Foto

ഫ്രാന്‍സിസ് പാപ്പാ സമ്മാനിച്ച ആംബുലന്‍സ് യുക്രെയ്‌നിലേക്ക്

ഫ്രാന്‍സിസ് പാപ്പാ സമ്മാനിച്ച ആംബുലന്‍സ് യുക്രെയ്‌നിലേക്ക്


വത്തിക്കാന്‍: രണ്ടാം തവണയായി പാപ്പായുടെ ദാനധര്‍മ്മാധികാരി കര്‍ദിനാള്‍ കോണ്‍റാഡ് ക്രായെവ്സ്‌കി, യുക്രെയ്നിലെ ലിവിവിലേക്ക് യാത്രയായി. ഇത്തവണ അവിടെയുള്ള തദ്ദേശീയരെ സഹായിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ സംഭാവന ചെയ്തതും ആശീര്‍വ്വദിച്ചതുമായ ആംബുലന്‍സുമായാണ് യാത്ര.
ഫാത്തിമയിലെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മനുഷ്യകുലത്തെ, പ്രത്യേകിച്ച് റഷ്യയിലെയും യുക്രെയ്നിലെയും ജനങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന കര്‍മ്മത്തിന്  മുഖ്യകാര്‍മ്മികത്വം വഹിച്ച ശേഷം ശനിയാഴ്ച രാവിലെയാണ് കര്‍ദ്ദിനാള്‍ ക്രായേവ്‌സ്‌കി റോമില്‍ മടങ്ങിയെത്തിയത്. പാപ്പായുടെ  ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവനായ കര്‍ദ്ദിനാള്‍,  ഫ്രാന്‍സിസ് പാപ്പാ സംഭാവന ചെയ്യുകയും ആശീര്‍വ്വദിക്കുകയും ചെയ്ത ആംബുലന്‍സുമായി' യുക്രെയ്‌നിലെ ലിവിവിലേക്ക്  ശനിയാഴ്ച രാവിലെ തന്നെ യാത്രയായെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടര്‍ മത്തയോ ബ്രൂണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വാഹനം നഗരാധികാരികളെ ഏല്‍പ്പിക്കും. അവര്‍ അത് ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളില്‍ സേവനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും, എണ്ണത്തില്‍ വര്‍ദ്ധിച്ചു വരുന്ന അഭ്യന്തരമായി കുടിയൊഴിക്കപ്പെടുന്ന ജനങ്ങള്‍ക്കായുള്ള  സഹായത്തിന്റെ വ്യക്തമായ അടയാളമാണ്  സംഭാവന ചെയ്ത ആംബുലന്‍സ് എന്നും കണക്കാക്കപ്പെടുന്നു.

മാതാവിന്റെ വിമല ഹൃദയത്തിലേക്ക്

പാപ്പയുടെ അഭ്യര്‍ത്ഥന മാനിച്ച് യുക്രെയ്‌നിലേക്ക് മടങ്ങുന്നുവെന്നും യുക്രെയ്‌നെ  സംരക്ഷിക്കാന്‍ ഫാത്തിമാ മാതാവിനോടു താന്‍ അഭ്യര്‍ത്ഥിച്ചുവെന്നും  പുറപ്പെടുന്നതിന് മുമ്പ് കര്‍ദ്ദിനാള്‍ ക്രായെവ്‌സ്‌കി വത്തിക്കാന്‍ മാധ്യമത്തോടു പറഞ്ഞു.കഴിഞ്ഞ ദിവസം ഫാത്തിമയിലെ മാതാവിന്റെ ദേവാലയത്തില്‍ 15,000 ത്തോളം വരുന്ന വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ച നേരത്ത്  താന്‍ പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട്, 'ഞാന്‍ പ്രത്യാശ നിറഞ്ഞ ഹൃദയത്തോടെയാണ് പോകുന്ന' തെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍  ഫ്രാന്‍സിസ് പാപ്പാ നടത്തിയ സമര്‍പ്പണവുമായി  തത്സമയ ബന്ധമുണ്ടായിരുന്നതായും അദ്ദേഹം  പറഞ്ഞു.വെള്ളിയാഴ്ച ഫാത്തിമയില്‍ നടന്ന ആഘോഷമായ പ്രതിഷ്ഠയില്‍ 25 ഓളം മെത്രാന്മാര്‍ പങ്കെടുത്തു. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ ന്യൂനോ ഡുവാര്‍ട്ടെ റെബെലോ ഡി സൂസയും സന്നിഹിതനായിരുന്നു. 'എല്ലാവരും എന്നോടൊപ്പം പാപ്പയുടെ പ്രാര്‍ത്ഥന ചൊല്ലി,' എന്ന് പാപ്പയുടെ ദാന കര്‍മ്മകാര്യസ്ഥന്‍  അടിവരയിട്ടു. എല്ലാവരുടെയും കൈകളില്‍  പ്രാര്‍ത്ഥനയുടെ പതിപ്പുമുണ്ടായിരുന്നു.സമാധാനത്തിനായുള്ള ഒരു നിലവിളി' ഫാത്തിമയില്‍ നിന്ന് ഉയര്‍ന്നു, യുക്രെയ്‌നിലെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഒരത്ഭുതത്തിനായി എല്ലാവരും ചേര്‍ന്ന് അപേക്ഷിച്ചു, കര്‍ദ്ദിനാള്‍ ക്രായേവ്‌സ്‌കി വിശദീകരിച്ചു. വിശ്വാസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാന്‍ കഴിയും. എന്റെ എല്ലാ വിശ്വാസത്തോടെയും ഞാന്‍ യുക്രെയ്‌നിലേക്ക് പോകുന്നത് മാതാവിനെ ഭരമേല്‍പ്പിച്ച കര്‍മ്മത്തിന്റെ മൂര്‍ത്തമായ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിയാണ്.' കര്‍ദ്ദിനാള്‍ ക്രായേവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.

Comments

leave a reply

Related News