Foto

സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ അന്തരിച്ചു

സത്യദീപം മുന്‍ ചീഫ്
എഡിറ്റര്‍ ഫാ. ചെറിയാന്‍
നേരേവീട്ടില്‍ അന്തരിച്ചു


റോഡപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ അന്തരിച്ചു. എറണാകുളം  അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു 50 കാരനായ ഫാ. ചെറിയാന്‍. നേരത്തെ വൃക്കദാനം നടത്തിയിട്ടുണ്ട് അദ്ദേഹം.

മരട് പിഎസ് മിഷന്‍ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13 നു വൈകുന്നേരം നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് ഫാ. ചെറിയാന് തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക് ഷോര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായപ്പോള്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റി. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ ഇന്നലെ ആശുപത്രിയിലെത്തി അച്ചനെ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചിരുന്നു.

1971 ജൂണ്‍ എട്ടിന് ഇടപ്പള്ളി തോപ്പില്‍ ഇടവകയിലാണ് ഫാ. ചെറിയാന്‍ നേരേവീട്ടില്‍ ജനിച്ചത്. 1997 ജനുവരി ഒന്നിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.തികഞ്ഞ ബോധ്യത്തിന്റെയും ഉറച്ച വീക്ഷണത്തിന്റെയും തേജസ് പരത്തിയ ഫാ. ചെറിയാന്‍ ശാന്തതയുടെ പര്യായമായിരുന്നുവെന്ന് സഹവൈദികരും മരടിലെ ഇടവക ജനങ്ങളും ചൂണ്ടിക്കാട്ടുന്നു.

സമീപിക്കുന്നവര്‍ക്ക് ഹൃദ്യമായി ഒരുമിച്ചു നടക്കാവുന്ന ക്രിസ്തു രൂപമായിരുന്നു ചെറിയാച്ചനെന്ന് സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ ഓര്‍മ്മിച്ചു.തികച്ചും തീക്ഷ്ണമതിയായിരുന്നു അദ്ദേഹം. പക്ഷേ, തീക്ഷ്ണതയെ സ്‌നേഹ രാഹിത്യം കീഴടക്കാന്‍ അനുവദിക്കാതെ ക്രിസ്തുവിന്റെ വഴിത്താരയില്‍ മാത്രമാണ് ശരി എന്ന് കണ്ടുകൊണ്ട് മുന്നോട്ടു നടന്നു. ധാര്‍മ്മികതയുടെ ധീരതയുള്ള, സത്യസന്ധനായ ഒരു പച്ചമനുഷ്യന്‍. ഉള്ളില്‍ വെളിച്ചമുണ്ടായിരുന്ന പ്രവാചകനാണ് ചെറിയാച്ചനെന്നും ഫാ. കിലുക്കന്‍ പറഞ്ഞു.

Foto

Comments

leave a reply

Related News