ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്ന്
അകന്നുപോകരുതെന്ന് വിശ്വാസികളോട് പാപ്പ
വത്തിക്കാൻ സിറ്റി : വിശ്വാസം ജീവിക്കാനും, അത് ക്രൂശിക്കപ്പെട്ട്, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സ്‌നേഹത്തിൽ കേന്ദ്രീകരിക്കാനും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ബുധനാഴ്ചതോറുമുള്ള തീർത്ഥാടകരെ അഭിസംബോധനചെയ്യവേ പൗലോസ് അപ്പസ്‌തോലൻ ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനം പരാമർശിക്കവേ, ക്രിസ്തുവിലുള്ള നവവിശ്വാസത്തിൽ നിന്ന് അകന്നുപോകാതിരിക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്ന് പാപ്പ പറഞ്ഞു.
ഗലാത്തിയയിലെ ആദിമ ക്രൈസ്തവർക്ക് വിശുദ്ധ പൗലോസ് നൽകിയ മുന്നറിയിപ്പ് എക്കാലത്തും നമുക്ക് ഓർമ്മിക്കാവുന്നതാണ്. അപ്പസ്‌തോലൻ വളരെ കർക്കശമായ ഭാഷയിൽ ഭോഷന്മാരേ എന്നാണ് ഗലാത്തിയയിലെ ക്രൈസ്തവരെ വിളിക്കുന്നത്. കാരണം, ഏറെ ഉൽസാഹത്തോടെ അവർ സ്വീകരിച്ച ക്രിസ്തുവിലുള്ള വിശ്വാസമാണ് ഗലാത്തിയക്കാർക്ക് കൈമോശം വരുന്നത്. അവരുടെ മനസ്സാക്ഷിയെ ഇളക്കിമറിക്കാൻ, അപ്പസ്‌തോലൻ ശ്രമിക്കുന്നു; അപ്പസ്‌തോലൻ പ്രഘോഷിച്ച ദൈവസ്‌നേഹത്തെയും, യേശുവിന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെ സ്ഥാപിക്കപ്പെട്ട ഉടമ്പടിയെയും ഓർമ്മിപ്പിച്ചുകൊണ്ട്. വ്യാജമായ ആചാരങ്ങളുടെ കെണിയിൽ കുടുങ്ങരുതെന്നും, ക്രിസ്തുവിൽ എല്ലാം നവീകരിച്ചുകൊണ്ട് ആത്മാവിന്റെ ഫലങ്ങൾ സ്വന്തമാക്കാൻ അപ്പസ്‌തോലൻ ഗലാത്തിയരോട് ആവശ്യപ്പെടുന്നു - പാപ്പ പറഞ്ഞു.
ചിലപ്പോൾ നൈമിഷികമായ ചിലകാര്യങ്ങൾ നമ്മെ ആകർഷിച്ചേക്കാം. എന്നാൽ, പിന്നീട് നമ്മെ ശൂന്യരാക്കിക്കൊണ്ട് അതെല്ലാം നമ്മെ ഉപേക്ഷിച്ചു പോകുന്നു. ദൈവത്തിൽ നിന്ന് ഇടറിപ്പോകാനുള്ള പ്രലോഭനങ്ങളുടെ മധ്യേയും ദൈവസ്‌നേഹം നമ്മെ പിന്തുടരുന്നു- പാപ്പ പറഞ്ഞു.
Comments