Foto

സൗഹൃദങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക... 

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍

പ്രണയത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി കൂടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. പാല സെന്റ് തോമസ് കോളേജ് ബി.വോക് ഫുഡ് പ്രൊസസിങ് ടെക്‌നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും തലയോലപ്പറമ്പ് കുറുന്തറയില്‍ ബിന്ദുവിന്റെ മകളുമായ നിതിന മോളാണ് (21) ദാരുണമായി കൊല്ലപ്പെട്ടത്.

കൊലക്ക് ശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഇഷ്ടമില്ലാത്ത ബന്ധം വേണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ നാലുവര്‍ഷത്തിനിടെ 12 പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത്.

2017-ല്‍ മൂന്നും 2019-ല്‍ അഞ്ചും 2020-ല്‍ രണ്ടും 2011-ല്‍ ഇതുവരെ മൂന്നും പെണ്‍കുട്ടികള്‍. ആവര്‍ത്തിക്കുന്ന കൊലപാതക വാര്‍ത്തക ളുടെ ഞെട്ടലിനൊപ്പം എന്തുപറ്റി നമ്മുടെ കൗമാരങ്ങള്‍ക്ക് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രണയവും പ്രണയമനഃശാസ്ത്രവുമൊക്കെ പഠനവിധേയമാക്കണം. പ്രണയിക്കുന്നവരുടെ മനോനില, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശാരീരിക-മാനസിക-വൈകാരിക ഭാവങ്ങള്‍, വ്യക്തിത്വ പ്രശ്‌നങ്ങള്‍ എല്ലാം പഠിക്കേണ്ടിയിരിക്കുന്നു.

സാമൂഹിക- മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും സഹായവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വ്യക്തിത്വ വൈകല്യങ്ങള്‍, സംശയരോഗം പോലെയുള്ള പ്രവണതകളും മദ്യം-മയ ക്കുമരുന്ന് ഉപയോഗവും പക്വതയില്ലായ്മയും മാനസികാരോഗ്യത്തിന്റെ കുറവും ഒക്കെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പിന്നിലുണ്ട്.

സാമൂഹിക വിരുദ്ധ വ്യക്തിത്വം (ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍)ഉള്ള ആളുകളും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. കെട്ടുപിണഞ്ഞ വിവിധ മാനസിക പ്രശ്‌നങ്ങളും വൈകല്യങ്ങളും ഇവരിലുണ്ടാകും. ചെയ്തുപോയ കാര്യത്തില്‍ കുറ്റബോധമോ, ഭാവവ്യത്യാസമോ ഇവരില്‍ മിക്കപ്പോഴും ഉണ്ടാകാറില്ല. ജനിതക കാരണങ്ങള്‍, വളര്‍ന്ന സാഹചര്യങ്ങള്‍ വൈയക്തിക പ്രകൃതം എന്നിവ ഇത്തരക്കാരെ സ്യഷ്ടിച്ചേക്കാം.

കൊല്ലപ്പെടുന്നത് പെണ്‍കുട്ടികളായതിനാല്‍ അവര്‍ സൗഹൃദങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണം. വ്യക്തിയെക്കുറിച്ച് പഠിക്കാതെ സൗഹൃദംപോലും പ്രകടിപ്പിക്കരുത്. സൗഹൃദഭാവങ്ങളില്‍ പക്വത പുലര്‍ത്തണം. പ്രേമമാണെന്ന് തെറ്റിദ്ധരിക്കുംവിധം വാക്കുകളോ ശാരീരിക പ്രകടനങ്ങളോ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രണയിക്കും മുമ്പ് വ്യക്തിത്വങ്ങളെ വിലയിരുത്താന്‍ കഴിയണം. പ്രണയിക്കുന്നതിനിടെ വിലയിരുത്തിയിട്ട് പിന്നെ പിന്മാറാന്‍ തീരുമാനിക്കുമ്പോഴാണ് കത്തിക്കും കത്തിക്കലിനും ഇരയാകുന്നത്.

പ്രണയക്കൊലപാതകങ്ങളിലെല്ലാം പ്രണയാഭ്യര്‍ത്ഥനയും കൊലയും പെട്ടെന്ന് സംഭവിച്ചതല്ല എന്ന് കാണാനാകും. എല്ലാവരും തന്നെ കുറച്ചുകാലം പ്രണയിച്ചിരുന്നവരാണ്. അവസാനത്തെ കൊലയിലും 2 വര്‍ഷമായി അവര്‍ പ്രണയത്തിലായിരുന്നു എന്നാണ് വാര്‍ത്തയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

അദ്യഘട്ടത്തില്‍ പെണ്‍കുട്ടികള്‍ പ്രണയം ആസ്വദിക്കും. വിധേയത്വം കാണിക്കും. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒത്തുപോകാന്‍ കഴിയാത്തയാളാണെന്ന് മനസ്സിലാക്കി പെണ്‍കുട്ടികള്‍ പിന്മാറും. അവഗണിക്കും. അപ്പോഴാണ് പ്രണയം പകയുടെ വഴിതേടുന്നത്.

പ്രണയത്തിന്‍ ഉടമസ്ഥാവകാശം സ്ഥാപിക്കലിന്റെ സൂചന ലഭിച്ചാല്‍ മുന്നോട്ട് പോകരുത്. നിയന്ത്രണം സ്ഥാപിക്കല്‍, തന്റെ ഇഷ്ടത്തിന് മാത്രം പെരുമാറിയാല്‍ മതിയെന്ന വാശിപിടിക്കല്‍, ഫോണ്‍കോള്‍ ലിസ്റ്റ്, മെസേജ് എന്നിവ പരിശോധിക്കല്‍, ഫോണ്‍ എന്‍ഗേജ്ഡ് ആയാല്‍ പൊട്ടിത്തെറിക്കല്‍, അസമയത്ത് വിളിക്കല്‍, കാണാന്‍ നിര്‍ബന്ധിക്കല്‍, നിനക്ക് ഞാനുണ്ടല്ലോ എന്നുപറഞ്ഞ് മറ്റ് ബന്ധങ്ങള്‍ മുറിക്കല്‍, നിനക്കെന്നെ വിശ്വാസമില്ലെ എന്ന് ചോദിച്ച് അരുതാത്ത ബന്ധങ്ങള്‍ക്ക് ക്ഷണിക്കല്‍, വ്യക്തിപരമായ കാര്യങ്ങളിലെല്ലാം കയറി ഇടപെടല്‍, ''നീ പോയാല്‍ ഞാന്‍ ചത്തുകളയും, എന്നെ കൈവിട്ടാല്‍ നിന്നെ കൊല്ലും' എന്നൊക്കെയുള്ള പറച്ചിലുകള്‍, ശരീരത്തില്‍ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയക്കല്‍, ആത്മഹത്യാശ്രമം ഇതെല്ലാം പക്വതയെത്താത്ത പ്രണയ ലക്ഷണങ്ങളാണ്. ഇത്തരക്കാരില്‍ നിന്ന് സമാധാനപൂര്‍ണമായ പ്രണയവും ജീവിതവും അസാധ്യമായിരിക്കും. ആദ്യം മാനസികമായും പിന്നീട് ശാരീരികമായും ആക്രമിക്കപ്പെടാം. ബ്ലാക്ക് മെയിലിംങിന് സാധ്യതയുണ്ടെന്ന് കരുതി വേണം ഇടപെടലുകള്‍.

പ്രണയം ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ശാരീരിക- മാനസിക- വൈകാരിക ഭാവങ്ങളില്‍ അത് വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. പ്രണയം ഒരു ലഹരിപോലെയാണ്. അത് തുടര്‍ന്ന് ലഭിക്കാതെ പോകുമ്പോഴാണ് വ്യക്തി അപകടകരമായ തീരുമാനങ്ങളിലെത്തുന്നത്.

അതുകൊണ്ടുതന്നെ ഒത്തുപോകാന്‍ പറ്റാത്ത ബന്ധങ്ങളില്‍ നിന്ന് പതുക്കെ, സമയമെടുത്ത്, നയപരമായി മാത്രമേ പിന്മാറ്റം നടത്താവൂ. അവരുമായി തര്‍ക്കിക്കുകയോ, അവരെ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. എത്രതന്നെ നിര്‍ബന്ധിച്ചാലും ഒറ്റയ്ക്കുള്ള കൂടിക്കാഴ്ച ഒഴിവാക്കണം. ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. കുറച്ചുനാള്‍ സമ്പര്‍ക്കമില്ലാതിരിക്കു മ്പോള്‍ പതുക്കെ കാര്യങ്ങള്‍ കെട്ടടങ്ങും. നല്ല സൗഹൃദങ്ങളിലൂടെ, നല്ല കൂട്ടായ്മകളിലൂടെ, വായനയിലൂടെ, വിനോദങ്ങളിലൂടെ മാനസികാരോഗ്യം വീണ്ടെടുത്ത് ജീവിതം കരുപ്പിടിപ്പിക്കുക
സൗഹൃദങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക
 

Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025, 
9847034600, 8075789768, E-mail : advcharlypaul@gmail.com

Comments

leave a reply

Related News