Foto

ശതാബ്ദി ആഘോഷിച്ച് ക്ലൂണി സിസ്റ്റേഴ്‌സ്

കൊല്‍ക്കത്ത (പഞ്ചിമബംഗാള്‍): സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ക്ലൂണി സന്യാസിനി സമൂഹം പഞ്ചിമബംഗാളിലെ കലിംപോങില്‍ എത്തിയതിന്റെ ശതാബ്ദി ആഘോഷിച്ചു.

ഫ്രഞ്ച് സന്യാസിനി വാഴ്ത്തപ്പെട്ട അന്നെ-മാരി ജാവൂഹെ സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ക്ലൂണി സന്യാസിനി സമൂഹത്തിലെ നാല് ക്ലൂണി മിഷനറിമാര്‍ 1926 മെയ് 26-നാണ് കലിംപോങില്‍ എത്തിയത്. 2025 നവംബര്‍ 15-നായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങിയത്.

കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഡോ. ഏലിയാസ് ഫ്രാങ്ക് കൃതജ്ഞതാ ദിവ്യബലിക്ക് മുഖ്യകാര്‍മിത്വം വഹിച്ചു. ഡാര്‍ജിലിങ് ബിഷപ് സ്റ്റീഫന്‍ ലെപ്ച, ഡാര്‍ജിലിങ് സഹായ മെത്രാന്‍ എഡ്വേര്‍ഡ് ബാരെറ്റോ, ബഗ്‌ഡോഗ്ര ബിഷപ് പോള്‍ സിമിക്, റായ്ഗഞ്ച് ബിഷപ് ഫുല്‍ജന്‍സിയൂസ് അലോേഷ്യസ് ടിഗ്ഗ എന്നിവരും വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും സഹകാര്‍മികരായി.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഈ മേഖലയിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്കും സാമൂഹിക വികസനത്തിനും സന്യാസ സമൂഹം നല്‍കിവരുന്ന സംഭാവനകളെ ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക് അഭിനന്ദിച്ചു. വിദൂര ഗ്രാമങ്ങളില്‍, പ്രത്യേകിച്ച് വൈദ്യസൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍ കന്യാസ്ത്രീമാര്‍ നല്‍കുന്ന ആരോഗ്യ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബിഷപ് സ്റ്റീഫന്‍ ലെപ്ച എടുത്തു പറഞ്ഞു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ക്ലെയര്‍ സ്റ്റാന്‍ലിയുടെ സന്ദേശം ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എഡല്‍ റായ് ചടങ്ങില്‍ വായിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, അജപാലന ശുശ്രൂഷകള്‍, സാമൂഹിക സേവനം എന്നീ മേഖലകലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലൂണി സിസ്റ്റേഴ്‌സ് ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, സിക്കിം, അസം, അരുണാചല്‍ പ്രദേശ്, ഗോവ, ബീഹാര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, പുതുശേരി അതിര്‍ത്തി രാജ്യമായ നേപ്പാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനനിരതരാണ്.

Comments

leave a reply

Related News