കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 168 വൈദികരും 143 സന്യസ്തരും
കൊച്ചി : കോവിഡ് മൂലം ഇതുവരെ മരണമടഞ്ഞത് 168 വൈദികരും 143 സന്യസ്തരും. ന്യൂഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യൻ കറന്റ്‌സ് എന്ന പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപർ ഫാ. സുരേഷ് മാത്യു ശേഖരിച്ച കണക്കാണിത്. മാർച്ച് മാസത്തിനു ശേഷമുള്ള കോവിഡ് രണ്ടാം തരംഗത്തിലാണ് ഇവർക്ക് ജീവൻ വെടിയേണ്ടിവന്നത്. മരിച്ച വൈദികരിൽ 40 പേരും സന്യസ്തരിൽ മുപ്പത് പേരും മലയാളികളാണ്. ഇവരെല്ലാം തന്നെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആശുപത്രികളിലോ ജോലി ചെയ്തിരുന്നവരാണ്. കോവിഡ് ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞിട്ടും സ്വയം ചികിത്സിച്ചു മാറ്റാമെന്നു കരുതിയതാണ് പലരെയും മരണത്തിലേക്ക് നയിച്ചത്.
കോവിഡ് ബാധിച്ച് മരിച്ചവരിൽ മൂന്നു ബിഷപ്പുമാരുമുണ്ടെന്ന് ഫാ. സുരേഷ് പറഞ്ഞു. മദർ തെരേസയുടെ സന്യാസിനീ സമൂഹത്തിൽപ്പെട്ട 12 സന്യസ്തർ ഇതിനകം കോവിഡിന് കീഴടങ്ങിക്കഴിഞ്ഞു. കുഷ്ഠ രോഗികളെ ശൂശ്രുഷിച്ചുകൊണ്ടിരുന്നവരാണ് ഇവരിലേറെയും. മരിച്ചവരിൽ പലർക്കും കോവിഡിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. വയോധികരായ ഇവർക്ക് മറ്റ് പല അനുബന്ധ രോഗങ്ങളുമുണ്ടായിരുന്നു.
സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയായ സി. ജെസി കുര്യനും കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അവർ പിന്നീട് രോഗമുക്തയായി. ചികിത്സാ സൗകര്യങ്ങൾ തീരെ കുറഞ്ഞ ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ കഴിയുന്ന സന്യസ്തരാണ് മരിച്ചവരിൽ പലരുമെന്ന് സിസ്റ്റർ ജെസി പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അംഗമാകുന്ന ആദ്യത്തെ സന്യസ്തയാണ് സി.ജെസി. മാർച്ച് 10 നാണ് സി. ജെസി താൻ കോവിഡ് ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. മേയ് 2ന് നെഗറ്റീവായി. സുപ്രീം കോടതിയിലെ 33 അഭിഭാഷകർക്കാണ് കോവിഡ് ബാധിച്ചത്. സി.ജെസിയുടെ സഹപ്രവർത്തകരിൽ 12 പേർ കോവിഡിന് കീഴടങ്ങി. സെക്കന്തരാബാദ് സെന്റ് ആൻസ് പ്രോവിൻസ് അംഗമാണ് സി. ജെസി.


Comments