Foto

സിറോ മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം: ഒരുമയോടെയുള്ള നീക്കം ആവശ്യമെന്ന് മാര്‍പാപ്പ

സിറോ മലബാര്‍ സഭയിലെ
ആരാധനക്രമ ഏകീകരണം:
ഒരുമയോടെയുള്ള നീക്കം
ആവശ്യമെന്ന് മാര്‍പാപ്പ

ഒരേ രീതിയിലുള്ള ബലിയര്‍പ്പണം സഭാ ശരീരത്തിലെ ഐക്യവും സ്ഥിരതയും
വളര്‍ത്തുമെന്നു ചൂണ്ടിക്കാട്ടി ബിഷപ്പുമാര്‍ക്ക് മാര്‍പാപ്പയുടെ കത്ത്

സിറോ മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ മുഴുവന്‍ സഭാംഗങ്ങളും സാഹോദര്യത്തോടെ ഒരുമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയിലുടനീളമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണം ഒരേ രീതിയിലാക്കാന്‍ സിനഡ് 1999 ല്‍ കൈക്കൊണ്ട  തീരുമാനം നടപ്പാക്കുന്നതിനുള്ള യത്നത്തില്‍ മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കാളികളാകേണ്ടതുണ്ടെന്ന് സീറോ മലബാര്‍ ബിഷപ്പുമാര്‍ക്കയച്ച കത്തിലൂടെ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.


'സുവിശേഷ സന്തോഷം' എന്ന ശീര്‍ഷകത്തിലുള്ള തന്റെ 2014 ലെ അപ്പസ്‌തോലിക പ്രബോധനത്തില്‍ (Evangeli Cloudium) നിന്നുള്ള രണ്ട് ഉദ്ധരണികള്‍ ചേര്‍ത്താണ് (സ്ഥലത്തേക്കാള്‍ വലുതാണ് കാലം, സംഘര്‍ഷത്തിനു മേല്‍ ഐക്യം വിജയിക്കും) സിറോ മലബാര്‍ സഭയില്‍ ഐക്യവും ശാന്തിയും പുലരാന്‍ ഏകീകൃത കുര്‍ബാന ക്രമം ഇടയാക്കുമെന്ന ആത്മവിശ്വാസം ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പുമാരുമായി പങ്കുവച്ചത്. ദൈവജനത്തോടൊപ്പം സഭാത്മകമായി ഒന്നിച്ചു നടക്കണമെന്നും സഭയുടെ ഉപരി നന്മയ്ക്കും ഐക്യത്തിനുമായി സമാന രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നുമുള്ള കാഴ്ചപ്പാടോടെ മഹാജൂബിലി വര്‍ഷത്തിനു മുമ്പായി സിനഡ്  ഇക്കാര്യത്തിലെടുത്ത സന്തോഷകരമായ തീരുമാനം വിശുദ്ധ ജോണ്‍പോള്‍ പാപ്പായ്ക്ക് ഈ സഭയിലുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം വര്‍ധിപ്പിച്ചതായി അദ്ദേഹം അനുസ്മരിച്ചു.

ഒരേ രീതിയിലെ ബലിയര്‍പ്പണം സഭാ ശരീരത്തിനുള്ളിലെ ഐക്യവും സ്ഥിരതയും വളര്‍ത്തും. പരിശുദ്ധാത്മാവിന്റെ കൃപ സ്വീകരിച്ച്  ബിഷപ്പുമാരെടുത്ത കൂട്ടായ തീരുമാനത്തിലൂടെ  സഭാ ഘടകങ്ങളില്‍ പ്രത്യേകിച്ചും പ്രേഷിത മേഖലകളില്‍, ശ്രദ്ധേയമായ ഫലങ്ങളുണ്ടായതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി.സിറോ-മലബാര്‍ സഭയുടെ ഉപരിനന്മയ്ക്കും ഐക്യത്തിനും ഉപകരിക്കും പുതിയ റാസ കുര്‍ബാന തക്‌സ. സിനഡിന്റെ തീരുമാനം നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഭയിലെ എല്ലാ അംഗങ്ങളിലും ഐക്യവും, സാഹോദര്യവും, ശാന്തഭാവവും രൂഢമൂലമാകേണ്ടതുണ്ടെന്നും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. തന്റെ പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മാര്‍ത്തോമായുടെയും മാധ്യസ്ഥ്യം അപേക്ഷിച്ചു കൊണ്ടുമാണ് മാര്‍പാപ്പ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.  

സിറോ മലബാര്‍ സഭാ രൂപതകളില്‍ കുര്‍ബാനയര്‍പ്പണത്തിനു വ്യത്യസ്ത രീതികള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ്  റാസ കുര്‍ബാന തക്‌സ ഏകീകരണത്തിനായി സിനഡ് ഏകകണ്ഠ തീരുമാനമെടുത്തത്. എല്ലാ രൂപതകളിലും  ഈ ക്രമം പ്രാബല്യത്തിലാക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. പരിഷ്‌കരിച്ച ക്രമ പ്രകാരം കുര്‍ബാനയുടെ പ്രാരംഭ ഭാഗവും സമാപന ഭാഗവും ജനാഭിമുഖമായും അനാഫൊറ ഭാഗം അള്‍ത്താരാഭിമുഖമായും അര്‍പ്പിക്കും.  ഇക്കാര്യങ്ങളിലൂന്നി  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്‍മാര്‍ക്കും കത്തയച്ചു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News