Foto

വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍

കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി ഭക്തിനിര്‍ഭരമായി, ആയിരക്കണക്കിന് വിശ്വാസികള്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങാനെത്തി. 273 കുഞ്ഞു പ്രസുദേന്തിമാര്‍ ചേര്‍ന്ന് കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വിശുദ്ധ കാര്‍ലോ അക്വിറ്റീസിന്റെ തിരുനാള്‍ നടത്തി. 273 പ്രസുദേന്തിമാരും വിശുദ്ധന്റെ വേഷമായ ചുവപ്പ് ടീഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയത് തിരുനാളിന് മാറ്റുകൂട്ടി. രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികള്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങാനും പ്രാര്‍ത്ഥിക്കാനുമായി പള്ളിയില്‍ എത്തിച്ചേര്‍ന്നു.

ആധുനിക യുവജനങ്ങളുടെ മാതൃകയായ വിശുദ്ധ കാര്‍ലോ അക്യൂട്ടിസിന്റെ തിരുനാള്‍ കലൂര്‍ കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ രണ്ട് ദിവസങ്ങളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. കുട്ടികളും യുവജനങ്ങളുമടക്കം 273 പേര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു. ശനിയാഴ്ച്ച രാവിലെ ഇടവക വികാരി റവ. ഫാ. പോള്‍സണ്‍ സിമേതി തിരുനാള്‍ കൊടി ആശീര്‍വദിച്ച് ഉയര്‍ത്തിയതോടെ രണ്ട് ദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അന്നേദിവസം രാവിലെ 7 മണിക്ക് നടന്ന തിരുനാള്‍ ദിവ്യബലിയില്‍ ഫാ. റെനില്‍ തോമസ് ഇട്ടിക്കുന്നത്ത് മുഖ്യകാര്‍മികനായിരുന്നു. ഫാ. നിബിന്‍ കുര്യാക്കോസ് പാപ്പാളിപ്പറമ്പില്‍ വചനസന്ദേശം നല്‍കി. സഭയിലെ ആദ്യത്തെ സഹസ്രാബ്ദ വിശുദ്ധനും ഇന്റര്‍നെറ്റിന്റെ മധ്യസ്ഥനുമായ വി. കാര്‍ലോ അക്യൂട്ടിസ് ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലെ യുവതയ്ക്ക് വലിയ മാതൃകയാണെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാ. നിബിന്‍ പറഞ്ഞു. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് നടന്ന തിരുനാള്‍ ദിവ്യബലിക്ക് ഇടവക വികാരി റവ. ഫാ. പോള്‍സണ്‍ സിമേതി മുഖ്യകാര്‍മികനായിരുന്നു. റവ. ഫാ. റെനില്‍ തോമസ് ഇട്ടിക്കുന്നത്ത് വചനസന്ദേശം നല്‍കി. റവ. ഫാ. ആഷിക് ലെനിന്‍ മുക്കത്ത്, റവ. ഫാ. സജു എന്നിവര്‍ സഹകാര്‍മികരായിരുന്നു. 273 പ്രസുദേന്തിമാരും വിശുദ്ധന്റെ വേഷമായ ചുവപ്പ് ടീഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയത് തിരുനാളിന് മാറ്റുകൂട്ടി. തുടര്‍ന്ന് പ്രദക്ഷിണം നടത്തി. രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികള്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങാനും പ്രാര്‍ത്ഥിക്കാനുമായി പള്ളിയില്‍ എത്തിച്ചേര്‍ന്നു.

Comments

leave a reply

Related News