വിജയ പ്രഭയില്‍ മഹാസമരം;
'തിരഞ്ഞെടുപ്പ് തന്ത്ര'മെന്ന
ഊഹം പങ്കിട്ട് ടികായത്ത്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ ഉദ്ദേശ്യ ശുദ്ധി തെല്ലുമില്ലെന്ന നിരീക്ഷണം ശക്തം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കടന്നുകിട്ടാനുള്ള നയതന്ത്രത്തിനപ്പുറമായി കോര്‍പ്പറേറ്റ് ഇംഗിതത്തോടെ അടിത്തറയിട്ട ഈ നിയമങ്ങളുടെ കല്ലിളക്കും മോദി സര്‍ക്കാര്‍ എന്നു കരുതുന്നില്ല പ്രക്ഷോഭം സംഘടിപ്പിച്ച കര്‍ഷക നേതാക്കള്‍.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്. നിയമം നടപ്പിലാക്കി ഒരു വര്‍ഷം ആകുന്ന വേളയിലാണ് റദ്ദാക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ആരെയും വേദനിപ്പിക്കാനില്ലെന്നും നിയമം ചില കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ മോദി പറഞ്ഞു.
തൊട്ടു പിന്നാലെ തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന മോദിയുടെ പ്രഖ്യാപനം 'തിരഞ്ഞെടുപ്പ് തന്ത്ര'ത്തില്‍ ഒതുങ്ങുമെന്ന സംശയം പ്രകടമാക്കി കര്‍ഷക പ്രക്ഷോഭത്തിന്റെ അമരക്കാരനായ രാകേഷ് ടികായത്ത് രംഗത്തു വന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവായ അദ്ദേഹം ബിജെപിയുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥത വിശ്വസിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടത്.കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു മിനിമം പ്രതിഫലം ഉറപ്പാക്കുന്ന വില നിയമം രൂപീകരിക്കണം.
എന്തായാലും സര്‍ക്കാരിന്റെ പുനര്‍ ചിന്ത കര്‍ഷകരുടെ വിജയമാണ്. ഈ വിജയം പ്രക്ഷോഭത്തിന്റെ ഭാഗമായി ജീവന്‍ നഷ്ടമായ 750-ലധികം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാഫ് ഇടിയുകയും അവരുടെ പ്രതിച്ഛായ താഴുകയും ചെയ്തിരിക്കുന്നു. കമ്പനികളുടെ സമ്മര്‍ദ്ദത്തിലാണ് അതു പ്രവര്‍ത്തിക്കുന്നത്, കമ്പനികള്‍ക്ക് പ്രയോജനപ്പെടാന്‍ വേണ്ടി മാത്രം. ആ നിലയ്ക്ക് ഈ പ്രഖ്യാപനവും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്ക് ആണെന്ന് തോന്നുന്നു.'- ടികായത്ത് പറഞ്ഞതിങ്ങനെ. ഇക്കാരണത്താല്‍ പാര്‍ലമെന്റില്‍ ഔദ്യോഗികമായി നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക പ്രക്ഷോഭം തുടരാനാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ കടുംപിടിത്തം തിരിച്ചടിയാകുമെന്ന പേടി മോദി സര്‍ക്കാരിനുണ്ട്.
കൂടാതെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ രാജ്യവ്യാപകമായി സമരം നടത്തുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
2020 സെപ്തംബര്‍ 17നാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. നിയമത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു. സെപ്തംബര്‍ 24ന് കര്‍ഷക സംഘടനകളുടെ ദേശീയ പണിമുടക്ക് സംഘടിപ്പിച്ചു.സെപ്തംബര്‍ 28ന് ഡല്‍ഹിയില്‍ പ്രക്ഷോഭമുണ്ടായി. ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്ടര്‍ കത്തിച്ചു.
കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. തുടര്‍ന്ന് ഡിസംബര്‍ എട്ടിന് 13 കര്‍ഷക സംഘനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ഡിസംബര്‍ 11ന് കര്‍ഷകര്‍ തള്ളി.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തി. ഡിസംബര്‍ 24ന് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് തടഞ്ഞു. സമര നേതാക്കള്‍ക്കെതിരെ ഖസലിസ്ഥാന്‍ ഭീകരവാദ ബന്ധം ആരോപിച്ച് എന്‍ ഐ എ നോട്ടീസ് നല്‍കിയിരുന്നു. ഇതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല.
ജനുവരി 26ന് ഡല്‍ഹിയെ കലുഷിതമാക്കി പ്രക്ഷോഭമുണ്ടായി. ചെങ്കോട്ടയിലും അനിഷ്ട സംഭവങ്ങളുണ്ടായി. അന്താരാഷ്ട്ര തലത്തിലും കര്‍ഷക സമരം ചര്‍ച്ചയായി. നിരവധി പേര്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തി. കര്‍ഷക സമരത്തെ പിന്തുണച്ച ടൂള്‍ കിറ്റ് മലയാളി അഭിഭാഷ ഉള്‍പ്പടെയുള്ള 70 പേര്‍ക്കെതിരെ ഫെബ്രുവരി 16ന് കേസെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29ന് ഹരിയാനയിലെ കര്‍ണാലില്‍ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ കര്‍ഷകന്‍ മരിച്ചു.
ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ സമരം നടത്തുന്നവരുടെ ഇടയിലേക്ക് കാറുകള്‍ ഇടിച്ചു കയറ്റിയ സംഭവം നിര്‍ണ്ണായക വഴിത്തിരിവായി. എട്ട് പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയേയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കവേയാണ് സര്‍ക്കാര്‍ നിയമം പിന്‍വലിക്കുന്നത്.
ബാബു കദളിക്കാട്
Video courtesy : NDTV
Comments