Foto

മതാദ്ധ്യാപനത്തെ സംബന്ധിച്ച ദേശീയ സംഗമം

1. മതാദ്ധ്യാപനത്തെ സംബന്ധിച്ച ദേശീയ സംഗമം
ഫെബ്രുവരി 16-നാണ് അമേരിക്കയിലെ ലോസാഞ്ചലിസ് അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന മതാദ്ധ്യാപനത്തെ സംബന്ധിച്ച ‘ഓൺലൈൻ’ ദേശീയ സംഗമത്തിന് പാപ്പാ സന്ദേശം അയച്ചത്. ലോസാഞ്ചലിസ് അതിരൂപതയുടെ സ്ഥാപത്തിന്‍റെ 65-Ɔο വാർഷികവും യുവജനദിനാചരണത്തിന്‍റെ 50-Ɔο വാർഷികവും അവസരമാക്കിക്കൊണ്ടാണ് മതാദ്ധ്യാപനത്തെ സംബന്ധിച്ച ദേശീയ സംഗമം സംഘടിപ്പിച്ചത്. അങ്ങനെ ദീർഘകാലം ഫലവത്തായി നടന്ന അതിരൂപതയുടെ മതാദ്ധ്യാപന രംഗത്തെയും യുവജനങ്ങളുടെ രൂപീകരണത്തിലുള്ള നവമായ ഉദ്യമങ്ങളെയും പാപ്പാ സന്ദേശത്തിൽ ആമുഖമായി ശ്ലാഘിച്ചു.

2. ദൈവികവാഗ്ദാനങ്ങൾ പ്രഘോഷിക്കുക
“ദൈവികവാഗ്ദാനങ്ങൾ പ്രഘോഷിക്കുക,” (Proclaim God’s promises) എന്ന സമ്മേളനത്തിന്‍റെ പ്രമേയമാണ് പാപ്പാ സന്ദേശത്തിൽ വിഷയമാക്കിയത്.. നമുക്കായി ദൈവംതന്നെ വാഗ്ദാനങ്ങൾ നല്കിയിട്ടുള്ളതിനാൽ അവ പാലിക്കുന്നതിൽ അവിടുന്നു വിശ്വാസ്തനാണെന്ന കാര്യം പാപ്പാ ആമുഖമായി അനുസ്മരിപ്പിച്ചു. പരസ്പരബന്ധത്തിന്‍റെയും, ബൗദ്ധികം, സാംസ്കാരികം ആത്മീയം എന്നീ തലങ്ങളിലും ഓരോ തലമുറയും അതിലെ സ്ത്രീ-പുരുഷന്മാരും ദൈവികവാഗ്ദാനങ്ങൾ സ്വീകരിച്ചിട്ടുള്ളവരാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. എന്നാൽ മഹാവ്യാധി ലോകത്ത് വിതച്ചിരിക്കുന്ന ക്ലേശങ്ങൾ നിരവധിയാണെന്നു ചൂണ്ടിക്കാട്ടിയെങ്കിലും, യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കണമെന്നും ഭാവിയെ കരുപ്പിടിപ്പിക്കുവാനും വളർത്തുവാനുമായി ദൈവികവാഗ്ദാനങ്ങളിൽ ഉറച്ചു വിശ്വസിക്കണമെന്നും സമർപ്പണത്തോടും ത്യാഗമസ്ഥിതിയോടുംകൂടെ പതറാതെ പരിശ്രമിക്കണമെന്നും പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

3. ഹൃദയവിശാലതയും ത്യാഗമനഃസ്ഥിതിയും
സമരിയക്കാരന്‍റെ മനഃസ്ഥിതിയോടെ ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ തുണയ്ക്കുവാൻ ഉടനടി, സർവ്വശക്തിയോടുംകൂടെ ഉണർന്നു പ്രവർത്തിക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. ഈ കഴിഞ്ഞ നാളുകളിൽ താൻ ദർശിച്ച സഹോദര്യത്തിന്‍റെ നന്മകളും കലവറയില്ലാത്തതും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങളും ജീവിതസാക്ഷ്യങ്ങളും നിരവധിയാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഔദാര്യപൂർണ്ണവും നന്ദിനിറഞ്ഞതുമായ സ്നേഹപ്രവൃത്തികൾ ആരുടെയും മനസ്സ് അലിയിപ്പിക്കുന്നവയും മായാത്ത മുദ്ര പതിപ്പിക്കുന്നവയുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. അതിനാൽ ജീവിതത്തിന്‍റെ സാമൂഹിക ചുറ്റുപാടിലും മാനവികതയുടെ മനസാക്ഷിയിലും സാഹോദര്യം വളർത്തണമെങ്കിൽ വലിയ സാമീപ്യവും, കരുതലും, ക്ലേശിക്കുന്നവരുടെ കൂടെയായിരിക്കുവാനുള്ള ഹൃദയവിശാലതയും ത്യാഗമനഃസ്ഥിതിയും അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇവയെല്ലാം ദൈവിക വാഗ്ദാനങ്ങളുടെ പ്രഖ്യാപനവും പൂർത്തീകരണവുമാണെന്നും പാപ്പാ വ്യാഖ്യാനിച്ചു.

4. ഒറ്റയ്ക്കു രക്ഷപ്പെടാനാവില്ല
പ്രതിസന്ധികളിൽനിന്ന് നമ്മളാരും ഒറ്റയ്ക്കു പുറത്തുവരികയില്ലെന്നുള്ള പൊതുവായ ആദർശം അംഗീകരിക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. നാം മെച്ചമായോ മോശമായോ പ്രതിസന്ധികളുടെ ചുറ്റുപാടിൽനിന്ന് പുറത്തുവരുന്നത് നാം എപ്രകാരം അതിനെ അഭിമുഖീകരിക്കുകയും, അതിനെ നേരാടാൻ സഹകരിക്കുന്നു, അല്ലെങ്കിൽ പരിശ്രമിക്കുന്ന എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. പ്രതിവിധിയുടെ ഒരു മാർഗ്ഗം സ്വീകരിക്കാൻ ജീവിതപ്രതിസന്ധി നമ്മെ വെല്ലുവിളിക്കുന്നുണ്ടെന്നും, അതിനോട് ധീരമായോ കാരുണ്യത്തോടെയോ, മഹത്തരമായോ, ലാളിത്യത്തോടെയോ എന്നതിനെ ആശ്രയിച്ചായിരിക്കും ഫലപ്രാപ്തിയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

5.  "ഒത്തുപിടിച്ചാൽ മലയും പോരും..."
ജീവിത സ്വപ്നങ്ങൾ നാം ഒരുമിച്ചാണ് രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും യാഥാർത്ഥ്യമാക്കുകയും ചെയ്യേണ്ടത്. അതിനാൽ ആയുസ്സും ആരോഗ്യവും തന്നു നമ്മെ വിളിച്ച ദൈവത്തോടുള്ള നന്ദിയോടെ ക്രിയാത്മകമായി പ്രതികരിക്കണമെങ്കിൽ ഒരു വിശ്വസാഹോദര്യത്തിനായി നാം ഓരോരുത്തരും ഹൃദയം തുറന്നു പരിശ്രമിക്കണം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ ഫ്രാൻസിസ് ഹ്രസ്വവീഡിയോ സന്ദേശം ഉപസംഹരിച്ചത്

Comments

leave a reply

Related News