വാരണാസിയില്‍ ഈ മാസം പത്താം തിയ്യതി ട്രെയിന്‍ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാര്‍ വര്‍ഗീയവാദികളുടെ അതിക്രമത്തിനിരയാവുകയും മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. ഒരു പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചിലര്‍ക്കെതിരായി സ്ഥലത്തെ ചില തീവ്ര ഹിന്ദുവര്‍ഗീയ സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ നീക്കങ്ങള്‍ക്ക് തുടര്‍ച്ചയായാണ്, യാത്രക്കായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രണ്ട് ഉര്‍സുലൈന്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിമാരെയും കേസില്‍ പ്രതിചേര്‍ക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിച്ചതെന്ന് 2021 ഒക്ടോബര്‍ 11ന് മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 മാര്‍ച്ച് പത്തൊമ്പതിന് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ യാത്രയിലായിരുന്ന രണ്ട് സന്യാസിനിമാര്‍ക്കെതിരെ ഉണ്ടായ അതിക്രമത്തിന് സമാനമായ സംഭവമാണ് വാരാണസിയിലും ഉണ്ടായത്. സന്ന്യാസ വസ്ത്രം ധരിച്ച് യാത്ര ചെയ്യുന്ന ക്രൈസ്തവ സന്ന്യാസിനികളെ വര്‍ഗീയവാദികള്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതും, നിയമ പാലകര്‍ ആള്‍ക്കൂട്ട ആരവങ്ങള്‍ക്ക് കൂട്ടുനിന്ന് സന്യസ്തര്‍ക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്.
സന്യസ്തര്‍ക്കെതിരായുള്ള ഇത്തരം അതിക്രമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാണിക്കുന്ന അലംഭാവവും വിലയിരുത്തപ്പെടേണ്ടതാണ്. വാരണാസിയില്‍ നടന്ന അതിക്രമം അപൂര്‍വ്വം ചില മാധ്യമങ്ങള്‍ മാത്രമാണ് യഥാസമയം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും, മാധ്യമങ്ങളില്‍ ഇവ വേണ്ടത്ര ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതും ദൗര്‍ഭാഗ്യകരമാണ്. ഭാരതമെമ്പാടും ക്രൈസ്തവ സമര്‍പ്പിതര്‍ക്കും അവരുടെ സാമൂഹിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദികളുടെ ആസൂത്രിത നീക്കങ്ങളുണ്ട് എന്നത് വ്യക്തമാണ്. തികച്ചും വാസ്തവവിരുദ്ധമായ ദുഷ്പ്രചരണങ്ങളും മതംമാറ്റം പോലെയുള്ള ആരോപണങ്ങളുമാണ് സന്യസ്തര്‍ക്കും ക്രൈസ്തവ സമൂഹങ്ങള്‍ക്കും എതിരെ ചില കേന്ദ്രങ്ങള്‍ പതിവായി ഉയര്‍ത്തുന്നത്. ഭാരതത്തില്‍ എല്ലായിടത്തും വിദ്യാഭ്യാസ- ആതുരാലയ- സാമൂഹിക സേവന രംഗങ്ങളില്‍ പ്രവര്‍ത്തന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തര്‍ ഭീഷണിയില്‍ അകപ്പെട്ടിരിക്കുന്നതും, ആക്രമിക്കപ്പെടുന്നതും ഗൗരവപൂര്‍ണമായ സര്‍ക്കാര്‍- മാധ്യമ ഇടപെടലുകള്‍ ആവശ്യമുള്ള വിഷയങ്ങളാണ്. അടുത്തകാലത്തായി വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍വന്നിട്ടുള്ള മതംമാറ്റ നിരോധന നിയമങ്ങളുടെ മറവിലാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇത്തരം പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ നിരപരാധികള്‍ക്കെതിരെ അത് ഉപയോഗിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനുള്ള ചുമതലകൂടി അതത് സര്‍ക്കാരുകള്‍ക്കുണ്ട്.
മതപരവും വര്‍ഗ്ഗീയവുമായ കാലുഷ്യങ്ങള്‍ തീരെയില്ലാതിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല. കഴിഞ്ഞവര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ ഒരു വിവാദം ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന സന്യാസിനിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ആ സന്യാസിനി നല്‍കിയ സന്ദേശത്തെ വിവാദമാക്കി മാറ്റുകയും, പൊതുസമൂഹമധ്യത്തില്‍ അവരെ അവഹേളിക്കുകയും ചെയ്തവര്‍ക്ക് വര്‍ഗീയ ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. സഹിഷ്ണുത പുലര്‍ത്താന്‍ മനസാകാത്ത ഒരു വിഭാഗം നമുക്കിടയില്‍ വളര്‍ന്നുവരുന്നതിന്റെ സൂചന ആ സംഭവത്തിലൂടെ വ്യക്തമായതാണ്. സമാനമായ മറ്റൊരുവിവാദം സമീപകാലത്ത് കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളുമായി ബന്ധപ്പെട്ട് ഉടലെടുക്കുകയുണ്ടായിരുന്നു. ഒരു പ്ലസ്ടു അഡ്മിഷനുമായി ബന്ധപ്പെട്ട് രൂപപ്പെട്ട നിസാരമായ ഒരു ആശയക്കുഴപ്പം വലിയ വിവാദവും വാര്‍ത്തയുമാക്കി മാറ്റി, കേസെടുപ്പിച്ച്, സ്‌കൂള്‍ അധികാരികളായ സന്യസ്തരെ കെണിയില്‍പ്പെടുത്താനുള്ള ശ്രമമാണ് അവിടെ നടന്നത്. ആ സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ ആസൂത്രിതമായി അവതരിപ്പിച്ചുകൊണ്ട് ചിലര്‍ മുന്നിട്ടിറങ്ങിയ കാഴ്ച ഇന്ന് നമുക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ നേര്‍ചിത്രമാണ്.
ഇത്തരം സംഭവങ്ങളെയെല്ലാം വിവാദമാക്കി മാറ്റാനും സന്യസ്തര്‍ക്കെതിരെ പൊതുവികാരം ഉണര്‍ത്താനും മുന്നിട്ടുനില്‍ക്കുന്നത് ചില ഹിന്ദു - മുസ്ലീം തീവ്ര വര്‍ഗീയ സംഘടനകളും അവരുടെ ജിഹ്വയായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങളുമാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
സമര്‍പ്പിതര്‍ക്കെതിരായുള്ള അതിക്രമങ്ങളും അവഹേളനങ്ങളും വ്യാജപ്രചരണങ്ങളും നല്കുന്ന സൂചനകളില്‍ നിന്ന് ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ വെല്ലുവിളിയെ നിര്‍ണ്ണയിക്കാനാകും. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി ഒട്ടേറെ സാമൂഹിക സേവന മേഖലകളില്‍ കര്‍മ്മ നിരതരായിരിക്കുന്ന, അതിനായി ജീവിതം മുഴുവനായി മാറ്റിവച്ചിരിക്കുന്ന പതിനായിരക്കണക്കിന് സമര്‍പ്പിതരെ നിഷ്‌കരുണം ചവിട്ടിയരയ്ക്കാന്‍ മടിയില്ലാത്ത ഒരു വിഭാഗം നമുക്കിടയില്‍ പ്രബലരാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഭാരതത്തിന്റെ മതേതരത്വ സംസ്‌കാരത്തിനും മനുഷ്യത്വത്തിന് തന്നെയും വെല്ലുവിളിയാണ്. ഇല്ലാക്കഥകള്‍ മെനഞ്ഞും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അത്തരക്കാര്‍ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്, കത്തോലിക്കാ സഭയെ മാത്രമല്ല, നന്മയെയും നിസ്വാര്‍ത്ഥതയെയും സാമൂഹിക സൗഹൃദത്തേയും വിലകല്പിക്കുന്ന ഭാരത സംസ്‌കാരത്തെയും, ആ സംസ്‌കാരത്തെ പിന്തുടരുന്ന ഇവിടുത്തെ ഭൂരിപക്ഷം പൗരന്മാരെയുമാണ്.
വര്‍ദ്ധിച്ചുവരുന്ന ഭൂരിപക്ഷ - ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വര്‍ഗീയ - വിധ്വംസക പ്രവണതകള്‍ക്കെതിരെ ഭാരതത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി മൂന്നിട്ടിറങ്ങേണ്ടതുണ്ട്. എല്ലാവര്‍ക്കും, വിശിഷ്യാ, സാമൂഹിക നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
Comments