പേറ്റന്റ് പൂട്ടഴിച്ച് വാക്സിന്‍ ലോകമെങ്ങും നല്‍കണം: ഫ്രാന്‍സിസ് മാര്‍പാപ്പ
ബൗദ്ധിക കമ്പോള നിയമങ്ങള്‍ സ്‌നേഹത്തിന്റെ നിയമങ്ങള്‍ക്കും
മാനവികതയുടെ ആരോഗ്യത്തിനും മേലെയാകുന്നത് ആപത്ത്
കോവിഡ് -19 വാക്സിനുകളുടെ മേലുള്ള ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കാന്‍ തുടക്കമിട്ട അന്താരാഷ്ട്ര നീക്കത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണ. കുറഞ്ഞ വിലയ്ക്ക് കോവിഡ് വാക്‌സിന്‍ ലോകമെങ്ങും ലഭ്യമാക്കാന്‍ പേറ്റന്റ്് നിയമം മരവിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശത്തിനെതിരെ ജര്‍മ്മനി ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് മാര്‍പാപ്പ നിലപാടു വ്യക്തമാക്കിയത്.
.
സകല ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യത സാധ്യമാക്കാനുള്ള ആഗോള ധനസമാഹരണ പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍, 'സങ്കുചിത വ്യക്തിഗത താല്‍പ്പര്യങ്ങളുടെ വൈറസ്' ലോകത്തെ ബാധിച്ചതായി മാര്‍പ്പാപ്പ പരിതപിച്ചു. 'അടച്ചിട്ട ദേശീയത ഈ വൈറസിന്റെ ഒരു വകഭേദമാണ്. ഇത് വാക്‌സിനുകളുടെ അന്താരാഷ്ട്ര വിതരണ ആവശ്യത്തെ പ്രതിരോധിക്കുന്നു'- മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. 'വിപണിയുടെയും ബൗദ്ധിക കമ്പോളത്തിന്റെയും ബൗദ്ധിക സ്വത്തവകാശത്തിന്റെയും നിയമങ്ങള്‍ സ്‌നേഹത്തിന്റെ നിയമങ്ങള്‍ക്കും മാനവികതയുടെ ആരോഗ്യത്തിനും മേലെയായി മാറുന്നതാണ് മറ്റൊരു വകഭേദം'.
ഇതിനിടെ, പേറ്റന്റ്് നിയമം മരവിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രകടമായ താല്‍പ്പര്യം അട്ടിമറിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ വമ്പന്‍ കളിക്കാര്‍ തുടങ്ങിവച്ച യത്‌നം ശക്തി പ്രാപിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബൈഡന്റെ നിര്‍ദ്ദേശത്തിനെതിരെ രംഗത്തുവന്നതിനു പിന്നില്‍ മരുന്നു നിര്‍മ്മാതാക്കളുടെ ചരടുവലിയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ ഇന്ത്യ നട്ടംതിരിഞ്ഞു തുടങ്ങിയ സമയത്തു വന്ന യുഎസ് പ്രഖ്യാപനം ലോകത്തുടനീളം കോവിഡ് വാക്സിനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനിടയാക്കുമെന്നതിനാല്‍ ലാഭക്കൊള്ളയ്ക്കുള്ള സാധ്യത നഷ്ടമാകുമെന്നതാണ് മരുന്നു നിര്‍മ്മാതാക്കളുടെ ലോബിയെ കനത്ത അസ്വസഥതയിലാഴ്ത്തിയത്.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കണമെന്ന് ജോ ബൈഡന്‍ മുന്നോട്ടുവച്ച ആവശ്യം അടുത്ത കാലത്തൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്ന സൂചനയാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഭരണാധികാരികളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത വെര്‍ച്വല്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞതിങ്ങനെ: ഇക്കാര്യം യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച ചെയ്യുമെങ്കിലും ഇത് ദീര്‍ഘകാല വിഷയമാണ്. മഹാമാരി മൂലമുള്ള നിലവിലെ ആഗോള പ്രതിസന്ധിയില്‍ വാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ആഗോളതലത്തില്‍ വിതരണം ചെയ്യുകയും ചെയ്യുകയെന്നതാണ് കാലത്തിന്റെ ആവശ്യം.
പേറ്റന്റ് എഴുതിത്തള്ളലിനെക്കുറിച്ചുള്ള ചര്‍ച്ച നീണ്ടുപോകുന്ന പക്ഷം, ഒരു മാസത്തിനകമെന്നല്ല ഒരു വര്‍ഷത്തിനകം പോലും കൂടുതല്‍ വാക്്‌സിന്‍ എത്തില്ലെന്ന് ലെയ്ന്‍ പറഞ്ഞു.' അതിനാല്‍, ഉല്‍പാദനത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നിരുന്നാലും, ഈ ആശയം തുറന്നിടേണ്ടത് പ്രധാനമാണ്. ലൈസന്‍സിംഗും ലൈസന്‍സിംഗ് ഫീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്' അവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, താങ്ങാവുന്ന വിലയ്ക്ക് വാക്്‌സിന്‍ ലഭ്യമാകേണ്ടതിന്റെ ആവശ്യകത അവരുടെ പരിഗണനയിലുള്ളതിന്റെ സൂചനകളില്ല.
കോവിഡ് വാക്സിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തിനിടയില്‍ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്ന ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസിന്റെ വാക്കുകളും ഗൗനിക്കപ്പെടുന്നില്ല. വാക്സിന്‍ ഒരു രാജ്യത്തിന്റെയും സ്വകാര്യസ്വത്തല്ല. അത് ദരിദ്രരാജ്യങ്ങള്‍ക്കും സമ്പന്ന രാജ്യങ്ങള്‍ക്കും ഒരു പോലെ വിതരണം ചെയ്യപ്പെടേണ്ട പൊതു സ്വത്താണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന വിവേചനം അവിടെ പാടില്ല. വിപണിയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ലോകത്തിന്റെ ഏത് മൂലയില്‍ കണ്ടുപിടിക്കപ്പെടുന്ന മരുന്നും മാനവരാശിക്ക് അതിജീവിക്കാനുള്ള ഉപാധിയായി മാറേണ്ടതാണ്. അതിര്‍ത്തികള്‍ അപ്രസക്തമാകുന്ന ദുരന്തകാലത്ത് കൊലയാളി വൈറസ് എവിടെ അവശേഷിച്ചാലും ഭീഷണി തന്നെയാണ്. അതിജീവനം ഒരുമിച്ചു മാത്രമേ സാധ്യമാകൂ എന്ന കാര്യം സമ്പന്നരാഷ്ട്രങ്ങള്‍ ആവര്‍ത്തിച്ച് മറക്കുന്നതെന്തെന്ന് മനുഷ്യ സ്‌നേഹികള്‍ പരസ്പരം ചോദിക്കുന്നു. നിലനില്‍ക്കണോ സര്‍വനാശം വേണോ എന്നിടത്തേക്ക് ചോദ്യങ്ങള്‍ ചുരുങ്ങുമ്പോള്‍ കിടമത്സരത്തിന്റെ യുക്തി നഷ്ടപ്പെട്ട് അനിവാര്യ സൗഹൃദത്തിന്റെ നാളുകള്‍ തുടങ്ങുന്നു.കോവിഡിന്റെ ഭീകരത ഏറ്റവും ക്രൂരമായി അനുഭവിച്ച രാജ്യത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ ജോ ബൈഡന്‍ കൈക്കൊണ്ട നിലപാടിന് പിന്തുണ നല്‍കാനല്ല സമ്പന്നരാഷ്ട്രങ്ങളുടെ പുറപ്പാട്.
ആഭ്യന്തര സമ്മര്‍ദ്ദമാണ് ബൈഡന്‍ ഭരണകൂടത്തെ ഇത്തരമൊരു നയം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ദരിദ്ര രാഷ്ട്രങ്ങള്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ 300 ദശലക്ഷത്തിലധിക ഡോസുകള്‍ കൈവശം വെക്കുന്ന അമേരിക്കന്‍ നയം ചോദ്യം ചെയ്യപ്പെട്ടു. ഇത് മനുഷ്യത്വവിരുദ്ധമായ സ്വാര്‍ഥതയാണെന്ന് ബൈഡന്റെ സ്വന്തം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍സ്വരമുയര്‍ന്നു. 'താങ്കളും ട്രംപും തമ്മില്‍ എന്ത് വ്യത്യാസ'മെന്ന ചോദ്യവുമുയര്‍ന്നു. ഒടുവില്‍ ബൈഡന്‍ വഴങ്ങി. പേറ്റന്റ് അവകാശം വേണ്ടെന്ന് വെക്കാനുള്ള അമേരിക്കയുടെ തീരുമാനം ലോക വ്യാപാര സംഘടനയിലെ അമേരിക്കന്‍ പ്രതിനിധി കാതറിന്‍ തയ്യാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
കോവിഡ് -19 വാക്സിനുകള്‍ക്കുള്ള പേറ്റന്റ് എഴുതിത്തള്ളാനുള്ള നീക്കത്തെ പിന്തുണയ്ക്കുമെന്ന് യുഎസ് ഭരണകൂടം കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. യു.എസ് വാണിജ്യ പ്രതിനിധി കാതറിന്‍ തായ് ഒരു പ്രസ്താവനയില്‍ പറഞ്ഞു: 'അത് സാധ്യമാക്കുന്നതിന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (ഡബ്ല്യുടിഒ) നടക്കുന്ന ചര്‍ച്ചകളില്‍ ഞങ്ങള്‍ സജീവമായി പങ്കെടുക്കും. എന്നാല്‍, ഡബ്ല്യുടിഒയുടെ സമവായ അധിഷ്ഠിത സ്വഭാവവും വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണതയും കാരണം ചര്‍ച്ചകള്‍ തീരാന്‍ സമയമെടുക്കും.' ബൈഡന്‍ മുന്നോട്ടുവച്ച ആവശ്യം അടുത്ത കാലത്തൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്നു തന്നെ കാതറിന്‍ തായ് കരുതുന്നുവെന്നര്‍ത്ഥം. കോവിഡ് സൃഷ്ടിച്ച ഈ അസാധാരണ സന്ദര്‍ഭത്തില്‍ അസാധാരണമായ നടപടികള്‍ ആവശ്യമാണെന്ന് കാതറീന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്കയിലെ പൊതുമേഖലയില്‍ കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ വേണ്ടി സ്വകാര്യ വാക്‌സിന്‍ ലോബികള്‍ ഗൂഢാലോചന നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2021 ന്റെ ആദ്യപാദത്തില്‍ അമേരിക്കയില്‍ സമര്‍പ്പിക്കപ്പെട്ട ഡിസ്‌ക്ലോഷര്‍ ഫോമുകളിലാണ്, രാജ്യത്തെ നിയമനിര്‍മാണ സഭകളിലെ അംഗങ്ങളെ, വിശേഷിച്ച് ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലെ അംഗങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി നൂറോളം ലോബിയിസ്റ്റുകളെ മരുന്ന് ലോബി നിയോഗിച്ചതിന്റെ തെളിവുകള്‍ പുറത്തായത്. കോവിഡ് വാക്‌സിനുകളുടെ ബൗദ്ധികസ്വത്തവകാശങ്ങള്‍ താത്കാലികമായി റദ്ദുചെയ്യണം എന്ന ലോക വ്യാപാര സംഘടനയുടെ നിര്‍ദേശത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ വേണ്ടിയാണ് ഈ ഗൂഢാലോചന എന്ന് 'ദ ഇന്റര്‍സെപ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.
ഈ ലോബിയിസ്റ്റുകളുടെ കൂട്ടത്തില്‍ ഡെമോക്രാറ്റുകളുടെ പ്രധാന ഫണ്ട് റെയ്‌സര്‍ ആയ മൈക്ക് മക്കെയും ഉള്‍പ്പെടും. ഇതിനു പുറമെ ഫാര്‍മ കമ്പനികളുടെ പിന്തുണയോടെ, യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ബിസിനസ് റൗണ്ട് ടേബിള്‍ തുടങ്ങിയ നിരവധി വാണിജ്യ വ്യാപാര സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. ഇങ്ങനെ ഒരു പദ്ധതി പരോക്ഷമായി തുടങ്ങിയതിനു പിന്നാലെ വാക്‌സിന്‍ ലോബിക്ക് ഗുണകരമായ രീതിയില്‍, സെനറ്റര്‍ തോം ടില്ലിസ്, ഹൊവാഡ് ഡീന്‍ തുടങ്ങിയ സമൂഹത്തിലെ പല ഉന്നതരില്‍ നിന്നും പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.
മാനവരാശിയെ രക്ഷിക്കാനുള്ള വിശാല താത്പര്യത്തില്‍ ഉണ്ടാകുന്നവയല്ല വന്‍കിട കമ്പനികളുടെ വാക്സിനുകള്‍. ലാഭം കൊയ്യാനുള്ള മുതല്‍ മുടക്കു തന്നെയാണതിനു പിന്നിലേത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ നേരിടാന്‍ ഇവ എത്രമാത്രം ഫലപ്രദമാണെന്ന് തീരുമാനമാകാനൊന്നും കാത്തു നില്‍ക്കാതെ ഭ്രാന്തമായ വാങ്ങലിലേക്ക് രാജ്യങ്ങള്‍ പ്രവേശിക്കുകയും ചെയ്തു.എന്ത് വിലയ്ക്കും വില്‍ക്കാവുന്ന ചരക്കായി വാക്സിന്‍ മാറി. എത്രമാത്രം രോഗഭീതിയുയരുന്നുവോ അത്രമേല്‍ ദുര്‍ലഭവും വിലയേറിയതുമായ ചരക്കാണിപ്പോഴത്.
വന്‍ മുതല്‍മുടക്കും സാങ്കേതിക സംവിധാനങ്ങളും അനിവാര്യമായ വാക്സീന്‍ ദൗത്യത്തിലേര്‍പ്പെടാനും വിജയിക്കാനും ദരിദ്ര, പിന്നാക്ക രാജ്യങ്ങള്‍ക്ക് സാധിക്കില്ല. അവര്‍ക്ക് മറ്റുള്ള രാജ്യങ്ങളെ ആശ്രയിച്ചേ തീരൂ. രാജ്യത്തെയാകെ പണയപ്പെടുത്തി ചോദിക്കുന്ന വില കൊടുത്ത് വാക്സിന്‍ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ് ഈ രാജ്യങ്ങള്‍. സാങ്കേതിക വിദ്യയല്ല, ഉത്പന്നമാണ് ഇറക്കുമതി ചെയ്യുന്നത്. ബൗദ്ധിക സ്വത്തവകാശ (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി- പേറ്റന്റ്) ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉത്പാദന രഹസ്യം സൃഷ്ടി കര്‍ത്താവില്‍ തന്നെയിരിക്കുകയാണ്. അയാള്‍ മാത്രം ഉത്പാദിപ്പിക്കും, വിതരണം ചെയ്യും. എത്ര അളവ്, എന്ത് വിലയ്ക്ക്, ആര്‍ക്ക് കൊടുക്കണം എന്നെല്ലാം കമ്പനി തീരുമാനിക്കും. മാനവരാശിയുടെ ഭാവി ഏതാനും മരുന്നു കമ്പനികളുടെ കാരുണ്യത്തിന്‍ കീഴിലാകുന്ന അവസ്ഥ. ഈ സ്ഥിതി വിശേഷം മറികടക്കാന്‍ വാക്സിന്‍ പേറ്റന്റ് എടുത്തു കളയണമെന്ന ആവശ്യം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ലോകവ്യാപാര സംഘടനയില്‍ ഉന്നയിച്ചത്.
നിര്‍ദ്ദേശത്തെ ആദ്യം അമേരിക്ക രൂക്ഷമായി എതിര്‍ത്തു. ബഹുരാഷ്ട്ര മരുന്നു കമ്പനികളെ പിണക്കിയാല്‍ വാക്സിന്‍ ഗവേഷണം തളരുമെന്നായിരുന്നു വാദം. ഏതായാലും അമേരിക്ക ഈ നിര്‍ദേശത്തിന് ഇപ്പോള്‍ പച്ചക്കൊടി കാണിക്കുമ്പോള്‍ പിന്തുണക്കാന്‍ ഏറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ചരിത്രനിമിഷമാണിതെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ട്വീറ്റ് ചെയ്തത്.ബൗദ്ധിക സ്വത്തവകാശം നീക്കിയാല്‍ ലോകത്തുടനീളം വാക്സിനുകള്‍ നിര്‍മിക്കാനാകും. ഇതോടെ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ നാടുകളിലും രൂക്ഷമായ വാക്സിന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വാക്സിന്റെ വില കുറയുകയും ചെയ്യും.
സാങ്കേതിക വിദ്യയും ഉത്പാദന രഹസ്യവും കൈമാറ്റം ചെയ്യപ്പെടുന്നതോടെ വാക്സിന്‍ ഉത്പാദനത്തിലെ കുത്തക ക്ഷയിക്കും. ട്രേഡ് സീക്രട്ട് വഴി സംരക്ഷിക്കപ്പെടുന്ന വാക്സിന്‍ പേറ്റന്റ് അതത് രാജ്യങ്ങളുടെ ഡ്രഗ് കണ്‍ട്രോളറുടെ കൈവശമാണുള്ളത്. ലോകവ്യാപാര സംഘടനയില്‍ അംഗരാജ്യങ്ങള്‍ ധാരണയിലെത്തുകയാണെങ്കില്‍ ഈ രഹസ്യം മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കും. വാക്സിനുകള്‍ വ്യാപകമായി ലഭ്യമാകുന്നതോടെ ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് രാജ്യങ്ങള്‍ മോചിതമാകും. ഇത് ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കുന്ന ഉണര്‍വ് വളരെ വലുതായിരിക്കും. ഇങ്ങനെ വ്യാപാര, വാണിജ്യ രംഗം സജീവമായാല്‍ അതിന്റെ ഗുണം എല്ലാ രാജ്യങ്ങള്‍ക്കും ലഭിക്കും. സമ്പന്ന രാജ്യങ്ങള്‍ തന്നെയാകും വലിയ നേട്ടം കൊയ്യുക. ഇത് കൂടി കണക്കിലെടുത്താണ് പേറ്റന്റിന്റെ പൂട്ട് പൊളിക്കാന്‍ ബൈഡന്‍ മുന്‍കൈയെടുത്തത്. എന്നാല്‍ വാക്സിന്‍ ബൗദ്ധിക സ്വത്താവകാശ ചട്ടങ്ങള്‍ പൂര്‍ണമായി മാറിക്കിട്ടാന്‍ ഒരു പാട് കടമ്പകള്‍ താണ്ടേണ്ടതുണ്ട്. കൂടിയാലോചനകളുടെ മാരത്തോണ്‍ തന്നെ നടക്കണം. 164 അംഗരാജ്യങ്ങളുള്ള ലോക വ്യാപാര സംഘടനയില്‍ ഐകകണ്ഠ്യേന തീരുമാനം വരണം. കാരണം സംഘടനയിലെ ഓരോ അംഗത്തിനും വീറ്റോ അധികാരമുണ്ട്. ഈ നിര്‍ദ്ദേശം ഡബ്ല്യു ടി ഒക്ക് മുന്നില്‍ വന്നിട്ട് ഏഴ് മാസം കഴിഞ്ഞു. പത്ത് യോഗങ്ങള്‍ നടന്നിട്ടും വഞ്ചി തിരുനക്കരെയാണിപ്പോഴും.
വന്‍കിട കമ്പനികള്‍ പല്ലും നഖവും നീട്ടി എതിര്‍ക്കുമ്പോള്‍ വഴി സുഗമമല്ല. സര്‍ക്കാറുകളെ വീഴ്ത്താനും വാഴിക്കാനും കെല്‍പ്പുള്ളവരാണ് അവര്‍. അവരെ അനുനയിപ്പിക്കണം. വലിയ മുതല്‍ മുടക്കുള്ള പ്രക്രിയയാണ് വാക്സിന്‍ ഗവേഷണം. അവരുടെ രഹസ്യം കൈമാറുമ്പോള്‍ അതത് രാജ്യങ്ങളുടെ കഴിവനുസരിച്ചുള്ള റോയല്‍റ്റി തുക കമ്പനികള്‍ക്ക് നല്‍കാന്‍ സംവിധാനമുണ്ടാക്കിയാല്‍ ഒരു പക്ഷേ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞേക്കാം. മാത്രവുമല്ല, ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ രൂപപ്പെടുമ്പോള്‍ ഗവേഷണത്തിനു ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ഈ റോയല്‍റ്റി സംവിധാനം ഉപകരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലെത്തേണ്ടി വരും. സ്വകാര്യ മേഖലയെ തകര്‍ക്കാതെ നിയന്ത്രിക്കുകയാണാവശ്യമെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.അമേരിക്കയുടെ മാറിയ നയസമീപനം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തി വാക്‌സിനുമേലുള്ള ട്രേഡ് സീക്രട്ട് ഉപാധിയും മറ്റു നിബന്ധനകളും ലഘൂകരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം ത്വരിതഗതിയില്‍ ആരംഭിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ മോദി സര്‍ക്കാരിന് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോയെന്നതാണ് രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖല ഉറ്റുനോക്കുന്നത്.
ബാബു കദളിക്കാട്
Comments