Foto

വയനാട്, വിലങ്ങാട് ദുരന്തപുനരധിവാസം: കെ.സി.ബി.സി ദുരിതാശ്വാസ പ്രവർത്തന പുരോഗതി വിലയിരുത്തി

വയനാട്ടിലെ മുണ്ടക്കൈ,  ചൂരൽമല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ കേരള കത്തോലിക്കാ സഭ ഒന്നുചേർന്നു നടപ്പിലാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഇതുവരെയുള്ള വിലയിരുത്തൽ നടത്തുകയും ഭാവി പ്രവർത്തനങ്ങളുടെ വിശദാശംശങ്ങൾക്കു രൂപരേഖ തയ്യാറാക്കുകയും ചെയ്തു.  കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്‌മെന്റ്  കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിലാണു യോഗം ചേർന്നത്. നാളിതുവരെ നടത്തിയ ജീവൻ രക്ഷാ പ്രവർത്തനങ്ങളുടേയും ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാക്കിയതിന്റെയും കൗൺസലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങളുടേയും വിശദാംശങ്ങൾ കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ യോഗത്തിൽ അവതരിപ്പിച്ചു. ദുരന്ത പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന രൂപതാ സാമൂഹ്യസേവന വിഭാഗങ്ങളുടെ പങ്കാളിത്തത്തിലും മേൽനോട്ടത്തിലും നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കല്പറ്റ ആസ്ഥാനമാക്കി കേരള സോഷ്യൽ സർവ്വീസ് ഫോറം ആരംഭിച്ച ഓഫീസിലൂടെ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. കാരിത്താസ് ഇൻഡ്യ ഉൾപ്പടെയുള്ള വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ 925 ദുരന്ത ബാധിത കുടുംബങ്ങൾക്ക് 9,500 രൂപ വീതം ലഭ്യമാക്കുകയുണ്ടായി. കൂടാതെ ജീവനോപാധികൾ പുനഃസ്ഥാപിക്കുന്നതിനായി പ്രാദേശിക സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലൂടെ ഒരു കോടി രൂപ വീതം ലക്ഷ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാവുകയും കുടുംബാംഗങ്ങൾക്ക് ഇതിനാവശ്യമായ പ്രാരംഭ പരിശീലനം നല്കുകയും ചെയ്തു.  ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ കെസിബിസിയുടെ ദുരന്ത നിവാരണ വിദഗ്ധ സമിതി ദുരിതബാധിത പ്രദേശങ്ങളിൽ തുടർ സന്ദർശനം നടത്തുകയും അടുത്ത ഘട്ട പ്രവർത്തനങ്ങൾക്കുള്ള വിശദാംശങ്ങൾ തയ്യാറാക്കുകയും ചെയ്തു. ഇതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും വിലയിരുത്തിയ യോഗം ഭവനനിർമ്മാണമുൾപ്പടെയുള്ള തുടർ സുസ്ഥിര പ്രവർത്തനങ്ങൾ സർക്കാരുമായി സഹകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരുമായും സർക്കാരിന്റെ ദുരന്ത നിവാരണ വിഭാഗവുമായും ഒക്‌ടോബർ 15-ാംതീയതി ചർച്ചകൾ നടത്തി തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.  കെസിബിസി യുടെ പോസ്‌റ് ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് , ഫാ. റൊമാൻസ് ആൻറണി, ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് തറയിൽ,എന്നിവരും കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഫാ. ജോണി പുതുക്കാട്ട്,   ഫാ. വർഗ്ഗീസ് കിഴക്കേക്കര, ഫാ. സീജൻ മനുവേലിപറമ്പിൽ, ഫാ. ബിനീഷ് കാഞ്ഞിരത്തിങ്കൽ, ഫാ. അഗസ്റ്റിൻ മേച്ചേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.  

ഫോട്ടോ  : കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ ചേർന്ന കേരള കത്തോലിക്കാ സഭ  നടപ്പിലാക്കുന്ന വയനാട് വിലങ്ങാട് ദുരന്തപുനരധിവാസ പ്രവർത്തനങ്ങളുടെ  വിലയിരുത്തൽ യോഗത്തിൽ കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്‌മെന്റ്  കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു

Comments

leave a reply

Related News