വിജയത്തിന്റെ പൂവിതളുകൾ വാരിവിതറിയ
ഇന്ത്യയുടെ 2021 ലെ കളിക്കളം
വലിയ നേട്ടങ്ങളുടെ ഒരു കായിക വർഷമാണ് കടന്നുപോയത്. ലോകം മുഴുവൻ കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങൾ കായിക ലോകത്തെയും പിടിച്ചുലച്ചു. 2020 ൽ കോവിഡ് ഭീതി കാരണം ടോക്കിയോ ഒളിംപിക്‌സ് തന്നെ മാറ്റി വയ്ക്കപ്പെട്ടു. അതുപോലെ തന്നെ രാജ്യാന്തര മൽസരങ്ങൾ മുതൽ, വലിയ ടൂർണമെന്റുകൾ മാത്രമല്ല ദേശീയ, പ്രാദേശിക മൽസരങ്ങൾ പോലും ആ വർഷം നടക്കാതെ പോയി. ഒടുവിൽ ബയോ ബബിളിൽ കഴിയുന്ന കായിക താരങ്ങളെയും, കാണികളില്ലാത്ത മൽസരങ്ങളേയും കായിക പ്രേമികൾക്ക് കാണേണ്ടിവന്നു. സ്വന്തം ഗ്രാമങ്ങളിൽ പോലും ചെറിയ മൽസരങ്ങൾക്കുപോലും കളിക്കാനോ, കളി വീക്ഷിക്കുവനോ ആളില്ലാതെ പോയി. ഇത്തരമൊരു മരവിപ്പിൽ നിന്നും, മുരടിപ്പിൽ നിന്നും കായിക ലോക- തിരിച്ചു വരവിന്റെ പാതയിലായിരുന്നു പോയ വർഷം. ഒളിംപിക്‌സ് തന്നെ ഒരു വശത്തു നിന്നും എതിർപ്പുണ്ടായിട്ടും ധൈര്യമായി നടത്തുവാൻ അന്താരാഷ്ട്ര ഒളിപിംക് കമ്മിറ്റിയും, ജപ്പാനും കാണിച്ച ചങ്കൂറ്റം മെല്ലെ കായിക രംഗത്ത് തിരിച്ചുവരവിന് ആക്കം കൂട്ടുക തന്നെ ചെയ്തു. ഒളിംപിക്‌സിനൊപ്പം, യൂറോ കപ്പും, കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റുകളും, ക്രിക്കറ്റിലേയും, ടെന്നീസിലേയും, കാറോട്ട മൽസരങ്ങളിലേയും പ്രധാനപ്പെട്ട കായിക മേളകളും വിജയകരമായി നടത്തപ്പെട്ടു. ഫുട്‌ബോളിലെ ക്ലബ്ബ് പോരാട്ടങ്ങളും, ബാസ്‌കറ്റ് ബോളിലെ എൽ.ബി.എ മൽസരങ്ങളും വലിയ ആവേശത്തോടെയാണ് കായിക പ്രേമികൾ വീക്ഷിച്ചത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കായികരംഗത്ത് 2021 വലിയ നേട്ടങ്ങളുടെ ഒരു വർഷമായിരുന്നു. 125 വർഷത്തെ ആദ്യമായി ട്രാക്ക് ആന്റ്ഫീൽഡ് വിഭാഗത്തിൽ ഒരു മെഡൽ. അതൊരു സ്വർണ്ണമെഡൽ കൂടിയായി. ഹരിയാനയിൽ നിന്നുള്ള നീരജ്‌ചോപ്രയെന്ന 23 കാരൻ 87.58 മീൽ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞപ്പോൾ 130 കോടി ജനങ്ങൾക്ക് മഹാമാരിയുടെ നടുവിൽ എല്ലാം മറന്ന് ആഹ്ലാദിക്കുവാനും, അഭിമാനിക്കുവാനും ആ നേട്ടം അവസരമൊരുക്കി. 2008 ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രക്കു മാത്രമാണ് വ്യക്തിഗത ഇനത്തിൽ ഒരു ഒളിംപിക് സ്വർണ്ണം മാറിലണിയുവാൻ കഴിഞ്ഞിട്ടുള്ളത്.
സിന്ധുവും പി ആർ ശ്രീജേഷും
ബാഡ്മിന്റണിൽ, അഞ്ചുവർഷം മുൻപ് റിയോ ഒളിംപിക്‌സിൽ (2016) നേടിയ വെള്ളി മെഡലിനൊപ്പം ടോക്കിയോവിൽ വെങ്കല നേട്ടത്തോടെ തുടർച്ചയായി രണ്ട് വിശ്വകായിക മേളകളിൽ മെഡൽ തിളക്കവുമായി മുൻലോക ചാമ്പ്യൻ കൂടിയായ പി.വി. സിന്ധു യുവജനങ്ങൾക്ക് ആവേശം പകർന്നു. 1980 ൽ സോവിയറ്റ് യൂണിയനിൽ നടന്ന അവസാന ഒളിംപിക്‌സിൽ സ്വർണ്ണം നേടിയ ഇന്ത്യ നാൽപത്തി ഒന്ന് വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ വിജയപീഠത്തിൽ കയറിയത് വെങ്കല നേട്ടമായിരുന്നുവെങ്കിലും സ്വർണ്ണ തിളക്കമുണ്ടായിരുന്നു. നാലുപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ഹോക്കിയെ നിർണ്ണായക മൽസരത്തിൽ വിജയത്തിലെത്തിച്ച പി.ആർ. ശ്രീജേഷ് ഗോൾ കീപ്പിങ്ങിലെ മികവും, ടീമിനോടുള്ള മഹത്തായ അർപ്പണ ബോധത്തിലൂടെയും കായിക ലോകത്തിനൊപ്പം മലയാളക്കരയുടെ യശസ്സുയർത്തി. കേരളത്തിൽ നാളിതുവരെ വലിയ പ്രചാരം ലഭിക്കാത്ത ഒരു കായിക ഇനമായ ഹോക്കിയിൽ ശ്രീജേഷിന്റെ നേട്ടം പ്രത്യേക പ്രശംസ പിടിച്ചു പറ്റിയതിൽ അത്ഭുതപ്പെടാനില്ല. പുരുഷ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ പോരാട്ടത്തിൽ 3-4ന് ബ്രിട്ടനോട് പരാജയപ്പെട്ടെങ്കിലും വനിത ടീം തലയുയർത്തിക്കൊണ്ടാണ് ടോക്കിയോവിൽ നിന്നും മടങ്ങിയത്. 2016 റിയോ ഗെയിംസിൽ 12 ടീമുകളിൽ അവസാന സ്ഥാനത്തായിരുന്ന ഇന്ത്യൻ വനിത ടീം. 2021 ടോക്കിയോവിൽ ക്വാർട്ടർ ഫൈനലിൽ മൂന്നു തവണ ഒളിംപിക് ചാമ്പ്യന്മാരായിരുന്ന ഓസ്‌ട്രേലിയയെ തകർത്താണ് ഇന്ത്യയുടെ പെൺകുട്ടികൾ സെമിഫൈനലിലെത്തിയത്. സ്വപ്നസമാനമായ നേട്ടങ്ങളാണ് അവർ കൈവരിച്ചത്.
ഒളിംപിക്സിൽ ഇന്ത്യ തിളങ്ങി
ഭാരോദ്വഹനത്തിൽ മിരാബായ് ചാനുവും, ഗുസ്തിയിൽ രവികുമാർ ദഹിയയും വെള്ളി മെഡലുകളോടെ ഇന്ത്യയുടെ അഭിമാനമുയർത്തി. വനിത ബോക്‌സിങ്ങിൽ ലോവ്‌ലീന ബോർഗോ ഹെയിനും, ഗുസ്തിയിൽ ബജ്രംഗ് പൂനിയയും വെങ്കല മെഡലുകൾ പൊരുതി നേടുകയായിരുന്നു. ഒളിംപിക്സിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനമാണ് ടോക്കിയോവിൽ കണ്ടത്. ഒരു സ്വർണ്ണവും, രണ്ട് വെള്ളിയും, നാലു വെങ്കലവുമടക്കം ഏഴു മെഡലുകൾ. ഒളിംപിക് ചരിത്രത്തിൽ നാളിതു വരെ പത്ത് സ്വർണ്ണവും, ഒമ്പതു വെള്ളിയും, പതിനാറു വെങ്കലവുമാണ് ഇന്ത്യയുടെ ബാലൻസ് ഷീറ്റിലുള്ളത്.
പാരാലിമ്പിക്‌സിലെ വിജയങ്ങൾ
ഭിന്നശേഷിക്കാർക്കുള്ള പാരാലിമ്പിക്‌സിലെ പത്തൊൻപതു മെഡലുകളോടെ ഇന്ത്യ വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയത്. അഞ്ച് സ്വർണ്ണവും, എട്ടു വെള്ളിയും, ആറ് വെങ്കലവുമായിട്ടാണ് ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൂടെ ടോക്കിയോവിൽ നിന്നും മടങ്ങിയത്. അത്‌ലറ്റിക്‌സിൽ, ജാവലിനിൽ സുമിത് ആർറിലിന്റെ റിക്കാർഡ് നേട്ടവും, ഷൂട്ടിങ്ങിൽ അവനി ലേഖ്‌റയുടെ ഡബിളും എടുത്തു പറയേണ്ടിയിരിക്കുന്നു. ഷൂട്ടിങ്ങിൽ മനീഷ് നർവാൾ സ്വർണ്ണം നേടിയപ്പോൾ ബാഡ്മിന്റണിൽ പ്രമോദ് ഭഗതും, കൃഷ്ണ നാഗറും ഇന്ത്യയുടെ സ്വർണ്ണമെഡൽ പട്ടികയിൽ ഇടം പിടിച്ചു.
ക്രിക്കറ്റിലും ഇന്ത്യ കിരീടമണിഞ്ഞു
ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ അവരുടെ മണ്ണിൽ 2-1 ന് പരമ്പര ജയിക്കുവാൻ കഴിഞ്ഞത് നേട്ടം തന്നെയാണ്. ഇംഗ്ലണ്ടിനെതിരെ കോവിഡ് മഹാമാരി കാരണം പൂർത്തികരിക്കുവാൻ കഴിയാതെപോയ ടെസ്റ്റ് പരമ്പരയിൽ 2-1 ന് ലീഡു നേടുവാൻ കഴിഞ്ഞു. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കെയിൻ വില്യംസണിന്റെ ന്യൂസിലന്റിനോട് വിജയിക്കുവാൻ വിരാട് കോലിയുടെ സംഘത്തിന് കഴിഞ്ഞില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ ആഫ്രിക്കക്കെതിരെ സെഞ്ചുറിയിൽ ആദ്യ ടെസ്റ്റിലെ വിജയം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മറ്റൊരു നേട്ടം തന്നെ. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു പരമ്പര ജയിക്കുവാൻ കോലിയുടെ ടീമിന്റെ പടയോട്ടത്തിൽ നാളിതുവരെ കഴിഞ്ഞിട്ടില്ല.
വനിതാ ക്രിക്കറ്റിൽ ഇന്ത്യ വലിയൊരു മുന്നേറ്റമാണ് രാജ്യാന്തര തലത്തിൽ നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ പ്രഥമ പിങ്ക് ബോൾ ടെസ്റ്റിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി കുറിച്ച സ്മൃതി മന്ദാനയുടെ മികച്ച പ്രകടനം ക്രിക്കറ്റ് പതിനായിരം റൺസിന്റെ കടമ്പ കടന്ന ആദ്യ കളിക്കാരിയാക്കുക വഴി ഇന്ത്യയുടെ ടെസ്റ്റ് നായിക മിതാലി രാജ് പ്രായത്തെ വെല്ലുന്ന പ്രകടനമാണ് വനിതാ ക്രിക്കറ്റിൽ നടത്തുന്നത്. മിതാലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ വനിത ക്രിക്കറ്റിൽ ഇന്ത്യ ലോകത്തിലെ മികച്ച ഒരു ടീമായി മാറിയിരിക്കുന്നു.
ശ്രീകാന്തും തന്റെ മുൻകാല ഒന്നാം റാങ്കും
ലോക ബാഡ്മിന്റണിൽ 28 കാരനായ കെ. ശ്രീകാന്തും തന്റെ മുൻകാല ഒന്നാം റാങ്കിനോട് ഈ വർഷം നീതി പുലർത്തുന്നു. ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനമേ ശ്രീകാന്തിന് ലഭിച്ചിട്ടുള്ളുവെങ്കിലും വരുന്ന ദിനങ്ങളിൽ അർഹതപ്പെട്ട വലിയ സ്ഥാനം ഈ ആന്ധ്ര പ്രദേശത്തുകാരന് കൈവരിക്കുവാൻ കഴിയും. സെമിഫൈനലിൽ ശ്രീകാന്തിനോട് പരാജയപ്പെട്ട ഇരുപതുകാരനായ ഇന്ത്യയുടെ ലക്ഷ്യ സെൻ ബാഡ്മിന്റണിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
ലോക അണ്ടർ 20 ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടിക്കൊണ്ട് ലോങ്ങ് ജംപിൽ 17 കാരിയായ ഷയിലി സിങ്ങ് അത്‌ലറ്റിക്‌സിൽ പ്രതീക്ഷകൾ നൽകുന്ന ഒരു കൗമാര താരമാണ്.
ദുബായിൽ വെള്ളിയാഴ്ച അണ്ടർ 19 ഏഷ്യ കപ്പിൽ ശ്രീലങ്കക്കെതിരെ ഒമ്പതു വിക്കറ്റ് വിജയത്തിലൂടെ ഇന്ത്യൻ ചുണക്കുട്ടന്മാർ എട്ടാമത്തെ വിജയമാണ് കൈവരിച്ചിരിക്കുന്നത്.
ചെസ്സിൽ ഇക്കഴിഞ്ഞ വർഷം ആറ് പുതിയ ഗ്രാൻഡ് മാസ്റ്റർ മാരിലൂടെ ഇന്ത്യയ്ക്കു നാളിതുവരെ 72 ഗ്രാൻഡ് മാസ്റ്റർമാരായി.
പിന്നിട്ട വർഷത്തെ പ്രകടനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ 2022 ൽ രാജ്യത്തിന് കായിക രംഗത്ത് കൂടുതൽ ഉയരങ്ങളിലെത്തുവാൻ പ്രതിജ്ഞാബദ്ധരായ ഒരു യുവ നിരയുള്ളത് ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്നു. യുവജനങ്ങൾ അവരുടെ സ്വപ്നങ്ങളും, ചുമതലകളും യാഥാർഥ്യമാക്കിയാൽ 2022 കൂടുതൽ നേട്ടങ്ങളുടെ മറ്റൊരു വർഷമാകുമെന്ന് തീർച്ച.
എൻ .എസ് . വിജയകുമാർ
Comments