Foto

ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശം


പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ
2022-ലെ നോമ്പുകാലസന്ദേശം


പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
യേശുക്രിസ്തുവിന്റെ മരണത്തിന്റെയും ഉയിര്‍പ്പിന്റെയും പെസഹാ രഹസ്യത്തിലേക്കു നമ്മെ നയിക്കുന്ന നോമ്പുകാലം വ്യക്തിപരവും സാമൂഹ്യവുമായ നവീകരണത്തിനു അനുയോജ്യമായ സമയമാണ്. 2022-ലെ നമ്മുടെ നോമ്പുകാലയാത്രയ്ക്ക് ഉപകരിക്കുംവിധം വിശുദ്ധ പൗലോസ് ഗലാത്തിയാക്കാര്‍ക്കു നല്കിയ ആഹ്വാനം വിചിന്തനവിഷയമാക്കാം:''നന്മ ചെയ്യുന്നതില്‍ മടുപ്പുതോന്നാതിരിക്കട്ടെ. കാരണം, തളരാതിരുന്നാല്‍ നമുക്ക് യഥാകാലം വിളവെടുക്കാം. ആകയാല്‍ നമുക്ക് അവസരം (കയിറോസ്) ലഭിച്ചിരിക്കുന്നതുകൊണ്ട് സകല മനുഷ്യര്‍ക്കും നന്മ ചെയ്യാം'' (ഗലാ 6:9-10).

1. വിതയ്ക്കുന്നതും കൊയ്യുന്നതും
യേശുവിനു പ്രിയങ്കരമായിരുന്ന വിതയ്ക്കലും കൊയ്യലും എന്ന ചിത്രം (മത്താ 13 കാണുക) അപ്പസ്തോലന്‍ ഈ വാക്കുകളില്‍ ഉപയോഗപ്പെടുത്തുന്നു. വിശുദ്ധ പൗലോസ് ഒരു അവസരത്തെക്കുറിച്ച് (കയിറോസ്) നമ്മോടു പറയുന്നു, അതായത്, ഭാവിയിലുണ്ടാകാനിരിക്കുന്ന ഒരു കൊയ്ത്തിനുവേണ്ടി തക്കസമയത്ത് നടത്തുന്ന ഒരു വിതയ്ക്കലിനെകുറിച്ച്. ഏതാണ് നമ്മുടെ അവസരം? നോമ്പുകാലം തീര്‍ച്ചയായും അപ്രകാരമൊരു അവസരമാണ്; എന്നാല്‍ അതുപോലെതന്നെയാണ് നമ്മുടെ മുഴുവന്‍ അസ്തിത്വവും; നോമ്പുകാലം അതിന്റെ ഒരുതരത്തിലുള്ള ഒരു പ്രതിരൂപമാണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍, അതിമോഹം, അഹങ്കാരം, സ്വന്തമാക്കാനും കുന്നുകൂട്ടാനും ഉപയോഗപ്പെടുത്താനുമുള്ള താത്പര്യം എന്നിവ മേല്‍കൈ നേടാറുണ്ട്; സുവിശേഷത്തിലെ ഭോഷനായ മനുഷ്യന്റെ കഥപോലെയാണിത്; തന്റെ അറപ്പുരകളില്‍ ശേഖരിച്ചുവച്ചിരുന്ന സമൃദ്ധകാലധാന്യവും വസ്തുക്കളുംവഴി തന്റെ ജീവിതം സ്വസ്ഥവും സുരക്ഷിതവുമാണെന്നു അയാള്‍ കരുതി (ലൂക്കാ 12:16-21 കാണുക). മാനസാന്തരത്തിലേക്ക്, അഥവാ മനോഭാവവ്യത്യാസത്തിലേക്ക്, നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു; അങ്ങനെ ജീവിതത്തിന്റെ  സത്യവും സൗന്ദര്യവും എന്നത് സ്വന്തമാക്കുന്നതിലുപരി നല്കുന്നതിലാണെന്നും, കുന്നുകൂട്ടുന്നതിലുപരി വിതയ്ക്കുന്നതിലും നന്മ പങ്കുവയ്ക്കുന്നതിലും ആണെന്നു നാം കണ്ടെത്തുന്നു.
ആദ്യം വിതയ്ക്കുന്നത് ദൈവം തന്നെയാണ്; അവിടന്ന് ഏറെ ഔദാര്യപൂര്‍വം ''മാനവകൂടുംബത്തില്‍ നന്മയുടെ വിത്തുകള്‍ സമൃദ്ധമായ തോതില്‍ വിതച്ചുകൊണ്ടേയിരിക്കുന്നു'' (Fratelli Tutti, 54). ''സജീവവും ഊര്‍ജസ്വലവുമായ'' (ഹെബ്ര 4:12) അവിടത്തെ വചനം സ്വീകരിച്ചുകൊണ്ട്, ദൈവത്തിന്റെ ദാനത്തോടു പ്രത്യുത്തരിക്കാന്‍ നോമ്പുകാലത്ത് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. നിരന്തരമുള്ള ദൈവവചനശ്രവണം നമ്മെ അവിടത്തെ പ്രവൃത്തിയോട് തുറവും വിധേയത്വവും പുലര്‍ത്താന്‍ ഇടവരുത്തുകയും (യാക്കോ 1:21 കാണുക) നമ്മുടെ ജീവിതങ്ങളില്‍ ഫലം പുറപ്പെടുത്തുകയും ചെയ്യുന്നു. ഇതു നമുക്കു വലിയ സന്തോഷം കൊണ്ടുവരുന്നു; അതിലുപരി നമ്മെ ദൈവത്തിന്റെ സഹപ്രവര്‍ത്തകരാകാന്‍ ക്ഷണിക്കുന്നു (1 കോറി 3:9 കാണുക). വര്‍ത്തമാനകാലത്തെ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്  (എഫേ 5:16 കാണുക), നമുക്ക് നന്മയുടെ വിത്തുകള്‍ വിതയ്ക്കാനാകും. നന്മയുടെ വിത്തുകള്‍ വിതയ്ക്കാനുള്ള വിളി ഒരു ഭാരമായി കണക്കാക്കാന്‍ പാടില്ല; അത് കൃപയാണ;് അതുവഴി സ്രഷ്ടാവ് തന്റെതന്നെ നിസ്സീമമായ  നന്മയോട് സജീവമായി പങ്കുചേരാന്‍ നമ്മെ ക്ഷണിക്കുന്നു
കൊയ്ത്തിനെകുറിച്ച് എന്താണ് പറയേണ്ടത്? കൊയ്ത്തിനുവേണ്ടിയല്ലേ നമ്മള്‍ വിത്തു വിതയ്ക്കുന്നത്? തീര്‍ച്ചയായും! വിതയ്ക്കലും കൊയ്ത്തും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് പൗലോസ് ഇപ്രകാരം പറയുന്നു: ''അല്പം വിതയ്ക്കുന്നവന്‍ അല്പം മാത്രം കൊയ്യും; അധികം വിതയ്ക്കുന്നവന്‍ അധികം കൊയ്യും'' (2 കോറി 9:6). എന്നാല്‍ ഏതുതരം കൊയ്ത്തിനെകുറിച്ചാണ് നാം സംസാരിക്കുന്നത്? നമ്മള്‍ വിതയ്ക്കുന്ന നന്മയുടെ ഒരു ആദ്യഫലം നമ്മില്‍ത്തന്നെയും നമ്മുടെ ദൈനംദിന ജീവിതങ്ങളിലും പ്രത്യക്ഷപ്പെടുന്നു, അതായത്, നമ്മുടെ ചെറിയ ദയയുടെ പ്രവൃത്തികളില്‍. ദൈവത്തില്‍ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയും, അത് എത്ര ചെറുതായാലും, ''ഔദാര്യപൂര്‍വമായ ഒരു യത്നവും'' ഒരിക്കലും നഷ്ടപ്പെടുകയില്ല (Evangelii Gaudium, 279 കാണുക). ഒരു വൃക്ഷത്തെ അതിന്റെ ഫലങ്ങളില്‍ നിന്നു നാം തിരിച്ചറിയുന്നതുപോലെ (മത്താ 7:16.20 കാണുക), നന്മപ്രവൃത്തികളാല്‍ നിറഞ്ഞ ഒരു ജീവിതം പ്രകാശം പ്രസരിപ്പിക്കുകയും (മത്താ 5:14-16 കാണുക) ക്രിസ്തുവിന്റെ സൗരഭ്യം ലോകത്തിലേക്കു സംവഹിക്കുകയും ചെയ്യുന്നു (2 കോറി 2:15  കാണുക). പാപത്തില്‍നിന്നു മോചിതമായി ദൈവത്തെ ശുശ്രൂഷിക്കുന്നത് എല്ലാവരുടെയും രക്ഷയ്ക്കായുള്ള വിശുദ്ധീകരണത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു (റോമാ 6:22 കാണുക).
യഥാര്‍ഥത്തില്‍ നമ്മള്‍ വിതയ്ക്കുന്നതിന്റെ ഒരു ചെറിയ അംശം മാത്രമാണ് നാം കാണുന്നത്; എന്തെന്നാല്‍, സുവിശേഷത്തിലെ സുഭാഷിതമനുസരിച്ച്, ''ഒരുവന്‍ വിതയ്ക്കുന്നു, മറ്റൊരുവന്‍ കൊയ്യുന്നു'' (യോഹ 4:37). മറ്റുള്ളവരുടെ നന്മയ്ക്കായി നാം വിതയ്ക്കുമ്പോള്‍, നാം ദൈവത്തിന്റെ ദയാപൂര്‍വമായ സ്നേഹത്തില്‍ പങ്കുചേരുന്നു:  ''നാം വിതയ്ക്കുന്ന നന്മയുടെ വിത്തുകളുടെ നിഗൂഢ ശക്തിയില്‍ പ്രത്യാശ വയ്ക്കുകയെന്നത് യഥാര്‍ത്ഥത്തില്‍ ശ്രേഷ്ഠമായ കാര്യമാണ്; അങ്ങനെയാണ് മറ്റുള്ളവരാല്‍ ഫലം കൊയ്തെടുക്കപ്പെടുന്ന പ്രക്രിയകള്‍ ആരംഭിക്കുന്നതും'' (Fratelli Tutti, 196). മറ്റുള്ളവരുടെമേല്‍ ഉന്നംവച്ചുള്ള നന്മയുടെ വിതയ്ക്കല്‍ ഇടുങ്ങിയ സ്വാര്‍ഥ താത്പര്യത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കുന്നു; അത് നമ്മുടെ പ്രവൃത്തികളില്‍ സൗജന്യഭാവം സന്നിവേശിപ്പിക്കുന്നു; അത് നമ്മെ ദൈവത്തിന്റെ ദയാവര്‍പ്പാര്‍ന്ന പദ്ധതിയുടെ പ്രൗഢോജ്ജ്വലമായ ചക്രവാളത്തിന്റെ ഭാഗഭാക്കാക്കുന്നു.
ദൈവവചനം നമ്മുടെ കാഴ്ചപ്പാടിനെ വിശാലമാക്കുകയും ഉയര്‍ത്തുകയും ചെയ്യും: യഥാര്‍ഥമായ കൊയ്ത്ത് യുഗാന്ത്യപരമാണെന്നു അത് നമ്മോടു പറയുന്നു; അതാണ് അസ്തമിക്കാത്ത ദിനത്തിലെ,  അവസാനത്തെ കൊയ്ത്ത്. നമ്മുടെ ജീവിതങ്ങളുടെയും പ്രവൃത്തികളുടെയും പാകമായ ഫലം, ''നിത്യജീവന്റെ ഫലമാണ്'' (യോഹ 4:36); അത് നമ്മുടെ ''സ്വര്‍ഗത്തിലുള്ള നിക്ഷേപമാണ്'' (ലൂക്കാ 12: 33; 18:22). ഫലം പുറപ്പെടുവിക്കുന്നതിനായി  നിലത്തുവീണ് അഴിയുന്ന വിത്തിനെകുറിച്ചുള്ള സൂചന തന്റെതന്നെ മരണത്തിന്റെയും ഉയിര്‍പ്പിന്റെയും അടയാളമായി യേശുതന്നെയും ഉപയോഗപ്പെടുത്തുന്നുണ്ട് (യോഹ 12:24 കാണുക). വിശുദ്ധ പൗലോസാകട്ടെ, അതേ അടയാളം ശരീരങ്ങളുടെ ഉയിര്‍പ്പിനെ സംബന്ധിച്ചു സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്നു: ''ഇപ്രകാരം തന്നെയാണ് മരിച്ചവരുടെ ഉത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു, അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അപമാനത്തില്‍ വിതയ്ക്കപ്പെടുന്നു, മഹത്ത്വത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.  ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ഭൗമികശരീരം വിതയ്ക്കപ്പെടുന്നു, ആത്മീയശരീരം ഉയിര്‍പ്പിക്കപ്പെടുന്നു. ഭൗമികശരീരമുണ്ടെങ്കില്‍, ആത്മീയശരീരവുമുണ്ട്'' (1 കോറി 15:42-44). ഉത്ഥാനത്തിലുള്ള പ്രത്യാശയാണ് ഉത്ഥിതനായ ക്രിസ്തുലോകത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന വലിയ പ്രകാശം. എന്തെന്നാല്‍, ''ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ നാം പ്രത്യാശ വച്ചവരാണെങ്കില്‍, നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ ദയനീയരത്രേ. എന്നാല്‍ നിദ്ര പ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടു''    (1 കോറി 15:19-20). അവനുമായി സ്നേഹത്താല്‍ അഭേദ്യമായി ഒന്നായിത്തീര്‍ന്നതുവഴി, ''അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചെങ്കില്‍'' (റോമാ 6:5), നിത്യജീവനുവേണ്ടിയുള്ള ഉയിര്‍പ്പിലും നാം അവനോട് ഏകീഭവിച്ചിരിക്കും (യോഹ 5:29 കാണുക). ''അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും'' (മത്താ 13:43).

2. ''നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ''
ക്രിസ്തുവിന്റെ ഉയിര്‍പ്പ് നമ്മുടെ ഭൗമികമായ പ്രത്യാശകളോടൊപ്പം നിത്യജീവന്റെ  ''വലിയ പ്രത്യാശ''യെയും  ചൈതന്യവത്താക്കുന്നു; അങ്ങനെ അത് നമ്മുടെ കാലത്തുതന്നെ രക്ഷയുടെ വിത്തുവിതയ്ക്കുന്നു (Benedict  XVI, Spe Salvi, 3; 7). സ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ടതു വഴിയായുള്ള കടുത്ത ഇച്ഛാഭംഗം, നമ്മുടെ മുന്നിലുള്ള വെല്ലുവിളികളെകുറിച്ചുള്ള ഉത്കണ്ഠ, നമ്മുടെ കൈവശമുള്ള വിഭവങ്ങളുടെ ദുര്‍ഭിക്ഷംമൂലമുള്ള നിരുത്സാഹപ്പെടല്‍ എന്നിവ നമ്മെ  സ്വാര്‍ഥകേന്ദ്രീയതയില്‍ അഭയം തേടാനും അന്യരുടെ സഹനങ്ങളോട് നിസ്സംഗതയോടെ പെരുമാറാനുമുള്ള പ്രലോഭനം നമ്മില്‍ ഉണര്‍ത്തിയെന്നുവരാം. എന്നാല്‍ നമ്മുടെ ഏറ്റവും നല്ല വിഭവശേഷിക്കുപോലും പരിമിതികള്‍ ഉണ്ടെന്നുള്ളതാണ് യഥാര്‍ഥ്യം: ''യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം'' (ഏശ 40: 30). എന്നാല്‍ ദൈവം ''തളര്‍ന്നവന് ബലം നല്കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.... എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല''(ഏശ 40:29,31). നമ്മുടെ വിശ്വാസവും പ്രത്യാശയും കര്‍ത്താവിലര്‍പ്പിക്കാന്‍ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു (1 പത്രോ 1:21 കാണുക). എന്തെന്നാല്‍, ഉത്ഥിതനായ ക്രിസ്തുവില്‍ നമ്മുടെ ദൃഷ്ടി പതിപ്പിച്ചെങ്കില്‍ മാത്രമേ (ഹെബ്രാ 12:2 കാണുക), ''നന്മ ചെയ്യുന്നതില്‍ നമുക്കു ഒരിക്കലും മടുപ്പുതോന്നാതിരിക്കാം'' (ഗലാ 6:9) എന്ന അപ്പസ്തോലന്റെ ആഹ്വാനത്തിനു പ്രത്യുത്തരം നല്കാനാകു.
പ്രാര്‍ത്ഥിക്കുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. ''ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം'' (ലൂക്കാ 18:1) എന്ന് യേശു നമ്മെ പഠിപ്പച്ചു. നമുക്കു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്, കാരണം നമുക്കു ദൈവത്തെ ആവശ്യമുണ്ട്. നമുക്കുപരി നമുക്കു മറ്റെന്നും കൊണ്ട് ആവശ്യമില്ല എന്ന് കരുതുന്നത് ഒരു അപകടകരമായ മിഥ്യാധാരണയാണ്. കോവിഡ്-19 മഹാമാരി നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ദൗര്‍ബ്ബല്ല്യത്തെക്കുറിച്ചുള്ള ബോധം വര്‍ധിപ്പിച്ചെങ്കില്‍ ഈ വര്‍ഷത്തെ തപസ്സുകാലം ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും അതു സംജാതമാക്കുന്ന സമാശ്വാസവും അനുഭവിക്കാന്‍ ഇടവരുത്തട്ടെ; അവിടത്തെക്കൂടാതെ നമുക്കു നിവര്‍ന്നു നില്ക്കാനാവില്ലല്ലോ (ഏശ 7:9 കാണുക)! ചരിത്രത്തിന്റെ കൊടുങ്കാറ്റുകള്‍ക്കിടയില്‍ നാമെല്ലാവരും ഒരേ വഞ്ചിയില്‍ ആയിരിക്കയാല്‍ ഒരാളും ഒറ്റയ്ക്ക് രക്ഷ പ്രാപിക്കുകയില്ല; നിശ്ചയമായും ദൈവത്തെക്കൂടാതെ ഒരാളും രക്ഷ പ്രാപിക്കുകയുമില്ല; എന്തെന്നാല്‍, യേശുക്രിസ്തുവിന്റെ പെസഹാരഹസ്യം മാത്രമാണ് മരണത്തിന്റെ ഇരുണ്ട ജലപ്രവാഹത്തിന്റെമേല്‍ വിജയം വരിക്കുന്നത്. യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ ഭാരങ്ങളിലും അനര്‍ഥങ്ങളിലുംനിന്നു വിശ്വാസം നമ്മെ ഒഴിവാക്കുന്നില്ല, എന്നാല്‍ ക്രിസ്തുവില്‍ ദൈവത്തോട് ചേര്‍ന്നുനിന്നുകൊണ്ട് അവ അഭിമുഖികരിക്കാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു; നമ്മെ നിരാശരാക്കാത്ത വലിയ പ്രത്യാശ വഴിയാണത്; അതിന്റെ അച്ചാരം പരിശുദ്ധാത്മാവുവഴി നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ട ദൈവത്തിന്റെ സ്നേഹമാണ് (റോമ 5:15 കാണുക).
നമ്മുടെ ജീവിതങ്ങളില്‍നിന്നു തിന്മ ദുരീകരിക്കുന്നതില്‍ നമുക്കു മടുപ്പുതോന്നാതിക്കട്ടെ. നോമ്പുകാലം ആഹ്വാനം ചെയ്യുന്ന ശാരിരികമായ ഉപവാസം പാപത്തിനെതിരേയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മുടെ ആത്മാവിനെ ബലപ്പെടുത്തട്ടെ. ദൈവം ക്ഷമിക്കുന്നതില്‍ ഒരിക്കലും ക്ഷീണതനാകുന്നില്ല എന്നു അറിഞ്ഞുകൊണ്ട് പശ്ചാത്താപത്തിന്റെയും അനുരഞ്ജനത്തിന്റെയും കുദാശയിലൂടെ പാപപ്പൊറുതി ചോദിക്കുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. വിഷയാസക്തിക്കെതിരേ പൊരുതുന്നതില്‍ നമുക്കു മടുപ്പുതോന്നതിരിക്കട്ടെ. ഈ ബലഹീനത സ്വാര്‍ഥതയെയും എല്ലാത്തരം തിന്മകളെയും പ്രോത്സാഹിപ്പിക്കുകയും സ്ത്രീപുരുഷന്മാരെ പാപത്തിലേക്കു നയിക്കാന്‍ ചരിത്രഗതിയില്‍ വിവിധ രൂപങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു (Fratelli Tutti, 166 കാണുക). അതിലൊന്നാണ് ഡിജിറ്റല്‍ സമ്പര്‍ക്കമാധ്യമ ആസക്തി (digital media addiction); അത് മനുഷ്യബന്ധങ്ങളുടെ ശക്തിക്ഷയിപ്പിക്കുന്നു. ഈ പ്രലോഭനങ്ങളെ ചെറുക്കാനും അവയ്ക്കുപകരമായി കൂടുതല്‍ സമഗ്രമായ ഒരു മാനുഷിക ആശയവിനിമയം നടത്താനും (Fratelli Tutti, 43 കാണുക), അങ്ങനെ മുഖാമുഖവും വ്യക്തികേന്ദ്രീകൃതവും ''ആധികാരികവുമായ കണ്ടുമുട്ടലുകള്‍'' (Fratelli Tutti, 50 കാണുക) നടത്താനുമുള്ള ഒരു ഉത്തമമായ സമയമാണിത്.
അയല്‍ക്കാരനോട് സജീവസ്നേഹം പ്രകടിപ്പിക്കുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. ഈ നോമ്പുകാലത്ത് സന്തോഷപൂര്‍വം നല്കികൊണ്ട് നമുക്കു ദാനധര്‍മ്മം പരിശീലിക്കാം (2 കോറി 9:7 കാണുക). ''വിതക്കാനരനു വിത്തും ഭക്ഷിക്കാന്‍ അപ്പവും കൊടുക്കുന്ന'' (2 കോറി 9:10) ദൈവം നമുക്കു ഭക്ഷിക്കാന്‍ ആഹാരം മാത്രമല്ല നല്കുന്നത്, മറ്റുള്ളവര്‍ക്കു ഉദാരമായി നന്മ ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. നന്മ വിതയ്ക്കാന്‍ നമുക്കു ജീവിതകാലം മുഴുവന്‍ ഉണ്ടെന്നുള്ളതു സത്യമാണെങ്കിലും, നമ്മോട് അടുത്തബന്ധപ്പെട്ടിരിക്കുന്നവരെ പരിചരിക്കുന്നതിലും ജീവിതത്തിന്റെ വഴിയരികില്‍ പരിക്കേറ്റവരായി കിടക്കുന്ന സഹോദരീസഹോദരന്മാരിലേക്കു എത്തിനില്കുന്നതിലും (ലൂക്കാ 10, 25-37 കാണുക) ഈ തപസ്സുകാലം സവിശേഷ സമയമായി നമുക്കു പരിഗണിക്കാം. ആവശ്യങ്ങളിലിരിക്കുന്നവരെ ഒഴിവാക്കാനുള്ളതല്ല, മറിച്ച് കണ്ടെത്താനുള്ള അനുകൂലമായ സമയമാണ് നോമ്പുകാലം; അത് അവരെ അവഗണിക്കാനുള്ള നേരമല്ല, പ്രത്യുത അവരെ സഹതാപപൂര്‍വ്വം കേള്‍ക്കാനും അവര്‍ക്കു ഒരു നല്ലവാക്കു നല്കാനുമുള്ളതാണ്; ഏകാന്തതയനുഭവിക്കുന്നവരെ ഉപേക്ഷിക്കാനുള്ള സമയമല്ല, മറിച്ച് സന്ദര്‍ശിക്കാനുള്ള വേളയത്രേ. എല്ലാവര്‍ക്കുംവേണ്ടി നന്മ ചെയ്യാനുള്ള നമ്മുടെ വിളി നമുക്കു പരിശീലിക്കാം, അതായത്, ദരിദ്രരെയും ആവശ്യങ്ങളിലിരിക്കുന്നവരെയും ഉപേക്ഷിക്കപ്പെട്ടവരെയും തിരസ്‌കൃതരെയും വിവേചിക്കപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും  സ്നേഹിക്കാനായി നമുക്കു സമയം കണ്ടെത്താം (എൃമലേഹഹശ ഠേtuശ, 193 കാണുക).

3. ''നാം ഉപേക്ഷ വരുത്തുന്നില്ലെങ്കില്‍, തക്കസമയത്ത് നമുക്കു കൊയ്ത്തു നടത്താം''.
'നന്മ, അതോടൊപ്പം സ്നേഹം, നീതി, ഐക്യധാര്‍ഢ്യം എന്നിവ ഒറ്റയടിക്ക് നേടാവുന്നതല്ല; അവ ഒരോ ദിവസവും യാഥാര്‍ഥ്യമാക്കപ്പെടേണ്ടതാണ്''  (Fratelli Tutti, 11) എന്നത് ഓരോ വര്‍ഷവും നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഓരോ സമയത്ത് ഓരോ പടിവെച്ച് നന്മ ചെയ്യുന്നതില്‍ നിലനില്കുന്നതില്‍ കൃഷിക്കാരന്റേതുപോലുള്ള ക്ഷമ ലഭിക്കാനായി (യാക്കോ 5:7 കാണുക) നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം. നമ്മള്‍ വീണുപോകുന്നെങ്കില്‍, എപ്പോഴും നമ്മെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന പിതാവിന്റെ പക്കലേക്കു നമ്മുടെ കരം ഉയര്‍ത്താം. നമ്മള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍, ദൈവത്തിങ്കലേക്കു തിരികെ വരാന്‍ ശങ്കിക്കരുത്, കാരണം അവിടുന്ന് ''മാപ്പു കൊടുക്കുന്നതില്‍ ഉദാരമതിയാണ്'' (ഏശ 55:7). മാനസാന്തരത്തിന്റെ ഈ കാലഘട്ടത്തില്‍ ദൈവിക കൃപയാല്‍ പരിപോഷിതരായി, സഭാ കൂട്ടായ്മയില്‍ ചേര്‍ന്നുനിന്നുകൊണ്ട്, നന്മ ചെയ്യുന്നതില്‍ നമുക്കു പരിക്ഷീണിതരാകാതിരിക്കാം. ഉപവാസത്താലാണ് നിലം ഒരുക്കപ്പെടുന്നത്, പ്രാര്‍ത്ഥനവഴി അത് നനയ്ക്കപ്പെടുകയും ഉപവിയാല്‍ സമ്പുഷ്ടമാക്കപ്പെടുകയും ചെയ്യുന്നു.
''നാം ഉപേക്ഷ വരുത്തുന്നില്ലെങ്കില്‍ തക്കസമയത്ത് നമുക്കു കൊയ്ത്ത് നടത്താം'' എന്നു നമുക്കു ഉറപ്പായി വിശ്വസിക്കാം. അതുപോലെതന്നെ നിലനില്പിന്റെ ദാനത്താല്‍ വാഗ്ദാനം ചെയ്യപ്പെട്ടത് നമുക്കു ലഭ്യമാകും എന്നും ( ഹെബ്രാ 10:36 കാണുക), അത് നമ്മുടെതന്നെയും മറ്റുള്ളവരുെടയും രക്ഷയ്ക്കും ആയിരിക്കും എന്നും (1 തിമോ 4:16 കാണുക) നമുക്കു വിശ്വസിക്കാം. . എല്ലാവരോടും സഹോദരസ്നേഹം പാലിക്കുന്നതുവഴി നമുക്കുവേണ്ടി തന്റെ ജീവന്‍ നല്കിയ (2 കോറി 5:14-15 കാണുക) ക്രിസ്തുവുമായി നാം ഐക്യപ്പെടുന്നു; അങ്ങനെ, ദൈവം ''എല്ലാറ്റിലും എല്ലാം ആകുംവിധം'' (1 കോറി 15:28), സ്വര്‍ഗരാജ്യത്തിന്റെ സന്തോഷത്തിന്റെ മുന്നാസ്വാദനം നമുക്കു നല്കപ്പെടുകയും ചെയ്യുന്നു.
രക്ഷകനെ തന്റെ ഉദരത്തില്‍ വഹിക്കുകയും, ''എല്ലാം തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിക്കുകയും'' (ലൂക്കാ 2:19) ചെയ്ത കന്യകമറിയം ക്ഷമയുടെ ദാനം നമുക്കു വാങ്ങിത്തരുമാറാകട്ടെ. അവളുടെ മാതൃസഹജമായ സാന്നിധ്യംവഴി അവള്‍ നമ്മെ അനുയാത്ര ചെയ്യുമാറാകട്ടെ. അങ്ങനെ ഈ മാനസാന്തരത്തിന്റെ കാലം നിത്യരക്ഷയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
 

Comments

  • SrTresa Mathew S H
    01-03-2022 01:59 PM

    Much fruitful message. Thank you Lord our God

leave a reply

Related News