Foto

നല്ല സുഹൃത്തുക്കള്‍ നമ്മെ ഉന്നതിയിൽ എത്തിക്കുന്നു

സക്‌സസ് പിരമിഡ്   ജോഷി ജോര്‍ജ് 

 നമുക്കീ ഭൂമിയില്‍ വിജയം വരിയ്ക്കാനും സുഖമായി ജീവിയ്ക്കാനും ഉത്തമരായ സുഹൃത്തുക്കള്‍ അത്യാവശ്യമാണ്. മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനും അവരുടെ സഹകരണവും പ്രശംസയും സ്‌നേഹവും പിടിച്ചുപറ്റാനുമുള്ള ചിലരുടെ അപാരമായ കഴിവുകണ്ട് ചിലപ്പോള്‍ നാം അത്ഭുതപരതന്ത്രരായി നിന്നുപോയെന്നുവരാം.  വിജയം കൈവരിക്കാനാഗ്രഹിച്ചാല്‍ മാത്രം പോര,  നല്ല സൗഹൃദവും മികച്ചരീതിയില്‍ പരസ്പരവിശ്വാസവും നലനിര്‍ത്താന്‍ കഴിയുമ്പോഴാണ് ഊഷ്മളമായ ബന്ധങ്ങള്‍ ഉരുത്തിരിയുന്നത്. ഉത്തമ സൗഹൃദങ്ങള്‍ ജീവിതത്തിന് കരുത്തേകുന്നു. അതുനമ്മേ ഉയരങ്ങളിലെത്തിക്കുകയും ചെയ്യുന്നു.
നാം ഏതെല്ലാം രീതിയില്‍ എത്രമാത്രം വളര്‍ന്നാലും മറ്റുള്ളവരുടെ സ്നേഹവും സഹകരണവും സഹായവുമൊക്കെ നമുക്കു കൂടിയേ തീരൂ. അവ ലഭിക്കാതെ പോയാല്‍ ജീവിതത്തിലുണ്ടാകുന്ന കൊടുങ്കാറ്റുകളില്‍ നാം തകര്‍ന്നുപോവുകതന്നെ ചെയ്യും. നമുക്കു മറ്റുള്ളവരുടെ സ്നേഹവും തുണയും സഹായവുമൊക്കെ ആവശ്യമാണെങ്കില്‍ മറ്റുള്ളവര്‍ക്കും നമ്മില്‍നിന്ന് അവ ആവശ്യമുണ്ടെന്നതു നാം മറന്നുപോകരുത്. കാരണം, നമ്മുടെ സ്നേഹവും സഹകരണവും സഹായവുമൊന്നും കൂടാതെ മറ്റുള്ളവര്‍ക്കും ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നതാണു യാഥാര്‍ഥ്യം.
ഇന്ന് ഭൂമിയില്‍  കാണപ്പെടുന്ന ഏറ്റവും ഉയരംകൂടിയ ഇനം മരങ്ങളാണ് കാലിഫോര്‍ണിയ റെഡ്വുഡ്. അമേരിക്കയിലെ കാലിഫോര്‍ണിയയുടെ തീരപ്രദേശത്തും ഓറേഗണ്‍ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തും വളരുന്ന ഈ മരം നാനൂറ് അടിവരെ ഉയരാന്‍ സാധ്യതയുള്ളതാണെന്നു കണക്കാക്കപ്പെടുന്നു.
ഇപ്പോള്‍ കാണപ്പെടുന്ന റെഡ്വുഡ് മരങ്ങളില്‍ ഏറ്റവും വലുതിന് 379 അടി ഒരു ഇഞ്ച് ഉയരമുണ്ട്. 'ഹൈപ്പേരിയണ്‍' എന്നു പേരിട്ടിരിക്കുന്ന ഈ മരത്തിന്റെ വണ്ണം ഇരുപത്തിയാറ് അടിയാണ്. കാലിഫോര്‍ണിയയിലെ റെഡ് വുഡ് നാഷണല്‍ പാര്‍ക്കിലാണ് ഈ മരംവളരുന്നത്.
ഇപ്പോഴത്തെ കണക്കനുസരിച്ച് 361 അടി ഉയരമുള്ള മുപ്പത്തിമൂന്ന് റെഡ്വുഡ് മരങ്ങള്‍ അമേരിക്കയിലുണ്ട്. മുന്നൂറ്റി അമ്പത് അടി ഉയരമുള്ളവയുടെ ഗണത്തില്‍ 137 മരങ്ങളാണ് ഇപ്പോഴുള്ളത്. 1912-ല്‍ വെട്ടിയിടപ്പെട്ട ഒരു മരത്തിന്റെ ഉയരം 380 അടി ആയിരുന്നുവത്രേ.
ഉയരത്തിന്റെ കാര്യത്തിലെന്നപോലെ ആയുസിന്റെ കാര്യത്തിലും റെഡ്വുഡ് മുന്‍പിലാണ്. എപ്പോഴും പച്ചവിരിച്ചു നില്‍ക്കുന്ന ഈ മരം 2,200 വര്‍ഷം വരെ നിലനില്‍ക്കുമെന്നു കണക്കാക്കപ്പെടുന്നു. 1991 മാര്‍ച്ചില്‍ നിലംപതിച്ച ഒരു റെഡ്വുഡ് മരത്തിന്റെ പ്രായം 1600 വര്‍ഷം ആയിരുന്നു.
റെഡ്വുഡ് മരത്തിന്റെ തൊലിയുടെ കനം പന്ത്രണ്ട് ഇഞ്ചോളം വരും. നാരുകള്‍ നിറഞ്ഞ മാര്‍ദവമുള്ള ഈ തൊലിയുടെ നിറം റെഡ്-ബ്രൗണ്‍ ആണ്. തന്മൂലമാണ് മരത്തിനു റെഡ്വുഡ് എന്ന പേരു ലഭിച്ചത്.
മരം ഉയരമുള്ളതാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ വേരുകള്‍ ആഴത്തിലുള്ളതായിരിക്കുമല്ലോ. എന്നാല്‍ റെഡ്വുഡിന്റെ സ്ഥിതി അങ്ങനെയല്ല. ഈ മരത്തിന്റെ വേരുകള്‍ മരത്തിനു ചുറ്റും പരന്നാണു വളരുന്നത്. അവ അധികം ആഴത്തിലേക്കു പോകാറില്ല. അപ്പോള്‍പ്പിന്നെ റെഡ്വുഡ് എങ്ങനെയാണു കാറ്റിനെയും കൊടുങ്കാറ്റിനെയുമൊക്കെ അതിജീവിക്കുക? അവിടെയാണ് ആദ്യമേ പറഞ്ഞ സഹകരണത്തിന്റെ പ്രസക്തി.
റെഡ്വുഡ് ഒരെണ്ണമായി തനിയേ വളരാറില്ല. കൂട്ടമായിട്ടാണു വളരുക. അവയുടെ വേരുകള്‍ വളരുന്നതാകട്ടെ പരസ്പരം ഇടകലര്‍ന്നും. വേരുകള്‍ കെട്ടുപിണഞ്ഞു വളരുന്ന റെഡ്വുഡ് മരങ്ങള്‍ കാറ്റിനെയും കൊടുങ്കാറ്റിനെയുമൊക്കെ അതിജീവിക്കുന്നത് തനിയേയല്ല, പ്രത്യുത സംഘടിതശക്തിയാലാണ്. തനിയേ വളര്‍ന്നാല്‍ കൊടുങ്കാറ്റത്ത് അവ നിലംപതിക്കുക തന്നെ ചെയ്യും.
റെഡ്വുഡ് മരങ്ങള്‍ കൊടുങ്കാറ്റുകളെ അതിജീവിക്കുന്നത് അവയുടെ വേരുകള്‍ തമ്മിലുള്ള ദൃഢമായ ബന്ധം വഴിയാണെങ്കില്‍ മനുഷ്യരായ നമ്മുടെ കാര്യവും ഏതാണ്ട് അതുപോലെതന്നെയാ ണെന്നതാണു വാസ്തവം. നമ്മള്‍ ജനിച്ചു വീഴുന്നതു കുടുംബത്തിലേക്കും കുടുംബത്തിനു ചുറ്റുമുള്ള സമൂഹത്തിലേക്കുമാണ്. ജനിക്കുമ്പോള്‍ മുതല്‍ മറ്റുള്ളവരുടെ സഹായം കൂടിയേ തീരു. ആര്‍ക്കും സാധാരണഗതിയില്‍, തനിയെ ഈ ലോകത്തില്‍ വളരാനും ജീവിക്കാനും സാധിക്കില്ല. പലപ്രായത്തിലും പല സമയത്തും അത്രമാത്രം നിസഹായരാണു നമ്മള്‍.
റെഡ്വുഡ് മരങ്ങള്‍ അവയുടെ വേരുകള്‍ പരസ്പരം കോര്‍ത്തു വളരുന്നതുകൊണ്ടാണ് കൊടുങ്കാറ്റിന്റെ മുന്‍പിലും തലകുനിക്കാതെ അവയ്ക്ക് ഉയരത്തിലേക്കു വളരുവാന്‍ സാധിക്കുന്നത്. അവയുടെ പരസ്പരസഹകരണവും കൂട്ടായ്മയുമാണ് അവയുടെ ശക്തി.
റെഡ്വുഡ് മരങ്ങള്‍ക്കു പരസ്പരം സഹകരിച്ച് ഉയരങ്ങള്‍ താണ്ടാമെങ്കില്‍ മനുഷ്യരായ നമുക്ക് അതിലേറെ സാധിക്കേണ്ടതേല്ല? എത്ര കേമനായാലും പരസഹായമില്ലാതെ ഒരടി പോലും മുന്നോട്ടു പോകുവാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നതു നമുക്കു മറക്കാതിരിക്കാം. പരസ്പരം കൈ കോര്‍ത്തുനിന്നു ജീവിതത്തിലെ കൊടുങ്കാറ്റുകളെ നമുക്ക് അതിജീവിക്കാം; ഉയരത്തിലേക്കു നമുക്കു വളരാം
മറ്റുള്ളവര്‍ നമ്മേ ഇഷ്ടപ്പെടാന്‍ താഴേപ്പറയുന്ന കാര്യങ്ങള്‍ സൃദ്ധിക്കുക.
നമുക്കുചുറ്റും കാണുന്ന എല്ലാവരേയും മുന്‍വിധിയില്ലാതെ നിഷ്‌ക്കളങ്കമായി ഇഷ്ടപ്പെടുക. അവരുടെ മുഖത്തുനോക്കി ഹൃദയപൂർവ്വം പുഞ്ചിരിക്കുക. അപരനെ പേരുചൊല്ലി വിളിക്കുക. ഒരാളുടെ പേരാണ് ഈലോകത്ത് അയാള്‍ക്ക് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട മധുരമായ ശബ്ദം.
നല്ലൊരു ശ്രോതാവാകുക. മറ്റുള്ളവരെ അവരുടെ കാര്യങ്ങള്‍ പറയാന്‍ പ്രോത്സാഹിപ്പിക്കുക. മറ്റുള്ളവരുടെ ചെറിയ, ചെറിയ താല്പര്യങ്ങളെപ്പോലും വിലമതിച്ച് സംസാരിക്കുക. കേള്‍ക്കുന്ന വ്യക്തികള്‍ക്കുകൂടി വേണ്ടത്ര പ്രാധാന്യം നല്‍കുക. കപടത വെടിഞ്ഞ് ആത്മാര്‍ത്ഥമായിതന്നെ ഇതുചെയ്യുക. കുറ്റപ്പെടുത്തുന്നരീതിയില്‍ കഴിവതും സംസാരിക്കാതിരിക്കുക. ഒരിക്കലും തര്‍ക്കിക്കാന്‍ നിന്നുകൊടുക്കരുത്. തര്‍ക്കം ഏറ്റം ഫലപ്രദമാക്കാനുള്ള വഴി അവ ഒഴിവാക്കുക തന്നെ..!
ഇതെല്ലാം അദ്യമൊക്കെ അല്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാൽ ശീലിച്ചാല്‍ അതിന്റെ വലിയ ഗുണം അനുഭവിച്ചറിയാനാകും. തീര്‍ച്ച.

Foto
Foto

Comments

leave a reply