Foto

കേന്ദ്ര പൊതുമേഖലാ ഓഹരി വിറ്റ്  പിടിച്ചു നില്‍പ്പിനു തന്ത്രം  മെനഞ്ഞ് മോദി സര്‍ക്കാര്‍

ബാബു കദളിക്കാട്
കഴിഞ്ഞ ബജറ്റില്‍ ഓഹരി വില്‍പ്പനയിലൂടെ  പ്രതീക്ഷിച്ചത് 2.1 ലക്ഷം കോടി രൂപ; ലഭിച്ചത് വെറും 15,220 കോടി. കോവിഡ് വ്യാപനം മൂലം വിപണികള്‍ തകര്‍ന്നതോടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം അടിമുടി താളം തെറ്റിയതിന്റെ കടുത്ത അസ്വാസ്ഥ്യം മറയ്ക്കാനാകുന്നില്ല കേന്ദ്ര സര്‍ക്കാരിന്. കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ചത് ഓഹരി വിറ്റഴിച്ച് 2.1 ലക്ഷം കോടി രൂപ നേടാനായിരുന്നെങ്കില്‍  വെറും 15,220 കോടി രൂപയാണ് സമാഹരിക്കാനായതെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവല്‍ക്കരണം ഏറ്റവും ഫലപ്രദമാക്കുമെന്ന സൂചന റിപ്പോര്‍ട്ടിലുണ്ട്.എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍), ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ) എന്നിവയാണ് ഇതില്‍ പ്രധാനം.

വാണിജ്യ സംരംഭങ്ങളിലെ പൊതുമേഖലാ പങ്കാളിത്തം പുനര്‍നിര്‍വചിക്കുന്ന ആത്മ നിര്‍ഭാര ഭാരത് പാക്കേജ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ഇതനുസരിച്ച് എല്ലാ മേഖലകളിലും സ്വകാര്യമേഖലാ പങ്കാളിത്തത്തിന്റെ ആവശ്യകത സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം തന്ത്രപരമായ മേഖലകളില്‍ പൊതുമേഖലാ സംരംഭങ്ങള്‍ തന്നെയാകും പ്രധാന പങ്ക് വഹിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള വാര്‍ഷിക സാമ്പത്തിക വികസനത്തിന്റെ സംഗ്രഹം നല്‍കുന്ന സാമ്പത്തിക സര്‍വേ 2020-21 കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച സഭയില്‍ വച്ചു.അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖല, വ്യാവസായിക ഉല്‍പാദനം, തൊഴില്‍, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.

മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 11 ശതമാനമാകുമെന്നും സര്‍വേ പ്രവചിക്കുന്നു. കോവിഡ് കുത്തിവെപ്പ് സാമ്പത്തിക രംഗത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  നിര്‍മാണം, ഉല്‍പ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകള്‍ക്ക് കോവിഡ് വ്യാപനം വന്‍ തിരിച്ചടി ഉണ്ടാക്കിയതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

1950-51 സാമ്പത്തിക വര്‍ഷത്തിലാണ് ആദ്യമായി സാമ്പത്തിക സര്‍വെ ബജറ്റ് സെഷന്റെ ആദ്യദിവസം അവതരിപ്പിക്കാന്‍ തുടങ്ങിയത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തിലാണ് ധനകാര്യവകുപ്പ് സര്‍വെ തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും ഭാവിയിലേയ്ക്കുള്ള കാഴ്ചപ്പാടുമാണ് സര്‍വെയിലുള്ളത്.മൊറട്ടോറിയം അവസാനിച്ചാല്‍ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്ന് സര്‍വെ നിര്‍ദേശിക്കുന്നു. വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണത്തെ സാമ്പത്തിക സര്‍വെയിലെ പ്രധാന കണ്ടെത്തലുകള്‍:

കറന്റ് അക്കൗണ്ട് മിച്ചം ജിഡിപിയുടെ രണ്ട് ശതമാനമാകുമെന്നാണ് പ്രതീക്ഷ. 17 വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത വിദേശനാണ്യകരുതല്‍ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 586.1 ബില്യണ്‍ ഡോളറാണ്.  നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന് ക്രെഡിറ്റ് റേറ്റിങ് ആണ് ഭാവിയില്‍ പ്രതീക്ഷിക്കുന്നത്.2007ല്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ സൂചിക ആരംഭിച്ചതിനുശേഷം 2020ല്‍ ഇതാദ്യമായി 50 രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയുമെത്തി. മധ്യ, ദക്ഷിണ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുമെത്തി.

ലോകമെമ്പാടുമുള്ള വിപണികളില്‍ അടുത്തയിടെയുണ്ടായ മുന്നേറ്റ സൂചന രാജ്യത്തിനും ഗുണകരമായി. ഇന്ത്യയുടെ വിപണിമൂല്യം-ജിഡിപി അനുപാതം ആദ്യമായി 100 ശതമാനം കടന്നു.മൂന്നു മാസം തുടര്‍ച്ചയായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ മറികടന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം ഇതാദ്യമായി  2020 ഡിസംബറില്‍ വരുമാനത്തില്‍ റെക്കോഡിട്ടു.

2020 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയെത്തിയ വിദേശ നിക്ഷേപം 49.98 ബില്യണ്‍ ഡോളറാണ്. 2019ലാകട്ടെ നിക്ഷേപം 44.37 ബില്യണ്‍ ഡോളറായിരുന്നു. 2020 സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് 30 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമാണ് ഇന്ത്യയിലെത്തിയത്.
കോവിഡ് വ്യാപനത്തിനിടയിലും സ്റ്റാര്‍ട്ടപ്പുകളിലേക്കു നിക്ഷേപം ഒഴുകി. 12 കമ്പനികളാണ് യുണികോണ്‍(ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള)പട്ടികയില്‍ ഇടം നേടിയത്.

Comments

leave a reply

Related News