മ്യാന്‍മറില്‍ നിന്ന് അഭയാര്‍ത്ഥി
പ്രവാഹം മിസോറാമിലേക്ക്;
ഭൂരിഭാഗവും ക്രിസ്ത്യാനികള്‍
മിസോ വംശീയ ബന്ധമുള്ള മ്യാന്‍മര്‍ പൗരന്മാരെ
സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി സൊറാംതംഗ
ജനാധിപത്യ അനുകൂലികള്‍ക്കെതിരെ സൈന്യം അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്ന മ്യാന്‍മറില്‍ നിന്ന് ആയിരക്കണക്കിനു പേര്‍ ഇന്ത്യയിലേക്കു പലായനം ചെയ്യുന്നു. അതിര്‍ത്തി സംസ്ഥാനമായ മിസോറാമില്‍ 16,000 മ്യാന്‍മര്‍ അഭയാര്‍ഥികള്‍ കഴിഞ്ഞയാഴ്ച വരെ എത്തിയെന്നും അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നുമുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിനും വിദേശകാര്യ മന്ത്രാലയത്തിനും കിട്ടിയിട്ടുണ്ട്.
ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ ക്രിസ്ത്യാനികള്‍ ധാരാളമുള്ള പല മേഖലകളിലും സൈനിക ഭരണകൂടത്തിനെതിരെ ജനകീയ മുന്നേറ്റം രൂക്ഷമായിരുന്നു. ഇന്ത്യയിലേക്ക് പലായനം ചെയ്ത മിക്കവരും ക്രിസ്ത്യന്‍ ആധിപത്യമുള്ള മിസോറാമിലെ ജനങ്ങളുമായി വംശീയ ബന്ധം പുലര്‍ത്തുന്നവരാണ്. 'മിസോറാമിലെ മ്യാന്‍മര്‍ അഭയാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,'- സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ എച്ച്. റമ്മാവി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.സംസ്ഥാന തലസ്ഥാനമായ ഐസ്വാളില്‍ മാത്രം 6,000 ത്തിലധികം ആളുകള്‍ മ്യാന്‍മറില്‍ നിന്നെത്തിയിട്ടുണ്ട്. മൂന്നു ലക്ഷം മാത്രമാണ് ഐസ്വാളിലെ ജനസംഖ്യ. ഇതിനകം തന്നെ നഗര ജന സംഖ്യയില്‍ 2 ശതമാനം വര്‍ദ്ധനവുണ്ടാകാനിടയാക്കി അഭയാര്‍ത്ഥി പ്രവാഹം.
എന്‍ജിഒകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പിന്തുണയോടെ അഭയാര്‍ഥികള്‍ ക്യാമ്പുകളിലും നിരവധി കുടുംബ വീടുകളിലും താമസിക്കുന്നു.'ഒട്ടേറെ മ്യാന്‍മര്‍ പൗരന്മാര്‍ അവരുടെ യഥാര്‍ത്ഥ പശ്ചാത്തലം വെളിപ്പെടുത്താതെ മിസോറാമിലെ ബന്ധുക്കളുടെ വീടുകളില്‍ താമസിക്കുന്നതിനാല്‍ ഔദ്യോഗിക കണക്കുകള്‍ വസ്തുനിഷ്ഠമല്ല'- ഐസ്വാളിലെ സാമൂഹിക പ്രവര്‍ത്തകനായ മൊസെസ് സൈലോ പറഞ്ഞു.
മിസോറാമിലെ 1.15 ദശലക്ഷം ജനങ്ങളില്‍ 87 ശതമാനവും ക്രിസ്ത്യാനികളാണ്. കൂടുതലും ബാപ്റ്റിസ്റ്റുകളും പ്രസ്ബിറ്റീരിയന്‍ വിഭാഗക്കാരും. കത്തോലിക്കരുടെ എണ്ണം 40,000 മാത്രമാണ്. ബിജെപി സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) നേതാവാണ് മുഖ്യമന്ത്രി സോറംതംഗ. മലയാളിയായ പി.എസ്.ശ്രീധരന്‍ പിള്ള ഗവര്‍ണറും.
മ്യാന്‍മറില്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് പീഡനം നേരിടുന്ന മിസോ വംശീയ ബന്ധമുള്ള മ്യാന്‍മര്‍ പൗരന്മാരെ സംസ്ഥാനം സ്വാഗതം ചെയ്യുമെന്ന് സൊറാംതംഗ വ്യക്തമാക്കി. 2020 നവംബറിലെ മ്യാന്‍മര്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച 20 നിയമസഭാംഗങ്ങളെങ്കിലും മിസോറാമിലേക്ക് പലായനം ചെയ്തവരില്‍ ഉള്‍പ്പെടുന്നതായി സംസ്ഥാനത്തെ ഉന്നതഉദ്യോഗസ്ഥന്‍ പറഞ്ഞു. നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളായ മിസോറം, നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെടുന്ന 1,643 കിലോമീറ്റര്‍ ദൂരം ഇന്ത്യ മ്യാന്‍മറുമായി പങ്കിടുന്നു.ഇവയുള്‍പ്പെടെ മിക്ക അതിര്‍ത്തി സംസ്ഥാനങ്ങളിലും കുറേക്കാലമായി അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാണ്. മിസോറാമിനു മാത്രം മ്യാന്‍മറുമായി 404 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്.
അതേസമയം, നയതന്ത്രപരമായ പ്രശ്‌നങ്ങളാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മ്യാന്‍മറില്‍ നിന്ന് വരുന്ന ആളുകളെ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടില്ല.ഇന്ത്യക്ക് ദേശീയ അഭയാര്‍ഥി സംരക്ഷണ ചട്ടക്കൂട് നിലവിലില്ല. ഒരു വിദേശിക്കും അഭയാര്‍ത്ഥി പദവി നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും 1951 ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും 1967 ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പിട്ടതല്ലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു.ഇതിനിടെ, അതിര്‍ത്തി മുദ്രവെക്കാനും മ്യാന്‍മറില്‍ നിന്നുള്ള പ്രവേശനം തടയാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. മ്യാന്‍മര്‍ അഭയാര്‍ഥികളെ 'പ്രോല്‍സാഹിപ്പിക്കരുതെ'ന്ന് നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിയിലൂടെ അധികാരം ഏറ്റെടുത്ത മ്യാന്‍മര്‍ സൈന്യം, ജനകീയ നിസ്സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള സായുധ നടപടി തുടരുകയാണ്. അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭരണകൂടം ഉത്തരവിട്ടതിനെത്തുടര്‍ന്ന് പലായനം ചെയ്തവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവരും ഉള്‍പ്പെടുന്നു. ജനറല്‍ മിന്‍ ആംഗ് ഹേലിംഗ് അധികാരം പിടിച്ചെടുത്തതിനുശേഷം 800 ഓളം പേരെ പൊലീസും സൈന്യവും വധിച്ചു.
രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സമുദായ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിനെയും സൈന്യത്തെയും ഭയന്ന് പള്ളികളില്‍ അഭയം തേടിയവരും ക്രൂരമായി വേട്ടയാടപ്പെടുന്നു.
ബാബു കദളിക്കാട്
Comments