Foto

കന്യാസ്ത്രീയെ കുരുക്കാന്‍ മത പരിവര്‍ത്തന വിരുദ്ധ നിയമത്തിലൂടെ കേസ്

മധ്യപ്രദേശില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഭാഗ്യയ്ക്കെതിരായ പരാതി
രക്ഷിതാക്കളുടെ ആവശ്യപ്രകാരം പിരിച്ചുവിടപ്പെട്ട അധ്യാപികയുടേത്  


ലവ് ജിഹാദിനെ തുരത്താനെന്നു കൊട്ടിഘോഷിച്ച് നടപ്പാക്കിയ മത പരിവര്‍ത്തന വിരുദ്ധ നിയമം മറയാക്കി ക്രൈസ്തവരെയും സമര്‍പ്പിതരെയും കുരുക്കുന്ന കേസുകള്‍ മധ്യപ്രദേശില്‍ വര്‍ദ്ധിക്കുന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട അധ്യാപിക നല്‍കിയ പരാതിയിന്മേല്‍ ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ സിസ്റ്റര്‍ ഭാഗ്യയ്ക്കെതിരെ പോലീസ് കേസെടുത്ത സംഭവമാണ് ഈ പരമ്പരയില്‍ ഏറ്റവും പുതിയത്.

ഹിന്ദു മത വിശ്യാസിയായ തന്നെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കാന്‍ കന്യാസ്ത്രീകള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിനു സമ്മതിക്കാതെ വന്നതോടെ ജോലിയില്‍ നിന്നൊഴിവാക്കിയെന്നുമാണ് റൂബി സിംഗ് എന്ന അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നത്. സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് സഭംഗമാണ് പിന്‍സിപ്പല്‍  സിസ്റ്റര്‍ ഭാഗ്യ.

'ഇത് തികച്ചും തെറ്റായ ആരോപണമാണ്. പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ പഴുതുകള്‍  മുതലെടുത്ത് അവര്‍ വ്യാജ ആരോപണം ഉന്നയിക്കുന്നു'- സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സത്‌ന രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. പോള്‍ വര്‍ഗ്ഗീസ് പറഞ്ഞു.ബിജെപി സര്‍ക്കാര്‍ ജനുവരിയില്‍ ആണ് പുതിയ കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പാക്കിയത്.

2016 ല്‍ അദ്ധ്യാപികയായി ചേര്‍ന്ന  45 കാരിയായ റൂബി സിംഗിന്റെ സേവനം കഴിഞ്ഞ കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്താണ് സ്‌കൂള്‍ മാനേജ്മെന്റ് അവസാനിപ്പിച്ചത്. തന്നെ പിരിച്ചുവിട്ടതിനെതിരെ റൂബി സിംഗ്  കോണ്‍വെന്റിനും സ്‌കൂളിനും മുന്നില്‍ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് പോലീസിനു പരാതിയും  നല്‍കി.അഗതികളുടെ സഹോദരിമാര്‍ നടത്തുന്ന ഈ സ്‌കൂളില്‍ ആയിരത്തോളം കുട്ടികളുണ്ട്.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News