Foto

അർണബിനെതിരെ പുതിയ വിവാദം; ഖജനാവിനുള്ള 25 കോടി സ്വന്തമാക്കി

ബാബു കദളിക്കാട് 

പ്രസാർ ഭാരതിയുടെ ഡിടിഎച്ച് സേവനം 22 ദശലക്ഷം ഉപയോക്താക്കൾക്ക് റിപ്പബ്ലിക് ചാനലിലൂടെ നിയമവിരുദ്ധമായി ലഭ്യമാക്കി.

റിപ്പബ്ലിക് ടി വി ചാനലിനും വിവാദ നായകനായി മാറിക്കഴിഞ്ഞ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുമെതിരെ ഗുരുതര ക്രമക്കേടുകളുടെയും വെട്ടിപ്പുകളുടെയും പരമ്പര നീളുന്നു. 2017 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച റിപ്പബ്ലിക് ടിവി സർക്കാറിന് പണം നൽകാതെ പ്രസാർ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ഡയറക്റ്റ്-ടു-ഹോം (ഡിടിഎച്ച്) സേവനമായ ഡിഡി ഫ്രീഡിഷിന്റെ 22 ദശലക്ഷം ഉപയോക്താക്കൾക്ക് നിയമവിരുദ്ധമായ പ്രവേശനം നേടി ഖജനാവിനു ലഭിക്കേണ്ട 25 കോടി രൂപയെങ്കിലും തട്ടിയെടുത്തെന്നതാണ് പുതിയ റിപ്പോർട്ട്.

ഒരു സ്ലോട്ടിനുള്ള കാരേജ് ഫീസ് പ്രതിവർഷം 8-12 കോടി രൂപ വരും. ഇതിനായുള്ള ലേല പ്രക്രിയ ഒഴിവാക്കിക്കൊണ്ട്, ഗോസ്വാമിയുടെ ഇംഗ്ലീഷ് വാർത്താ ചാനൽ രണ്ട് വർഷത്തിലേറെയായി എൻക്രിപ്റ്റ് ചെയ്യാത്ത രൂപത്തിൽ ഫ്രീഡിഷ് സേവനം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കി.

റിപ്പബ്ലിക് ആസ്വദിച്ച അന്യായമായ നേട്ടം എതിരാളികൾ കണ്ടെത്തി വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.മന്ത്രാലയം പരാതി പ്രസാർ ഭാരതിക്ക് കൈമാറിയെങ്കിലും, 2019 സെപ്റ്റംബർ വരെ ഈ ക്രമക്കേട് തുടർന്നു. ജിസാറ്റ് 15 ഉപഗ്രഹത്തിൽ ബാൻഡ്വിഡ്ത്ത് സ്വന്തമാക്കിയിരിക്കുന്ന ഡിഷ് ടിവി ഉൾപ്പെടെ കുറച്ച് സ്വകാര്യ ഡിടിഎച്ച് ഓപ്പറേറ്റർമായി റിപ്പബ്ലിക് ടിവി കാരേജ് ഡീലുകൾ ഒപ്പിട്ടിരുന്നതിന്റെ മറവിലാണിതു സാധ്യമായത്.

നേരത്തെ ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗിൽ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ച മുംബൈ പോലീസിന്റെ വെളിപ്പെടുത്തലിൽ റിപ്പബ്ലിക് ടിവി ഉൾപ്പടെ മൂന്ന് മാധ്യമങ്ങളുടെ പേര് വന്നിരുന്നു.ടിആർപിയിൽ അട്ടിമറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുംബൈ പോലീസ് രംഗത്തെത്തിയത്. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകൾക്കെതിരെ ലഭിച്ച പരാതിയിൽ വഞ്ചനകുറ്റമടക്കം ചുമത്തി കേസെടുത്തതായി മുംബൈ പോലീസ് മേധാവി പരം വീർ സിംഗ് വ്യക്തമാക്കി.ഫക്ത് മറാത്തി, ബോക്സ് സിനിമ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഗോസ്വാമി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.ചോദ്യം ചെയ്യലിന് ഹാജരാകാൻ അർണ്ണാബ് ഗോസ്വാമിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.സുശാന്ത് സിംഗ് കേസിലെ ഇടപെടലിന്റെ പേരിൽ ശിവസേനയും കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് പോലീസ് നടപടിയെന്ന് ഗോസ്വാമി പറയുന്നു.

പോലീസ് വെളിപ്പെടുത്തൽ മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ദേശീയ തലത്തിൽ ടിവി ചാനലുകളുടെ പരസ്യ കിടമത്സരത്തിന് സാഹചര്യമൊരുങ്ങി.ടിവി ചാനലുകളുടെ കാഴ്ചക്കാർ എത്രയെന്ന് കണ്ടെത്താൻ ടിആർപി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നല്കുന്നവർ ആശ്രയിക്കുന്നത്. ഇതിനായുള്ള ഏജൻസിയായ ബാർക്ക് വീടുകളിൽ പ്രത്യേക മീറ്ററുകൾ സ്ഥാപിച്ച് കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നു. മുംബൈയിൽ ഈ മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നൽകി ചാനലുകൾ സ്വാധീനിക്കുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിമാസം അയ്യായിരം രൂപ വരെയാണ് ആളുകൾക്ക് വാഗ്ദാനം ചെയ്തത്. ആളുകൾ വീട്ടിലില്ലെങ്കിലും ടെലിവിഷൻ നിർത്തരുതെന്നാണ് നിർദ്ദേശം.

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ ചീഫ് എക്‌സിക്യൂട്ടീവ് പാർത്തോ ദാസ് ഗുപ്തയും റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും തമ്മിൽ നടന്ന വാട്‌സ്ആപ്പ് ആശയവിനിമയങ്ങളുടെ രേഖകൾ പരസ്യമായതും വിവാദമായി. റിപ്പബ്ലിക് ടി വിക്ക് കൂടുതൽ കാഴ്ചക്കാരുണ്ടെന്ന് വരുത്താൻ ചാനൽ റേറ്റിംഗിൽ കൃത്രിമം കാട്ടുന്നതിന് രണ്ട് പേരും ഗൂഢാലോചന നടത്തിയെന്നത് മാത്രമല്ല, ബി ജെ പിയുടെ അപകടകരമായ രാഷ്ട്രീയ ഗൂഢാലോചനകളിലേക്കും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട് ഇവരുടെ ആശയവിനിമയങ്ങളെന്നാണ് നിരീക്ഷകർ പറയുന്നത്. 40 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെടാനിടയായ പുൽവാമ 'ഭീകരാക്രമണ'ത്തെക്കുറിച്ച് അർണബ് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്നതാണ് ഇതിലേറെ അമ്പരിപ്പിക്കുന്ന വിവരം.

2012ന് ശേഷം ഹിന്ദി-ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ കാണാനായ സംഘ്പരിവാർ വിധേയത്വം ഏറ്റവും തീവ്രമായി എടുത്തുയർത്തിയ അർണബ് ഗോസ്വാമി റിപ്പബ്ലിക് ചാനൽ എന്ന തന്റെ സ്വപ്ന സംരംഭം നിലനിർത്തിപ്പോന്നത് മോദി ഭരണവുമായുള്ള അവിശുദ്ധമായ കൂട്ടുകെട്ടിലൂടെയും ടി ആർ പി റേറ്റിംഗ് അടക്കമുള്ള സാങ്കേതികത്വങ്ങളിൽ തിരിമറി കാണിച്ചുമാണ് എന്ന് വെളിപ്പെടുത്തുന്നു പുതിയ വിവരങ്ങളെന്നാണ് എതിരാളികൾ പറയുന്നത്.മോദി സർക്കാറിനെ വിമർശിക്കുന്നവരെയും മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർഥി പ്രക്ഷോഭകരെയും ദേശദ്രോഹി ചാപ്പ കുത്തുന്നതിൽ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന അർണബ് ചെയ്തുകൂട്ടിയ രാജ്യദ്രോഹ പ്രവർത്തനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോൾ എന്നും വിമർശകർ പറയുന്നു.

ദേശീയ സുരക്ഷ എന്ന ബി ജെ പിയുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ ആയുധം കാപട്യമെന്ന് വിരൽ ചൂണ്ടുന്നതാണ് പാർത്തോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ വാട്‌സ്ആപ്പ് സംഭാഷണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ആകുന്നതും വാർത്താ വിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ആയേക്കുമെന്നതും തുടങ്ങി സർക്കാരിലെ സ്ഥാനമാറ്റങ്ങളും സാധ്യതകളും വരെ അർണബ് അറിയുന്നത് എങ്ങനെയെന്ന ചോദ്യം പലപ്പോഴും ഉയർന്നിരുന്നു. രാജ്യത്ത് വിഷം തുപ്പുന്ന ഒരു മാധ്യമ പ്രവർത്തകന് നിയമനിർമാണ സഭയിലെ അംഗങ്ങളേക്കാളും സ്വാധീനം കൈവന്നതിനാല്ലലേ അന്വേഷണ വിധേയമാക്കാതെ പലതും വിട്ടുകളയുന്നതെന്നതാണ് മറ്റൊരു ചോദ്യം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാഭിപ്രായം മോദി സർക്കാറിന് അനുകൂലമല്ലെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ ഉണ്ടായ ഘട്ടത്തിൽ 2019 ഫെബ്രുവരി 14നാണ് പുൽവാമ ഭീകരാക്രമണം നടന്നത്. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് തിരിച്ച 78 ബസ്സുകൾ അടങ്ങിയ വാഹനവ്യൂഹത്തിലേക്ക് അജ്ഞാതർ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഇതിന് തിരിച്ചടിയെന്നോണം ഒരാഴ്ച കഴിഞ്ഞ് ഇന്ത്യൻ സൈന്യം ബാലാകോട്ടിൽ മിന്നലാക്രമണം നടത്തി. ഇതോടെ രാഷ്ട്രീയാന്തരീക്ഷം ബി ജെ പിക്കനുകൂലമായി മാറി. തിരഞ്ഞെടുപ്പ് വേളയിൽ സജീവ ചർച്ചയാകേണ്ടിയിരുന്ന റഫേൽ വിമാന ഇടപാട് പോലുള്ള വിഷയങ്ങൾ അപ്രസക്തമാകുകയും ബാലാകോട്ട് സൈനിക നടപടി മോദി സർക്കാറിന്റെ മികച്ച വിജയമായി കൊട്ടിഘോഷിക്കുകയും ചെയ്തു ബി ജെ പി.

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ നമ്മൾ വിജയിച്ചുവെന്ന അർണബിന്റെ ആവേശത്തോടെയുള്ള ചാറ്റിംഗും, 'വലിയ ആൾ'ക്ക് ഇത് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം നേട്ടമുണ്ടാക്കുമെന്നുമുള്ള പാർത്തോ ദാസ് ഗുപ്തയുടെ മറുപടിയും വാട്‌സ്ആപ്പ് ആശയവിനിമയത്തിലൂടെ പുറത്തായിരിക്കുകയാണ്.ജമ്മു കാശ്മീറിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുൾപ്പെടെയുള്ള അതീവ പ്രാധാന്യമുള്ള ഭരണപരമായ കാര്യങ്ങളും അർണബ് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്നും ചാറ്റിംഗ് രേഖകൾ വ്യക്തമാക്കുന്നുണ്ട്.രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയെന്നത് അതീവ ഗൗരവതരമായ നടപടിയാണെന്ന് വിമർശകർ പറയുന്നു. രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടുന്ന അർണബ് 40 പട്ടാളക്കാരുടെ മരണം ആഘോഷിച്ചെന്നതാണ് മറ്റൊരു ആരോപണം.

അർണബിന്റെ വിവാദ സന്ദേശങ്ങൾ പാക്കിസ്ഥാൻ നയതന്ത്രതലത്തിൽ ആയുധമാക്കുന്നുണ്ട്. ഇന്ത്യയിലെ ഭരണകൂടം ബാലാകോട്ട് പ്രശ്‌നം എങ്ങനെയാണ് തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചതെന്ന് 2019ൽ യു എൻ പൊതുസഭയിൽ താൻ വ്യക്തമാക്കിയതാണെന്നും മോദി സർക്കാറും ഇന്ത്യൻ മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് യുദ്ധക്കൊതിയനായ ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തകന്റെ സന്ദേശങ്ങൾ തുറന്നു കാണിക്കുന്നതെന്നുമാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനായി അപകടകരമായ സൈനിക നീക്കങ്ങളാണ് മോദി സർക്കാർ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബാലാകോട്ട് ആക്രമണം ബി ജെ പിയുടെ നാടകമായിരുന്നുവെന്നും വ്യാജ ഏറ്റുമുട്ടലുകളും തീവ്ര ദേശീയതയും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മോദി സർക്കാറിന്റെ തുറുപ്പു ചീട്ടുകളാണെന്ന പാക്കിസ്ഥാന്റെ നിലപാടിനെ ശരിവെക്കുന്നതാണ് അർണബിന്റെ ചാറ്റുകളെന്നുമാണ് പാക് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.

 

ബാലാകോട്ട് ആക്രമണത്തിന്റെ മൂന്ന് ദിവസം മുമ്പ്, 'വലിയൊരു സംഭവം' നടക്കാൻ പോകുന്നുവെന്നും ഇത് സാധാരണ ആക്രമണത്തേക്കാൾ വലുതായിരിക്കുമെന്നും അർണബ് പാർത്തോ ദാസ് ഗുപ്തയെ അറിയിക്കുന്നതായും രേഖകൾ കാണിക്കുന്നു. അതീവ രഹസ്യമായി നടത്തിയെന്ന് സർക്കാർ അവകാശപ്പെടുന്ന ആക്രമണത്തെപ്പറ്റി അർണബ് ഗോസ്വാമിക്ക് നേരത്തേ എങ്ങനെ വിവരം ലഭിച്ചുവെന്ന ചോദ്യമാണുയരുന്നത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയുമൊക്കെ ഓഫീസുമായി അർണബിന് വ്യക്തമായ ബന്ധമുണ്ടെന്നതിന് വേറെ തെളിവ് ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.സെക്രട്ടറിമാരുടെ നിയമനം, മന്ത്രിസഭാ പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസിലെ പിടിപാട്, വാർത്താ വിതരണ മന്ത്രാലയത്തിന്റെ പ്രവർത്തന രീതി തുടങ്ങിയ കാര്യങ്ങളുമുണ്ട് സന്ദേശത്തിൽ.

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ചില സന്ദേഹങ്ങൾ ഉയർന്നിരുന്നു. വലിയ സൈനിക വ്യൂഹം കടന്നു പോകുന്ന സമയത്ത് എങ്ങനെ പതിവില്ലാതെ സിവിലിയൻ വാഹനങ്ങൾക്ക് ഇതുവഴി യാത്ര ചെയ്യാൻ അനുമതി ലഭിച്ചു? കൂടുതൽ പേർ ഉൾപ്പെട്ട സൈനിക വ്യൂഹത്തെ ഇത്തരം ഘട്ടങ്ങളിൽ വ്യോമ മാർഗമാണ് കൊണ്ടുപോകാറുള്ളത്. അന്നെന്തുകൊണ്ട് പതിവിനു വിപരീതമായി റോഡ് മാർഗം കൊണ്ടുപോയി? ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് എന്തുകൊണ്ട് സാധിച്ചില്ല? കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബി ബി സി ഈ ചോദ്യങ്ങൾ ആവർത്തിച്ച് ഉന്നയിച്ചെങ്കിലും തൃപ്തികരമായ മറുപടി എവിടെനിന്നും ലഭിച്ചില്ല.

അൻവയ് നായിക് എന്ന ആർക്കിടെക്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകൾക്ക് മുമ്പ് അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി തിരക്കിട്ട് അർണബിന് ജാമ്യം കൊടുത്തു. ഇന്ത്യയിൽ ''സ്വതന്ത്ര മാധ്യമ പ്രവർത്തനം' സംരക്ഷിക്കാൻ സുപ്രീം കോടതി കാണിച്ച ''താത്പര്യം' പക്ഷേ അർണബിന് മാത്രം കിട്ടുന്ന പ്രിവിലേജാണെന്ന വിമർശനവും ഉയർന്നിരുന്നു. 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമി പാർക്കിൻസൺസ് രോഗവുമായി മല്ലിട്ട ജയിലിൽ കഴിയുമ്പോൾ പ്രത്യേകിച്ചും.ബി ജെ പി വിരുദ്ധ സർക്കാരുകളുടെ കീഴിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ മാത്രമാണോ ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉലയുന്നതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു.

സോണിയ ഗാന്ധിക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളുടെ പേരിൽ അർണബിനെ മുംബൈ പോലീസ് നേരത്തേ വിരട്ടിയിരുന്നു. മഹാരാഷ്ട്രയിലെ മൻഡ്‌സരിൽ ആൾക്കൂട്ടം ചില വയോധികരായ സന്യാസികളെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് അടിസ്ഥാനരഹിതമായ കഥകൾ മെനഞ്ഞ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കവെയായിരുന്നു സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള അർണബിന്റെ വാർത്താവതരണം. അന്ന് മുംബൈ പോലീസുമായി അർണബ് ഏറ്റുമുട്ടാൻ മുതിർന്നു. പിന്നീട് ടി ആർ പി റേറ്റിംഗ് അഴിമതിയുടെ വിവരങ്ങൾ മുംബൈ പോലീസ് പുറത്തുകൊണ്ടുവന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ കൊലപാതകമാക്കാനും, റീഹ ചക്രബർത്തിക്കെതിരെ അപവാദ കഥകൾ മെനയാനും, കങ്കണയെ പുകഴ്ത്താനും റിപ്പബ്ലിക് ചാനലിൽ നടത്തിയ തുടർ നാടകം കളിച്ച അർണബിന്റെ പല പൊയ്മുഖങ്ങളും ഇതോടെ അഴിഞ്ഞുവീണു.അർണബ് ഉൾപ്പെട്ട ക്രമിനൽ സംഭവങ്ങൾ ദേശീയ അന്വേഷണ ഏജൻസികളുടെ നടപടിക്കു വിടണമെന്ന ആവശ്യം സീനിയർ നേതാക്കൾ ഉന്നയിച്ചുകഴിഞ്ഞു.

Comments

leave a reply

Related News