Foto

നഴ്സിങ് - പാരാമെഡിക്കല്‍  പഠനം; അവശ്യം അറിയേണ്ടതെല്ലാം 


നഴ്സിങ് - പാരാമെഡിക്കല്‍  പഠനം; അവശ്യം അറിയേണ്ടതെല്ലാം 

ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ ആതുരസേവന രംഗത്ത് തനതു മുദ്രപതിപ്പിച്ചവരാണ് മലയാളികള്‍. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ നാടുകളിലും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മലയാളി നഴ്‌സുമാര്‍ക്കായി പ്രത്യേക ഇന്റര്‍വ്യൂ പോലും സംഘടിപ്പിക്കാറുണ്ട്. ആതുരസേവന രംഗത്ത് താല്‍പ്പര്യമുള്ളവര്‍ക്ക്, പ്രത്യേകിച്ച് സാധാരണ കുടുംബങ്ങളിലുള്ളവര്‍ക്ക്, പെട്ടന്ന് ജോലി കിട്ടുന്നതിനുള്ള വലിയൊരു സാധ്യത കൂടിയാണ് നഴ്‌സിംഗ്. മെഡിക്കല്‍ രംഗത്തെ അനുബന്ധകോഴ്‌സുകള്‍ അനവധിയുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ജോലി സാധ്യത, നഴ്‌സിംഗിനു തന്നെയാണ്.  
നിലവില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ഒഴിവുകളാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിലും  വിവിധ സംസ്ഥാനസര്‍ക്കാര്‍ ആശുപത്രികളിലുമായി വരുന്നത്.ഇതോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ്,വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍.ഡോക്ടര്‍മാര്‍ക്കുള്ളതില്‍ കൂടുതല്‍ അവസരങ്ങള്‍ നഴ്‌സുമാര്‍ക്ക് യൂറോപ്പും ഗള്‍ഫുമടക്കമുള്ള വിദേശ രാജ്യങ്ങളിലുണ്ടെന്നത് യാഥാര്‍ത്ഥ്യവുമാണ്.അവരവരുടെ പഠന താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്, ബി.എസ്.സി., ജി.എന്‍.എം., എ.എന്‍.എം. എന്നീ വ്യത്യസ്ത മേഖലകള്‍ നഴ്‌സിംഗ് രംഗത്തുണ്ട്.ഇതില്‍ ബി.എസ്.സി. നഴ്‌സിംഗിലേയ്ക്കും വിവിധ പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേയ്ക്കും, ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആതുരശുശ്രൂഷാ രംഗത്ത്, നഴ്‌സിംഗിനൊപ്പം തന്നെ പ്രാമുഖ്യമുള്ളതാണ് വിവിധ പാരാമെഡിക്കല്‍ ബിരുദങ്ങളും. ഒക്യുപേക്ഷണല്‍ തെറാപ്പി, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി തുടങ്ങി വിദേശ രാജ്യങ്ങളില്‍ വലിയ ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ കൂടി, പാരാമെഡിക്കല്‍ വിഭാഗങ്ങളിലുണ്ട്.

അപേക്ഷായോഗ്യത :

അപേക്ഷാര്‍ഥി പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്, 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവരായിരിക്കണം. ബയോളജി സയന്‍സുകാര്‍ക്കല്ലാതെ മറ്റു കോമ്പിനേഷനുകളില്‍ പ്ലസ്ടു പൂര്‍ത്തീകരിച്ചവര്‍ക്ക്, കേരളത്തില്‍ പഠിയ്ക്കാന്‍ നിലവില്‍ അവസരമില്ല.എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ അവര്‍ക്കു പ്രവേശനത്തിനു സാധ്യതയുണ്ട്.യോഗ്യതാപരീക്ഷയുടെ അന്തിമവര്‍ഷ പരീക്ഷയില്‍ (പ്ലസ് ടു ) ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കു ലഭിക്കുന്ന മൊത്തം ഇന്‍ഡക്‌സ് മാര്‍ക്ക് (പ്രോസ്പെക്ടസ് വ്യവസ്ഥപ്രകാരം ഓരോ വിഷയത്തിന്റെയും നോര്‍മലൈസ് ചെയ്ത മാര്‍ക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുക.

അപേക്ഷാര്‍ത്ഥിക്ക്  നഴ്‌സിംഗ് പ്രവേശനം നടക്കുന്ന അക്കാദമിക വര്‍ഷത്തിനു മുന്‍പുള്ള ഡിസംബര്‍ 31-ന്, 17 വയസ്സ് പൂര്‍ത്തീകരിച്ചിരിക്കണം.എന്നാല്‍ ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് പ്രത്യേക നിഷ്‌ക്കര്‍ഷയില്ല.

കഴിഞ്ഞ വര്‍ഷത്തെ താരതമ്യം :-

പ്രവേശനത്തിന് എത്രമാര്‍ക്ക് പ്ലസ് ടു തലത്തില്‍ വേണ്ടിവരുമെന്ന് മുന്‍കൂട്ടിപറയാന്‍ സാധ്യമല്ല. അതായത് ഇത്ര ശതമാനം മാര്‍ക്കുണ്ടായാല്‍ അസ്മിഷനുറപ്പാണ്, എന്നൊന്നും സ്ഥിരീകരിക്കാനാവില്ല. കാരണം വിദ്യാര്‍ത്ഥികളുടെ ഒരു നിശ്ചിത വര്‍ഷത്തെ മാര്‍ക്കുതോത്, മുന്‍വര്‍ഷങ്ങളിലെ മാര്‍ക്കു തോതില്‍നിന്ന് വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരുവര്‍ഷം ഒരു ഇന്‍ഡക്‌സ് മാര്‍ക്കിന് ലഭിക്കുന്ന റാങ്ക് അടുത്ത വര്‍ഷവും അതേ ഇന്‍ഡക്‌സ് മാര്‍ക്കിന് ആവര്‍ത്തിക്കണമെന്നില്ല. മാര്‍ക്കിന്റേയും റാങ്കുകളുടെയും അടിസ്ഥാനത്തില്‍ സാധ്യതകള്‍ വിലയിരുത്തുന്നതില്‍ പരിമിതികള്‍ പരിമിതികള്‍ ഉണ്ടെന്നു ചുരുക്കം.

സ്വാശ്രയ മാനേജുമെന്റ് ക്വോട്ട പ്രവേശനം

കേരളത്തിലെ സ്വാശ്രയ നഴ്‌സിംഗ്‌കോളേജുകളിലെ മാനേജുമെന്റ് ക്വോട്ടയിലേയ്ക്കുള്ള പ്രവേശനത്തിന് അതാതു മാനേജുമെന്റുകളുമായി ബന്ധപ്പെടേണ്ടതാണ്.

നഴ്‌സിംഗ് പഠനം :- കേരളത്തിനു പുറത്ത്

കേരളത്തിനുപുറത്ത് ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (വിവിധ ക്യാമ്പസുകള്‍), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പുതുശ്ശേരി), രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ് (ന്യൂ ഡല്‍ഹി), ബനാറസ് ഹിന്ദുസര്‍വകലാശാല (വാരാണസി), ആര്‍മി കോളേജ് തുടങ്ങിയ പ്രമുഖസ്ഥാപനങ്ങള്‍ ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം അതാതു സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്, നഴ്‌സിംഗ് അഡ്മിഷന്‍ നടത്തുന്നത്. 

മറ്റു സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളേജുകള്‍:

നിരവധി പേര്‍ക്ക് കേരളത്തിനു പുറത്തുള്ള  സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളേജുകളില്‍ പഠിയ്ക്കാനുള്ള സാധ്യതകളുമുണ്ട്. പ്രവേശനത്തിനു മുന്‍പായി, ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിന് നഴ്‌സിംഗ് കൗണ്‍സിലിന്റേയും നിര്‍ദിഷ്ട സര്‍ക്കാരിന്റേയും അംഗീകാരമുണ്ടോയെന്ന് അപേക്ഷാര്‍ത്ഥി ഉറപ്പു വരുത്തേണ്ടതാണ്.

ജി.എന്‍.എം., എ.എന്‍.എം., വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമകള്‍ :

കേരളത്തിലെ ഒട്ടനവധി ആശുപത്രികളോട് ചേര്‍ന്ന് 
ജി.എന്‍.എം, എ.എന്‍.എം. പഠനത്തിനായി നഴ്‌സിംഗ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതാതു നഴ്‌സിംഗ് സ്‌കൂളുകള്‍ വഴി തന്നെയാണ് അവിടേയ്ക്ക് പ്രവേശനത്തിനുള്ള സാധ്യത.ജനറല്‍ നഴ്‌സിംഗിനു പഠിക്കുന്നവര്‍,തങ്ങള്‍ പഠിക്കുന്ന സ്ഥാപനത്തിന് നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തേണ്ടതുണ്ട്. സ്ഥാപനത്തിലെ ജനറല്‍ നഴ്‌സിംഗ്  കോഴ്‌സിന്,അംഗീകാരമുണ്ടോയെന്നറിയാന്‍  നഴ്‌സിംഗ് കൗണ്‍സില്‍ വെബ്‌സൈറ്റ് പരിശോധിക്കുക.വിവിധ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും  സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലും ആറു മാസവും ഒരു വര്‍ഷവും ദൈര്‍ഘ്യമുള്ള പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളുമുണ്ട്.പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ സ്ഥാപനം തെരഞ്ഞൈടുക്കുമ്പോള്‍ പ്രസ്തുത കോഴ്‌സിന്, വിവിധ തലത്തിലുള്ള അംഗീകാരം (പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം, എംബസി അറ്റസ്റ്റേഷന്‍) ശ്രദ്ധിക്കണം. 

പ്ലസ്ടു സയന്‍സ് പഠിച്ചവര്‍ക്കു മാത്രം കേരളത്തില്‍ നഴ്‌സിംഗ്‌ജോലി സാധ്യത

പ്ലസ്ടു സയന്‍സ് പഠിച്ചവര്‍ മാത്രമാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജോലി സാധ്യതയുള്ളത്. പ്ലസ്ടു സയന്‍സ് പഠിക്കാത്തവര്‍ക്ക്, കേരളത്തിനു പുറത്ത് പോയി  നഴ്‌സിംഗ് കോഴ്‌സ് പഠിച്ചാലും കേരളത്തില്‍ ആരോഗ്യവകുപ്പിലോ  മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലോ സ്റ്റാഫ് നഴ്‌സ് പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ നിലവില്‍ സാഹചര്യമില്ല. എന്നാല്‍ കേരളത്തിലെ തന്നെ  സ്വകാര്യാശ്രുപത്രികളിലെ ജോലിയ്ക്കും കേരളത്തിനു പുറത്തും അവര്‍ക്ക് ജോലി ചെയ്യാന്‍ അവസരമുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ജോലിയാണ് ലക്ഷ്യമെങ്കില്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ച്, പ്ലസ്ടു പാസ്സായവര്‍ മാത്രം നഴ്‌സിംഗ് കോഴ്‌സിന് ചേരുക.

കേരളത്തിലെ പഠനാവസരം

കേരളത്തില്‍ തിരുവനന്തപുരം,  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ മേഖലയില്‍ നഴ്‌സിംഗ് കോളേജുകള്‍ ബിരുദ പഠനത്തിനായിട്ടുണ്ട്.ഇതോടൊപ്പം സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ 50% സീറ്റുകള്‍ സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കും.താരതമ്യേനെ മാര്‍ക്കു കുറഞ്ഞവര്‍ക്ക് സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലും പ്രവേശന സാധ്യതയുണ്ട്. ജനറല്‍ നഴ്‌സിംഗിന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പഠന സൗകര്യമുണ്ട്.ഇത് കൂടാതെ ടഇ/ടഠ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് മാത്രമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും  കൊല്ലം ആശ്രാമത്തും സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകള്‍ ഉണ്ട്. സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലേക്കുള്ള പ്രവേശന വിജ്ഞാപനവും അധികം വൈകാതെ ഉണ്ടാവും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള വിജ്ഞാപനവും നിലവില്‍ വന്നിട്ടില്ല.  

കേരളത്തില്‍ ബി.എസ്.സി.നഴ്‌സിംഗ്- പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം

കേരളത്തില്‍, ബി.എസ്സി.നഴ്‌സിങ് പ്രവേശനം, പ്ലസ് ടു മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തിലാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി(എല്‍.ബി.എസ്.) സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വഴി അപേക്ഷ സ്വീകരിച്ച്,  അപേക്ഷാര്‍ത്ഥിയുടെ 
പ്ലസ് ടു വിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശന റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

കേരളത്തിലെ സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളില്‍ നഴ്‌സിംഗ്- പാരാമെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍ ക്ഷണിച്ചിട്ടുണ്ട്.അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി ,സെപ്റ്റംബര്‍ 10 ആണ്.അപേക്ഷാ ഫീസ്,ജനറല്‍/ടഋആഇ വിഭാഗങ്ങള്‍ക്ക് 600 രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 300 രൂപയുമാണ്.

വിവിധ ബിരുദകോഴ്‌സുകള്‍
എല്‍.ബി.എസ്.മുഖാന്തിരമുള്ള പ്രവേശനത്തിന്, ഇപ്പോള്‍ ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്ന വിവിധ കോഴ്‌സുകള്‍ താഴെപ്പറയുന്നവയാണ്.

1) നഴ്‌സിംഗ്
2) മെഡിക്കല്‍ ലാബ് ടെക്‌നോളജി (എം.എല്‍.ടി.)
3)പെര്‍ഫ്യുഷന്‍ ടെക്‌നോളജി
4)മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എം.ആര്‍.ടി.)
5)ഓപ്‌റ്റോമെട്രി
6)ഫിസിയോ തെറാപ്പി (ബി.പി.ടി.)
7)ഡയാലിസിസ് ടെക്‌നോളജി
8)ന്യുറോ ടെക്‌നോളജി 
9)മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്‌നോളജി
10)മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി
11)ഒക്യുപെഷണല്‍ തെറാപ്പി
12)കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി.സി.വി.ടി.)
13)ഓഡിയോളജി & സ്പീച്ച് ലാഗ്വേജ് പത്തോളജി (ബി.എ.എസ്.എല്‍.പി.)
  
അപേക്ഷാ ക്രമം
സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലേക്ക് 2021-22 വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ ഉത്തരവു മുഖേന അംഗീകരിച്ച
പ്രോസ്‌പെക്ടസ് പ്രകാരമാണ്, അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.നിശ്ചിത സീറ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണമുളളതു കൊണ്ടു തന്നെ, നിര്‍ദ്ദിഷ്ട സംവരണ വിഭാഗങ്ങളിലെ അപേക്ഷാര്‍ത്ഥികള്‍, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തില്‍ ഇക്കാര്യം  ശ്രദ്ധിക്കേണ്ടതാണ്. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ
വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി  സെപ്റ്റംബര്‍ 10
വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകര്‍ ഓണ്‍ലൈന്‍ ആയി അടക്കാനവസരമുണ്ട്. അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും
ഡൌണ്‍ലോഡ് ചെയ്ത ചലാന്‍ ഉപയോഗിച്ചു ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയും അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. 

കേരളത്തില്‍ ജനറല്‍ നഴ്‌സിംഗ്  കോഴ്‌സിസിന് ഇപ്പോള്‍ അപേക്ഷിക്കാം

കേരള സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്സിംഗ്
സ്‌ക്കൂളുകളിലെ ഈ അക്കാദമിക വര്‍ഷത്തെ ജനറല്‍ നഴ്സിംഗ്
കോഴ്സിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40
ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്കാണ്, അവസരം.
എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ്സ് മാര്‍ക്ക്
മതിയാകും.ഏതെങ്കിലും സാഹചര്യവശാല്‍, സയന്‍സ് വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷ വേണ്ടത്ര ഇല്ലാത്ത പക്ഷം, മറ്റു സ്ട്രീമുകളില്‍ പ്ലസ്ടു പഠിച്ചവരേയും
പരിഗണിക്കും. കേരളത്തിലാകെ സര്‍ക്കാര്‍ മേഖലയിലുളള 365 സീറ്റുകളില്‍ 20%
സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷകരുടെ പ്രായപരിധി
അപേക്ഷകര്‍ക്ക് 2021
ഡിസംബര്‍ 31 ന്, 17 വയസ്സില്‍ കുറയുവാനോ 27 വയസ്സില്‍ കൂടുവാനോ പാടില്ല.പിന്നോക്ക
സമുദായക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന
പ്രായപരിധിയില്‍ ഇളവുണ്ട്. 

അപേക്ഷാ ക്രമം
ഓൺലൈൻ ആയിട്ടല്ല, അപേക്ഷ സമർപ്പിക്കേണ്ടത്.ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ 
എന്ന വെബ് സൈറ്റിൽ  അപേക്ഷാഫോമും, പ്രോസ്പെക്ടസും
ലഭ്യമാണ്‌. വെബ്സൈറ്റിൽ നിന്നും അപേക്ഷയുടെ പ്രിൻ്റ് എടുത്ത് പൂരിപ്പിച്ചതിനു ശേഷം 
അതാത്‌ ജില്ലയിലെ നേഴ്‌സിംഗ്‌ സ്ക്കൂള്‍ പ്രിന്‍സിപ്പാളിന്‌ 14/09/2021വൈകുന്നേരം 5 മണിക്കകം ലഭ്യമാക്കണം. സംശയ നിവാരണങ്ങൾക്ക്, അതാതു ജില്ലകളിലെ മെഡിക്കല്‍ ആഫീസ്‌,നഴ്‌സിംഗ്‌ സ്‌ക്കൂളുകള്‍  എന്നിവിടങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.ജനറൽ വിഭാഗത്തിന്‌ 250/- രൂപയും പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവർക്ക്‌ 76/- രൂപയുമാണ്,അപേക്ഷാഫീസ്‌.
 
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

Comments

leave a reply