Foto

മനുഷ്യജീവൻ മഹാത്ഭുതം: എം.പി. ജോസഫ് ഐ.എ.എസ്

മനുഷ്യജീവൻ മഹാത്ഭുതം: എം.പി. ജോസഫ് ഐ.എ.എസ്
    
കൊച്ചി : മനുഷ്യജീവൻ ഒരു മഹാത്ഭുതമാണ്.  ജീവന്റെ തേജോമയമായ ജ്വാലയ്ക്കു ചുറ്റും, അത് അണഞ്ഞുപോകാതിരിക്കാനുള്ള കൈകോർക്കലിന് എല്ലാ മനുഷ്യസ്‌നേഹികളും ഒന്നിക്കണമെന്ന് എം.പി. ജോസഫ് ഐ.എ.എസ്. കെ.സി.ബി.സി മീഡിയ-ഫാമിലി കമ്മീഷനുകൾ    'കോവിഡിനപ്പുറവും ജീവിതമുണ്ട്' എന്ന വിഷയത്തെക്കുറിച്ച് സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
    
എം.പി. ജോസഫ് ഐ.എ.എസിന്റെ വാക്കുകളിലേക്ക് : കോവിഡ് നാളുകളിൽ പുറത്തിറങ്ങാതെ അടച്ചിട്ട മുറികളിൽ കഴിയേണ്ടി വന്നവരുടെ മാനസികസംഘർഷങ്ങൾ അസംഖ്യമാണ്. Closed Door Phobia പോലുള്ള മനോരോഗങ്ങളോടൊപ്പം ഡിപ്രഷനും പലരെയും ബാധിക്കുകയുണ്ടായി. ഒരാൾക്ക് തീവണ്ടി യഥാസമയം കിട്ടിയില്ലെങ്കിലോ എന്നത് ഒരു വൈകാരികമായ ഇടർച്ച മാത്രമാണ്. കോവിഡ് സമ്മാനിച്ചത് ഇത്തരമൊരു ഉത്കണ്ഠയല്ല. ഇനിയെന്ത്, ഇനിയെങ്ങനെ എന്ന   ചോദ്യങ്ങൾക്കൊന്നും പരിചിതമായ ഉത്തരങ്ങൾ ചരിത്രത്തിലില്ല. ഇത് ആകുലമായ ഒരു മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു. ഗൾഫിൽ നിന്ന് ജോലി നിർത്തി മടങ്ങിപ്പോരേണ്ടി വന്ന 12 ലക്ഷത്തോളമാളുകൾ അവരുടെ ജീവിതത്തിന്റെ എല്ലാ ആസൂത്രണങ്ങളും കാറ്റിൽ പറക്കുന്നതു കാണുമ്പോൾ നൈരാശ്യത്തിലേക്കു വീഴാം. ഇത് നമ്മുടെ കൊച്ചു കേരളത്തിന്റെ കാര്യം മാത്രമല്ല. യൂണിസെഫ് ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലുമുള്ള 13 മുതൽ 29 വരെ പ്രായക്കാർക്കിടയിൽ സർവേയിൽ 15 ശതമാനവും ഡിപ്രഷൻ ഉള്ളവരായി കണ്ടു. 46 ശതമാനം പേർ ദൈനംദിന കാര്യങ്ങളിൽ ഉദാസീനത പുലർത്തുന്നവരായി   മാറിയതും സർവേയിൽ കണ്ടെത്തി. കേരളം ദേശീയതലത്തിലെ ആത്മഹത്യാ കണക്കനുസരിച്ച്                   നാലാമത്തെയോ അഞ്ചാമത്തെയോ സ്ഥാനത്താണ്. 1 ലക്ഷം പേരിൽ 21.6% പേർ കേരളത്തിൽ  ആത്മഹത്യ ചെയ്യുന്നതായി കണക്കാക്കിയിരിക്കുന്നു. സാമൂഹികതിന്മകളായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമെല്ലാം വർധിച്ചത് ചില കുടുംബങ്ങളിൽ അസ്വസ്ഥതയുണർത്തിക്കഴിഞ്ഞു.
    

ഈ സാമൂഹിക സാഹചര്യങ്ങളെ അതിജീവിക്കാൻ എല്ലാ മത, രാഷ്ട്രീയ, സാമുദായിക   പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണം. ചില രാഷ്ട്രീയ പാർട്ടികൾ കുടുംബങ്ങളെ ശത്രു പക്ഷത്തുനിർത്തുന്ന പ്രവണതയുണ്ട്. ശക്തമായ കുടുംബ ബന്ധങ്ങൾ പാർട്ടികളുടെ സ്വാധീനത്തെ ദുർബലമാക്കുമെന്നു കരുതി കുടുംബങ്ങളുടെ പവിത്രത നശിപ്പിക്കുന്ന നിയമനിർമ്മാണങ്ങൾക്ക് ചില രാഷ്ട്രീയ പാർട്ടികൾ                       മുതിരുന്നു. പാശ്ചാത്യനാടുകളെ മാതൃകയാക്കി സ്വവർഗവിവാഹങ്ങൾക്കും ഭ്രൂണഹത്യങ്ങൾക്കും   നിയമസാധുത നൽകി അവർ പരിഷ്‌കൃതരാണെന്നു ഭാവിക്കുന്നു. വിവാഹത്തിനു പകരം ഒത്തുവാസം  നിയമപരമാക്കാൻ ഭരണഘടനയെ പോലും ദുർവ്യാഖ്യാനം ചെയ്യുന്നു.
    
ഏകദേശ കണക്കനുസരിച്ച് മനുഷ്യൻ ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടിട്ട് 1 ലക്ഷത്തിഇരുപതിനായിരം വർഷങ്ങളായെന്നു പറയുന്നു. ഓരോ 25 വർഷവും ഈ ലോകത്തിൽ  തലമുറ മാറ്റം   സംഭവിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇതുവരെ 4 ലക്ഷം തലമുറകൾ ഈ ഭൂമിയിൽ ജീവിച്ചുകടന്നുപോയിരിക്കാം. ആ തലമുറകളൊന്നും അഭിമുഖീകരിക്കാത്ത പ്രതിസന്ധി  ലോകത്ത് ജന്മമെടുത്തു കഴിഞ്ഞു. കേരളത്തിൽ പോലും നാലോ അഞ്ചോ പതിറ്റാണ്ടുകളായി കുടുംബമെന്ന സാമൂഹിക സംവിധാനം തകിടം മറിക്കാനുള്ള സംഘടിതശ്രമങ്ങൾ നടന്നുവരികയാണ്.
    
കുടുംബത്തിന്റെ മഹത്വവും പവിത്രതയുമെന്നത് അറുപഴഞ്ചനാണെന്നു കരുതുന്ന  യുവതീ   യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൽസരിക്കുന്നു. ഒരു മനുഷ്യനെ   രൂപപ്പെടുത്തുവാനുള്ള പരിശീലനക്കളരിയായ കുടുംബത്തിന്റെ  സ്വസ്ഥത തകർക്കാൻ മദ്യവും മയക്കുമരുന്നും   നിഗൂഢ ശക്തികൾ ചട്ടുകമാക്കുമ്പോൾ അവയെ ചെറുക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വൈമുഖ്യം കാണിക്കുന്നു.
    
കാലഘട്ടത്തിന്റെ ഈ വെല്ലുവിളികളെ നേരിടാൻ കുടുംബങ്ങളെ കേൾക്കാനുള്ള പുതുസംരംഭങ്ങളും അവർക്ക് സഞ്ചരിക്കാവുന്ന സമാധാനത്തിന്റെയും സന്തോഷത്തിന്റെ പ്രായോഗികഭൂമികകളും നാം സജ്ജമാക്കേണ്ടതുണ്ട്. കൗൺസിലിംഗ് കുടുതൽ വിപുലപ്പെടുത്തുകയും, ഓരോ കുടുംബങ്ങളെയും പ്രശ്‌നാധിഷ്ഠിതമായ രീതിയിൽ സമീപിച്ച് പ്രബുദ്ധരും പ്രതിബദ്ധതയുമുള്ളവരുമാക്കണം.                               കെ.സി.ബി.സിയുടെ, ഫാമിലി കമ്മീഷന് ഇത്തരത്തിലുള്ള നവകർമ്മസരണികൾ തുറക്കാനാകട്ടെ.  വേദഗ്രന്ഥ വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ഉപസംഹാര വാക്യങ്ങളോടെ എം.പി. ജോസഫ് പറഞ്ഞുനിർത്തി.

 

Comments

  • Krishna kumar Balakrishnan
    28-10-2021 05:47 PM

    ആശങ്കയോടെ കഴിയുന്നവർക് സാറിന്റെ ഈ വാക്കുകൾ ആശ്വാസം ആകട്ടെ.

leave a reply

Related News