ശുഷ്‌ക്കമാകരുത്, സമാധാനത്തിനു വേണ്ടിയുള്ള
പ്രാര്‍ത്ഥനകള്‍: പാപ്പ
വത്തിക്കാന്‍ സിറ്റി : സമാധാനത്തിനുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ ശുഷ്‌ക്കകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ഫ്രാന്‍സിസ് പാപ്പ. അഫ്ഗാനിസ്ഥാനിലെ കലാപകലുഷിതമായ അന്തരീക്ഷത്തിന് അറുതിയുണ്ടാകാന്‍ നിരന്തരം ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.
സാന്ത് എവുജിയോ പ്രാര്‍ത്ഥനാ സമൂഹത്തിന്റെ സ്ഥാപകനായ ആന്ദ്രെയ് റിക്കാര്‍ഡിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രാര്‍ത്ഥനയും ഉപവാസവും കാലഹരണപ്പെട്ടവയല്ല, അതെല്ലാം ആത്മീയപരങ്ങളാണ്. നമ്മുടെ ദേവാലയങ്ങളില്‍ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍ തീരെ ശുഷ്‌ക്കമാണ്. കഴിഞ്ഞ ഞായറാഴ്ച നമ്മുടെ ദേവാലയങ്ങളില്‍ അഫ്ഗാനിസ്ഥാനു വേണ്ടിയോ, എട്ടുലക്ഷം അഭയാര്‍ത്ഥികള്‍ കഷ്ടപ്പെടുന്ന നോര്‍ത്തേണ്‍ മൊസാമ്പിക്കിനുവേണ്ടിയോ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നുവോ ? അകലെയാവാം യുദ്ധങ്ങള്‍, അതല്ലെങ്കില്‍ അവ എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയാത്ത സാഹചര്യമുണ്ടാവാം. അതുകൊണ്ട് നാം ഒന്നും ചെയ്യുന്നില്ല. ഒരുതരം വന്ധ്യത ഇതുമൂലം ഉടലെടുക്കുന്നു. ഈ വന്ധ്യതയില്‍ നിന്നാകട്ടെ, നിര്‍വികാരത ജന്മമെടുക്കുന്നു. ഇത് നിര്‍വികാരതയുടെ ആഗോളവത്ക്കരണമാണ്. സഹായിക്കാന്‍ ഒന്നും ചെയ്യാനാവില്ലെന്ന നമ്മുടെ തോന്നലില്‍ നിന്നാണ് നിര്‍വികാരത ജനിക്കുന്നത്. മറിച്ച്, ആഗോളവത്ക്കരിക്കപ്പെട്ട ഈ ലോകത്തില്‍ ഏതൊരു പുരുഷനും സ്ത്രീക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാവില്ലേ ? ചെറു സംഘടനകള്‍ക്ക് ഭീതി വിതയ്ക്കാമെങ്കില്‍, ചെറു ഗ്രൂപ്പുകള്‍ക്ക് സമാധാനവും വിതയ്ക്കാം. പ്രാര്‍ത്ഥനയിലൂടെ, ഉപവാസത്തിലൂടെ അവര്‍ക്ക് അതിനു കഴിയും. ഇതാണ് യുദ്ധത്തിനെതിരെയുള്ള വിപ്ലവം- പാപ്പ പറഞ്ഞു.
Comments