വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരും മിഷനറികളും അതിക്രമങ്ങൾ നേരിടുന്ന സംഭവങ്ങൾ വിരളമല്ല. കൂട്ടക്കൊലപാതകങ്ങൾ മുതൽ ക്രൂരമായ നരഹത്യകളും മർദ്ദനങ്ങളും പലപ്പോഴായുണ്ടായിട്ടുണ്ട്. പുറംലോകം ശ്രദ്ധിക്കാതെയും വാർത്തകളിൽ ഇടംനേടാതെയും പോകുന്ന സംഭവങ്ങളാണ് ഏറെയും. ഇത്തരം സംഭവങ്ങൾ വാർത്തയാക്കാൻ പൊതുവെ മാധ്യമങ്ങൾ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ, അത് ക്രൈസ്തവ പീഡനങ്ങൾ പുതുമയില്ലാത്തതുകൊണ്ടോ ചിലരുടെ സ്ഥാപിത താല്പര്യങ്ങൾക്കൊണ്ടോ ആകാം. ശാരീരികമായി ഏല്പിക്കപ്പെടുന്ന കയ്യേറ്റങ്ങളും കൊലപാതക ശ്രമങ്ങളും കൊലപാതകങ്ങളും പോലെതന്നെ ആസൂത്രിതമായി നടക്കുന്ന മറ്റു ചിലതുണ്ട്. അതാണ്, നിയമത്തിന്റെ കുടുക്കുകളിൽ അകപ്പെടുത്തി തുറുങ്കിലടയ്ക്കുക എന്നുള്ളത്. ഉത്തരപ്രദേശിലും മധ്യപ്രദേശിലും ബീഹാറിലും തുടങ്ങി പല സംസ്ഥാനങ്ങളിലും മുമ്പും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ കള്ളക്കേസിൽ അകപ്പെടുത്തി ക്രൈസ്തവ മിഷനറിമാർ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.
2017 ഡിസംബറിൽ മധ്യപ്രദേശിലെ സത്നയിൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പ്രവർത്തനഫലമായി മാർ എഫ്രേം സെമിനാരി വിദ്യാർത്ഥികൾക്കും വൈദികർക്കുമെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായത് അക്കാലത്ത് ചില ചർച്ചകൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ വർഷം ഉത്തരപ്രദേശിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ ഭക്ഷണവസ്തുക്കൾ എത്തിച്ചു കൊടുത്തുകൊണ്ടിരുന്ന ചില മിഷനറിമാർക്കെതിരെ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കുകയുണ്ടയിരുന്നു. കഴിഞ്ഞ മാസമാണ് മധ്യപ്രദേശിൽ സ്‌കൂൾ പ്രിൻസിപ്പാൾ ആയ സന്യാസിനിക്കെതിരെ വ്യാജ പരാതിയെ തുടർന്ന് ഇതേ നിയമപ്രകാരം കേസെടുക്കുകയും ജയിലിലടയ്ക്കുകയുമുണ്ടായത്.
സമാനമായ ഒരു ശ്രമമാണ് മാർച്ച് പത്തൊമ്പതാം തിയ്യതി ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചുണ്ടായത് എന്ന് സാഹചര്യങ്ങൾ പരിശോധിച്ചാൽ ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, ഈ സംഭവം വലിയ വാർത്താപ്രാധാന്യം നേടിയതോടെ പ്രതിരോധത്തിലായ ബിജെപി, സംഘപരിവാർ അനുഭാവികൾ മറുവാദങ്ങളുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. എന്നാൽ, അവരുടെ അവകാശവാദങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് കാണാൻ കഴിയും. ഏറ്റവും പ്രധാനമായ കാര്യം, പത്തൊമ്പത് വയസുള്ള രണ്ട് പെൺകുട്ടികളും, ഇരുപത്തെട്ട് വയസുള്ള രണ്ട് യുവസന്യാസിനിമാരും, അവർ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നിരിക്കെ, തങ്ങൾക്ക് യാതൊരുവിധ പരിചയങ്ങളുമില്ലാത്ത ഒരു സ്ഥലത്ത് ഇറങ്ങി നിയമനടപടികൾ നേരിടാൻ നിർബ്ബന്ധിതരാവുക എന്നുള്ളത് കടുത്ത മനുഷ്യാവകാശ ലംഘനവും, സ്ത്രീ വിരുദ്ധതയുമാണ്. നൂറ്റമ്പതില്പരം ആളുകൾ, തങ്ങൾ ആരോപിക്കും പ്രകാരമുള്ള എന്തോ ഗുരുതരമായ തെറ്റുകൾ സന്യാസിനികൾ ചെയ്തിട്ടുണ്ട് എന്ന മുൻവിധിയോടെ അവിടെ സംഘടിച്ചിരുന്നു എന്നതിൽനിന്ന്, ആൾക്കൂട്ടം ആഗ്രഹിക്കുന്ന രീതിയിലുള്ള നടപടികളേ പൊലീസിന് സ്വീകരിക്കാൻ കഴിയുമായിരുന്നുള്ളൂ എന്ന് നിശ്ചയം. സഭാധികാരികളുടെ ഇടപെടലുകളെ തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും ചിലർ ഉടൻ സ്ഥലത്ത് എത്തുകയുമുണ്ടായിരുന്നില്ലെങ്കിൽ, സന്യാസിനിമാർ നേരിടേണ്ടിവരിക ആൾക്കൂട്ട വിചാരണയും വർഗീയ ശക്തികൾ ആവശ്യപ്പെടുന്ന വകുപ്പുകൾ ചുമത്തപ്പെട്ടുള്ള ജയിൽവാസവുമായിരിക്കും എന്ന് നിശ്ചയം.
പോലീസ് സന്യാസിനികളെ കസ്റ്റഡിയിലെടുത്തത് അക്രമികളുടെ കൈകളിൽനിന്ന് അവരെ രക്ഷപെടുത്തി സുരക്ഷിതമായി അടുത്ത ട്രെയിനിൽ കയറ്റി വിടാനാണ് എന്നൊരു വാദമുണ്ട്. തികച്ചും ബാലിശമാണ് ആ ന്യായീകരണം. ട്രെയിൻ യാത്രക്കാർക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ അവരെ സംരക്ഷിക്കുകയാണ് അർപിഎഫിന്റെ ഉത്തരവാദിത്തം. എന്നാൽ, ട്രെയിനിലാണ് അവർക്ക് സംരക്ഷണം നൽകേണ്ടത്. അപരിചിതമായ ഒരു സ്ഥലത്തെ ഒരുകൂട്ടം അക്രമികളുടെ കൈകളിലേക്ക് ഇറക്കിവിട്ടുകൊണ്ട് അവരെ സംരക്ഷിക്കാൻ കഴിയില്ല എന്ന് നിശ്ചയം. മാത്രമല്ല, ട്രെയിനും റെയിൽവേ സ്റ്റേഷനും അധികാര പരിധിയായുള്ള ആർപിഎഫ് ഉദ്യോഗസ്ഥർക്ക്, എന്തെങ്കിലും ഗുരുതരമായ നിയമ ലംഘനമോ കുറ്റകൃത്യമോ ശ്രദ്ധയിൽ പെട്ടാൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കാമെങ്കിലും, അവരെ ലോക്കൽ പോലീസിന് വിട്ടുകൊടുക്കാനേ കഴിയൂ. തുടർനടപടികൾ സ്വീകരിക്കേണ്ടത് സ്റ്റേറ്റ് പോലീസ് ആണ്. ഈ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായ സന്യാസിനിമാർ സ്വതന്ത്രരാകണമെങ്കിൽ അവരുടെ മേലധികാരികൾ അവിടെ എത്തിയേ മതിയാവുമായിരുന്നുള്ളൂ. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ തക്കസമയത്ത് ഉണ്ടായതിനാൽ മാത്രമാണ് നിയമത്തിന്റെ നൂലാമാലകളിൽനിന്ന് അവർക്ക് രക്ഷപെടാനായത്.
യാത്രക്കാർക്ക് നേരെ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും അവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു ഇവിടെ ആർപിഎഫ് ചെയ്യേണ്ടിയിരുന്നത്. തുടർന്നും ഭീഷണിയുണ്ടെങ്കിൽ അവരുടെ സുരക്ഷയ്ക്കായി ആവശ്യമെങ്കിൽ രണ്ട് സായുധരായ ഉദ്യോഗസ്ഥരെ ആ സംസ്ഥാനം കടക്കുംവരെ നിയോഗിക്കാനും ആർപിഎഫിന് കഴിയുമായിരുന്നു. തേർഡ് എസിയുടെ സുരക്ഷിത സാഹചര്യത്തിൽ നിന്ന് പിടിച്ചിറക്കിയശേഷം, രാത്രി ഉന്നത അധികാരികളുടെ ഇടപെടലുകളെ തുടർന്ന് സ്വതന്ത്രരായെങ്കിലും അവർ ആവശ്യപ്പെട്ടതിൻ പ്രകാരം മാത്രമാണ് പിറ്റേദിവസം യാത്ര തുടരാനുള്ള സൗകര്യം ഒരുക്കി നൽകാമെന്ന് റെയിൽവേ അധികൃതർ സമ്മതിച്ചത്. സുരക്ഷയ്ക്ക് ഒരു ഉദ്യോഗസ്ഥനെ വിട്ടുനൽകിയതും അവർ ആവശ്യപ്പെട്ടതിനാൽ മാത്രമാണ്. എന്നാൽ, വിഐപി കോച്ചിൽ സുരക്ഷിതമായി യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കാമെന്ന് പറഞ്ഞിരുന്ന റെയിൽവേ അധികൃതർ അവർക്ക് നൽകിയത് വികലാംഗർക്കായുള്ള ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റുകളാണ്. തീരെ സുരക്ഷിതമല്ലാത്തതും പരിമിതവുമായ സാഹചര്യത്തിലാണ് അവർക്ക് തുടർന്ന് യാത്ര ചെയ്യേണ്ടതായി വന്നത്. ഇത് റെയിൽവേയുടെയും പോലീസ് അധികൃതരുടെയും ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ച തന്നെയാണ്.
മനുഷ്യക്കടത്ത് മതപരിവർത്തനം തുടങ്ങിയ പരാതികൾ ലഭിച്ചതിനാലാണ് സന്യസ്തരെ കസ്റ്റഡിയിൽ എടുത്തത് എന്ന ഒരു വിശദീകരണം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നൽകിയതായി ചില വാർത്തകൾ വന്നിരുന്നു. ന്യായീകരണം അർഹിക്കുന്ന ഒരു വാദമല്ല അതും. സന്യാസാർത്ഥിനികൾ ഇരുവരും പ്രായപൂർത്തിയായവരാണ് എന്നുള്ളതിന് അവരുടെപക്കൽ തെളിവുണ്ടായിരുന്നു. പ്രായപൂർത്തിയായ അവരുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കാനുള്ള ബാധ്യത ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. മാത്രമല്ല, ഇരുവരും തങ്ങളുടെ ജന്മദേശത്തേയ്ക്ക് മറ്റുരണ്ട് സന്യാസിനിമാരുടെ കൂട്ടോടെ പോവുകയായിരുന്നു എന്നുള്ളതും വ്യക്തം. അടിസ്ഥാനരഹിതമായ ഒരു പരാതി ലഭിച്ചാൽ, പ്രാഥമിക പരിശോധനയിൽ വാസ്തവം വ്യക്തമാകും എന്നിരിക്കെ, അവരെ തുടർന്ന് യാത്രചെയ്യാൻ അനുവദിക്കേണ്ടതിന് പകരം, കസ്റ്റഡിയിൽ എടുത്ത് ലോക്കൽ പോലീസിനെ ഏൽപ്പിക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിൽ അത് പുറത്തു കാത്തുനിന്നിരുന്ന ആൾക്കൂട്ടത്തിന്റെ ആവശ്യപ്രകാരം തന്നെയായിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.
ഇത്തരം കാരണങ്ങളാൽ, ഝാൻസിയിൽ സംഭവിച്ചത് ചിലർ ന്യായീകരിക്കാൻ ശ്രമിക്കും വിധത്തിലുള്ള നിസ്സാരമായ ഒരു സംഭവമായിരുന്നില്ല എന്ന് നിശ്ചയം. ചില ഗൂഢ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ പുതിയൊരു നിയമം തങ്ങൾക്ക് ശത്രുതയുള്ള ആർക്കെതിരെയും പ്രയോഗിക്കാൻ കഴിയുന്ന ഒരായുധമാണെന്ന് തെളിയിക്കുകയായിരുന്നു അവർ. അത്തരം ചില ലക്ഷ്യങ്ങളോടെയാണ് ആന്റി കൺവേർഷൻ നിയമം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് ക്രൈസ്തവർക്കും കത്തോലിക്കാ വൈദികർക്കും സന്യസ്തർക്കുമെതിരെ ഇതുപോലുള്ള അതിക്രമങ്ങൾ ഉണ്ടാകുന്നത്? ആകെജനസംഖ്യയിൽ വർഷങ്ങൾ കഴിയുംതോറും ശതമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന യഥാർത്ഥ ന്യൂനപക്ഷമായ ക്രൈസ്തവരോട് എന്തിനാണ് ഇത്രമാത്രം ശത്രുത? ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലും സാധാരണക്കാർക്കിടയിലും വിദ്യാഭ്യാസ ആരോഗ്യ സാമൂഹികക്ഷേമ മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്നവരാണ് പതിനായിരക്കണക്കിനായ വൈദികരും സന്യസ്തരും. അവരിലാരും മതംമാറ്റാൻ ഇറങ്ങിയിരിക്കുന്നവരോ, മനുഷ്യക്കടത്ത് നടത്തുന്നവരോ അല്ല. തങ്ങൾ അനുഭവിച്ചറിഞ്ഞ സ്നേഹം തന്നെയായ ദൈവത്തെ സ്നേഹത്തിലൂടെയും സേവനപ്രവർത്തനങ്ങളിലൂടെയും ലോകത്തിന് പരിചയപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. നന്മയെ വെറുക്കാൻ തിന്മയ്ക്ക് മാത്രമേ കഴിയൂ. അതാണ് ഇവിടെ സംഭവിക്കുന്നതും.
തീവ്ര വർഗീയതയെയും മതമൗലികവാദത്തെയും രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുന്ന ചിലരെ സംബന്ധിച്ച് വിദ്വേഷമാണ് അവർ വിതയ്ക്കുന്നത്. എണ്ണമറ്റ അക്രമസംഭവങ്ങളായി അത് പെരുകിക്കൊണ്ടിരിക്കുന്നു. വർഗീയത ആയുധമാക്കി നമുക്കിടയിൽ പ്രവർത്തിക്കുന്ന ശക്തികളെയും അകറ്റി നിർത്തേണ്ടതുണ്ട് എന്ന് നമ്മെ ശക്തമായി ഓർമ്മിപ്പിച്ച ഒരു സംഭവമായാണ് ഝാൻസിയിലുണ്ടായ അതിക്രമത്തെ വിലയിരുത്തേണ്ടത്. ഒപ്പം, ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, സമാനമായ സാഹചര്യങ്ങളിൽ അപകടകരമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ക്രൈസ്തവർക്കും മിഷനറിമാർക്കും വേണ്ടി ഒറ്റക്കെട്ടായി ശബ്ദമുയർത്താനും നമുക്ക് കഴിയണം.
ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.
Comments