കഴിഞ്ഞയാഴ്ച വലിയ കോലാഹലത്തിനും അതിരുവിട്ട മാധ്യമ ചർച്ചകൾക്കും കാരണമായ ഒരു സംഭവമായിരുന്നു, കുടുംബങ്ങളിൽ കൂടുതൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന പാലാ രൂപതാ മെത്രാന്റെ ആഹ്വാനവും സർക്കുലറും. കത്തോലിക്കാ സഭയും ഒട്ടുമിക്ക ലോകരാജ്യങ്ങളും ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് യോജിച്ച് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് ചില കാര്യങ്ങൾ പറഞ്ഞപ്പോൾ അത് വലിയ വിവാദമായി. സൂക്ഷ്മമായി നിരീക്ഷിച്ചാൽ പിതാവിനെ വിമർശിക്കാനും അവഹേളിക്കാനും തുനിഞ്ഞിറങ്ങിയവരുടെ വാദഗതികളിലെ പൊള്ളത്തരം വ്യക്തമാകും. കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിച്ച് ഒരു ജനസംഖ്യാ വിസ്ഫോടനം നടത്താനാണ് കത്തോലിക്കാ സഭ ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു ചിലരുടെ ആരോപണം. കൂടുതൽ കുട്ടികളുള്ളവർക്ക് മാത്രമായല്ല സഭയുടെ ആനുകൂല്യങ്ങൾ നല്കപ്പെടേണ്ടത് എന്നതിനാൽ ഈ ആഹ്വാനം ശരിയല്ല എന്നാണ് ചിലർ നിരീക്ഷിച്ചത്. കത്തോലിക്കാസഭയുടെ നിലപാടുകളെക്കുറിച്ചുള്ള വ്യക്തതക്കുറവും മുൻധാരണകളുമാണ് അനേകരെക്കൊണ്ട് ഇത്തരത്തിൽ പറയിപ്പിച്ചത് എന്നതാണ് വാസ്തവം.
ജീവനെ അങ്ങേയറ്റം വിലമതിക്കുന്ന, ഈ ലോകത്തോട് മുഴുവൻ കരുതലുള്ള, ശാസ്ത്രീയമായി വസ്തുതകളെ വിശകലനം ചെയ്ത് യാഥാർഥ്യങ്ങളെ സമീപിക്കുന്ന നിലപാടുകളാണ് എക്കാലവും കത്തോലിക്കാസഭയ്ക്കുള്ളത്. ഗർഭാവസ്ഥയിൽ ആരംഭഘട്ടം മുതലുള്ള ജീവനെ ഒരു പൂർണ്ണ മനുഷ്യവ്യക്തിക്ക് തുല്യമായി സഭ കാണുന്നതിനാലാണ്, "സാറാസ്" എന്ന സിനിമ മുന്നോട്ടുവയ്ക്കുന്നതും, പലരും പുരോഗമനപരം എന്നുകരുതുന്നതുമായ അബോർഷൻ എന്ന ആശയത്തെ സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. അതേ നിലപാടിന്റെ തുടർച്ചയായാണ്, ഒരു കുട്ടിയെക്കൂടി ജനിപ്പിക്കാൻ ആഗ്രഹമുണ്ടായിട്ടും സാമ്പത്തികമായ ആശങ്കകളെ തുടർന്ന് വേണ്ടെന്ന് ചിന്തിക്കുന്ന മാതാപിതാക്കൾക്ക് പിന്തുണ നൽകുന്നതും.
കത്തോലിക്കാ സഭ കേരളത്തിലും മറ്റ് ദേശങ്ങളിലും കാലങ്ങളായി ചെയ്തുവരുന്ന അജപാലനപരമായ പലവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തതക്കുറവാണ് അനാവശ്യമായ വിമർശന ചിന്തകളിലേക്ക് കുറേപ്പേരെ നയിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് താങ്ങും തണലുമാകുവാൻ വിവിധ പദ്ധതികളിലൂടെയും ഒട്ടേറെ പ്രവർത്തനമുഖങ്ങളിലൂടെയും സഭ എന്നും പരിശ്രമിക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാസഭ എന്നാൽ, മെത്രാൻ സമിതിയോ ബിഷപ്പ് ഹൗസുകളോ മാത്രമാണെന്നു കരുതരുത്. സഭയിൽ അംഗമായ വ്യക്തികൾ സഭയോട് ചേർന്ന് നിന്നുകൊണ്ട് ചെയ്യുന്ന ഒറ്റപ്പെട്ട പ്രവൃത്തികൾ മുതൽ വിവിധ കൂട്ടായ്മയുടെയും സന്യാസ സമൂഹങ്ങളുടെയും മേൽനോട്ടത്തിൽ നടക്കുന്ന എണ്ണമറ്റ സേവന - ഉപവി പ്രവർത്തനങ്ങളും കത്തോലിക്കാ സഭ എന്ന വിശാലമായ കുടക്കീഴിൽ അതിന്റെ ഭാഗമായി തുടർന്നുപോരുന്നവയാണ്. അത്തരം പ്രവർത്തനങ്ങൾക്ക് പലപ്പോഴും പരസ്യങ്ങളില്ലാത്തതിനാൽ പൊതുസമൂഹത്തിന് അതേക്കുറിച്ചുള്ള വ്യക്തതകുറവുണ്ടായിരിക്കാമെന്നു മാത്രം.
ഒഴുക്കിനെതിരെ നീങ്ങുന്ന വിധത്തിൽ വേറിട്ടൊരു അഭിപ്രായം/ നിർദ്ദേശം ഒരു മെത്രാനിൽനിന്ന് പരസ്യമായി വന്നു എന്നുള്ളത് മാത്രമാണ് ഇവിടെ ഒരു വിവാദമുണ്ടാക്കാനുള്ള കാരണം. ജീവനെ ഏറ്റവും മുഖ്യമായി കാണുന്ന കത്തോലിക്കാസഭയുടെ നിലപാടുകൾക്ക് വിരുദ്ധമായ ചില ആശയങ്ങൾ സ്വാഭാവിക പുരോഗമന ചിന്തകൾ എന്ന മട്ടിൽ നമുക്കിടയിൽ വ്യാപകമായിക്കൊണ്ടിരുന്നതിനാലാണ് വലിയൊരു കോളിളക്കം തന്നെ സൃഷ്ടിക്കപ്പെട്ടത്. കേവല ധാർമ്മികതയ്ക്കുപോലും വിരുദ്ധമായ കുറെയേറെ നൂതന ആശയങ്ങൾ ഇവിടെ പ്രചരിപ്പിക്കപ്പെടുകയും ആധുനികതയുടെ പേരിൽ കുറേപ്പേർ അതേറ്റെടുക്കുകയും, വിവിധ അവകാശങ്ങളുടെ പേരിൽ അവയെ സാമാന്യവൽക്കരിക്കുകയും ചെയ്തുവന്നിരുന്നു. അത്തരം ആശയങ്ങളോടൊന്നും പൊരുത്തപ്പെടാനോ അവയുമായി ഒത്തുതീർപ്പിലെത്താനോ കത്തോലിക്കാ സഭ ഒരുക്കമല്ല എന്ന വസ്തുതയാണ് അവയുടെ വക്താക്കളെയും പ്രചാരകരെയും ചൊടിപ്പിക്കുന്നതും സഭയ്‌ക്കെതിരെ നിരന്തരം രംഗത്തുവരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത്.
കത്തോലിക്കാ സഭ മുന്നോട്ടുവയ്ക്കുന്ന പ്രൊ ലൈഫ് ആശയങ്ങൾ ഒരു ജനസംഖ്യാ വിസ്ഫോടനത്തെയാണ് ലക്‌ഷ്യം വയ്ക്കുന്നതെന്ന വിധത്തിലുള്ള അപക്വമായ ആശയപ്രചാരണങ്ങൾക്കും അനാവശ്യമായ പ്രചാരമുണ്ട്. കുട്ടികൾ വേണ്ടെന്നും, പരമാവധി ഒരു കുട്ടി എന്നുമുള്ള കാഴ്ചപ്പാടുകൾ ലോകവ്യാപകമായി ശക്തിപ്രാപിച്ചിരിക്കുന്നതിന്റെ ഭാഗമായി മനുഷ്യന്റെ ജനസംഖ്യ പലയിടങ്ങളിലും, പല വംശങ്ങളിലും കുറഞ്ഞുവരുന്നത് അപകടകരമാണെന്ന വിലയിരുത്തലുകൾ പൊതുവേയുണ്ട്. അതിനാലാണ് സമീപകാലത്ത് ചൈന പോലും തങ്ങളുടെ പോളിസിയിൽ നിർണ്ണായകമായ മാറ്റം വരുത്തി മൂന്ന് കുട്ടികൾ ആകാമെന്ന നിലപാട് സ്വീകരിച്ചത്. മിക്കവാറും യൂറോപ്യൻ രാജ്യങ്ങളും ജനസംഖ്യാ വർദ്ധനവ് ആവശ്യമാണെന്ന തിരിച്ചറിവിൽ കൂടുതൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകിവരുന്നു. ജനസംഖ്യാ വർദ്ധനവോ, ജനസംഖ്യ കുറഞ്ഞുപോകുന്ന പ്രവണതയോ ഉണ്ടാകാതെ, ആരോഗ്യകരമായ ജനന നിരക്ക് നിലനിർത്തിക്കൊണ്ടുപോകാനാണ് ഓരോ സമൂഹങ്ങളും ശ്രദ്ധിക്കേണ്ടത്. പ്രകൃതിയുടെയും മനുഷ്യവംശത്തിന്റെയും സന്തുലിതാവസ്ഥ ഒരുപോലെ പാലിക്കപ്പെടണമെന്നാണ് എക്കാലത്തും സഭയുടെ നിലപാട്.
Comments