Foto

ഇന്ധന വിലക്കുതിപ്പിനു സമാന്തരമായി നികുതി ഊറ്റിയുള്ള കടുംവെട്ടും

ബാബു കദളിക്കാട്
100 രൂപയുടെ പെട്രോള്‍ വാങ്ങുമ്പോള്‍ നികുതിയായി കേന്ദ്ര,സംസ്ഥാന ഖജനാവുകളിലേക്കെത്തുന്നത് ഏകദേശം 63 രൂപ

ജനജീവിതത്തിലും സമ്പദ് വ്യവസ്ഥയിലും കനത്ത താളപ്പിഴയുണ്ടാക്കി ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍. കൊച്ചിയില്‍ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്. പാചക വാതകത്തിനു കഴിഞ്ഞ മാസം രണ്ടു തവണ വില കൂട്ടി.

 

കൊറോണ വൈറസിലൂടെ വന്നുപെട്ട വന്‍ ദുരിതം ഇന്ധന വിലവര്‍ധനയിലൂടെ രൂക്ഷമാക്കി കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും കൈകോര്‍ത്ത് വിപരീത കാലത്തും പകല്‍ക്കൊള്ള തുടരുകയാണെന്ന പരിഭവം രാജ്യത്തെ സാധാരണ ജനങ്ങള്‍ പങ്കുവയ്ക്കുന്നു.നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം  വില മാറ്റമില്ലാതെ തുടരുകയായിരുന്നു.ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്.ആഗോള ക്രൂഡ് ഓയില്‍  വില മെല്ലെ വര്‍ദ്ധിക്കുന്ന പ്രവണത വീണ്ടും പ്രകടമായിട്ടുണ്ട്.പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതും കൊവിഡ് -19 നുള്ള വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യതയുമാണ് അന്താരാഷ്ട്ര വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍.

 

നിലവിലെ പ്രതിദിന ഇന്ധന വിലവര്‍ധനക്ക് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത് ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയാണ്. എന്നാല്‍ കഴിഞ്ഞ ഒന്നര മാസം മുമ്പ് വരെ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നിരുന്നത് എണ്ണക്കമ്പനികളോ കേന്ദ്ര സര്‍ക്കാരോ അറിഞ്ഞില്ല. എണ്ണ വിലയില്‍ നിന്ന് നികുതിയിനത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിടിച്ചുപറിക്കുന്ന നികുതി കുറയ്ക്കാന്‍ തയ്യാറായാല്‍ മാത്രമേ വില താഴ്ത്തി നിര്‍ത്താനാകൂ. നേരത്തേ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ 2013-14ലെ യു പി എ സര്‍ക്കാര്‍ ഇന്ധന നികുതി 20 രൂപയില്‍ നിന്ന് രണ്ട് രൂപയായി കുറച്ചാണ് വിലക്കയറ്റം അല്‍പ്പമെങ്കിലും പിടിച്ചു നിര്‍ത്തിയത്.ഇപ്പോഴാകട്ടെ, സംസ്ഥാന സര്‍ക്കാരുകളും വില വര്‍ദ്ധിക്കുന്നതിനനുസൃതമായി നികുതി വരുമാനം ഉയരുന്നതിന്റെ രഹസ്യ ആഹ്‌ളാദത്തിലാണ്.

 

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയ ശേഷം 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് പ്രതിദിനം പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കിയിരുന്നത്. എന്നാല്‍ വില വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ പിടിച്ചുനില്‍ക്കാറുമുണ്ട് ചിലപ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍. വിലവര്‍ധനയ്ക്കെതിരായി രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലുള്‍പ്പെടെ സര്‍ക്കാരിന് ആവശ്യമുള്ള സമയത്ത് എണ്ണവില ഉയരാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നത് വസ്തുത. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നപ്പോഴും  40 ദിവസത്തോളം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോള്‍ വില 50 ദിവസവും ഡീസല്‍ വില 40 ദിവസവുമാണ് മാറാതെ നിന്നത്്. പിന്നീട് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 20ന് ശേഷമാണ് ഇന്ധന വില തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങിയത്.

 

രാജ്യത്തിന്റെ വികസനത്തിന് മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയുടെ മറവില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് തൂക്കിവിറ്റും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന ആരോപണം കൂടുതല്‍ തീവ്രമാവുകയാണ്. കോവിഡ് വന്നതോടെ സര്‍ക്കാരിന് ജിഎസ്ടി വരുമാനം താഴ്ന്നിരുന്നു, പക്ഷേ, രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം 10-16 ശതമാനം കുറഞ്ഞപ്പോഴും ഇന്ധന ഇനത്തില്‍ നികുതി വരുമാനം പഴയതിനേക്കാള്‍ ഗണ്യമായി വര്‍ദ്ധിച്ചു. കാരണം ഒരു ലിറ്റര്‍ പെട്രോളിന്മേലുള്ള കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി 2014ല്‍ 9.2 രൂപയായിരുന്നത് 2021 ജനുവരിയില്‍ 32.98 രൂപയായി.100 രൂപയുടെ പെട്രോള്‍ വാങ്ങുമ്പോള്‍ ഏകദേശം 63 രൂപ നികുതിയായി കേന്ദ്ര,സംസ്ഥാന ഖജനാവുകളിലേക്കെത്തുന്നുണ്ട്. ശരാശരിക്കാരുടെ വരുമാനത്തിന്റെ 17 ശതമാനം വരെ ഇന്ധനത്തിനായി നീക്കി വയ്‌ക്കേണ്ടിവരുന്നതായാണ് കണക്ക്. ജനജീവിതത്തിന്റെ വിവിധ മേഖലകളെ ഇന്ധന വില വര്‍ദ്ധന പ്രതികൂലമായി ബാധിക്കുന്നുവെന്നത് സര്‍ക്കാരുകള്‍ കണ്ട മട്ടു കാണിക്കാറില്ല.

 

കഴിഞ്ഞ നവംബര്‍ 16ന് പെട്രോള്‍ വില 76.99 രൂപയും ഡീസല്‍ വില 71.29 രൂപയുമായിരുന്നു. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും സംസ്‌കരണ ചെലവുമുള്‍പ്പെടെ അതേദിവസം പെട്രോള്‍ 22.44 രൂപക്കും ഡീസല്‍ 23.23 രൂപയ്ക്കുമായിരുന്നു പെട്രോള്‍ പമ്പുകളിലെത്തിയത്. പെട്രോളിന്റെ ഡീലര്‍ കമ്മീഷന്‍ 3.60 രൂപ. കേന്ദ്ര നികുതി 32.98 രൂപ, സംസ്ഥാനത്തിന് നല്‍കേണ്ട നികുതി 17.97 രൂപ. എന്നിവ ഈടാക്കിയതോടെ ആകെ നികുതി ഇനത്തില്‍ 50.57 രൂപയായി. ഇത് ആകെ ഉത്പന്ന വിലയുടെ 227 ശതമാനം വരും. ഡീസലിന് കേന്ദ്രത്തിന് 31.83 രൂപയും സംസ്ഥാനത്തിന് 13.70 രൂപയും നികുതി നല്‍കുന്നതോടെ ആകെ നികുതി 45.53 രൂപയായി. 23.23 രൂപയ്ക്ക് പമ്പിലെത്തിയ ഡീസലിന്റെ നികുതി ഇതോടെ 196 ശതമാനമായി ഉയരുകയായിരുന്നു.അസംസ്‌കൃത ഇന്ധന വില പിന്നീട് കുത്തനെ ഇടിഞ്ഞ ഘട്ടത്തില്‍  മോദി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ച് ഇന്ധനക്കൊള്ളയ്ക്ക് പച്ചക്കൊടി കാണിച്ചു.

 

ഇന്ധന വില വര്‍ധിക്കുമ്പോള്‍ പൊതുവിപണികളില്‍ വില കുതിക്കും.വിലക്കയറ്റം കൂടുമ്പോള്‍ രൂപയുടെ നിലവാരം ഇടിയുകയും അത് രാജ്യത്തെ സമ്പദ്ഘടനയെ തന്നെ ബാധിക്കുകയും ചെയ്യും. ഇതിനിടെയാണ് ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി പാചക വാതക വില വര്‍ധനയും വന്നിരിക്കുന്നത്. പാചക വാതക സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് കിട്ടിപ്പോന്നതു നിലച്ചിട്ട് ഏഴ് മാസം പിന്നിടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കുറയ്ക്കാത്തതോടെയാണ്് സബ്‌സിഡി ഇല്ലാതായത്. ഇതേ വിലയിലേക്ക് സബ്‌സിഡിയില്ലാത്ത പാചക വാതക വിലയും ഉയര്‍ന്നതോടെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി പ്രകാരം സബ്‌സിഡി തുകയില്ലാതായെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇതോടെ പാചക വാതകത്തിന് സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും നല്‍കുന്നത് ഒരേ നിരക്കായി. കൊച്ചിയില്‍ 701 രൂപ. കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞതോടെ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ സബ്‌സിഡിയുള്ള പാചക വാതകത്തിന്റെ വിലയില്‍ കാര്യമായ കുറവുണ്ടായില്ല.

 

സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയ്ക്ക് സമാനമായി സബ്‌സിഡിയുള്ള പാചക വാതകത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിപ്പിച്ച വില  കുറയ്ക്കാത്തതാണ് സബ്‌സിഡി ഇല്ലാത്ത അവസ്ഥയിലെത്തിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവും രൂപയുടെ വിലയിടിവും പാചക വാതക വിലയെ നേരിട്ട് ബാധിക്കും. ഇതിനാല്‍ ഓരോ മാസവും ആദ്യം തന്നെ എണ്ണക്കമ്പനികള്‍ പാചക വാതക വില നിശ്ചയിക്കുന്നു. സര്‍ക്കാര്‍ പ്രതിമാസമാണ് സബ്‌സിഡിത്തുക നിശ്ചയിക്കുന്നത്. സബ്‌സിഡി വിതരണം നിലച്ചതു മൂലം കേന്ദ്ര സര്‍ക്കാരിന് നടപ്പ് സാമ്പത്തിക വര്‍ഷം 20,000 കോടിയിലധികം രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

Comments

leave a reply