Foto

ഫാ. ജിയോവാനി ഫോര്‍നാസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ 'കാവല്‍മാലാഖ' എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ വൈദികന്‍ ഫാ. ജിയോവാനി ഫോര്‍നാസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ലോക മഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ദുരിതത്തിലായ ആളുകളെയും, മുറിവേറ്റവരെയും സഹായിക്കാന്‍ ഓടി നടന്ന വ്യക്തിയാണ് ഫാ. ജിയോവാനി ഫോര്‍നാസിനി. അങ്ങനെയാണ് അദ്ദേഹത്തിന് 'കാവല്‍ മാലാഖ' എന്ന വിശേഷണം ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി ഇറ്റലിയിലെ ബോളോഗ്‌നയില്‍വെച്ച് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ മാര്‍സെലോ സെമറാരോയാണ് ഫാ. ജിയോവാനിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.

1915ല്‍ ബോളോഗ്‌നയിലാണ് ഫാ. ജിയോവാനി ജനിക്കുന്നത്. പഠനത്തില്‍ അല്‍പം പിന്നോക്കം ആയിരുന്ന ജിയോവാനി സമീപത്തുള്ള ഒരു ഹോട്ടലില്‍ ഒഴിവുസമയങ്ങളില്‍ ജോലി ചെയ്തിരുന്നു. 1942ല്‍ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് അദ്ദേഹത്തിന് പൗരോഹിത്യം ലഭിക്കുന്നത്. ബോളോഗ്‌നയ്ക്ക് പുറത്ത് ആണ്‍കുട്ടികള്‍ക്ക് വേണ്ടി ഫാ. ജിയോവാനി ഫോര്‍നാസിനി ഇതിനിടയില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം ഓടിനടക്കുമായിരുന്നുവെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.യുദ്ധകാലത്ത് ശവശരീരങ്ങള്‍ മറവു ചെയ്യുകയും, അവശ്യക്കാരുടെ ദാഹവും വിശപ്പുമടക്കുകയും, അഭയാര്‍ത്ഥികളെ തന്റെ ഇടവക ഭവനത്തില്‍ സ്വീകരിക്കുകയും ചെയ്ത അദ്ദേഹം നിസ്തുലമായ സേവനമാണ് തുടര്‍ന്നത്. ഇക്കാലയളവില്‍ എല്ലാം അടിച്ചമര്‍ത്തുന്നവരെ പോലും നന്മയിലേക്ക് ആകര്‍ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിരിന്നു. പെണ്‍കുട്ടികളുടെ മാനം കാക്കുന്നതിനും ചെറിയ കുട്ടികളെ സംരക്ഷിക്കുന്നതിനും അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. 1944 സെപ്റ്റംബര്‍ 29 നും, ഒക്ടോബര്‍ നാലിനും മധ്യേ മോര്‍സാബോട്ടോ ഗ്രാമത്തില്‍ 770 ഇറ്റാലിയന്‍ പൗരന്മാരെ നാസികള്‍ കൂട്ടക്കൊല നടത്തിയതിനുശേഷം ഫാ. ജിയോവാനി ഫോര്‍നാസിനി അവരെ അടക്കം ചെയ്യാന്‍ വേണ്ടിയുള്ള അനുവാദം വാങ്ങി യാത്രയായി.

പിന്നീട് ആരും അദ്ദേഹത്തിനെ ജീവനോടെ കണ്ടില്ല. 1945ല്‍ യുദ്ധം ഏകദേശം അവസാനിക്കാറായപ്പോഴാണ് ഫാ. ജിയോവാനിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. അദ്ദേഹത്തിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് വിശദമായ പഠനങ്ങളില്‍ നിന്നും വ്യക്തമായി. 1950ല്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ഫാ. ജിയോവാനിക്ക് ഗോള്‍ഡ് മെഡല്‍ ഓഫ് മിലിട്ടറി വാലൂര്‍ മരണാനന്തര ബഹുമതിയായി നല്‍കി. 1998ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.വാഴ്ത്തപ്പെട്ട ചടങ്ങ് നടന്ന വേദിയില്‍ ഫാ. ജിയോവാനിയുടെ സൈക്കിളും, കണ്ണാടിയുമടക്കം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശവും വായിച്ചു.
 

Foto

Comments

leave a reply

Related News