നാളെ കേരളത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടക്കാനിരിക്കേ
പാചക വാതക ഗാര്‍ഹിക സിലിണ്ടറിന് ഇന്നു കൂടിയത് 25 രൂപ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കു കേരളത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നു ഇന്ധന വില വര്‍ദ്ധന. പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ നട്ടം തിരിയുന്ന ബി.ജെ.പിക്ക് അതിലും വലിയ തലവേദനയാണ് അടിക്കടിയുള്ള ഇന്ധന വിലക്കുതിപ്പിലൂടെ ഉണ്ടായിട്ടുള്ളതെന്ന് അവരുടെ തന്നെ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. നിസ്സാര വിലയ്ക്ക് എന്‍.ഡി.എ ഭരണ കാലത്ത്് ഡീസലും പെട്രോളും അടിക്കാനാകുമെന്ന മുന്‍കാല വാഗ്ദാനങ്ങള്‍ ട്രോളുകളായി ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാനാകാതെ വിഷമിക്കുകയാണ് അവര്‍.
ഡീസല്‍, പെട്രോള്‍ വില മിക്ക ദിവസവും വര്‍ധിപ്പിക്കുന്നതിന്റെ അനുബന്ധമായി രാജ്യത്ത് പാചക വാതക വില ഇന്നു വീണ്ടും കൂട്ടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്.ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 97 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയായി. വാണിജ്യ സിലിണ്ടര്‍ വില 1618 ലെത്തി. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ നാളെ കേരളത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടക്കുകയാണ്. അടിക്കടി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി എണ്ണക്കമ്പനികള്‍ തുടരുന്നതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഇപ്പോള്‍ പാചക വാതക വില കൂട്ടിയിരിക്കുന്നത്.
ഇന്ധനങ്ങളുടെ വില്‍പ്പനയില്‍ വിവിധ നികുതിയിനങ്ങളില്‍ നിന്നായി 4.13 ലക്ഷം കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന കാര്യം ജനങ്ങള്‍ക്കറിയാം. ഇതില്‍ എക്‌സൈസ്, കസ്റ്റംസ് നികുതികളാണ് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്നത്. അത് ഏകദേശം 49 % വരും. രണ്ടാം സ്ഥാനം സംസ്ഥാനങ്ങള്‍ പിരിക്കുന്ന വില്‍പ്പന നികുതിയാണ്. ഏകദേശം 39%. വില്‍പ്പന നികുതിയില്ലാത്ത നാഫ്ത പോലുള്ള ഇന്ധനങ്ങള്‍ക്കു നിലവില്‍ ജി എസ് ടിയാണ് ബാധകം. ഇതില്‍ വെറും 2 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ രഹസ്യമല്ല.
ജി എസ് ടിയുടെ ഏറ്റവും കൂടിയ സ്ലാബ് 28 ശതമാനമാണെന്നിരിക്കെ ജി എസ് ടിയില്‍ പെടുത്തിയാല്‍ ഇന്ധനവില അറുപതിനും എഴുപതിനുമിടയില്‍ പിടിച്ചു നിര്‍ത്താനായേക്കുമെന്നത് വെറും ഊഹമല്ല. എന്നാല്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതമാണെന്ന് അടിക്കടി പറയുകയല്ലാതെ കേന്ദ്രം അതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്യുന്നില്ല. ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇരു വിഭാഗത്തിനും യഥാര്‍ത്ഥത്തില്‍ താത്പര്യമില്ലെന്നതാണ് വസ്തുത.
സാധാരണക്കാരെ നിയമപരമായി ഊറ്റിയെടുത്ത് കൊള്ള ലാഭം നേടുന്ന തന്ത്രമെന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ആ കൊള്ളമുതലിന്റെ ചെറിയ വിഹിതം കൊണ്ട് തൃപ്തിയടയേണ്ടി വരുന്നു സംസ്ഥാനങ്ങള്‍ക്ക്.ഇന്ധനങ്ങളുടെ വില്‍പ്പന നികുതി മിക്കവാറും സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നികുതി നിശ്ചയിക്കുന്നതിന്റെ അധികാരം വേണ്ടെന്ന് വെച്ച് ജി എസ് ടിയിലേക്ക് മാറാന്‍ സംസ്ഥാനങ്ങള്‍ വിസമ്മതിക്കുന്നതിന്റെ കാരണമിതാണ്. ഇതിലെ വരുമാനം ഇല്ലാതായാല്‍ സംസ്ഥാനങ്ങളുടെ സ്ഥിതി പരിതാപകരമാകും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുകയറുന്നതില്‍ കാര്യമായ നേട്ടം കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നത്.
അതേസമയം, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിലേക്ക് കൊണ്ടു വരുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസം തല്‍ക്കാലം സാമ്പത്തിക വിദഗ്ധര്‍ക്കില്ല. ജി എസ് ടി യിലേക്കു വന്നാല്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഈയിനത്തില്‍ വലിയ വരുമാനക്കുറവുണ്ടാകുമെന്നതു തന്നെ കാരണം. ഇന്ധന വില വര്‍ദ്ധനവ് ഉണ്ടാകുന്നത് 'മഹാസങ്കടകരമായ കാര്യമാണ്' എന്നും ഇന്ധന വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നുമൊക്കെയായിരുന്നു നിര്‍മ്മല സീതാരാമന്റെ എണ്ണിപ്പറച്ചില്‍.
ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമഭേദഗതി ആവശ്യമില്ല. വില വര്‍ദ്ധന പിടിച്ചുനിര്‍ത്താനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നു മാത്രം. ഇന്ധനവില ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ തമ്മില്‍ സമവായം ഉണ്ടാകണം. ജി എസ് ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകുമെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി.
ഇന്ധനവില കൂട്ടിയപ്പോള്‍, സംസ്ഥാനത്തിനു ലഭിക്കേണ്ട അധിക വില്‍പനനികുതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്ത് മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃക കാട്ടിയിട്ടുണ്ട് കേരളമെന്നത് ഇപ്പോഴത്തെ സര്‍ക്കാര്‍ മാനിക്കുന്നില്ല. 2005 ലും 2011ലും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ മന്ത്രിസഭകളില്‍ നിന്നുണ്ടായതാണ് ഈ ജനപ്രിയ നടപടി. ഇതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി പിന്‍വലിച്ച് അസമില്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചു. അവിടെ രണ്ടിനും ലീറ്ററിന് 5 രൂപ വീതമാണു കുറഞ്ഞത്.
ഇന്ധനവിലയിലെ കയറ്റം അതില്‍ മാത്രം ഒതുങ്ങുന്നില്ല. നിത്യോപയോഗസാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ വസ്തുക്കളുടെയും വിലക്കയറ്റമാണ് ആത്യന്തിക ഫലമെന്ന അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്ന് ഇപ്പോള്‍ നികുതിവരുമാനമായി ലഭിക്കുന്ന കോടികളില്‍ കുറച്ചെങ്കിലും വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പര്യക്കുറവ് ജനങ്ങള്‍ക്കു കനത്ത ആഘാതമായി മാറുന്നു.
Comments