Foto

ദൈവോപാസനയ്ക്കൊപ്പം നാദോപാസനയുമായി ഫാ. ജോസഫ് തട്ടാരശ്ശേരി

ഫ്രാൻസിസ് ചമ്മണി 

മാനസിക സംഘർഷങ്ങളെ അകറ്റി മനസ്സിൽ സന്തോഷവും സമാധാനവും നിറയ്ക്കാൻ കർണ്ണാടക ഹിന്ദുസ്ഥാനി രാഗങ്ങളിലൂടെ കത്തോലിക്കാ പുരോഹിതൻ നടത്തുന്ന ഭജൻ ശ്രെദ്ധേയമാവുന്നു.വരാപ്പുഴ അതിരൂപത നീറിക്കോട് സെൻറ്  ജോസഫ് ദേവാലയവികാരി റവ. ഫാദർ ജോസഫ് തട്ടാരശ്ശേരിയാണു ദിവ്യകാരുണ്യഭജനിലൂടെ  കർത്താവിൻറെ  കൃപ വിശ്വാസികളിലേക്കു പകരുന്നത് .

പ്രഭാത രാഗത്തിൽ യേശുവേ അങ്ങയെ കണികാണണം

എന്നാരംഭിക്കുന്ന പ്രാർത്ഥനയോടെയാണ് തുടക്കം.

വിശുദ്ധ ഗ്രന്ഥത്തിലെ വചനസൂക്തങ്ങൾക്കൊപ്പം കർണ്ണാടക സംഗീതത്തിലെ ആരോഹണാവരോഹണങ്ങളും ഈ വൈദീകന് ഹൃദിസ്ഥം.

ദൈവോപാസനയ്‌ക്കൊപ്പം നാദോപാസനയ്ക്ക്  സമയം കണ്ടെത്തുന്ന തട്ടാരശ്ശേരിയച്ചൻ ഇപ്പോൾ ഇടവകയ്ക്ക് മാത്രമല്ല വരാപ്പുഴ അതിരൂപതയ്ക്കും ഏറ്റം പ്രിയങ്കരനാണ്.

ഇടവകയുടെ വേദിയിൽ നിന്ന് രൂപതയിലും കേരളത്തിനുപുറത്തും ദിവ്യകാരുണ്യ ഭജൻ നടത്തിക്കൊണ്ട്  ആയിരങ്ങൾക്ക് മനഃശാന്തിയേകുന്നു.

ഇതിനകം 120 ലധികംവേദികളിൽ അച്ചൻ ഭജൻ നടത്തിക്കഴിഞ്ഞു.

 

തൃപ്പൂണിത്തുറ വടക്കേക്കോട്ട സെൻറ്  ജോസഫ് ദേവാലയത്തിൽ 2001 ൽ വികാരിയായിചുമതലയേറ്റതോടെയാണ് അച്ചന്റെ

 ഹൃദയത്തിൽ കർണ്ണാടക സംഗീതം പൂർണ്ണ അർത്ഥത്തിൽ നിറയുന്നത്.

മാസാദ്യവെള്ളിയാഴ്ചകഴകളിലെ ബ്രഹ്‌മ മുഹൂർത്തത്തിൽ പുലർച്ചെ നാലര മുതൽ ആറു മണിവരെ നീളുന്ന ഭജനയ്ക്കൊടുവിൽ വിശ്വാസികൾ പുഷ്പങ്ങൾ അർപ്പിക്കും.

കർണ്ണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളുടെ പ്രതീകമായി 72 ചെരാതുകളിൽ ദീപം തെളിയിച്ചുകൊണ്ടാണ് ഭജൻ ആരംഭിക്കുന്നത് .

രേവഗുപ്തി,വലച്ചി,മോഹനം,ദേശ്,കല്യാണി,ഹംസധ്വനി,പന്തുവരാളി,ശങ്കരാഭരണം,മധ്യമാവതി,ശിവരഞ്ജിനി,സിന്ധുഭൈരവി,തുടങ്ങിയ രാഗങ്ങളിലൂടെ ഭജന നീളുമ്പോൾ മനസ്സും ശരീരവും കർത്താവിലർപ്പിച്ച് വിശ്വാസികൾ ആത്മസായൂജ്യമടയും.

ഭജനയ്ക്കിടയിൽ ആത്മീയ ദർശനങ്ങൾ ഹൃദയസ്പർശിയായ് അവതരിപ്പിക്കും.

ക്രൂശിതനായ് സ്‌നേഹസ്വരൂപനായ് മനസ്സിൽ നീ വരണം എന്ന ഭജൻ രാഗഭാവമുൾക്കൊണ്ട് അച്ചൻ പാടിക്കഴിയുന്നതോടെ രണ്ട് മണിക്കൂർ നീളുന്ന ദിവ്യകാരുണ്യ ഭജൻ പൂർണ്ണമാവും.

'അല്ലിയാമ്പൽക്കടവി 'ലൂടെ സിനിമാ ഗാനാസ്വാദകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ജോബ് മാഷാണ് കർണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത്.

പിന്നീട്  പി.ഡി. സൈഗാൾ ആശാന്റെ ശിക്ഷണം.   

കർണ്ണാടക സംഗീതജ്ഞനും ആകാശവാണി എ ടോപ് ആർട്ടിസ്റ്റുമായിരുന്ന  മട്ടാഞ്ചേരി എൻ.പി. രാമസ്വാമിയുടെ കീഴിലും സംഗീത പഠനം.

 തൃപ്പൂണിത്തുറ ടോമിതോമസ്, പാലാരിവട്ടം രാമചന്ദ്രൻ, കൃഷ്ണൻ നമ്പൂതിരി, അനിൽ വൈക്കം എന്നിവരും തട്ടാരശ്ശേരിയച്ചന്റെ സംഗീതഗുരുക്കന്മാരായിരുന്നു.

2009ൽ കർണ്ണാട്ടിക് സംഗീത കുലപതി  ത്യാഗരാജ സ്വാമിയുടെ ജന്മ ദേശമായ   തഞ്ചാവൂരിലെ തിരുവയ്യാറിലെ ത്യാഗരാജ സംഗീതോത്സവത്തിൽ കച്ചേരി നടത്തുവാൻ അവസരം ലഭിച്ച ഏക കത്തോലിക്കാ പുരോഹിതനാണ് ജോസഫ് തട്ടാരശ്ശേരിയച്ചൻ.

പിന്നീട് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ ദേവാലയത്തിൽ വികാരിയായി ചുമതലയേറ്റപ്പോൾ ദിവ്യകാരുണ്യ ഭജൻ തുടർന്നതിനോടൊപ്പം ചവിട്ടുനാടക കലയ്ക്കും പ്രോത്സാഹനം നൽകി.അച്ചൻ  വൈദികവിദ്യാർത്ഥിയായിരുന്നപ്പോൾ  ചവിട്ടുനാടകത്തിൽ അഭിനയിച്ചതിൽ നിന്നുള്ള പ്രചോദനമാണ് ഓച്ചന്തുരുത്തെ ചവിട്ടുനാടക കലാകാരന്മാരെ ഒരു സമിതിക്കു കീഴിൽ ഒന്നിപ്പിക്കുവാൻ നിമിത്തമായത് .  അച്ചൻ നേതൃത്വം നൽകിയ നിത്യസഹായമാതാ ചവിട്ടുനാടക കലാസമിതിക്ക് പി ഓ സി യിൽ വച്ച് നടത്തിയിരുന്ന അഖിലകേരള ചവിട്ടുനാടക മത്സരത്തിൽ ഏറ്റവും നല്ല രണ്ടാമത്തെ ചവിട്ടുനാടകത്തിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. കൊച്ചുതോബിയാസ് എന്ന ഈ നാടകത്തിലെ അഭിനയത്തിന് സിസിമോൾ സെബാസ്റ്റ്യന് ഏറ്റവും നല്ല നടിക്കുള്ള അവാർഡും ലഭിച്ചു. 'കൊച്ചുതോബിയാസ്' ചവിട്ടുനാടകം വരാപ്പുഴ അതിരൂപതയിലേയും കൊച്ചി, ആലപ്പുഴരൂപതകളിലെയും നിരവധി സ്റ്റേജുകളിൽ അരങ്ങേറുകയുണ്ടായി.ബൈബിൾ കഥകൾ മാത്രമല്ല സാമൂഹ്യ വിഷയങ്ങളും പ്രേമേയമായ ചവിട്ടുനാടകങ്ങൾ നിത്യസഹായമാതാ സമിതിയെക്കൊണ്ട് അവതരിപ്പിക്കുവാൻ തട്ടാരശ്ശേരിയച്ചൻ മുൻകൈയെടുത്തു.

ശ്രീ എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ 'മതമില്ലാത്തജീവൻ' എന്ന പാഠഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ വിശ്വാസികൾ ഒന്നടങ്കം സമരരംഗത്തിറങ്ങിയപ്പോൾ അന്നത്തെ വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് കാലംചെയ്ത ഡോ:ഡാനിയേൽ അച്ചാരുപറമ്പിലിൻറെ അനുവാദത്തോടെ അതിരൂപത വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ കലാജാഥയിൽ                           'ഈശ്വരാ ഇതെന്തുഭരണം' എന്ന ഒരു ചവിട്ടുനാടകം അവതരിപ്പിക്കുകയുണ്ടായി .വരാപ്പുഴ അതിരൂപതയിലെ ഒട്ടുമിക്ക പ്രേദശങ്ങളിലും ഈ ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ച് മാധ്യമ ശ്രദ്ധനേടി.ആഗോളതാപനത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി 'അമ്മയ്ക്ക് തണലേകു' എന്ന ഒരു പരിസ്ഥിതി വിഷയ നാടകവും ഓച്ചന്തുരുത്തെ നിത്യസഹായമാതാ കലാസമിതിയെക്കൊണ്ട് അവതരണം നടത്തിച്ചു ജനശ്രദ്ധ നേടി.

ഓച്ചന്തുരുത്തുനിന്നും തൈക്കൂടത്തേക്കായിരുന്നു അടുത്തസ്ഥലം മാറ്റം.അവിടെയും അച്ചൻറെ കലോപാസന തുടർന്നു.ഇപ്പോൾ നീറിക്കോട് ദേവാലയത്തിൻറെ ചുമതലയേൽക്കുന്ന  അച്ചൻ  നീറിക്കോട്ടും ദിവ്യകാരുണ്യ ഭജൻ നടത്തുകയുണ്ടായി.

റോണീജോസഫ് പനങ്ങാട്  സംവിധാനം ചെയ്ത മിഷൻ എന്ന ചലച്ചിത്രത്തിലെ 'എന്തേ ദൈവം കാണുന്നില്ല' യെന്ന ഗാനമാലപിച്ചു പിന്നണിഗായകനുമായി.

വരാപ്പുഴ ചെട്ടിഭാഗം തട്ടാരശ്ശേരി വിൻസെൻറ് പാപ്പച്ചന്റെയും റോസക്കുട്ടിയുടെയും പത്തു മക്കളിൽ ഇളയവനാണ് അൻപത്തിനാലുകാരനായ ഫാ.ജോസഫ് തട്ടാരശ്ശേരി.

Comments

leave a reply

Related News