കോട്ടയം അതിരൂപതയിലെ മൂന്നാമത്തെ ദൈവാലയമായ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുർശതാബ്ദിയാഘോഷങ്ങൾക്കു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് ക്‌നാനായ പ്രേഷിത കുടിയേറ്റ ഭൂമിയായ കൊടുങ്ങല്ലൂരിൽ തുടക്കമായി. രാവിലെ 10 മണിക്ക് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയെ തുടർന്ന് കുടിയേറ്റ ഭൂമിയിൽ പൂർവ്വിക അനുസ്മരണ പ്രാർത്ഥന നടത്തി. വികാരി ഫാ. ജെയിംസ് ചെരുവിൽ പതാക ഉയർത്തി. തുടർന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് തിരി തെളിച്ച് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അങ്കിത് തച്ചാറ, ജനറൽ കൺവീനർ ബിനോയ് കടവിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിബീഷ് ഓലിക്കമുറിയിൽ, ജോസ് മൂലക്കാട്ട് എന്നിവർ പ്രസംഗിച്ചു. ഉദയംപേരൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കിടങ്ങൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദീപശിഖാ പ്രയാണം പുന്നത്തുറ പഴയപള്ളിയിൽ എത്തിച്ചേരും.
ചതുർശതാബ്ദിയാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഞായറാഴ്ച (ജൂൺ 30) വൈകുന്നേരം അഞ്ചു മണിക്ക് പുന്നത്തുറ പഴയപള്ളി പാരിഷ് ഹാളിൽ നിർവ്വഹിക്കും. ബഹു. കേരള ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ് എമ.എൽ.എ എന്നിവർ പങ്കെടുക്കും. ഒരു വർഷം നീണ്ടുനില്ക്കുന്ന വിവിധ കർമ്മപരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയപള്ളിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
ഫോട്ടോ : പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുർശതാബ്ദിയാഘോഷങ്ങൾക്കു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് തിരിതെളിച്ച് ദീപശിഖ വികാരി ഫാ. ജോസ് ചെരുവിലിനു കൈമൈറുന്നു.
Comments