെ  കൈകള്‍ പിന്നില്‍ കെട്ടി കൊല ചെയ്യപ്പെട്ട നിലയിലായിരുന്നു എന്നതും വിവരിച്ച ശേഷമായിരുന്നു 'ഈ സന്ദര്‍ഭത്തില്‍ അങ്ങോട്ടുള്ള സന്ദര്‍ശന സാധ്യത എങ്ങനെ' എന്ന് അദ്ദേഹം ആരാഞ്ഞത്.
.
ഈ വിവരങ്ങള്‍ തന്നെ അറിയിച്ചതില്‍ നന്ദി പറഞ്ഞു  കൊണ്ടാണ് ജോര്‍ജ് അന്തേല്ലോയ്ക്ക് ഫ്രാന്‍സിസ് പാപ്പാ ഉത്തരം നല്‍കിയത്.'യുദ്ധം എപ്പോഴും മനുഷ്യത്വരഹിതമായ ക്രൂര പ്രവൃത്തിയാണ്. ഇത് മനുഷ്യ വികാരങ്ങള്‍ക്ക് എതിരാണ്, കായേന്റെ വികാരമാണതിനു പിന്നിലേത്. ഒരു ക്രൈസ്തവനെന്ന നിലയില്‍ അല്ല മറിച്ച് ഒരു മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്' .

യുദ്ധം നിറുത്തലാക്കാന്‍ സാധ്യമായ എല്ലാ പരിശ്രമങ്ങളും താനും പരിശുദ്ധ സിംഹാസനവും പ്രത്യേക ദൂതന്മാര്‍ വഴി ചെയ്തു വരുന്നുണ്ട്. കര്‍ദിനാള്‍ പിയത്രോ പരോളിനും, ആര്‍ച്ച്ബിഷപ്പ് ഗാല്ലഗരും ഇതിനായി പ്രത്യേകം യത്‌നിച്ചു വരുന്നു.അതേസമയം വിവേകത്തിന്റെയും രഹസ്യാത്മകതയുടെയും ഘടകങ്ങളുള്ളതിനാല്‍ ഇതിനെ കുറിച്ച് പരസ്യമായി പറയാനാകില്ല. കൂടാതെ കീവ് നഗരത്തിലേക്ക് അപ്പോസ്‌തോലിക സന്ദര്‍ശനം നടത്താനുള്ള ക്ഷണം തന്റെ മേശപ്പുറത്തുണ്ടെന്നും പാപ്പാ പറഞ്ഞു.

യുക്രെയ്‌നിലേക്ക്  കര്‍ദ്ദിനാള്‍ ക്രയേവ്‌സ്‌കിയെ അയക്കണമെന്ന് ഹോളണ്ട് പ്രസിഡന്റ്  തന്നോടഭ്യര്‍ത്ഥിച്ചപ്പോള്‍ താന്‍ അദ്ദേഹത്തെ അയച്ചു. അദ്ദേഹം തന്നെയും  അങ്ങോട്ട് ചെല്ലാന്‍ ക്ഷണിച്ചു.'പക്ഷേ യുക്രെയ്‌നിലേക്ക് എന്റെ യാത്ര നടക്കുമോ? അത് ശരിയാണോ? അവിടെ  പോകണോ എന്നതിനെ കുറിച്ച് ഇപ്പോള്‍ അറിയില്ല' - പാപ്പാ പ്രതികരിച്ചു.

മാര്‍ട്ടയിലെ അപ്പോസ്‌തോലിക സന്ദര്‍ശനത്തില്‍ പല പ്രാവശ്യം യുദ്ധത്തെക്കുറിച്ച് പാപ്പാ സംസാരിച്ച കാര്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജെറി ഓ കോണേല്‍ ചോദിച്ചു:'യുദ്ധം  ആരംഭിച്ചതിനുശേഷം പരിശുദ്ധ പിതാവ്  റഷ്യന്‍ പ്രസിഡണ്ട് പുടിനുമായി  സംസാരിച്ചുവോ?ഇനി ഇന്ന്  സാഹചര്യം ലഭിച്ചാല്‍ എന്തു സംസാരിക്കും? '. അതിനുത്തരം നല്‍കിയ പാപ്പാ രണ്ടു രാഷ്ട്രങ്ങളിലെ അധികാരികളോടും താന്‍ സംസാരിച്ചത് രഹസ്യമല്ല എന്നു ചൂണ്ടിക്കാട്ടി. റഷ്യയിലെ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് കിറിലുമായും താന്‍ സംസാരിച്ചു. അദ്ദേഹം  തങ്ങളുടെ സംഭാഷണത്തെ കുറിച്ച നല്ലൊരു റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തു.

പുടിന്‍ വിളിച്ചത് കഴിഞ്ഞ വര്‍ഷം

റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ കഴിഞ്ഞ വര്‍ഷാവസാനത്തില്‍ തനിക്ക് ജന്മദിനം ആശംസിക്കാന്‍ വിളിച്ചപ്പോഴാണ് താന്‍ അദ്ദേഹത്തോടു സംസാരിച്ചത്. യുക്രെയ്ന്‍ പ്രസിഡന്റിനോട് രണ്ട്  പ്രാവശ്യം സംസാരിച്ചു. യുദ്ധം ആരംഭിച്ച ആദ്യ ദിവസം തന്നെ റഷ്യന്‍ എംബസ്സിയില്‍ ചെന്ന് അധികാരികളോടു യുദ്ധത്തെക്കുറിച്ചുള്ള തന്റെ വികാരം വെളിപ്പെടുത്തി. യുക്രെയ്‌നിലെ കീവ് മേജര്‍ ആര്‍ച്ച്ബിഷപ്പ് ഷെവ് ചുക്കുമായി സംസാരിച്ചു എന്നും പാപ്പാ വെളിപ്പെടുത്തി.

നേരത്തെ  ല്വീവില്‍ പ്രവര്‍ത്തിച്ച ശേഷം  ഇപ്പോള്‍ ഒഡേസ്സയിലുമുള്ള  മാധ്യമപ്രവര്‍ത്തക എലിസബെത്താ പിക്വേയോടു രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ തുടര്‍ച്ചയായി താന്‍ സംസാരിച്ചു വരുന്നു. അവിടത്തെ കാര്യങ്ങള്‍ എങ്ങനെയെന്ന് അവര്‍ പറഞ്ഞുതരുന്നുണ്ട് .അവിടത്തെ സെമിനാരി റെക്ടറോടും താന്‍ സംസാരിച്ചതായി പാപ്പാ വ്യക്തമാക്കി. യുദ്ധത്തില്‍ ജീവന്‍ അര്‍പ്പിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാപ്പാ അനുശോചനം അറിയിച്ചു. ധീരതയോടെ പ്രവര്‍ത്തിക്കുന്ന അവരെ നാം ഒരിക്കലും മറക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

പുടിനോടു സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ എല്ലാ അധികാരികളോടും പറഞ്ഞത് തന്നെ അദ്ദേഹത്തോടും താന്‍ പറയും. ഈ കാര്യത്തില്‍ രണ്ട് മുഖമില്ല. താന്‍ എപ്പോഴും ഒരേ പോലെ സംസാരിക്കും.'ന്യായമായ യുദ്ധത്തെയും  അന്യായമായ യുദ്ധത്തെയും കുറിച്ച് ചോദ്യത്തില്‍  സംശയമുള്ളത് ഞാന്‍ മനസ്സിലാക്കുന്നു' എന്നു പറഞ്ഞു കൊണ്ട് യുദ്ധത്തെക്കുറിച്ച്  പാപ്പാ വിശദമായി സംസാരിച്ചു.

'ഓരോ യുദ്ധവും എപ്പോഴും ഒരു അനീതിയില്‍ നിന്നാണ് തുടങ്ങുന്നത്. ഇത് സമാധാനം സ്ഥാപിക്കാനുള്ള പാതയല്ല. ഉദാഹരണത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ പണം നിക്ഷേപിക്കുന്നവര്‍ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുന്നു. ഇത് തന്നെയാണ് യുദ്ധത്തിന്റെ വഴി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ ഇനി ഒരിക്കലും യുദ്ധം വേണ്ടെന്നും സമാധാനം വേണമെന്നുമാണ് എല്ലാവരും പറഞ്ഞത്. ഹിരോഷിമ, നാഗസാക്കി നഗരങ്ങളില്‍ ആണവ ബോംബുകള്‍ വര്‍ഷിച്ചതിനു ശേഷം സമാധാനം കൈവരിക്കാന്‍ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്ന നല്ല ചിന്തകള്‍ രൂപപ്പെട്ടു. പക്ഷേ, എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ടശേഷം  ഈ കാലഘട്ടത്തില്‍ അതെല്ലാം നാം മറന്നിരിക്കുന്നു. ഇങ്ങനെയാണ് യുദ്ധം സ്വയം അടിച്ചേല്‍പ്പിക്കപ്പെടുന്നത്. 

അന്ന് ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഒത്തിരി പ്രത്യാശയുണ്ടായിരുന്നു. പക്ഷേ യുദ്ധത്തിന്റെ രീതികള്‍ വീണ്ടും തെളിഞ്ഞു. സമാധാനത്തെക്കുറിച്ച് ചിന്തിക്കുന്നത് നാം ശീലമാക്കുന്നില്ല. ഗാന്ധിജിയെ പോലുള്ള മഹത് വ്യക്തികളും മറ്റും സമാധാനം സ്ഥാപിക്കുന്ന രീതികളെ കുറിച്ച് പറഞ്ഞിട്ടുള്ളത് ചാക്രിക ലേഖനമായ ഫ്രത്തെല്ലി തൂത്തിയില്‍ (സകലരും സഹോദരര്‍) പരാമര്‍ശിച്ചിട്ടുണ്ട്.എന്നാല്‍ മാനവസമൂഹമായ നാം വാശിയോടെയിരിക്കുന്നു. കായേന്റെ വികാരങ്ങളോടെ യുദ്ധത്തോടു നാം പ്രണയത്തിലായിരിക്കുന്നു. 

ഇറ്റലിയിലെ യുദ്ധ സ്മാരകത്തില്‍  2014ല്‍ ചെന്നപ്പോള്‍ പോരാട്ടത്തില്‍ മരണമടഞ്ഞവരുടെ പേരുകള്‍ കണ്ട് യഥാര്‍ത്ഥത്തില്‍ ഞാന്‍ വേദന നിറഞ്ഞ മനസ്സോടെ കരഞ്ഞു. യുദ്ധ ദുരന്തമുണ്ടായ  ആന്‍സിയോയില്‍  അതിന് ശേഷം ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മരിച്ചവരെ  അനുസ്മരിച്ച ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ആ സമയത്ത് മരിച്ചവരുടെ പേരുകള്‍ വായിച്ചപ്പോള്‍ അവരില്‍ എല്ലാവരും ചെറുപ്രായക്കാര്‍ എന്ന് അറിഞ്ഞപ്പോഴും എനിക്കു കണ്ണുനീരടക്കാനായില്ല. ഈ കല്ലറകളില്‍ നാം കണ്ണീര്‍ വീഴ്ത്തണം. ഫ്രാന്‍സിന്റെ വടക്ക്പടിഞ്ഞാറന്‍ ഭാഗത്തെ നോര്‍മണ്ടിയില്‍ ലോക യുദ്ധത്തെ അനുസ്മരിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കന്മാരില്‍ ആരും ആ കടല്‍തീരത്ത് മരിച്ച ഏതാണ്ട് മുപ്പതിനായിരം യുവജനങ്ങളെ കുറിച്ച് സംസാരിച്ചതായി ഓര്‍ക്കുന്നില്ല. അത് എന്നെ അത്ഭുതപ്പെടുത്തി. നാം ഒരിക്കലും ചരിത്രത്തില്‍നിന്ന് പാഠം പഠിക്കുന്നില്ല. നാം എല്ലാവരും കുറ്റക്കാരാണ്. ദൈവമേ ഞങ്ങളോടു കരുണയായിരിക്കേണമേ!'

മാള്‍ട്ടാ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ കന്യകമറിയത്തിന്റെ മാതൃ സംരക്ഷണത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനായി വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലെത്തി അവിടെ പുരാതന റോമന്‍ തിരുസ്വരൂപമായ മരിയ സാലൂസ് പോപ്പുളി റൊമാനിയുടെ മുന്നില്‍ ഒരു നിമിഷം പ്രാര്‍ത്ഥിച്ചതായി വത്തിക്കാന്റെ വാര്‍ത്താവിനിമയ കാര്യാലയം അറിയിച്ചു.ബോര്‍ഗീസ് ചാപ്പലിലെ പരിശുദ്ധ കന്യകയുടെ രൂപത്തിന് താഴെയുള്ള അള്‍ത്താരയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച പാപ്പാ തുടര്‍ന്ന് തന്റെ വസതിയായ വത്തിക്കാനിലെ  സാന്താ മാര്‍ത്തയിലേക്ക് കാറില്‍ മടങ്ങി.

ഹ്രസ്വമെങ്കിലും തീവ്രം

കോവിഡ്-19 നിയന്ത്രണങ്ങള്‍ കാരണം രണ്ടു തവണ വൈകിയ സന്ദര്‍ശനമാണ് രണ്ടു ദിവസം കൊണ്ട് മെഡിറ്ററേനിയന്‍ രാജ്യമായ മാള്‍ട്ടയില്‍ പാപ്പാ പൂര്‍ത്തിയാക്കിയത്.കുടിയേറ്റവും യുദ്ധവും രൂക്ഷ വിഷയങ്ങളായി കത്തിനില്‍ക്കവേ നടത്തിയ അപ്പോസ്‌തോലിക യാത്രയൂടെ പ്രമേയം 
'അവര്‍ ഞങ്ങളോട് അസാധാരണമായ ദയ കാണിച്ചു' എന്നതായിരുന്നു (അപ്പസ്‌തോല പ്രവര്‍ത്തനം ഇരുപത്തിയെട്ടാം അദ്ധ്യായത്തിലെ രണ്ടാം വാക്യം).കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമന്വയിപ്പിക്കാനുമുള്ള രാജ്യങ്ങളുടെ ആവശ്യകതയെക്കുറിച്ച് പരിശുദ്ധ പിതാവ് ഇടയ്ക്കിടെ സംസാരിച്ചു.

തന്റെ ആദ്യ പരിപാടിയായിരുന്ന സിവില്‍ അധികാരികളുമായുള്ള  കൂടിക്കാഴ്ചയില്‍  കുടിയേറ്റക്കാരോടുള്ള ഐക്യദാര്‍ഢ്യത്തിനായി ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.  മാര്‍ട്ടാ അപ്പോസ്‌തോലിക യാത്രയുടെ അവസാനമായി ഹാല്‍ ഫാറിലെ 'ജോണ്‍ ഇരുപത്തിമൂന്നാമന്‍ പീസ് ലാബ്' കുടിയേറ്റ കേന്ദ്രം സന്ദര്‍ശിച്ചത് പാപ്പായുടെ ഉദ്ദേശ്യത്തിന്റെ മൂര്‍ത്തമായ ഉദാഹരണമായി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. 

റോമിലേക്കുള്ള തന്റെ മടക്കയാത്രയില്‍ മാള്‍ട്ടയിലെ പ്രസിഡണ്ടിനെ അഭിസംബോധന ചെയ്ത പാപ്പാ അവിടത്തെ സിവില്‍ അധികാരികള്‍ക്കും, മാള്‍ട്ടയിലെ ജനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.'അപ്പോസ്തലനായ വിശുദ്ധ പൗലോസിന്റെ മധ്യസ്ഥതയിലൂടെ നിങ്ങളുടെ രാഷ്ട്രം സര്‍വ്വശക്തനായ ദൈവത്താല്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' എന്ന് ആശംസിക്കുകയും ചെയ്തു.

രാഷ്ട്രം നല്‍കിയ ഊഷ്മള വരവേല്‍പ്പിനു ശേഷം  'താ പിനു' ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി പ്രാര്‍ത്ഥനാ ശുശ്രൂഷ നയിച്ചുകൊണ്ടാണ് പാപ്പാ മാള്‍ട്ടയിലെ പൊതു പരിപാടികള്‍ക്കു തുടക്കമിട്ടത്. മുപ്പതിനായിരത്തോളം പേര്‍ വസിക്കുന്നതും മാള്‍ട്ടയുടെ മൂന്നില്‍ ഒന്നു വലിപ്പം വരുന്നതുമായ ഗോത്സൊ ദ്വീപിന്റെ വടക്കുപടിഞ്ഞാറെ ഭാഗത്തുള്ള ഗാര്‍ബ് എന്ന സ്ഥലത്താണ് വിഖ്യാതമായ 'താ പിനു'  മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം. ഗോത്തിക് വാസ്തുകലാ ശൈലിയില്‍ തീര്‍ത്തിരിക്കുന്ന ദേവാലയമാണിത്.

അവിടെ ഉണ്ടായിരുന്ന ഒരു കപ്പേള 1575-ല്‍ ഗ്രിഗറി പതിമൂന്നാമന്‍ പാപ്പാ നിയോഗിച്ച പീയെത്രൊ ദുത്സീന അതിന്റെ ശോചനീയാവസ്ഥ കണ്ട് പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഇടിച്ചു നിരത്തല്‍ ജോലി തുടങ്ങിയ ഉടനെ ഒരു തൊഴിലാളിയുടെ കൈ ഒടിഞ്ഞതിനാല്‍ പണി നിറുത്തിവച്ചു. പീന്നീട് പീനൊ ഗവുച്ചി എന്നയാള്‍ ഈ കപ്പേള സ്വന്തമാക്കുകയും വലുതാക്കി പുനരുദ്ധരിക്കുകയും സ്വര്‍ഗ്ഗാരോപിത നാഥയുടെ ചിത്രം അതില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു നൂറ്റാണ്ടോളം ആ കപ്പേളയില്‍ ആരാധനാകര്‍മ്മങ്ങള്‍ ഉണ്ടായിരുന്നില്ല. 

1883 ജൂണ്‍ 22-ന് കര്‍മ്മേല ഗ്രീമ എന്ന ഒരു ഗ്രാമീണ സ്ത്രീ ആ കപ്പേളയുടെ അരികിലൂടെ കടന്നു പോകവെ ഒരു സ്വരം കേട്ടു : 'എനിക്കുവേണ്ടി മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലുക. ഞാന്‍ കല്ലറയില്‍ കിടന്ന 3 ദിവസത്തില്‍ ഒരോ ദിനത്തിനും ഓരോന്നു വീതം'.  ഈ വിവരം തന്റെ സുഹൃത്തായ ഫ്രാന്‍ചെസ്‌കൊ പൊര്‍ത്തേല്ലിയെ ആ സ്ത്രീ രഹസ്യമായി അറിയിച്ചു. താനും ഇതേ ക്ഷണം ആ ദേവാലയപരിസരത്തുവച്ച് ശ്രവിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രത്യുത്തരം. അതിനിടെ ഇവരുടെ പേര് ദ്വീപിലെങ്ങും പ്രചരിച്ചു. അവര്‍ അത്ഭുത രോഗസൗഖ്യം പ്രദാനം ചെയ്യാനും തുടങ്ങിയിരുന്നു. അങ്ങനെ 'താ പിനു' ഒരു തീര്‍ത്ഥാടന കേന്ദ്രമായി പരിണമിച്ചു. 1887-ല്‍ അവിടെ മരിയ വണക്കം ആരംഭിക്കാനുള്ള അനുമതി പ്രാദേശിക മെത്രാന്‍ നല്കി. മാള്‍ട്ടയില്‍ കോളറ പടര്‍ന്നു പിടിച്ച വേളയില്‍ ഗോത്സൊ ദ്വീപ് അതില്‍ നിന്ന് മുക്തമായിരുന്നത് ഒരു അത്ഭുതമായി കരുതപ്പെടുന്നു.

താ പിനു മരിയന്‍ ദേവാലയത്തിലേക്ക് പോകുന്നതിനായി ആദ്യം പാപ്പാ അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ലോ വല്ലേത്ത തുറമുഖത്തേക്ക് കാറില്‍ യാത്രയായി. അവിടെനിന്ന് ബോട്ടില്‍ ഗോത്സൊ ദ്വീപിലെ മ്ഗാര്‍ തുറമുഖത്തെത്തി. ഈ തുറമുഖത്തു നിന്ന് താ പിനു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള 10 കിലോമീറ്റര്‍ ദൂരം കാറിലാണ് യാത്ര ചെയ്തത്. ദേവാലയത്തിനടുത്ത് എത്താറായപ്പോള്‍ പാപ്പാ കാറില്‍ നിന്ന് മാറി, പേപ്പല്‍ വാഹനത്തില്‍ കയറി. തന്നെ ഒരുനോക്കു കാണാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നവരെ  പാപ്പാ നിരാശപ്പെടുത്തിയില്ല. ദേവാലയത്തിനകത്തും പുറത്തുമായി 3000-ത്തോളം പേര്‍ സമ്മേളിച്ചിരുന്നു. അവര്‍ മഞ്ഞയും വെള്ളയും നിറങ്ങള്‍ ചേര്‍ന്ന പേപ്പല്‍ പതാകകള്‍ വീശി ഹര്‍ഷാരവം മുഴക്കി.

ദേവാലയത്തിനു മുന്നിലെത്തിയ പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി അകത്തു പ്രവേശിച്ചു. അവിടെ രോഗികള്‍ ഉള്‍പ്പടെ കുറച്ചു പേര്‍ സന്നിഹിതരായിരുന്നു. ദേവാലയത്തിനകത്ത് പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിതമായ കപ്പേളയില്‍ അല്പസമയം പ്രാര്‍ത്ഥിക്കാനെത്തിയ പാപ്പായ്ക്ക് ദേവലയത്തിന്റെ ചുമതലയുള്ള വൈദികന്‍ ഒരു കുരിശുരൂപം ചുംബിക്കാന്‍ നല്കി.തുടര്‍ന്ന് പരിശുദ്ധ കന്യകയുടെ ചിത്രത്തിനു മുന്നില്‍ പാപ്പാ റോസാ പുഷ്പം സമര്‍പ്പിച്ചു.'നന്മ നിറഞ്ഞ മറിയമേ' പ്രാര്‍ത്ഥന മൂന്നു പ്രാവശ്യം ചൊല്ലിയതിനു ശേഷം മുഖ്യ ബലിപീഠത്തിനരികിലേക്കു പോകുകയും രോഗികളെ ആശീര്‍വ്വദിക്കുകയും ചെയ്തു.

പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കായി വേദി ഒരുക്കിയിരുന്നത് ദേവാലയാങ്കണത്തിലാണ്.ദേവാലയത്തിനു മുന്നിലുള്ള വേദിയിലേക്കു  പാപ്പാ നീങ്ങിയപ്പോള്‍ ഗായക സംഘം പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ഗാനാനന്തരം  ആമുഖ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഗോത്സൊ രൂപതയുടെ മെത്രാന്‍ അന്തോണി തെവുമ  പാപ്പായെ സ്വാഗതം ചെയ്തു.

ചെറുദ്വീപിന്റെ വലിയ ഹൃദയം

'വലിയ ഹൃദയത്തോടുകൂടിയ ചെറുദ്വീപായ ഗോത്സൊയിലേക്ക് സ്വാഗതം....' എന്ന വാക്കുകളോടെ ആരംഭിച്ച ബിഷപ്പ് അന്തോണി തെവുമയുടെ പ്രഭാഷണത്തില്‍ പ്രാദേശിക സഭയുടെ പ്രാതിനിധ്യം ഈ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഉണ്ടെന്ന കാര്യം പ്രത്യേകം ഊന്നിപ്പറഞ്ഞു.

മറിയത്തെപ്പോലെ തങ്ങള്‍ യേശുവിന്റെ ഇന്നത്തെ യഥാര്‍ത്ഥ ശിഷ്യരായിത്തീരാന്‍ ആഗ്രഹിക്കുന്നു.'യുദ്ധങ്ങളിലും പട്ടിണിയിലും നിന്ന് പലായനം ചെയ്യുകയും ഞങ്ങളുടെ മണ്ണില്‍ അഭയം തേടുകയും ചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നതിന് ധൈര്യമുള്ളവരാകാനും സൃഷ്ടിയെന്ന ദാനത്തോട് ഉത്തരവാദിത്വബോധമുള്ളവരാകാനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ സഹായിക്കണം'- അദ്ദേഹം പാപ്പായോട് അഭ്യര്‍ത്ഥിച്ചു.സ്വപുത്രന്‍ മരിച്ചുകിടക്കുന്ന കുരിശിന്റെ ചുവട്ടില്‍ അവന്റെ അമ്മയായ മറിയവും  പ്രിയശിഷ്യനായ യോഹന്നാനും നില്ക്കുന്ന രംഗം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ സുവിശേഷ സന്ദേശം നല്കിയത്.

ഈ കുരിശുമരണം ചരിത്രത്തിന്റെ ഒടുക്കമായിട്ടല്ല പ്രത്യുത, പുതിയ ജീവന്റെ തുടക്കമായിട്ടാണ് യോഹന്നാന്റെ സുവിശേഷം അവതരിപ്പിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. യേശുവിന്റെ ആ സമയത്തില്‍ നിന്ന് ഉദയംകൊള്ളുന്ന പുതിയ തുടക്കത്തെക്കുറിച്ച് ചിന്തിക്കാന്‍ താ പിനു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് നമുക്കു സാധിക്കണം. ഇത് രക്ഷയുടെ സമയമാണെന്നും നമ്മുടെ വിശ്വാസവും നമ്മുടെ സമൂഹത്തിന്റെ ദൗത്യവും നവീകരിക്കുന്നതിന് നാം ആ തുടക്കത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്നും പാപ്പാ വിശദീകരിച്ചു. അതിനര്‍ത്ഥം വിശ്വാസ സത്ത കണ്ടെത്തുകയാണെന്ന്, ആദിമക്രൈസ്തവസമൂഹത്തിന്റെ അരൂപിയിലേക്കു മടങ്ങിപ്പോകുകയാണെന്ന്,  പാപ്പാ ഉദ്‌ബോധിപ്പിച്ചു. അത്, യേശുവുമായി ബന്ധം സ്ഥാപിക്കലും ലോകമെങ്ങും അവിടത്തെ സുവിശേഷം പ്രഘോഷിക്കലുമാണെന്നും ഈ സുവിശേഷപ്രഘോഷണമാണ് സഭയുടെ സന്തോഷമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

പ്രഭാഷണാന്തരം മറിയത്തിന്റെ സ്‌തോത്രഗീതാലാപനമായിരുന്നു.കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ ആശീര്‍വ്വാദം നല്കി. പ്രാര്‍ത്ഥനാ ശുശ്രൂഷ കഴിഞ്ഞപ്പോള്‍ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും അവരോട് യാത്ര പറഞ്ഞ് അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറിലേക്കു മടങ്ങുകയും ചെയ്തു. അവിടെ എത്തി പാപ്പാ രാത്രി വിശ്രമിച്ചു.


റബാത്തിലെ ഗ്രോട്ടോ സന്ദര്‍ശനം

ഇടയസന്ദര്‍ശനത്തിന്റെ രണ്ടാം ദിനം പാപ്പായുടെ പരിപാടികള്‍ അപ്പൊസ്‌തോലിക്ക് നണ്‍ഷിയേച്ചറില്‍ ഇശോസഭാംഗങ്ങളുമായുള്ള ഹ്രസ്വകൂടിക്കാഴ്ചയോടെയാണ് ആരംഭിച്ചത്. റബാത്തില്‍ വിശുദ്ധ പൗലോസിന്റെ ഗുഹ അഥവാ ഗ്രോട്ടൊ സന്ദര്‍ശനം ഫ്‌ളൊറിയാനയില്‍ ദിവ്യബലി, മദ്ധ്യാഹ്നപ്രാര്‍ത്ഥന, കുടിയേറ്റക്കാരുടെ കേന്ദ്ര സന്ദര്‍ശനം കുടിയേറ്റക്കാരുമായുളള കൂടിക്കാഴ്ച എന്നിവയായിരുന്നു ഇതര പരിപാടികള്‍.

ക്രിസ്തുവിനു ശേഷം അറുപതാം ആണ്ടില്‍, റോമില്‍ വിസ്തരിക്കപ്പെടുന്നതിനായി കൊണ്ടുപോകവേ ഉണ്ടായ കപ്പലപകടത്തില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരില്‍ ഒരാളായിരുന്ന വിശുദ്ധ പൗലോസ് താമസിച്ച ഇടമാണ് റബാത്തിലെ ഗുഹ അഥവാ ഗ്രോട്ടൊ. മാള്‍ട്ടയില്‍ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പൗലോസ് മൂന്നു മാസം അവിടെ ചെലവഴിച്ചു.

വിശുദ്ധ പൗലോസിനു പ്രതിഷ്ഠിതമായ ബസിലിക്കയില്‍ നിന്നാണ് ഈ  ഗ്രോട്ടൊയിലേക്ക് പ്രവേശനം. ഗുഹയിലേയ്ക്കിറങ്ങുന്നതിനായി ചവിട്ടുപടികള്‍ ഒരുക്കിയിട്ടുണ്ട്. ഈ ഗുഹയുടെ പുരാതന കല്‍ഭിത്തികള്‍ ഇപ്പോഴും കാണത്തക്കരീതിയില്‍ നിലനിറുത്തിയിരിക്കുന്നു. 1990 മെയ് 27 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, വിശുദ്ധ പൗലോസ് കപ്പലപകടത്തില്‍പ്പെട്ടതിന്റെ 1950-മത് വാര്‍ഷികത്തോടനുബന്ധിച്ച് 2010 ഏപ്രില്‍ 17-ന്, ബെനഡിക്റ്റ് പതിനാറാമനും ഈ ഗുഹ സന്ദര്‍ശിച്ചിരുന്നു.

അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 1 കിലോമീറ്റും 300 മീറ്ററും അകലെയാണ് വിശുദ്ധ പൗലോസിന്റെ ബസിലിക്കയും ഗ്രോട്ടൊയും. ബസിലിക്കയുടെ സമീപത്ത് പാര്‍ശ്വ വാതിലിനരികില്‍ കാറില്‍ വന്നിറങ്ങിയ പാപ്പായെ ബസിലിക്കയിലെ മുഖ്യപുരോഹിതനും സംഘവും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് പാപ്പാ ഗ്രോട്ടൊ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും നേര്‍ച്ച മെഴുകുതിരി തെളിക്കുകയും ചെയ്തു.
തദനന്തരം പാപ്പാ വിശുദ്ധ പൗലോസിനോടുള്ള പ്രാര്‍ത്ഥന ചൊല്ലി.'കാരുണ്യവാനായ ദൈവമേ, അങ്ങയെ അറിഞ്ഞിട്ടില്ലാത്തവരായ മാള്‍ട്ടയിലെ നിവാസികളോട് അങ്ങയുടെ സ്‌നേഹം പൗലോശ്ലീഹാ പ്രഘോഷിക്കണമെന്ന് അങ്ങ്, അവിടത്തെ വിസ്മയകരമായ പരിപാലനയാല്‍, തിരുമനസ്സായി. അദ്ദേഹം അങ്ങയുടെ വചനം പ്രഘോഷിക്കുകയും അവരുടെ രോഗങ്ങള്‍ സൗഖ്യമാക്കുകയും ചെയ്തു എന്നു തുടങ്ങുന്നതായിരുന്നു ' പ്രാര്‍ത്ഥന.

വിശിഷ്ട വ്യക്തികള്‍ സന്ദര്‍ശനക്കുറിപ്പു രേഖപ്പെടുത്തുന്ന ഗ്രോട്ടോയിലെ ഗ്രന്ഥത്തില്‍ പാപ്പാ ഒപ്പുവയ്ക്കുകയും ചെയ്തു. പാപ്പാ കുറിച്ചത് ഇങ്ങനെ:'വിജാതീയരുടെ അപ്പൊസ്‌തോലനും ഈ ജനതയുടെ വിശ്വാസത്തിലുള്ള പിതാവുമായ വിശുദ്ധ പൗലോസിനെ അനുസ്മരിക്കുന്ന ഈ പുണ്യസ്ഥലത്ത് ഞാന്‍ കര്‍ത്താവിന് നന്ദി പ്രകാശിപ്പിക്കുന്നു. മാള്‍ട്ടയിലെ ജനങ്ങള്‍ക്ക് സമാശ്വാസത്തിന്റെ ആത്മാവിനെയും പ്രഘോഷണ തീക്ഷ്ണതയെയും എല്ലായ്‌പ്പോഴും അവിടന്നു പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'

പിന്നീട്,  പൗലോസപ്പൊസ്‌തോലന്റെ ബസിലിക്കയില്‍ പ്രവേശിച്ച പാപ്പാ ദേവാലയത്തിനകത്ത് സാവധാനം നീങ്ങവെ, അവിടെ  സന്നിഹിതരായിരുന്ന പതിനാല് മതനേതാക്കാളെ അഭിവാദ്യം ചെയ്തു. തദനന്തരം രോഗികളുള്‍പ്പെടെ കാരിത്താസ് സംഘടനയുടെ സഹായത്തില്‍ കഴിയുന്നവരുമായവരുടെ ചാരെയെത്തി പാപ്പാ അവരോടൊത്ത് അല്‍പ്പനേരം ചിലവഴിച്ചു. അതിനു ശേഷം സക്രാരിക്കു മുന്നില്‍, ദിവ്യകാരുണ്യസന്നിധിയില്‍ മൗനമായി പ്രാര്‍ത്ഥിച്ചു.തുടര്‍ന്ന് കാരുണ്യപ്രാര്‍ത്ഥന ചൊല്ലി.
                      
'ദൈവമേ, അങ്ങയുടെ കാരുണ്യം അനന്തമാണ്, അങ്ങയുടെ നന്മയാകുന്ന നിധി അക്ഷയമാണ്. അങ്ങേയ്ക്ക് സമര്‍പ്പിതരായ ജനതയുടെ വിശ്വാസം കരുണാപൂര്‍വ്വം വര്‍ദ്ധമാനമാക്കേണമേ.അങ്ങനെ, അങ്ങ് അവരെ സൃഷ്ടിച്ച സ്‌നേഹവും അവരെ വീണ്ടെടുത്ത രക്തവും അവരെ പുനരുജ്ജീവിപ്പിച്ച അരൂപിയും എന്താണെന്ന് എല്ലാവരും ജ്ഞാനത്തോടെ ഗ്രഹിക്കും. നമ്മുടെ കര്‍ത്താവായ ക്രിസ്തുവഴി. ആമേന്‍. '-ഇതായിരുന്നു പ്രാര്‍ത്ഥാനവചനം. പ്രാര്‍ത്ഥനാനന്തരം ആശീര്‍വ്വാദം നല്കി ബസിലിക്ക വിട്ടു പോകുന്നതിനു മുമ്പ് പാപ്പാ അവിടെ ഉണ്ടായിരുന്ന ഇരുപതോളം പേരെ അഭിവാദ്യം ചെയ്തു. വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍ നിന്ന് നേരെ പോയത് 10 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൊറിയാന നഗരത്തിലെ ഗ്രനായി ചത്വരത്തിലേക്കാണ്.

ഗ്രനായി ചത്വരം

ല വല്ലേത്ത മതിലുകള്‍ക്കു പുറത്തായിട്ടാണ് ഫ്‌ളോറിയാന നഗരം സ്ഥിതിചെയ്യുന്നത്. പ്രതിരോധോപധിയായിട്ടാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ല വല്ലേത്ത മതില്‍ ശൃംഖല പണികഴിപ്പിച്ചത്. ഫ്‌ളൊറിയാന ലൈന്‍സ് എന്ന പേരും ഇതിനുണ്ട്. ഇറ്റലിക്കാരനായ വാസ്തുവിദ്യാവിശാരദന്‍ പീയെത്രൊ പാവൊളൊ ഫ്‌ളൊറിയാനി ആണ് ഈ മതില്‍ രൂപകല്പന ചെയ്തത്.

എഴുപതിലേറെ ഭൂഗര്‍ഭ ധാന്യസംഭരണശാലകള്‍ ഉണ്ടായിരുന്നിടത്താണ് ഗ്രനായി ചത്വരം സ്ഥിതിചെയ്യുന്നത്. ഗ്രനായി ചത്വരം എന്ന പേരിന്റെ ഉല്‍പ്പത്തി ഈ ധാന്യപ്പുരകളില്‍ നിന്നാണ്. കല്ലുകൊണ്ടുള്ള വൃത്താകൃതിയിലുള്ള അടപ്പുകളിട്ട് ഈ ധാന്യസംഭരണ അറകള്‍ മൂടിയിരിക്കുന്നത് ഇപ്പോഴും കാണാം.

മാള്‍ട്ടയിലെ പ്രഥമ മെത്രാന്‍ എന്നു കരുതപ്പെടുന്ന വിശുദ്ധ പുബ്ലിയൊയുടെ നാമത്തിലുള്ള ഒരു ദേവാലയം ചത്വരത്തിന് അഭിമുഖമായി തല ഉയര്‍ത്തി നില്‍ക്കുന്നു. കപ്പലപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൗലോസിനെ സ്വീകരിച്ചയാളാണ് അദ്ദേഹമെന്നും പാരമ്പര്യം പറയുന്നു. 112-മാണ്ടില്‍ ത്രയാനൊ ചക്രവര്‍ത്തിയുടെ കാലത്ത് പുബ്ലിയൊ രക്തസാക്ഷിയായി. മാള്‍ട്ടയുടെ സ്വര്‍ഗ്ഗീയ സംരക്ഷകരില്‍ ഒരാളാണ് വിശുദ്ധ പുബ്ലിയൊ. ഈ വിശുദ്ധന്റെ തിരുന്നാള്‍ ജനുവരി 21-നാണ് ആചരിക്കുന്നത്.

ഗ്രനായ് ചത്വരം ജോര്‍ജോ പ്രേക്ക, ഇഞ്ഞാത്സിയൊ ഫല്‍ത്സോണ്‍, സന്ന്യാസിനി മരിയ അദെയൊദാത്ത പിസാനി എന്നീ പുണ്യാത്മാക്കളുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന വേദിയുമായിരുന്നു. 2001 മെയ് 9-ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.ഗ്രനായ് ചത്വരത്തിലെത്തിയ പാപ്പാ പേപ്പല്‍ വാഹനത്തില്‍ വിശ്വാസികള്‍ക്കിടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങി. അവര്‍ ചെറു പേപ്പല്‍ പതാകകളും മാള്‍ട്ടയുടെ പതാകകളും വീശി ആനന്ദാരവങ്ങള്‍ ഉയര്‍ത്തി. ദിവ്യബലിക്കായി  ഇരുപതിനായിരത്തോളം പേര്‍ ചത്വരത്തില്‍ സമ്മേളിച്ചിരുന്നു.വിവിധ ക്രൈസ്തവ, അക്രൈസ്തവ വിഭാഗങ്ങളുടെയും പ്രതിനിധികളും സന്നിഹിതരായിരുന്നു. 

ദേവാലയത്തിന് അഭിമുഖമായി ഇടതു വശത്തായിട്ടാണ് ലാളിത്യമാര്‍ന്ന ബലിവേദി ഒരുക്കിയിരുന്നത്. പശ്ചാത്തലത്തില്‍ ഒരു കുരിശും ബലിവേദിക്ക് അഭിമുഖമായി  അള്‍ത്താരയുടെ വലത്തു വശത്തായി പരിശുദ്ധ കന്യകാനാഥയുടെ തിരുച്ചിത്രവും കാണാമായിരുന്നു. പാപ്പാ സങ്കീര്‍ത്തിയിലേക്കു പോയി പൂജാവസ്ത്രങ്ങള്‍ അണിഞ്ഞതിനു ശേഷം അള്‍ത്താര ശുശ്രൂഷകരും സഹകാര്‍മ്മികരുമൊത്ത് പ്രദക്ഷിണമായി ബലിവേദിയിലെത്തി. അപ്പോള്‍ ഭക്തിസാന്ദ്രമായ പ്രവേശന ഗീതം അലയടിച്ചു. അള്‍ത്താരവണക്കത്തിനും ധൂപാര്‍പ്പണത്തിനും ശേഷം പാപ്പാ ആമുഖ പ്രാര്‍ത്ഥന ചൊല്ലി. വിശുദ്ധഗ്രന്ഥവായനകള്‍ക്കു ശേഷം പാപ്പാ വചനസന്ദേശം നല്കി.

അതിരാവിലെ ദേവലായത്തിലെത്തിയ യേശുവിന്റെ അടുക്കലേക്ക് ജനങ്ങള്‍ എത്തുന്നതും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടെ അവിടത്തെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയതിനു ശേഷം മോശയുടെ നിയമനുസരിച്ച് അവളെ കല്ലെറിയണമെന്ന നിയമത്തെക്കുറിച്ച് പറയുന്നതും നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ എന്ന യേശുവചനം കേട്ട് മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിടുന്നതും അവസാനം യേശുവും ആ സ്ത്രീയും മാത്രം ശേഷിക്കുന്നതുമായ സംഭവം അവലംബമാക്കി പാപ്പാ ദൈവത്തിന്റെ ഹൃദയമായ കാരുണ്യത്തെക്കുറിച്ചു വിശദീകരിച്ചു.

അപരര്‍ക്കെതിരെ വിരല്‍ ചൂണ്ടിക്കൊണ്ട് വിശ്വാസ സംരക്ഷണത്തിനായി പരിശ്രമിക്കുന്നവര്‍ ഈ കാരുണ്യത്തെക്കുറിച്ചു മറുന്നുപോകുന്നുവെന്ന് പാപ്പാ പറഞ്ഞു.  മേലില്‍ പാപം ചെയ്യരുത് എന്നു പറഞ്ഞുകൊണ്ട് അവള്‍ക്ക് പാപപ്പൊറുതി നല്കിയപ്പോള്‍ അവളുടെ ജീവിതം തന്നെ മാറിമറിഞ്ഞുവെന്നും ദൈവത്തിന് എല്ലായ്‌പോഴും വിമുക്തിയുടെയും രക്ഷയുടെയും വഴികള്‍ കണ്ടെത്താനറിയാമെന്നും എപ്പാഴും അവിടന്ന് സാദ്ധ്യതകള്‍ തുറന്നിടുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

സുവിശേഷ പ്രസംഗത്തിനു ശേഷം പാപ്പാ ദിവ്യബലി തുടര്‍ന്നു. ദിവ്യകാരുണ്യസ്വീകരണാന്തരം  മാള്‍ട്ട അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ചാള്‍സ് ജൂഡ് ഷിക്ലൂണ പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിച്ചു. ഈ ഇടയസന്ദര്‍ശനത്തിനും വിശുദ്ധകുര്‍ബ്ബാനര്‍പ്പണത്തിനും തങ്ങളോടുള്ള സ്‌നേഹത്തിനും ആര്‍ച്ച്ബിഷപ്പ് പാപ്പായ്ക്ക് നന്ദി പറഞ്ഞു. പാപ്പായുടെ വാക്കുകള്‍ തങ്ങള്‍ക്ക് ജീവിതത്തിന് പ്രചോദനകരവും പാതയില്‍ വെളിച്ചവും ക്ലേശങ്ങളില്‍ സാന്ത്വനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശുവിന്റെ പുനരുത്ഥാനാനന്തര ആദ്യ നൂറ്റാണ്ടില്‍ത്തന്നെ സുവിശേഷവെളിച്ചം പൗലോസപ്പൊസ്‌തോലന്റെ  സാന്നിദ്ധ്യം വഴി സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ച മണ്ണാണ് മാള്‍ട്ടയെന്ന വസ്തുത ആര്‍ച്ച്ബിഷപ്പ് ഷിക്ലൂണ അനുസ്മരിച്ചു.

വളരട്ടെ വിശുദ്ധിയുടെ ശൃംഖല

വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്‌ക്കൊരുക്കമായി ഹ്രസ്വ വിചിന്തനം നടത്തി. ഒരുവന് ദൈവജന വികാരം ശ്വസിക്കാന്‍ ഈ ദ്വീപുകളില്‍ കഴിയുന്നു. വിശ്വാസം സന്തോഷത്തില്‍ വളരുകയും ദാനത്തില്‍ ശക്തിപ്പെടുകയും ചെയ്യുന്നു എന്ന ബോധ്യത്തോടുകൂടി മുന്നോട്ടു പോകണമെന്നും പാപ്പാ പറഞ്ഞു.ദൈവത്തിനും മറ്റുള്ളവര്‍ക്കുമായി ആവേശത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ നിരവധി മാള്‍ട്ടാക്കാര്‍ക്ക് പ്രചോദകമായ വിശുദ്ധിയുടെ ശൃംഖല തുടരുക.

'നിങ്ങളുടെ ഭാവിയായ യുവാക്കളോട് ഒരു വാക്ക് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രിയ സുഹൃത്തുക്കളേ, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കയാണ്. അത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മെ സ്വതന്ത്രരാക്കുന്ന സ്‌നേഹത്തില്‍ ജീവിക്കുന്നതിന്റെ സന്തോഷമാണ് അത്. എന്നാല്‍ ഈ സന്തോഷത്തിന് ഒരു പേരുണ്ട്: യേശു. നിന്നില്‍ വിശ്വസിക്കുന്ന, നിങ്ങളോടൊപ്പം സ്വപ്നം കാണുന്ന, നിങ്ങളുടെ ജീവിതത്തെ സ്‌നേഹിക്കുന്ന, ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്താത്ത കരുണയുടെ ദൈവമായ യേശുവിനെ സ്‌നേഹിക്കുന്നതിന്റെ മനോഹാരിത ഞാന്‍ നിങ്ങള്‍ക്ക് ആശംസിക്കുന്നു. എന്നും യേശുവിനോടൊപ്പം, കുടുംബത്തോടൊപ്പം, ദൈവജനത്തോടൊപ്പം, മുന്നോട്ടുപോകുന്നതിന് നിങ്ങള്‍ ഒരിക്കലും വേരുകള്‍ മറക്കരുത്. മുതിര്‍ന്നവരോടു സംസാരിക്കുക, മുത്തശ്ശീമുത്തശ്ശന്മാരുമായി സംസാരിക്കുക, പ്രായം ചെന്നവരോടു സംസാരിക്കുക.

കര്‍ത്താവ് നിങ്ങള്‍ക്ക് തുണയാകട്ടെ, നമ്മുടെ അമ്മ നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ. ഇപ്പോഴും ദൈവനിന്ദകമായ യുദ്ധത്തിന്റെ ബോംബാക്രമണത്താല്‍ പിച്ചിച്ചീന്തപ്പെട്ടരിക്കുന്ന യുക്രെയ്‌നിലെ മാനവദുരന്തത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമുക്ക് ഇപ്പോള്‍ സമാധാനത്തിനായി അവളോടു പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥിക്കുന്നതിലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിലും നാം മടുക്കരുത്. നിങ്ങള്‍ക്ക് സമാധാനം!' 

തുടര്‍ന്ന് പാപ്പാ ത്രികാലജപം നയിക്കുകയും സമാപനാശീര്‍വ്വാദം നല്കുകയും ചെയ്തു.അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറിലേക്ക് മടക്കയാത്ര തുടങ്ങുന്നതിനു മുമ്പ് ചത്വരത്തില്‍ വച്ച് സന്ന്യസ്തസമൂഹങ്ങളുടെ മേല്‍ ശേഷ്ഠന്മാരുടെ സംഘവുമായി പാപ്പാ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് 13 കിലോമീറ്റര്‍ അകലെയുള്ള അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറിലേക്ക് കാറില്‍ യാത്രയായി. അവിടെ ആയിരുന്നു പാപ്പായ്ക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. പാപ്പായുടെ മാള്‍ട്ട സന്ദര്‍ശനത്തിന്റെ സമാപന ദിനം ഉച്ചതിരിഞ്ഞുള്ള അവസാനത്തെ  പരിപാടി കുടിയേറ്റക്കാര്‍ക്കായുള്ള കേന്ദ്രത്തില്‍ അവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു.

അപ്പോസ്തലന്മാരുടെ പ്രവൃത്തികളില്‍ വിവരിച്ചിരിക്കുന്ന പ്രകാരം മാള്‍ട്ടയില്‍ വിശുദ്ധ പൗലോസ് നേരിട്ട കപ്പല്‍ തകര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് തന്റെ ഹ്രസ്വ യാത്രയുടെ ലോഗോയെന്ന് സുറിക്കിലുള്ള ജോണ്‍ ഇരുപത്തിമൂന്നാമന്‍ സമാധാന ലബോറട്ടറിയില്‍ നടത്തിയ പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സമീപ വര്‍ഷങ്ങളില്‍ മെഡിറ്ററേനിയന്‍ കടക്കാനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതുപോലെ കപ്പല്‍ തകര്‍ച്ച അനുഭവിച്ചിട്ടുണ്ട്, പലപ്പോഴും ഈ യാത്രകള്‍ ദുരന്തത്തില്‍ അവസാനിക്കുന്നു.

'ഈ സംഭവങ്ങളില്‍ മറ്റൊരു തരത്തിലുള്ള കപ്പല്‍ തകര്‍ച്ചയും നടക്കുന്നതായി നാം കാണുന്നു: കുടിയേറ്റക്കാരെ മാത്രമല്ല നമ്മളെയെല്ലാം ഭീഷണിപ്പെടുത്തുന്ന നാഗരികതയുടെ കപ്പല്‍ തകര്‍ച്ച. ദയയോടെയും മനുഷ്യത്വത്തോടെയും പ്രവര്‍ത്തിക്കുന്നതിലൂടെ, ആളുകളെ പരിഗണിക്കുന്നതിലൂടെ മാത്രമേ ഇത് തടയാന്‍ കഴിയൂ'- മാര്‍പ്പാപ്പ പറഞ്ഞു.സ്ഥിതിവിവരക്കണക്കുകള്‍ക്ക് ഏറെ അപ്പുറമാണ് യാഥാര്‍ത്ഥ്യം.

റോമിലേക്കുള്ള മടക്ക വിമാനത്തിനായി നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാനുള്ള തീരുമാനം മാറ്റിയായിരുന്നു പാപ്പായുടെ  'പീസ് ലാബ്' സന്ദര്‍ശനം.സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഫാ. ഡയോനിഷ്യസ് മിന്റോഫ് എന്ന ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ 1971-ല്‍ സ്ഥാപിച്ച ഈ കേന്ദ്രം, രണ്ടാം ലോകമഹായുദ്ധസമയത്ത് കനത്ത പോരാട്ടം കണ്ട മാള്‍ട്ടയിലെ വ്യവസായ എസ്റ്റേറ്റുകളിലൊന്നായ ഇയാല്‍ ഫാറിലാണ്. കുടിയേറ്റക്കാരെ സഹായിക്കാന്‍ പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്നു  'പീസ് ലാബ്' .

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്  ഹ്രസ്വ ആശംസ നേരുന്നതിനിടെ ഫാ. മിന്റോഫ് പറഞ്ഞു:' ആരും ഒരിക്കലും തങ്ങളുടെ വീടിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുദ്ധവും പട്ടിണിയും സ്വന്തം ഭാവി കെട്ടിപ്പടുക്കാനുള്ള കഴിവില്ലായ്മയും കുട്ടികളുടെ കാര്യത്തിലുള്ള അരക്ഷിതാവസ്ഥയും തീവ്രമാകുന്നതിനാലാണ് ആളുകള്‍ സുരക്ഷിതത്വത്തിനായി പലായനം ചെയ്യുന്നത്.
ഈ ആളുകള്‍, വംശമോ മതമോ പരിഗണിക്കാതെ, ദൈവത്തിന്റെ മക്കളാണെന്നും അവിടത്തെ നിരുപാധികവും ആര്‍ദ്രവുമായ സ്നേഹം സ്വീകരിക്കുന്നവരാണെന്നും ഞങ്ങള്‍ക്കറിയാം,'- അദ്ദേഹം പറഞ്ഞു, 'അവര്‍ക്ക് വ്യക്തമായ സ്വീകാര്യതയും ജീവിതസാധ്യതയും വാഗ്ദാനം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നു.'

Comments

leave a reply

Related News