Foto

യുവജനത്തിനായുള്ള കത്തോലിക്കാമതബോധനത്തിൻറെ “യുകാറ്റിൻറെ” (Youcat) പുതിയ പതിപ്പ്

സ്നേഹമാണ് സഭയുടെ അസ്ഥിത്വത്തിൻറെ പ്രഥമ കാരണം, പാപ്പാ 

യുവജനത്തിനായുള്ള കത്തോലിക്കാമതബോധനത്തിൻറെ “യുകാറ്റിൻറെ” (Youcat) പുതിയ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ യുവജനത്തിനു ഒരു കത്തു നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുക്രിസ്തു ജീവിതത്താലും മരണോത്ഥാനങ്ങളാലും വെളിപ്പെടുത്തിയ ദൈവപിതാവിൻറെ കരുണാദ്ര സ്നേഹമാണ് ക്രൈസ്തവനായിരിക്കുക എന്നതിൻറെ അടിസ്ഥാനമെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

യുവജനത്തിനായുള്ള കത്തോലിക്കാമതബോധനത്തിൻറെ “യുകാറ്റിൻറെ” (Youcat) പുതിയ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ യുവജനത്തിനു നല്കിയ കത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്. “സന്തോഷത്തിൻറെ സങ്കേതപദം” അഥവാ,” “സന്തോഷത്തിൻറെ പാസ്വേഡ്” എന്ന ശീർഷകത്തിലുള്ള ഈ കത്ത് ഇരുപത്തിരണ്ടാം തീയതി (22/01/24) തിങ്കളാഴ്ചയാണ് പരസ്യപ്പെടുത്തപ്പെട്ടത്.

ദൈവത്തിൻറെ സ്നേഹത്തിൻറെ അർത്ഥതലങ്ങൾ വിശദീകരിക്കുന്ന പാപ്പാ ഒരു ക്രൈസ്തവ വിശ്വാസിയെന്നാൽ യേശുവിനെ പ്രണയിക്കുന്നയാളണെന്നും ഒരു ക്രിസ്ത്യാനിയായിത്തീരുകയെന്നതിൻറെ തനതായ രൂപമായ സമാഗമത്തിൻറെ യുക്തി ഇതിൽ നിന്നു മനസ്സിലാക്കാൻ സാധിക്കുമെന്നും പറയുന്നു. ആകയാൽ വിശ്വാസത്തിൽ പക്വത പ്രാപിച്ചവർക്ക് യേശുവിനെക്കുറിച്ച് പറയാതിരിക്കാനും അവിടത്തെ അവതരിപ്പിക്കാതിരിക്കാനും അവിടത്തെ പ്രഘോഷിക്കുന്നതിനായി പരിശ്രമിക്കാതിരിക്കാനും ആവില്ല എന്ന വസ്തുതയും പാപ്പാ അടിവരയിട്ടുകാട്ടുന്നു. യേശുവിനോടുള്ള സ്നേഹം ലോകമഖിലം പ്രസരിപ്പിക്കുന്നതിൻറെ സന്തോഷമാണ് വാസ്തവത്തിൽ, സുവിശേഷവത്ക്കരണത്തിൻറെ മധുരിക്കുന്ന ആനന്ദം എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

നാമെല്ലാവരെക്കുറിച്ചും സംസാരിക്കുന്നതിനാൽ പ്രചോദനദായകമായ ഒരു പുസ്തകമാണ് യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം “യുകാറ്റ്” എന്ന ബെനഡിക്ട് പതിനാറാമൻറെ വാക്കുകൾ അനുസ്മരിക്കുന്ന പാപ്പാ തീക്ഷ്ണതയോടും സ്ഥൈര്യത്തോടുംകുടി അതു പഠിക്കാൻ പ്രചോദനം പകരുന്നു. വ്യക്തിപരമായ ചരിത്രവുമായും നരകുലം മുഴുവൻറെയും ചരിത്രവുമായുമുള്ള ബന്ധം നഷ്ടപ്പെടാതിരിക്കേണ്ടതിന് യേശുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് പാപ്പാ യുവതയെ ഓർമ്മിപ്പിക്കുന്നു.

യേശുവിനെപ്പോളലെ വർത്തിക്കാൻ സാധിക്കുന്നതിന് അവിടത്തെ  മനോഭാവങ്ങൾ നമ്മുടെ ഹൃദയമനസ്സുകളിലേക്കു പകർത്തേണ്ടതിൻറെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു. ജീവിക്കുന്ന ക്രിസ്തുവാണ് നമ്മുടെ പ്രത്യാശയും ലോകത്തിൻറെ സുന്ദരമായ യുവത്വവും എന്ന് ഒരിക്കലും മറക്കരുതെന്ന് പാപ്പാ യുവതയോടു പറയുന്നു. യേശു തൊടുന്നതെല്ലാം യുവത്വം പ്രാപിക്കുകയും നവീകൃതമാകുകയും ജീവഭരിതമാകുകയും ചെയ്യുമെന്ന, “ക്രിസ്തൂസ് വീവിത്ത്”  എന്ന തൻറെ അപ്പൊസ്തോലികോപദേശത്തിലെ വാക്കുകൾ പാപ്പാ കത്തിൻറെ അവസാനം ഉദ്ധരിക്കുകയും ചെയ്യുന്നു

Comments

leave a reply

Related News