Foto

സ്നേഹനയനം നേത്രദാനപദ്ധതിക്ക് സഹൃദയ വനിതാ ദിനത്തിൽ തുടക്കമായി

സ്നേഹനയനം നേത്രദാനപദ്ധതിക്ക്  സഹൃദയ വനിതാ ദിനത്തിൽ തുടക്കമായി.
ആദ്യഘട്ടത്തിൽ 70000 പേർ  സമ്മതപത്രം നൽകി   

ഓരോ സാഹചര്യങ്ങളോടും മനുഷ്യത്വത്തിൽ നിന്നുള്ള ഉൾവിളിക്കനുസരിച്ച് പ്രതികരിക്കാനുള്ള മനോഭാവമാണ് ഓരോരുത്തരും കൈവരിക്കേണ്ടതെന്ന് മനുഷ്യാവകാശ പ്രവർത്തക ദയാബായി അഭിപ്രായപ്പെട്ടു. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദയാബായി. സാമൂഹ്യ തിന്മകൾക്കെതിരെ തലമുറകളുടെ പ്രതികരണ ശേഷി വളർത്തിയെടുക്കുന്നതിന് അമ്മമാർക്ക് നിർണായക പങ്കുണ്ട്. അറിവു പകരുന്നതു മുതൽ ആരോഗ്യപരിപാലനത്തിൽ വരെ വീട്ടിലും നാട്ടിലും മുഖ്യ പങ്കാളിത്തം വഹിക്കാൻ സ്ത്രീകൾക്കു കഴിയും. മനുഷ്യരായി ജനിച്ച എല്ലാവർക്കും ഓരോ ജന്മനിയോഗമുണ്ടെന്നും അത് തിരിച്ചറിഞ്ഞ് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അധ്യക്ഷനായിരുന്നു. വനിതകളുടെ അവകാശങ്ങളെക്കുറിച്ചും സമൂഹനിർമിതിയിൽ അവർക്കുള്ള നിർണായക സ്ഥാനത്തെക്കുറിച്ചും അറിവു നേടുകയും അതനുസരിച്ച് മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. നാം ചെയ്യുന്ന നന്മ പ്രവൃത്തികളാണ് സമൂഹത്തിൽ നമ്മുടെ സ്ഥാനം അടയാളപ്പെടുത്തു ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന സ്നേഹനയനം നേത്രദാന ചലഞ്ചിന്റെ ഉദ്ഘാടനം സഹൃദയ കുടുംബാംഗങ്ങളുടെ നേത്രദാന സമ്മതപത്രം എൽ.എഫ്. നേത്രബാങ്കിനു കൈമാറിക്കൊണ്ട് അദ്ദേഹം നിർവഹിച്ചു. ഉദയ കോളനിയിലെ സാമൂഹ്യ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ സിസ്റ്റർ അനീഷ എസ്.ഡി.യെ യോഗത്തിൽ ആദരിച്ചു. സ്വയം തൊഴിൽ സംരംഭക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയ സംഘങ്ങൾക്കും സംഘാംഗങ്ങൾക്കും പുരസ്കാരം നൽകി.
സഹൃദയ ഡയറക്ടർ ഫാ ജോസ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ ആൻസിൽ മൈപ്പാൻ, എൽ.എഫ് ആശുപത്രിയിലെ നേത്രചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് മരിയ എലിസബത്ത് പോൾ, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, സുനിൽ സെബാസ്റ്റ്യൻ, അഡ്മിനിസ്ട്രേറ്റർ ആനീസ് ജോബ് എന്നിവർ സംസാരിച്ചു.

ഫോട്ടോ: സഹൃദയ വനിതാദിനാചരണം ദയാബായി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എലിസബത്ത് ജോസഫ്, സിസ്റ്റർ അനീഷ എസ്.ഡി, ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ, ഫാ ജോസ് കൊളുത്തുവെള്ളിൽ,  മരിയ എലിസബത്ത് പോൾ, ഫാ ആൻസിൽ മൈപ്പാൻ, പാപ്പച്ചൻ തെക്കേക്കര എന്നിവർ സമീപം.

സഹൃദയ വനിതാസംഗമത്തിൽ പങ്കെടുത്തവരുമായി ദയാബായി സംഭാഷണം നടത്തുന്നു. ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ, ഫാ ജോസ് കൊളുത്തുവെള്ളിൽ തുടങ്ങിയവർ സമീപം.

ജീസ് പി പോൾ

Comments

leave a reply

Related News