Foto

എമെരിറ്റസ് പാപ്പാ ബെനഡിക്ട് 16-Ɔമന്‍ കാലം ചെയ്തു

: ഫാ. വില്യം നെല്ലിക്കൽ

 

ആഗോള കത്തോലിക്കാസഭയെ നയിച്ച 265-Ↄമത്തെ പാപ്പായും വിശുദ്ധ പത്രോസിന്‍റെ 264-Ↄമത്തെ പിന്‍ഗാമിയുമായിരുന്ന ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗാനന്തരം വത്തിക്കാനിലെ “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തില്‍ താപസതുല്യമായ ജീവിതം നയിച്ചുവരികയായിരുന്നു.

1 ലോകത്തെ അമ്പരിപ്പിച്ച സ്ഥാനത്യാഗം

ആധുനിക സഭാചരിത്രത്തില്‍ ആദ്യമായി സ്ഥാനത്യാഗം ചെയ്ത പാപ്പായാണ് ബെനഡിക്ട് പതിനാറാമന്‍. പ്രായംകൊണ്ട് ക്ഷീണിതനെങ്കിലും അനുദിന കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചുപോരുകയായിരുന്ന, അന്ന് 85 വയസ്സുകാരനായിരുന്ന ബനഡിക്ട് 16-Ɔമന്‍ പാപ്പയുടെ പ്രഖ്യാപനം ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു.  2013 ഫെബ്രുവരി 28-Ɔο തിയതി രാത്രി 8 മണിക്ക് താന്‍ സ്ഥാനത്യാഗംചെയ്യുമെന്ന്  (The historic declaration of ‘Sede Vacante’ ) അതേ മാസം 11-Ɔο തിയതി തിങ്കളാഴ്ച, രാവിലെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തിലാണ് (Consistory) പാപ്പാ പ്രഖ്യാപിച്ചത്.

സഭയിലെ മൂന്നു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ടു ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നടപടിക്രമങ്ങളുടെ അവസാനത്തിലാണ് തികച്ചും ആകസ്മികമായ തീരുമാനം പാപ്പാ അറിയിച്ചത്.സഭാജീവിതത്തെയും വളര്‍ച്ചയെയും സംബന്ധിക്കുന്ന സുപ്രധാനമായ തീരുമാനം അറിയിക്കുകയാണെന്ന മുഖവുരയോടെയാണ് സ്വന്തം കൈപ്പടയിലെഴുതിയ ലത്തീന്‍ ഭാഷയിലുള്ള സ്ഥാനത്യാഗ പ്രഖ്യാപനം പാപ്പാ വായിച്ചത്.

2 ശരീരത്തോടൊപ്പം മനസ്സും ക്ഷയിച്ചപ്പോള്‍

പത്രോസിന്‍റെ സിംഹാസനത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കില്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനയ്ക്കുംശേഷം ബോധ്യമായെന്ന് പ്രഖ്യാപനത്തിന്‍റെ ആമുഖത്തില്‍ സ്ഥാനത്യാഗകാരണമായി പാപ്പ പ്രസ്താവിച്ചു. അധികാരത്തിന്‍റെ ആത്മീയ സ്വഭാവംകൊണ്ട് പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും മരണംവരെ തുടരേണ്ടതാണിത് എന്ന ബോധ്യം ഉണ്ടെങ്കിലും, പരിവര്‍ത്തന വിധേയമാവുകയും വിശ്വാസസംബന്ധിയായ നിരവധി വെല്ലുവിളികള്‍ ഉയരുകയുംചെയ്യുന്ന ലോകത്ത് പത്രോസിന്‍റെ നൗകയെ നയിക്കാന്‍ ശാരീരിക ആരോഗ്യത്തോടൊപ്പം മനക്കരുത്തും അനിവാര്യമാണെന്ന ബോധ്യമാണ് തന്നെ ഈ തീരുമാനത്തിലേയ്ക്ക് നയിച്ചതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കാനുള്ള കരുത്ത് ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവാണ് ഈ തീരുമാനം എടുക്കുന്നതിനു പിന്നിലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

3 പാപ്പാ തിരഞ്ഞെടുത്ത പൂര്‍ണ്ണവിരക്തിയുടെ പാത

2005 ഏപ്രില്‍ 19-Ɔο തിയതി കര്‍ദ്ദിനാള്‍ സംഘം ഭരമേല്പിച്ച റോമാ രൂപതയുടെ ശുശ്രൂഷാ പദവിയും പത്രോസിന്‍റെ പിന്‍തുടര്‍ച്ചാവകാശവും, തീരുമാനത്തിന്‍റെ ഗൗരവം മനസ്സിലാക്കി ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെയാണ്, 2013 ഫെബ്രുവരി 28-Ɔο തിയതി രാത്രി 8 മണിക്ക് പൂര്‍ണ്ണമായും ഒഴിയുന്ന വിധത്തില്‍ സ്ഥാനത്യാഗം ചെയ്യുന്നതെന്ന് പാപ്പാ അറിയിച്ചു. അധികാരപ്പെട്ട കര്‍ദ്ദിനാള്‍ സംഘം ചേര്‍ന്ന് അടുത്ത പാപ്പായെ തിരഞ്ഞെടുക്കുംവരെ റോമാ മെത്രാന്‍ സ്ഥാനവും പത്രോസിന്‍റെ സിംഹാസനവും ശൂന്യമായിരിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു. തന്‍റെ പരമിതികള്‍ക്ക്   വിനയാന്വിതനായി ക്ഷമാപണം നടത്തിയ പാപ്പാ, സ്നേഹത്തോടും ത്യാഗത്തോടുംകൂടെ എന്നും തന്നെ പിന്‍തുണച്ചവര്‍ക്ക് നന്ദിയര്‍പ്പിച്ചു. വത്തിക്കാന്‍ രാഷ്ട്രം സംസ്ഥാപിതമായതിന്‍റെ 84-Ɔο വാര്‍ഷികദിനത്തിലും ലൂര്‍ദ്ദുനാഥയുടെ തിരുനാളിലുമാണ് (ഫെബ്രുവരി 11) സ്ഥാനത്യാഗ പ്രഖ്യാപനം നടന്നത്.

4 പ്രാര്‍ത്ഥനയുടെ ധ്യാനാത്മകജീവിതം

പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ സഭാമാതാവിനെ  മരണംവരെ തുടര്‍ന്നും സേവിക്കുമെന്ന വാക്കുകളോടെയാണ് 85 വയസ്സെത്തിയ ബനഡിക്ട്16-Ɔമന്‍ പാപ്പാ പ്രസ്താവന ഉപസംഹരിച്ചത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഫെബ്രുവരി 27-ന് നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണമായിരുന്നു പാപ്പാ

ബെനഡിക്ടിന്‍റെ അവസാനത്തെ പൊതുവായ ഔദ്യോഗിക പരിപാടി.                          ... സംഗീതം ....

5. കര്‍ദ്ദിനാളാകാന്‍ ആഗ്രഹിച്ച ബാലന്‍

ജര്‍മ്മനിയിലെ ബവേറിയായിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ റാത്സിങ്കറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ജോസഫ് റാത്സിങ്കര്‍. 1927 ഏപ്രില്‍ 16-Ɔο തിയതി ഈസ്റ്റര്‍ പ്രഭാതത്തില്‍ മേരിക്കും ജോസഫ് റാത്സിങ്കറിനും ജനിച്ച മൂന്നാമത്തെ കുഞ്ഞായിരുന്നു അവന്‍. പഴയ കീഴ്വഴക്കമനുസരിച്ച് അന്നുതന്നെ അവന് ജ്ഞാനസ്നാനം നല്കുകയും ജോസഫ് എന്ന പിതാവിന്‍റെ പേരിടുകയും ചെയ്തു.

1932-ല്‍ ജൂണ്‍ മാസത്തെ ആദ്യ ഞായറാഴ്ച. തെക്കെ ജര്‍മ്മനിയിലെ ഫ്രെയ്സിങ് ഇടവകയില്‍ അന്നൊരു സവിശേഷ ദിനമായിരുന്നു. മ്യൂനിക്ക് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മൈക്കിള്‍ ഫ്ലെയ്ബര്‍ ഇടവക സന്ദര്‍ശിക്കുകയായിരുന്നു. പൂച്ചെണ്ടുകളുമായി കര്‍ദ്ദിനാളിനെ സ്വീകരിക്കാന്‍ നിരന്ന കുട്ടികളില്‍ നീണ്ടു മെലിഞ്ഞ അഞ്ചു വയസ്സുകാരന്‍ ജോസഫ് റാത്സിങ്കറും ഉണ്ടായിരുന്നു. സ്വീകരണ പരിപാടിയും കര്‍ദ്ദിനാളിന്‍റെ ദിവ്യബലിയും കഴിഞ്ഞ് ജോസഫ് വീട്ടിലേയ്ക്ക് ഓടി. പിതാവ് റാത്സിങ്കറിനോടും അമ്മ മേരിയോടും പറഞ്ഞു, “എനിക്കൊരു കര്‍ദ്ദിനാളായാല്‍ മതി.” തങ്ങളുടെ ഏറ്റവും ഇളയ പുത്രന്‍റെ കൗതുകം കര്‍ദ്ദിനാളിന്‍റെ വസ്ത്രത്തിലായിരിക്കുമെന്നു പറഞ്ഞ് മാതാപിതാക്കള്‍ ചിരിച്ചു തള്ളിയ സംഭവം ജോസഫ് റാത്സിങ്കറിന്‍റെ ജീവിതത്തില്‍ 1977 ജൂണ്‍ 27-ന് പോള്‍ ആറാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയപ്പോള്‍ യാഥാര്‍ത്ഥ്യമായത് കാണാന്‍ അവന്‍റെ  അച്ഛനും അമ്മയും ഉണ്ടിയിരുന്നില്ലെങ്കിലും, മൂത്തസഹോദരന്‍ ജോര്‍ജ്ജും സഹോദരി മേരിയും അതിനു സാക്ഷികളായി.                                   

6. സെമിനാരിയും മിലിട്ടറി സേവനവും

ബവേറിയായിലെ മെര്‍ട്ടില്‍ ആം ഇന്‍ ഗ്രാമത്തിലെ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ് 1943-ല്‍ 16-ാമത്തെ വയസ്സില്‍ രൂപതാ സെമിനാരിയില്‍ച്ചേര്‍ന്നു. എന്നാല്‍ ആ വര്‍ഷംതന്നെ നാസി ഭരണത്തില്‍ നിര്‍ബന്ധിത പട്ടാള പരിശീലനത്തിനായി ജോസഫ് റാത്സിങ്കറും വിളിക്കപ്പെട്ടു. രണ്ടു വര്‍ഷക്കാലത്തോളം പട്ടാളപരിശീലനത്തില്‍ കഴിഞ്ഞ ജോസഫ് 1945-ല്‍ സഖ്യ കക്ഷികള്‍ ജര്‍മ്മനി ആക്രമിക്കാന്‍ തുടങ്ങയതോടെ ഉണ്ടായ കലാപത്തിനിടെ പട്ടാളത്തില്‍നിന്നും ഒളിച്ചോടി ട്രസ്റ്റെയിനിലെ പിതൃഭവനത്തില്‍ അഭയംതേടി. എന്നാല്‍ സൈനിക സേവനം പൂര്‍ത്തിയാക്കാതെ പോയ ജോസഫിനെ ഹിറ്റലറിന്‍റെ സഖ്യം ബന്ധിയാക്കി. രണ്ടു മാസത്തിലേറെ ജയില്‍ വാസമനുഭവിച്ചു. സഖ്യകക്ഷികളുടെ കൈകളില്‍ ഹിറ്റലര്‍ പരാജയമറിയാന്‍ തുടങ്ങിയതോടെ ജോസഫും കൂട്ടരും ജയില്‍ വിമുക്തരാക്കപ്പെട്ടു.

7 പൗരോഹിത്യത്തിലേയ്ക്ക്...

1945-ലെ നവംബര്‍ മാസത്തില്‍ തന്‍റെ മൂത്ത സഹോദരന്‍ ജോര്‍ജ്ജിനോടൊപ്പം സെന്‍റ്   മൈക്കിള്‍ രൂപതാ സെമിനാരിയില്‍ ജോസഫും പ്രവേശിച്ചു. തുടര്‍ന്ന് മ്യൂനിക്കിലെ ഗ്രിഗോരിയന്‍ സെമിനാരിയിലും ലൂഡുവിക്ക്-മാക്സ്മില്യന്‍ യൂണിവേഴ്സിറ്റിയിലുമായി തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ നന്നായി പൂര്‍ത്തിയാക്കി. ഫ്രെയ്സിങ്ങില്‍വച്ച് 1951, ജൂണ്‍ 29-Ɔο തിയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ മ്യൂനിക്ക് രൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മൈക്കിള്‍ ഫ്ലെയ്ബറില്‍നിന്നും സഹോദരന്‍ ജോര്‍ജ്ജിനോടൊപ്പം ജോസഫ് റാത്സിങ്കറും പൗരോഹിത്യം സ്വീകരിച്ചു.                          

8 പാണ്ഡിത്യത്തിന്‍റെ പടവുകള്‍

പൗരോഹിത്യത്തിന്‍റെ ആദ്യ വര്‍ഷങ്ങള്‍ അജപാലന മേഖലയില്‍ ചിലവഴിച്ച ഫാദര്‍ റാറ്റ്സിങ്കര്‍ ശ്രദ്ധേയനാകുന്നത് 1953-ല്‍ വിശുദ്ധ അഗസ്റ്റിന്‍റെ ദൈവശാസ്ത്ര ചിന്തകളെക്കുറിച്ചു പ്രസിദ്ധീകരിച്ച പ്രബന്ധത്തോടെയാണ്. തുടര്‍ന്ന് വിശുദ്ധ ബൊനവഞ്ചറിന്‍റെ ദൈവശാസ്ത്ര സിദ്ധാന്തസംഹിതകളെ അധികരിച്ചു നടത്തിയ പഠനത്തിന് അദ്ദേഹം ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 1958-ല്‍ ഫ്രയ്സിങ് യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര വിഭാഗം പ്രഫസറായി നിയമിതനായത് റാറ്റ്സിങ്കറിന്‍റെ സമാനതകളില്ലാത്ത ദൈവശാസ്ത്ര വ്യാഖ്യാനങ്ങളുടെയും ആത്മീയയാത്രയുടെയും തുടക്കമായിരുന്നു. ജര്‍മ്മനിയിലെ വിഖ്യാതമായ ബോണ്‍ യൂണിവേഴ്സിറ്റിയില്‍ (University of Bonn) ‘വിശ്വാസത്തിലെ ദൈവവും ദൈവശാസ്ത്രത്തിലെ ദൈവവും’ (God of Faith and God of Theology)  എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് 1959-ല്‍ റാത്സിങ്കര്‍ ദൈവശാസ്ത്ര മേഖലയിലെ തന്‍റെ  ഉള്‍ക്കാഴ്ച അപൂര്‍വ്വമെന്നു തെളിയിച്ചു. 1963-ല്‍ മൂണ്‍സ്ററര്‍ യൂണിവേഴ്സിറ്റിയിലേയ്ക്ക് ചേക്കേറിയതോടെ തന്‍റെ മൗലികമായ ചിന്താധാരകള്‍ പങ്കുവച്ച അദ്ദേഹത്തില്‍ വലിയൊരു ദൈവശാസ്ത്ര പണ്ഡിതനെ ആധുനിക ലോകം തിരിച്ചറിഞ്ഞു.

9 ആഗോളസഭാ ശുശ്രൂഷയിലേയ്ക്ക്

ഇക്കാലയളവില്‍ നവലോകത്തിന്‍റെ കാലൊച്ചകേട്ടുകൊണ്ട് സഭയെ ആധുനിക ലോകവുമായി കണ്ണിചേര്‍ത്ത രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് തുടക്കമായി (1962-65). സൂനഹദോസില്‍ ദേശീയ പ്രതിനിധിയായി പങ്കെടുക്കേണ്ട അന്നത്തെ കോളോണിലെ കര്‍ദ്ദിനാള്‍ ഫ്രീസിങിന്‍റെ ദൈവശാസ്ത്ര കാര്യങ്ങളുടെ ഉപദേഷ്ടാവായി ഫാദര്‍ ജോസഫ് റാത്സിങ്കര്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തു. സൂനഹദോസിന് നവീകരണത്തിനുള്ള ദര്‍ശനവും ദൈവ ശാസ്ത്രപരമായ വഴികളും തെളിച്ച പണ്ഡിതന്മാരായ കാള്‍ റാണര്‍, ഹാന്‍സ് കൂങ്ങ്, ഷിലബക്സ് എന്നിവരുമായി ഇടപഴകാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും സൂനഹദോസിലെ പങ്കാളിത്തം ഫാദര്‍ ജോസഫ് റാത്സിങ്കറെ സഹായിച്ചു.

10 തെളിവാര്‍ന്ന ദൈവശാസ്ത്ര പാണ്ഡിത്യം

1966-ല്‍ ജര്‍മ്മനിയിലെ ട്യൂബെന്‍ജന്‍ യൂണിവേഴ്സിറ്റിയില്‍ സൈദ്ധാന്തിക ദൈവശാസ്ത്ര വിഭാഗത്തിന്‍റെ മേധാവിയായി അദ്ദേഹം നിയമിതനായി. വിശ്വാസത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും മേഖലകളിലുള്ള വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ വത്തിക്കാന്‍ മാനിക്കേണ്ടതാണെന്ന് ‘ക്രൈസ്തവ വിശ്വാസത്തിന് ഒരാമുഖം’ എന്ന 1968-ലെ പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് ചിലര്‍ വിവാദപരമായി കണ്ടെങ്കിലും, അറുപതുകളില്‍ സഭയില്‍ ഉയര്‍ന്ന മാര്‍ക്സിറ്റ് സ്വാധീനത്തിലുള്ള ചിന്താധാരകളെ ചെറുത്തതും സഭയുടെ നിലപാടു വ്യക്തമാക്കിയതും ജോസഫ് റാത്സിങ്കറാണ്. സഭയുടെ അടിസ്ഥാന മൂല്യങ്ങളെയും ചിന്താധാരകളെയും ‘മൂരാച്ചിയെന്ന്’ ഹാന്‍സ് കൂങ് പോലുള്ള സമകാലീന സഭാപണ്ഡിതന്മാര്‍ മുദ്രകുത്തിയപ്പോള്‍ റാത്സിങ്കര്‍ തന്‍റെ   നിലപാടുകളില്‍ ഉറച്ചുനിന്നു.

11 കൊമ്മൂണിയോ’ – റാത്സിങ്കര്‍ തുടക്കമിട്ട ദൈവശാസ്ത്രപ്രസിദ്ധീകരണം

ബൗദ്ധിക തലത്തിലുള്ള ഉയര്‍ന്ന വൈപരീത്യങ്ങള്‍മൂലം 1969-ല്‍  ജന്മനാട്ടിലെ ബവേറിയായിലെ റിജെന്‍സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലേയ്ക്ക് റാത്സിങ്കര്‍ തിരികെപ്പോയി. സമകാലീനരായ ദൈവശാസ്ത്ര പണ്ഡിതന്മാരായ ഹാന്‍ ബാള്‍ത്തസാര്‍, ഹെന്‍റി ലൂബാക്ക്, വാള്‍ട്ടര്‍ കാസ്പര്‍ എന്നിവരുമായി ചേര്‍ന്ന് ജോസഫ് റാത്സിങ്കര്‍ 1972-ല്‍ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മ ഉണ്ടാക്കുകയും ‘കൊമ്മൂണിയോ’ (Communio) എന്ന വിഖ്യാതമായ മാസികയ്ക്ക് തുടക്കമിടുകയും ചെയ്തു. ദൈവശാസ്ത്ര വിജ്ഞാനിയത്തിന് ഇന്നും വഴികാട്ടിയാണ് 17 ഭാഷകളില്‍ പുറത്തിറങ്ങുന്ന ‘കൊമ്മൂണിയോ’

12  വത്തിക്കാനിലേയ്ക്കുള്ള വിളി

1977 മാര്‍ച്ച് 24-ാം തിയതി ജോസഫ് റാത്സിങ്കറിനെ പോള്‍ ആറാമന്‍ പാപ്പാ മ്യൂനിക്-ഫ്രയ്സിങ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു. അതേവര്‍ഷം ജൂണ്‍ 27-Ɔο തിയതി അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി. മ്യൂനിക്കിലെ മെത്രാപ്പോലീത്ത ആയിരിക്കുമ്പോഴാണ് കര്‍ദ്ദിനാള്‍ റാത്സിങ്കറിനെ 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വത്തിക്കാനിലെ വിശ്വാസസംഘത്തിന്‍റെ പ്രീഫെക്ടായി നിയമിക്കുന്നത്. വിശ്വാസ സംഹിതകളെ സവിശേഷമായി സംരക്ഷിക്കുകയും നവമായി ഉയര്‍ന്നുവന്ന കൃത്രിമ ജനനനിയന്ത്രണം, സ്വവര്‍ഗ്ഗരതി, വിമോചന ദൈവശാസ്ത്രം, മതാന്തരസംവാദം എന്നീ മേഖലകളിലുള്ള സഭയുടെ നിലപാട് നിലപാടിനെ കര്‍ദ്ദിനാള്‍ റാത്സിങ്കര്‍ കാര്‍ക്കശ്യത്തോടെ അടിവരയിട്ടുപറയുകയും, സഭയുടെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് അവയെ വ്യാഖ്യാനിക്കുകയും ചെയ്തു.

13 വിമോചന ദൈവശാസ്ത്രത്തിന് “കടിഞ്ഞാണ്‍”

അക്കാലയളവില്‍ ദൈവശാസ്ത്രത്തിന്‍റെ മേഖലയില്‍ ഉയര്‍ന്നുവന്ന പുരോഗമന ചിന്താഗതിക്കാരില്‍ ചിലരെ അദ്ദേഹം തിരുത്തുകയും മറ്റു ചിലരെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെട്ടവരാണ് വിമോചന ദൈവശാസ്ത്രത്തിന്‍റെ  ഉപജ്ഞാതാക്കളായ ലിയനാര്‍ഡോ ബോഫ്, ഹാന്‍സ് കൂങ്ങ്, ഷിലബക്സ് എന്നിവര്‍. 1997-ല്‍ 70 വയസ്സു തികഞ്ഞപ്പോള്‍ കര്‍ദ്ദിനാള്‍ റാത്സിങ്കര്‍ വത്തിക്കാന്‍റെ  ഭരണകാര്യങ്ങളില്‍നിന്ന് തന്നെ വിടുവിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അത് സ്വീകരിച്ചില്ല. ബവേറിയായിലെ തന്‍റെ ഗ്രാമത്തിലേയ്ക്ക് തിരികെപ്പോയി പുസ്തകരചനയില്‍ ശിഷ്ടകാലം ചിലവഴിക്കണം എന്നായിരുന്നു കര്‍ദ്ദിനാള്‍ റാത്സിങ്കറുടെ അന്നത്തെ ആഗ്രഹം.

14 പാപ്പാ വോയ്ത്തീവയുടെ പ്രത്യേക തിരഞ്ഞെടുപ്പ്

പാപ്പാ വോയ്ത്തീവയുടെ ഹിതമനുസരിച്ച് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ സഭാസേവനത്തില്‍ തുടര്‍ന്നു. പ്രായോഗികമായും ആത്മീയമായും എല്ലാ മേഖലകളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോട് കൂടുതല്‍ അടുത്ത് അദ്ദേഹം പ്രവര്‍ത്തിച്ചത് തുടര്‍ന്നുള്ള കാലയളവില്‍ ശ്രദ്ധേയമായ വസ്തുതയാണ്, പ്രത്യേകിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറത്തിറക്കിയ വിശ്വാസവും യുക്തിയും Fides et Radio, ദിവ്യകാരുണ്യത്തിന്റെ സഭ Ecclesia de Eucharistia, ജീവന്‍റെ സുവിശേഷം Evangelium Vitae, മനുജകുലത്തിന്‍റെ രക്ഷകന്‍ Redemptor Hominis, രക്ഷന്‍റെ അമ്മ Redemptoris Mater എന്നീ പ്രബോധനങ്ങളില്‍ ദൈവശാസ്ത്രപരമായി കര്‍ദ്ദിനാള്‍ റാത്സിങ്കര്‍ നല്കിയിട്ടുളള പങ്ക് വലുതാണ്.

15  പത്രോസിന്‍റെ പിന്‍ഗാമി

2005 ഏപ്രില്‍ 2-Ɔο തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന്, ഏപ്രില്‍ 19-Ɔο തിയതി പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്ക് കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കറിനെ കര്‍ദ്ദിനാള്‍ സംഘം തിരഞ്ഞെടുത്തു. “പരിമിതികളെ ഉപകരണങ്ങളാക്കിക്കൊണ്ട് കര്‍ത്താവിനായി പ്രവര്‍ത്തിക്കാനാകും എന്ന പ്രത്യാശയിലാണ് താന്‍ ദൈവഹിതത്തിന് വിധേയനാകുന്നതെന്നും, എല്ലാവരുടെയും പ്രാര്‍ത്ഥന പ്രതീക്ഷിക്കുന്നുവെന്നും, ഉത്ഥിതനായ ക്രിസ്തുവിന്‍റെ നിരന്തരവും അനുസ്യൂതവുമായ സഹായത്തില്‍ ആശ്രയിച്ചുകൊണ്ട് ഈ സ്ഥാനം സ്വീകരിക്കുന്നു”വെന്നുമാണ് തന്‍റെ ആമുഖ പ്രഭാഷണത്തില്‍ പുതിയ പാപ്പാ പ്രസ്താവിച്ചത്.

16 ‘ബനഡിക്ട്’ എന്ന ശ്രേഷ്ഠനാമം

സഭാ ചരിത്രത്തില്‍ സന്ന്യാസത്തിന്‍റെ നവോത്ഥാനനായകനായും സന്ന്യാസജീവിതത്തിന് മാതൃകയായും നിൽക്കുന്ന വിശുദ്ധ ബനഡിക്ടിനെയും, ഒന്നാം ലോക മഹായുദ്ധകാലത്ത് സഭയെയും ലോകത്തെയും സമാധാനത്തിന്‍റെ പാതയില്‍ നയിച്ച പ്രവാചക ശബ്ദമായ ബനഡിക്ട് 15-Ɔമന്‍ പാപ്പായെയും അനുസ്മരിച്ചുകൊണ്ടാണ് താന്‍, കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കര്‍, ബനഡിക്ട് 16-Ɔമന്‍ എന്ന നാമം സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സഭയുടെ നെടുംതൂണുകളായിരുന്ന വിശുദ്ധാത്മാക്കളുടെ ആത്മീയതയുടെ കാല്പാടുകളെ അനുധാവനംചെയ്തുകൊണ്ട് ജനങ്ങളെ അനുരഞ്ജനത്തിന്‍റെയും ഐക്യത്തിന്‍റെയും പാതയില്‍ ക്രിസ്തുവിലേയ്ക്ക് നയിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന നിയോഗവും പാപ്പാ റാത്സിങ്കര്‍ ആരംഭത്തിലേ വെളിപ്പെടുത്തിയിട്ടുണ്ട്. പേരിന്‍റെ  തിരഞ്ഞെടുപ്പും സ്വീകരിച്ച വളരെ ഉത്കൃഷ്ടവും പൗരാണികവുമായ ഘടകങ്ങളുള്ള സ്ഥാനികചിഹ്നവും പാപ്പായുടെ യാഥാസ്ഥിതിക ഭാവവും പഴമയുടെ നന്മയില്‍ ഊന്നിക്കൊണ്ട് സഭയെ നവീകരിക്കാനും വളര്‍ത്താനുമുള്ള കാല്‍വയ്പ്പായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

17 ഉല്‍കൃഷ്ടമായ പ്രബോധനങ്ങളുടെ ഉടമ

പണ്ഡിതനും അദ്ധ്യപകനുമായ ബനഡിക്ട് 16-Ɔമന്‍ പാപ്പ സഭയെ ധന്യമാക്കിയത് തന്‍റെ  ശ്രേഷ്ഠമായ പ്രബോധനങ്ങള്‍ കൊണ്ടുതന്നെയാണ്. മതനിരപേക്ഷത, വര്‍ഗ്ഗീയവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍, ജീവനെതിരായ കാഴ്ചപ്പാടുകൾ, സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാകെടുതികള്‍, പരിസ്ഥിതി വ്യതിയാനം എന്നിവയില്‍ കുടുങ്ങിയ ലോകഗതിയെ ധാര്‍മ്മികതയുടെ ചുക്കാന്‍കൊണ്ട് നിയന്ത്രിക്കാനും നയിക്കുവാനും ബനഡിക്ട് 16-Ɔമന്‍ പാപ്പയുടെ ആത്മീയ സാന്നിദ്ധ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധന്മാര്‍ വിലയിരുത്തുന്നു.

18 കാലികമായ പ്രബോധനങ്ങള്‍‍‍

മാനവവികസനം, മതനിരപേക്ഷത, മതസ്വാതന്ത്ര്യം, ജീവന്‍റ ദര്‍ശനം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, വിനിമയലോകം, വിവരസാങ്കേതികത എന്നീ ജീവില്‍ബന്ധിയായ മേഖലകളില്‍ മാനവരാശിയെ നന്മയുടെ പാതയില്‍ നയിക്കുവാന്‍ പോരുന്ന  പാപ്പാ ബെനഡിക്ടിന്‍റെ പ്രഥമ ചാക്രിക ലേഖനമാണ് Cartas in Veritate, ‘സത്യത്തില്‍ സ്നേഹം’. തുടര്‍ന്ന്, ദൈവം സ്നേഹമാകുന്നു (Deus Caritas Est), രക്ഷയുടെ പ്രത്യാശ (Spe Salvi) എന്നിവയും മാനവകുലത്തിന് ആത്മീയതയുടെ വെളിച്ചംപകര്‍ന്ന പ്രബുദ്ധവും ദാര്‍ശനിക മാനങ്ങളുള്ളതുമായ ബനഡിക്ട് 16-Ɔമന്‍ പാപ്പായുടെ പ്രബോധനങ്ങളാണ്. ഔദ്യോഗിക പദവിയില്‍ ആയിരിക്കുമ്പോള്‍ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ച നസ്രായനായ യേശു എന്ന ഗ്രന്ഥത്രയവും പാപ്പായുടെ ശ്രേഷ്ഠവും കാലികവുമായ ദൈവശാസ്ത്ര പഠനഗ്രന്ഥങ്ങളാണ്.

19. നവയുഗത്തിന്‍റെ പ്രവാചകശബ്ദം

ഗ്രന്ഥങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും സുവിശേഷ മൂല്യങ്ങള്‍ ശക്തമായി പ്രഘോഷിക്കുകയും നിലനിര്‍ത്തുകയും ചെയ്ത ബനഡിക്ട് 16-Ɔമന്‍ പാപ്പ ആത്മീയതയുടെ നവയുഗ ചിന്താധാരകള്‍ സഭയില്‍ ഉയര്‍ത്തുകയും ലോകത്തെ ഉത്തേജിപ്പിക്കുകയും ചെയ്തു. ധാര്‍മ്മിക സത്യങ്ങളുടെ നിഷേധവും ആപേക്ഷികാസിദ്ധാന്തവും ഭൗതികവാദവും ഉപഭോഗസംസ്കാരവും വളര്‍ന്നുവരുന്ന ഇക്കാലത്ത് പാപ്പാ ബനഡിക്ടിന്‍റെ പ്രബോധനങ്ങളും രചനകളും അടിസ്ഥാന സുവിശേഷമൂല്യങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കാണെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. ദൈവം സ്നേഹമാകുന്നു (Deus Caritas Est), പ്രത്യാശയിലൂടെ രക്ഷ (Spe salvi) സത്യത്തില്‍ സ്നേഹം (Caritas in veritate) എന്നീ ചാക്രിക ലേഖനങ്ങള്‍ പാപ്പായുടെ നിലപാടിനും പ്രബോധന ശൈലിക്കും സാക്ഷൃംവഹിക്കുന്നു. തിരക്കേറിയ അജപാലന ജീവിതത്തിലും പ്രബോധനങ്ങളിലും പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ പാപ്പ എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. പരമ്പരാഗത പ്രാര്‍ത്ഥനാ രീതികളിലേയ്ക്കും “ത്രെന്തോസ് സൂനഹദോസി”ന്‍റെ (Tridentine) ദിവ്യബലിക്രമത്തിലേയ്ക്കുമുള്ള തിരിച്ചുപോക്കുമെല്ലാം ബനഡിക്ട്16-Ɔമന്‍ പാപ്പായുടെ സഭാപരാമ്പര്യത്തെക്കുറിച്ചുള്ള പാണ്ഡിത്യവും ആത്മീയ നിലപാടും യാഥാസ്ഥിതിക ഭാവവും വെളിപ്പെടുത്തുന്നു.

20 അപ്പസ്തോലിക അരമനയോടു വിടപറയുംമുമ്പേ...!

2013 ഫെബ്രുവരി 24-Ɔο തിയതി, തപസ്സുകാലത്തെ രണ്ടാം ഞായറാഴ്ച, വത്തിക്കാനില്‍ നടന്ന തൃകാലപ്രാര്‍ത്ഥനാ പ്രഭാഷണമദ്ധ്യേ പാപ്പ ഇങ്ങനെയാണ് ഉദ്ബോധിപ്പിച്ചത്. ഇന്നത്തെ ദിവ്യബലിയിലെ രൂപാന്തരീകരണത്തിന്‍റെ വചനഭാഗം എന്നിലേയ്ക്ക് തിരിയുന്നുണ്ട്. പ്രായാധിക്യത്താല്‍ സ്ഥാനത്യാഗം ചെയ്യുന്ന തന്‍റെ  ജീവിതഘട്ടത്തില്‍ ക്രിസ്തുവിനോടൊപ്പം മലകയറി പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. ഇത്രയും നാള്‍ സഭയെ ശുശ്രൂഷിച്ച അതേ തീക്ഷ്ണതയോടെ ശിഷ്ടകാലവും പ്രാര്‍ത്ഥനയില്‍ സഭാശുശ്രൂഷ തുടരുമെന്ന വാക്കുകളോടെയാണ് ഔദ്യാഗികപദവിയിലെ കടശി ത്രികാലപ്രാര്‍ത്ഥനാസന്ദേശം വത്തിക്കാനില്‍ തന്‍റെ  പഠനമുറിയുടെ ജാലകത്തില്‍നിന്നുകൊണ്ട് പാപ്പ നല്കിയത്.

21 നവയുഗത്തിന്‍റെ മഹാത്യാഗി

അകലെയെങ്കിലും പാപ്പായെ നേരിട്ടു കാണാനും ശ്രവിക്കാനുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അന്നു സമ്മേളിച്ചത് രണ്ടു ലക്ഷത്തിലേറെ ജനങ്ങളാണ്. മഹാത്യാഗിയായ ഈ സഭാനായകന്‍ ‘മുന്‍പാപ്പ’യെന്നും, സ്ഥാനത്യാഗിയായ ബനഡിക്ട് 16-Ɔമന്‍ പാപ്പായെന്നും അറിയപ്പെടും. സ്ഥാനിക മോതിരവും ചുവന്ന പാദരക്ഷയും ഉപേക്ഷിച്ച് ലാളിത്യമാര്‍ന്ന വെള്ള അങ്കി ധരിച്ച്, വത്തിക്കാനിലുള്ള ‘മാത്തര്‍ എക്ലേസിയേ’ ഭവനത്തില്‍ അദ്ദേഹം ഏകാന്ത ജീവിതം തുടര്‍ന്നു. സ്ഥാനത്യാഗിയും ധിഷണാശാലിയുമായിരുന്ന മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ ജീവിതം സഭയ്ക്കും ലോകത്തിനും ഇനിയും അനുഗ്രാശ്ശിസാവട്ടെ! സ്വജീവിതം പരമയാഗമായി ദൈവപിതാവിനു സമര്‍പ്പിക്കാനുള്ള ആത്മീയ സൗന്ദര്യവും തീവ്രതയും ബെനഡിക്ട് പതിനാറമന്‍ പാപ്പായുടെ സവിശേഷതയായിരുന്നു!

പാപ്പാ ബെനഡിക്ട് പതിനാറമന്‍റെ ആത്മാവിനെ നമുക്ക് ദൈവപിതാവിന്‍റെ  കാരുണ്യത്തിനു സമര്‍പ്പിക്കാം, പാപ്പായുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം

Comments

leave a reply

Related News