Foto

കർഷകർ ഇന്ത്യയുടെ കരുത്തിൻറെ പ്രതീകം! അവരെ തളർത്തരുത്.

കേരളാ കത്തോലിക്കാ മെത്രാൻ സമിതി ഇന്ന് (ജനുവരി 15 ) കർഷകദിനമായി ആചരിക്കുകയാണല്ലോ. കേരളത്തിലെ എല്ലാ കർഷകരെയും ആദരവോടെയും നന്ദിപൂർവ്വവും സ്മരിക്കുന്നു. എല്ലാവർക്കും കർഷക ദിനത്തിൻറെ   ആശംസകൾ   നേരുന്നു.

ഇന്ത്യൻ കരുത്തിൻറെ പ്രതീകമെന്ന പോലെ കഴിഞ്ഞ അൻപത് ദിനങ്ങളായിട്ട് ഭാരത തലസ്ഥാനത്തുനിന്നും ഓരോ ഇന്ത്യക്കാരൻറെയും സിരകളിൽ സമരാവേശം പടർത്തികൊണ്ടിരിക്കുന്ന കർഷകരുടെ ഇച്ഛാശക്തിയെ കുറച്ചു കാണാതിരിക്കാൻ ഭരണകർത്താക്കൾ ശ്രദ്ധാലുക്കളാകണം. മഞ്ഞും മഴയും തളർത്താത്ത സമരവീര്യത്തിൻറെ വർത്തമാനകാല പ്രതീകമാണവർ. എന്നും രാജ്യത്തിൻറെ പശിയകറ്റാൻ പ്രതികൂല കാലാവസ്ഥകളോട് പടപൊരുതുന്ന കർഷകർക്ക്, ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ തടസമല്ല സൃഷ്ടിക്കുന്നത് മറിച്ച് ആവേശമാണ്.

സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കുകയെന്ന അവരുടെ ആവശ്യത്തോട് പ്രതിപക്ഷപാർട്ടികൾ പ്രത്യക്ഷഅനുഭാവം പുലർത്താത്തതും, അവർക്കു വേണ്ടി സർക്കാരിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്താത്തതും നിർഭാഗ്യകരമാണ്.

സമരത്തിന് നേതൃത്വം കൊടുക്കുന്ന കർഷകസംഘടനകളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ വിഫലമായത് സമരം അവരുടെ നിലനിൽപ്പിൻറെതും രാജ്യരക്ഷയുടെതുമാണെന്ന് അവർ കരുതുന്നതുകൊണ്ടാണ്. നിലനിൽപ്പിനു വേണ്ടി ഒരു സമൂഹം പടപൊരുതുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയശൈലികൾ നിഷ്പ്രഭമായി പോകും എന്ന് കർഷകർ തെളിയിക്കുന്നു.

അൻപതു ദിനങ്ങൾ പിന്നിട്ടിട്ടും, സമരഭടന്മാർ ആയിരങ്ങളിൽ നിന്നു ലക്ഷങ്ങളായി ഉയർന്നിട്ടും ജനാധിപത്യത്തെ അതിരറ്റു വിലമതിക്കുന്ന ഒരു രാജ്യത്തിലെ ഭരണകർത്താക്കൾ സമരത്തോട് കാണിക്കുന്ന നിസംഗതക്ക് വലിയ വില നൽകേണ്ടി വന്നേക്കാം.

പരമോന്നത നീതിപീഠം രൂപീകരിച്ച പ്രത്യക സമിതിയിൽ നിന്നും ഒരംഗം രാജിവച്ചൊഴിഞ്ഞതുതന്നെ സമിതിയുടെ വിശ്വാസ്യത പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടതു കൊണ്ടാണെന്ന വാദവും നിലനില്ക്കുന്നു. ഇന്നുവരെ കർഷകർ ഇപ്രകാരമുള്ള ഒരു സമരത്തിനും മുന്നോട്ടു വന്നിട്ടില്ലായെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കർഷകരുടെ സമരം മൂലം കാർഷികരംഗത്തെ കുറിച്ച് രാജ്യവ്യാപകമായി ചർച്ച ചെയ്യാൻ ഇടയായിയെന്നതും വളരെ പ്രസക്തമാണ്.

അന്നം തരുന്ന കർഷകരുടെ അന്നം മുട്ടിക്കരുത്. അവരുടെ ഇച്ഛാശക്തിയെയും മനോവീര്യത്തെയും കുറച്ചു കാണരുത്. സാധാരണരാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ കാണുന്നപോലെ പൊതുമുതൽ നശിപ്പിച്ചുകൊണ്ടല്ല അവർ സമരം ചെയ്യുന്നത്. തകർക്കാനോ തളർത്താനോ സാധിക്കാത്ത വിധം, പ്രതികൂല സാഹചര്യങ്ങളിൽ പ്രതീക്ഷയുടെ വിത്തുകൾ വിതയ്ക്കുന്നവർ, സമരത്തിലും തങ്ങളുടെ യഥാർത്ഥ മനോവീര്യമാണ് ഉയർത്തി പിടിക്കുന്നത്.

സർക്കാർ നടത്തുന്ന ചർച്ചകളും, പരമോന്നത നീതിപീഠം രൂപീകരിച്ച സമിതി നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകളും കർഷകരുടെ ന്യായമായ ആവശ്യങ്ങളോടുള്ള ക്രിയാത്മകവും സൃഷ്ടിപരവുമായ പ്രത്യുത്തരമായി ഭവിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു.

ഭൂമിയുടെ ആർദ്രത നിലനിർത്തുന്നതും, ഭൂമിയുടെ സിരകൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതുമായ തണ്ണീർതടങ്ങളെ നഗരവത്കരിച്ചവർ തരിശുനിലങ്ങളെ പൊന്നു വിളയുന്ന ഇടങ്ങളാക്കിയ കർഷകരെ പരിസ്ഥിതി ഭജ്ഞകർ എന്നു വിളിക്കുന്ന വിരോധാഭാസമാണ് കുറെ നാളുകളായി കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.

കർഷകരുടെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുകയും, പാരിസ്ഥിതികപ്രശ്നങ്ങൾ ഉയർത്തി കാട്ടി അവരെ നിശബ്ദരാക്കുകയും ചെയ്യുന്ന സർക്കാരും പരിസ്ഥിതിവാദക്കാരും, പക്ഷെ തങ്ങൾ അധിവസിക്കുന്ന നഗരങ്ങൾ ഒരിക്കൽ കൃഷിയിടങ്ങളോ തണ്ണീർതടങ്ങളോ ആയിരുന്നുവെന്ന വസ്തുത സൗകര്യപൂർവ്വം മറക്കുകയാണ്. ഇന്നും നഗരങ്ങളെ മഹാനഗരങ്ങളാക്കുന്നതിന് കായലും പുഴകളും കുളങ്ങളുമെല്ലാം തരം പോലെ നികത്തി കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കുന്നത് നാം കാണുന്നുണ്ട്. ആരാണ് പരിസ്ഥിതി ഘാതകർ  എന്ന് കണ്ണുള്ളവർ കാണട്ടെ.

വിളകൾക്ക് താങ്ങുവില നിശ്ചയിച്ചും അവ സൂക്ഷിക്കാനാവശ്യമായ സംവിധാനങ്ങൽ ഒരുക്കിയും വില്പനാസൗകര്യങ്ങൾ സൃഷ്ടിച്ചും  കർഷകർക്ക് അവർ അർഹിക്കുന്ന പരിഗണന നൽകികൊണ്ട് അവരുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം.

ഗിഫ്റ്റ് സിറ്റി എന്ന ബൃഹത്പദ്ധതി എറണാകുളം ജില്ലയിൽ കൊണ്ടുവരാൻ ഉദ്യമിക്കുന്ന സർക്കാർ അയ്യമ്പുഴ പഞ്ചായത്തിലെ റിസർവ്വെ 19-ാം ബ്ലോക്കിൽ പെട്ട 220 ഹെക്ടർ കൃഷിഭൂമിയാണ് അതിനായി കണ്ടെത്തിട്ടുള്ളത്. അഞ്ച് വ്യവസായിക ഇടനാഴികൾ എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി ഗിഫ്റ്റ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനു വേണ്ടി ഇരുന്നൂറ്റിഎൺപതോളം കൃഷിക്കാരും സ്ഥിരതാമസക്കാരുമയവരെ കുടിയൊഴിപ്പിച്ച് അവരുടെ കൃഷിഭൂമി തന്നെ കണ്ടെത്തുന്നത് കർഷക ദ്രോഹമല്ലേ. കർഷകരെയും കൃഷിഭൂമിയെയും ഒഴിവാക്കി കൊണ്ട് ഇത്തരം പദ്ധതികൾക്ക്  സ്ഥലം  കണ്ടെത്തുകയാണ് വേണ്ടത്. സാധിക്കുന്നത്ര കുടിയൊഴിപ്പിക്കലുകൾ ഇല്ലാതെ തന്നെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുകയാണ് ഉത്തമം.

കാടിനെയും കാട്ടുമൃഗങ്ങളെയും വളരെ ഗൗരവമായി സർക്കാർ സംരക്ഷിക്കുന്നുണ്ട്. കാട്ടുമൃഗങ്ങളെ കൊല്ലു ന്നത് കഠിന ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതിനാൽ തന്നെ കാട്ടുമൃഗങ്ങളുടെ സംഖ്യ അനവധിയായി പെരുകിയിട്ടുണ്ട്ആന, പന്നി, കടുവ, കാട്ടുപോത്ത് ഇത്യാദി മൃഗങ്ങളുടെ എണ്ണം മുമ്പത്തേക്കാൾ വളരെയേറെ കൂടിയിട്ടുണ്ട്.

മൃഗങ്ങൾക്കു വനമെന്നാൽ കൃഷിസ്ഥലം കൂടി ചേർന്ന പ്രദേശമായി മാറിവനപ്രദേശത്തുള്ള ഗ്രാമങ്ങളിൽ മാത്രമല്ല ജനനിബിഡമായ പട്ടണങ്ങളിൽ പോലും ഇത്തരം വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്ന ഇടങ്ങളായി മാറിക്കഴിഞ്ഞു എന്നത് അവസ്ഥയുടെ കാഠിന്യത്തെ കാണിക്കുന്നു.

യാഥാർഥ്യം ഇതായിരിക്കെ നമ്മുടെ വനപാലകർ കാടിനെ സംരക്ഷിക്കാൻ കാണിക്കുന്ന  തീഷ്ണത കർഷകൻറെ  അദ്ധ്വാനത്തിനും ജീവനും ഉപരിയായി മാറുമ്പോൾ കർഷകരും വനപാലകരും തമ്മിൽ പലയിടത്തും സംഘർഷങ്ങൾ  ഉണ്ടാകുന്നതായി  നാം കാണാറുണ്ട്. കൃഷിക്കാർ വയ്ക്കുന്ന കെണികളിൽ     കാട്ടു മൃഗങ്ങൾ കുടുങ്ങി അപകടം പറ്റിയാൽ കർഷകനെതിരെ  വളരെ ശക്തമായ നിയമനടപടികളുമായി വനപാലകർ നീങ്ങുന്ന കാഴ്ചയാണ് കേരളമെങ്ങും കാണാൻ സാധിക്കുന്നത്.

മുൻപെങ്ങും ഇല്ലാത്തവിധം അനീതിപരമായാണ് കർഷകൻ പരിഗണിക്കപ്പെടുന്നത്.   വനപാലകരുടെ അശ്രദ്ധ കാരണം കർഷകരുടെജീവനുകൾ പൊഴിയുന്നതും നമ്മൾ കണ്ടു.

സാഹചര്യങ്ങളെ കണക്കിലെടുത്തു കർഷകന് പരിഗണന കിട്ടത്തക്ക രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. കർഷകൻറെ  അദ്ധ്വാനത്തെയും സ്വപ്നങ്ങളെയും നീതിയുക്തമായി  പരിഗണിച്ച്  അവരുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ ഉറപ്പു വരുത്തേണ്ടതാണ്.


ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി

ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./

ഡയറക്ടർ, പി..സി.

 

Comments

leave a reply