നേത്രദാന ചലഞ്ചുമായി സഹൃദയ വനിതാദിനാചരണം ഇന്ന് (6-3- ഞായറാഴ്ച)
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹൃദയ സ്വയം സഹായസംഘങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹനയനം നേത്രദാന പദ്ധതിക്ക് വനിതാദിനാഘോഷത്തിൽ തുടക്കമാകും. അങ്കമാലി എൽ. എഫ്. ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സഹൃദയ സ്വയം സഹായ സംഘാംഗങ്ങളായ എഴുപതിനായിരത്തിൽപരം കുടുംബങ്ങൾ ആദ്യഘട്ടത്തിൽ നേത്രദാനസമ്മതപത്രം നൽകും. നേത്രദാനത്തെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നൽകി പരമാവധി പേരെ പങ്കാളികളാക്കുകയും മരണാനന്തരം നേത്രപടലം സ്വീകരിച്ച് അന്ധത മൂലം ദുരിതപ്പെടുന്നവർക്ക് വെളിച്ചം പകരുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.
മാർച്ച് 6 ഞായറാഴ്ച രാവിലെ 10 മണിക്ക് പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വനിതാസംഗമത്തിൽ പ്രശസ്ത മനുഷ്യാവകാശ, സാമൂഹ്യപ്രവർത്തക ദയാബായി സ്വയം സഹായ സംഘം അംഗങ്ങളുമായി സംവദിക്കും. 11 - ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ദയാബായി ഉദ്‌ഘാടനം ചെയ്യും. മികച്ച സംരംഭകപ്രവർത്തനങ്ങൾ നടത്തിയ സംഘങ്ങളെയും സംരംഭകരേയും നിർധന കുടുംബങ്ങൾക്കായി നിരവധി പാർപ്പിടങ്ങൾ നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ സിസ്റ്റർ അനീഷയെയും യോഗത്തിൽ ആദരിക്കും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, എൽ. എഫ്. ആശുപത്രിയിലെ നേത്രരോഗവിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, സിസ്റ്റർ അനീഷ എസ്.ഡി., സഹൃദയ അഡ്മിനിസ്ട്രേറ്റർ ആനീസ് ജോബ് എന്നിവർ സംസാരിക്കും.
ജീസ് പി. പോൾ
Comments