സഹൃദയ- ലിസി ഹോസ്പിറ്റൽ ടെലി മെഡിസിൻ പദ്ധതിക്ക് തുടക്കമായി
ആധുനിക സാങ്കേതികവിദ്യകളിലൂടെ സാധാരണ രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങളും അറിവുകളും ലഭ്യമാക്കാൻ ടെലി മെഡിസിൻ പദ്ധതി പ്രയോജനപ്പെടുമെന്ന് നഗരസഭാ ഡെപ്യുട്ടി മേയർ കെ.എ .അൻസിയ അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി ചേർന്ന് നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ കെയർ കാംപയിന്റെ ഭാഗമായി ലിസി ആശുപത്രിയുടെ സഹകരണത്തോടെ കാൻസർ രോഗികൾക്കായി ആരംഭിക്കുന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി മേയർ. ലിസി ആശുപത്രിയിൽ സംഘടിപ്പിച്ച ലോക കാൻസർ ദിനാചരണ സമ്മേളനത്തിൽ സിനിമാതാരം സിജോയ് വർഗീസ് ടെലി മെഡിസിൻ പദ്ധതിയുടെയും കാൻസർ രോഗചികിത്സ മൂലം മുടി നഷ്ടപ്പെട്ടവർക്കായി സഹൃദയ ഹെയർ ബാങ്ക് വഴി വിതരണം ചെയ്യുന്ന വിഗുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സഹൃദയ നിർമ്മിക്കുന്ന പുനരുപയോഗയോഗ്യമായ സാനിറ്ററി പാഡുകളുടെ വിതരണം ഡപ്യുട്ടിമേയർ ഉദ്ഘാടനം ചെയ്തു. ലിസി ആശുപത്രിയിലെ കാൻസർ രോഗചികിത്സാവിഭാഗം മേധാവി ഡോ . ജയശങ്കർ കാൻസർ ദിന സന്ദേശം നൽകി. ശനിയാഴ്ച വൈകുന്നേരങ്ങളിൽ കാൻസർ രോഗികൾക്ക് സൗജന്യ കൺസൾട്ടേഷൻ, സബ്സിഡി നിരക്കിൽ മരുന്നുകൾ ലഭ്യമാക്കൽ, കാൻസർ പ്രതിരോധ ബോധവത്കരണപ്രവർത്തനങ്ങൾ എന്നിവയാണ് ടെലി മെഡിസിൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, കാരിത്താസ് ഇന്ത്യ മാനേജർ ഡോ . വി.ആർ. ഹരിദാസ്, ഫാ. തോമസ് കല്ലൂക്കാരൻ, ഫാ. ജിനോ ഭരണികുളങ്ങര, സിബി പൗലോസ് എന്നിവർ സംസാരിച്ചു.
Comments