Foto

കീം - 2021 അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കീം - 2021  അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശൂര്‍


മുഖ്യമായും എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കുള്ള പ്രവേശനത്തിനാണ് കീം 2021 എങ്കിലും, മറ്റു ചില കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനും കീം ബാധകമാണ്.കീം പ്രവേശന പ്രക്രിയയില്‍ എന്‍ജിനിയറിങ്ങിന് പ്രത്യേക പ്രവേശനപരീക്ഷ നടത്തുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പ്രവേശനപരീക്ഷയുടെ മാര്‍ക്കിനോടൊപ്പം പ്ലസ് ടു രണ്ടാം വര്‍ഷ പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിലെ മാര്‍ക്കു കൂടി പരിഗണിച്ചാണ്. അതായത്, എഞ്ചിനീയറിംഗ് റാങ്ക് നിര്‍ണയത്തില്‍ പ്രവേശനപരീക്ഷയുടെ മാര്‍ക്കിന് 50% വെയ്‌റ്റേജും പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷയില്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയുടെ സമീകരിച്ച മാര്‍ക്കുകള്‍ കൂട്ടുമ്പോള്‍ കിട്ടുന്ന മാര്‍ക്കിന് 50% വെയ്‌റ്റേജും. ഈ രണ്ടു ഘടകങ്ങളും 300ല്‍ കണക്കാക്കി മൊത്തം 600ല്‍ ഉള്ള മാര്‍ക്ക് പരിഗണിച്ചാണ് സംസ്ഥാന എന്‍ജിനിയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് റാങ്കിങ്ങിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കുമോ എന്ന കാര്യത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതു കൊണ്ട് തന്നെ വരാനിരിക്കുന്ന  പ്രവേശനപരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഓരോന്നിലും പരമാവധി മാര്‍ക്കു വാങ്ങിയാല്‍  എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ മുന്‍തൂക്കം ലഭിക്കാനിടയുണ്ട്. പ്രവേശന പരീക്ഷയില്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്കു ലഭിക്കുകയെന്നതും റാങ്ക് ലിസ്റ്റില്‍ ഇടം കിട്ടാനുള്ള അനിവാര്യതയാണ്.

അലോട്ട്‌മെന്റില്‍ പ്രാമുഖ്യമുള്ള കോളേജുകള്‍:

സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും അണ്‍ ഏയ്ഡഡ് മേഖലയിലും കോളേജുകളുണ്ടെങ്കിലും, വിദ്യാര്‍ത്ഥികള്‍ക്കു പ്രിയം കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ കോളേജുകളോടു തന്നെയാണ്. മികച്ച ഭൗതിക സാഹചര്യങ്ങളും മികച്ച അധ്യാപകരും ലബോറട്ടറി സൗകര്യങ്ങള്‍ക്കൊപ്പം, കോഴ്‌സു പൂര്‍ത്തികരിച്ചാല്‍ ലഭ്യമാകുന്ന പ്ലേസ്‌മെന്റും ആകര്‍ഷണ ഘടകക്കളാണ്. നമ്മുടെ എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ മുന്നിലെത്തുന്നവര്‍ പൊതുവേ കൂടുതല്‍ താത്പര്യം കാട്ടുന്ന കോളേജ് തിരുവനന്തപുരം ശ്രീകാര്യം കോളേജ് ഓഫ് എന്‍ജിനിയറിങ് ആണ്. അവിടെ ഏഴ് എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍ ഉണ്ട്. വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പിന്റെ  കാര്യത്തില്‍ രണ്ടാംസ്ഥാനം, തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിനും മൂന്നാംസ്ഥാനത്ത് കൊല്ലത്തെ ടി.കെ.എം. എന്‍ജിനിയറിങ് കോളേജുമാണ് വന്നത്. ബ്രാഞ്ചിനനുസരിച്ച് ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുക സ്വാഭാവികമെങ്കിലും, വലിയ വ്യത്യാസം ഈ വര്‍ഷവും ഇക്കാര്യത്തില്‍ വരാനിടയില്ല. വിദ്യാര്‍ഥികള്‍ ഏറ്റവുമധികം താത്പര്യം കാട്ടിയ ബ്രാഞ്ചുകളും കോളേജുകളും ഏതെന്ന് കഴിഞ്ഞ വര്‍ഷത്തെ അലോട്ട്‌മെന്റുകളുടെ റാങ്ക് പട്ടിക പരിശോധിച്ചാല്‍ നമുക്കു വ്യക്തമാകും.  

നീറ്റും കീമും തമ്മിലുള്ള ബന്ധം

നീറ്റിന് അപേക്ഷിക്കണോ വേണ്ടയോ എന്നത് അവരവരുടെ കീം അപേക്ഷയില്‍ തിരഞ്ഞെടുത്ത സ്ട്രീം/സ്ട്രീമുകള്‍ അനുസരിച്ചിരിക്കും. മെഡിക്കല്‍ ആന്‍ഡ് അലൈഡ് സ്ട്രീം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, നീറ്റ് അഭിമുഖീകരിച്ചാല്‍ മാത്രമേ കേരളത്തിലെ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് റാങ്കിങ്ങിനായി യോഗ്യതയ്ക്കു വിധേയമായി പരിഗണിക്കൂ.എന്‍ജിനിയറിങ് മാത്രമാണ് അപേക്ഷിച്ചതെങ്കില്‍ കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശനത്തിനായി നീറ്റിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. കേരളത്തില്‍ മെഡിക്കല്‍ ആന്‍ഡ് അലൈഡ് സ്ട്രീം തിരഞ്ഞെടുക്കാത്തവര്‍ക്കും യോഗ്യതയ്ക്കു വിധേയമായി നീറ്റ് യു.ജി. അഭിമുഖീകരിക്കുന്നതിന് തടസ്സമില്ല.

Comments

leave a reply

Related News