Foto

ശസ്ത്രക്രിയാനന്തരം പാപ്പാ തിരിച്ചെത്തി

ശസ്ത്രക്രിയാനന്തരം
പാപ്പാ തിരിച്ചെത്തി

അനുദിന പൊതു പരിപാടികള്‍ ഉടന്‍ സാധാരണ നിലയിലാകുമോ എന്ന് വ്യക്തമല്ല.

ഉദര ശസ്ത്രക്രിയാനന്തരമുള്ള വിശ്രമത്തിനു ശേഷം  റോമിലെ ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി. ഗെമെല്ലി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്ന് കാറിലായിരുന്നു 84 കാരനായ പാപ്പായുടെ മടക്കയാത്ര.

സാന്താ മാരിയ മജോറെ ബസിലിക്കയില്‍ പ്രാത്ഥന നടത്തിയ ശേഷമാണ്  വത്തിക്കാനിലെ വസതിയായ സാന്താ മാര്‍ത്തായില്‍ പാപ്പ എത്തിയതെന്ന് വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. മാര്‍പാപ്പായുടെ അനുദിന പൊതു പരിപാടികള്‍ ഉടന്‍ സാധാരണ നിലയിലാകുമോ എന്ന് വ്യക്തമല്ല. ഈ വര്‍ഷം അവസാനം ഹംഗറിയും സ്ലൊവാക്യയും സന്ദര്‍ശിക്കുമെന്ന് പാപ്പാ ജൂലൈ 4 ന്് ആശുപത്രിയിലേക്കു പോകുന്നതിനു മുമ്പായി  പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ ഗ്ലാസ്ഗോയില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ പാപ്പാ പങ്കെടുക്കുമെന്ന് സ്‌കോട്ട്ലന്‍ഡിലെ മെത്രാന്മാര്‍ പറയുന്നു. ഗ്രീസിലേക്കുള്ള ഒരു യാത്രയും ആസൂത്രണം ചെയ്യുന്നുണ്ട്.

എല്ലാവര്‍ക്കും സൗജന്യമായി മികച്ച ചികിത്സ ഉറപ്പാക്കുന്ന സംവിധാനം ലോകമെങ്ങും ഉണ്ടാകണമെന്ന് ആശുപത്രിയില്‍ നിന്ന് മാര്‍പാപ്പ ആശീര്‍വാദ സന്ദേശത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന തനിക്ക് ഇത്തരമൊരു ചികിത്സാ സംവിധാനത്തിന്റെ പ്രാധാന്യം അനുഭവിച്ചറിയാനായി. പലയിടത്തും ഇത്തരം സംവിധാനമുണ്ട്. ഇത് എല്ലാവര്‍ക്കും ആവശ്യമാണ്. ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ച് എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം.

സാധാരണ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കു തുറക്കുന്ന തന്റെ വസതിയുടെ ജനാലയ്ക്കല്‍ നിന്ന് നല്‍കുന്ന ആശീര്‍വാദം അതേ സമയത്ത്  ആശുപത്രിയില്‍ നിന്ന് മാര്‍പാപ്പ നല്‍കി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുറച്ചു കുട്ടികളും മാര്‍പാപ്പയോടൊപ്പം മട്ടുപ്പാവില്‍ ഉണ്ടായിരുന്നു
പത്താം നിലയിലെ തന്റെ ചികിത്സാമുറിയുടെ മട്ടുപ്പാവില്‍ നിന്നാണ് മാര്‍പാപ്പ താഴെ തടിച്ചുകൂടിയ നൂറുകണക്കിന് വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കിയത്. സ്വരം ഇടറുകയും ഇടയ്ക്കു ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്‌തെങ്കിലും എഴുതിത്തയാറാക്കിയ സന്ദേശം 10 മിനിറ്റില്‍ വായിച്ചു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News