ഈസ്റ്റര്‍ വേളയിലും യുക്രെയ്‌ന്റെ വേദന
പങ്കിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ:'ഇരുണ്ട
രാത്രിക്കപ്പുറം പ്രഭാത നക്ഷത്രം വരും'
വത്തിക്കാന്‍ സിറ്റി:ഈസ്റ്റര്‍ ആചരണവേളയിലും യുദ്ധക്കെടുതിയില്‍ നട്ടം തിരിയുന്ന യുക്രെയ്‌ന്റെ വേദനയില്‍ പങ്കു ചേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതേസമയം, 'ഭയത്തിനും വേദനയ്ക്കും മരണത്തിനുമല്ല നമ്മുടെ മേല്‍ അവസാന വാക്ക് '- ഗാഢ തമസ്സിനപ്പുറം പ്രഭാത നക്ഷത്രം അനിവാര്യമാണെന്നു വ്യക്തമാക്കിത്തന്ന യേശുവിന്റെ പുനരുത്ഥാനത്തെപ്പറ്റി വിശദീകരിക്കവേ, മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചത്. ഇപ്പോള്‍ പ്രവാസിയായ മരിയുപോള്‍ നഗരത്തിലെ മേയര്‍ ഇവാന്‍ ഫെഡോറോവ് , എം പിമാര്‍ എന്നിവരടങ്ങുന്ന യുക്രെയ്‌നില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ഉള്‍പ്പെടെ 5,500 തീര്‍ഥാടകര്‍ ഈസ്റ്റര്‍ വിജിലില്‍ പങ്കെടുത്തു. 'യുക്രെയ്‌നൊപ്പമാണ് എല്ലാവരും. യുക്രെയ്‌നു വേണ്ടിയാണ് ജനങ്ങളുടെ പ്രാര്‍ത്ഥന. ധീരരായിരിക്കൂ.... ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതാണെ'ന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.കാല്‍മുട്ട് വേദന മൂലം നില്‍ക്കാന്‍ ക്‌ളേശമുള്ളതിനാല്‍ മാര്‍പ്പാപ്പയ്ക്കു പകരം കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റേ ആണ് ചടങ്ങില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചത്.
യുദ്ധത്തിന്റെ രാത്രികള്‍ മരണത്തെ സൂചിപ്പിക്കുന്ന പ്രകാശപ്രവാഹങ്ങളാല്‍ അടയാളപ്പെടുത്തപ്പെടുമ്പോഴും നക്ഷത്രരാത്രികളുടെ സൗന്ദര്യം ആവാഹിച്ച എഴുത്തുകാരെ മാര്‍പ്പാപ്പ അനുസ്മരിച്ചു.അതിന്റെ പ്രതിഫലനമാണ് ഈ ഈസ്റ്റര്‍ രാത്രിയിലുമുള്ളത്. യേശുവിന്റെ ശൂന്യമായ ശവകുടീരം കണ്ടെത്തിയ സുവിശേഷത്തിലെ സ്ത്രീകള്‍ അനുഭവിച്ച പ്രഭാതത്തിന്റെ പ്രത്യാശാഭരിതമായ പ്രകാശം കാണാന്‍ മാര്‍പ്പാപ്പ എല്ലാവരേയും ആഹ്വാനം ചെയ്തു. 'നമ്മുടെ ലോകത്തിന്റെ അന്ധകാരത്തില്‍ ദൈവിക ജീവിതത്തിലെ ഉദയത്തിന്റെ ആദ്യ കിരണങ്ങള്‍ അവര്‍ നമുക്ക് കാണിച്ചുതരുന്നു.'
പുനരുത്ഥാന വാര്‍ത്ത ആദ്യമറിഞ്ഞ സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ നമുക്ക് തുടക്കത്തില്‍ സംശയങ്ങളുണ്ടാകാം. പ്രത്യേകിച്ച് ഭയത്തോടെയാകും പ്രതികരണം. എന്നാല്‍, ഈസ്റ്റര്‍ പകര്‍ന്നു തരുന്ന പ്രത്യാശയാണു നാം പ്രഖ്യാപിക്കേണ്ടത്. ജീവിതത്തെ വ്യത്യസ്ത കണ്ണുകളാല്‍ കാണാനും 'ഭയത്തിനും വേദനയ്ക്കും മരണത്തിനും നമ്മുടെ മേല്‍ അവസാന വാക്ക് ഉണ്ടാകില്ല' എന്ന് യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാനുമുള്ള കര്‍ത്താവിന്റെ ആഹ്വാനമാണ്. മരണത്തിന് നമ്മില്‍ ഭയവും സങ്കടവും നിറയ്ക്കാന്‍ കഴിയുമെങ്കിലും, 'കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു' എന്ന് നാം ഓര്‍ക്കണം-മാര്‍പ്പാപ്പ പറഞ്ഞു. 'നമുക്ക് നമ്മുടെ നോട്ടം ഉയര്‍ത്താം; കണ്ണുകളില്‍ നിന്ന് സങ്കടത്തിന്റെയും നൈരാശ്യത്തിന്റെയും മൂടുപടം നീക്കാം; ദൈവം പകര്‍ന്നുതരുന്ന പ്രത്യാശയിലേക്ക് നമ്മുടെ ഹൃദയം തുറക്കാം!'
നമ്മെ മാറ്റാനും നമ്മുടെ ലോകത്തെ മാറ്റാനും ആഗ്രഹിക്കുന്ന ജീവനുള്ള ദൈവത്തെ നാം അംഗീകരിക്കുകയും കണ്ടുമുട്ടുകയും വേണം.
' കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു! നാം ശവകുടീരങ്ങള്‍ക്കിടയില്‍ താമസിക്കാതെ, ജീവിക്കുന്നവനെ കണ്ടെത്താന്‍ ഓടുക! നമ്മുടെ സഹോദരീസഹോദരന്മാരുടെ മുഖങ്ങളിലും, പ്രതീക്ഷ പുലര്‍ത്തുന്നവരുടെയും സ്വപ്നം കാണുന്നവരുടെയും കഥകളിലും, നാം കഷ്ടപ്പെടുന്നവരുടെ വേദനയിലും അവനെ അന്വേഷിക്കാന്‍ നാം സന്നദ്ധമാകണം: ദൈവം അവിടെയുണ്ട്!
സുവിശേഷത്തിലെ ആ സ്ത്രീകള്‍ 'തിന്മയ്ക്കും മരണത്തിനുമെതിരായ ദൈവിക വിജയത്തിന്റെ അസാധാരണമായ സന്ദേശത്തിലേക്ക് ഹൃദയങ്ങള്‍ തുറന്ന്' പുനരുത്ഥാനത്തിന്റെ സന്തോഷം എങ്ങനെ പ്രഖ്യാപിച്ചു എന്നു നാം തിരിച്ചറിയണം. തങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളിലൂടെ തങ്ങള്‍ക്ക് ഭ്രാന്താണെന്ന് ആളുകള്‍ വിശ്വസിച്ചാലും ഈ സന്തോഷവാര്‍ത്ത പറയാനുള്ള ആവേശവും ഉന്മേഷവും അവര്‍ നഷ്ടമാക്കിയില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. സുവിശേഷത്തിന്റെ ഈ സന്തോഷം അതേ തീക്ഷ്ണതയോടെ പ്രഖ്യാപിക്കാന്‍ കഴിയുന്ന ഒരു സഭയെക്കുറിച്ചുള്ള തന്റെ അഭിലാഷവും മാര്‍പാപ്പ പ്രകടിപ്പിച്ചു
'നാം മുദ്രയിട്ടിരിക്കുന്ന ശവകുടീരങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ സജീവനായ യേശുവിനെ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടുവരാം: യുദ്ധത്തിന്റെ ഭീകരതയാല്‍ അടയാളപ്പെടുത്തിയ ഈ ദിവസങ്ങളില്‍ സമാധാനത്തിന്റെ ആംഗ്യങ്ങളിലൂടെ, കര്‍മ്മങ്ങളിലൂടെ. തകര്‍ന്ന ബന്ധങ്ങള്‍ക്കിടയിലുള്ള അനുരഞ്ജനവും, അനുകമ്പയുടെ പ്രവൃത്തികളും ധാരാളമാകട്ടെ. അസമത്വത്തിന്റെ സാഹചര്യങ്ങളില്‍ നീതി ഉദിക്കട്ടെ. നുണകളുടെ നടുവില്‍ സത്യത്തിന്റെ പ്രവൃത്തികള്‍ ഉണ്ടാകട്ടെ. എല്ലാറ്റിനുമുപരിയായി, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശം പരക്കട്ടെ.' ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവായ യേശുവിനൊപ്പം ഒരു രാത്രിക്കും നിലനില്‍പ്പില്ല; ഇരുണ്ട രാത്രിയിലും, പ്രഭാത നക്ഷത്രം തിളങ്ങുക തന്നെ ചെയ്യും.
ബാബു കദളിക്കാട്
Comments