Foto

ഇന്ധന വില വീണ്ടും കൂട്ടാന്‍ സമ്മര്‍ദ്ദവുമായി കമ്പനികള്‍; കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍

വോട്ടര്‍മാരെ ഭയന്ന് ഇന്ധന വിലക്കുതിപ്പ്  കേന്ദ്ര സര്‍ക്കാര്‍  
താല്‍ക്കാലം മരവിപ്പിച്ചത് വൈകാതെ തിരിച്ചടിയായേക്കും

കേരളത്തില്‍ ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഇന്ധന വിലക്കുതിപ്പ് താല്‍ക്കാലികമായി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടെങ്കിലും ഒപെക് രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചതോടെ ഇന്ത്യയടക്കമുള്ള ഉപയോക്തൃ രാജ്യങ്ങളില്‍ വൈകാതെ  എണ്ണവില ഉയരുമെന്നു വിദഗ്ധര്‍ പറയുന്നു. തുടര്‍ച്ചയായി വില കൂട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന നിലപാടുമായി എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്. ആവശ്യം  കമ്പനികള്‍ ശക്തമാക്കിയതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അടുത്തിടെ പാചകവാതക വിലയിലുണ്ടായ കുതിച്ചകയറ്റം ഇതിനകം സാധാരണക്കാരന്റെ ബജറ്റ് തെറ്റിച്ചു കഴിഞ്ഞു. വിലക്കയറ്റം തുടര്‍ന്നാല്‍ പണപ്പെരുപ്പം ഉയരുന്നതിനും ഇതുവഴി വളര്‍ച്ചാ വേഗം കൈവിടാനും ഇടയാകും.എണ്ണയുല്‍പ്പാദനം നിലവിലെ സ്ഥിതിയില്‍ തുടരാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. എണ്ണവില നിശ്ചയിക്കാന്‍ രാജ്യാന്തര വിലയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ രാജ്യത്ത് ഇന്ധനവില റെക്കോഡ് നിലവാരത്തിലാണ്.
ആഭ്യന്തര പാചക വാതക വില കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 2 മടങ്ങു വര്‍ദ്ധിച്ച് 819 രൂപയായെന്നും പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി വര്‍ദ്ധനവ് 459 ശതമാനത്തിലധികമായെന്നും  ധര്‍മേന്ദ്ര പ്രധാന്‍ ലോക്സഭയെ അറിയിച്ചു.2014 മാര്‍ച്ച് ഒന്നിന് പാചക വാതക ചില്ലറ വില്‍പ്പന വില 14.2 കിലോഗ്രാം സിലിണ്ടറിന് 410.5 രൂപയായിരുന്നു. ഈ മാസം ഇതേ സിലിണ്ടറിന് 819 ഡോളര്‍ വില വരും. സബ്‌സിഡി ഒഴിവാക്കിയിട്ടുമുണ്ട്.

ഇന്ധന വിലയിലെ കുതിപ്പ് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്നതായുള്ള ബിജെപിയുടെ തിരിച്ചറിവ് പല സംസ്ഥാനങ്ങളിലും നിന്നു പുറത്തുവരുന്നുണ്ട് ഇതിനിടെയും രാജ്യത്ത് ഇന്ധന വില ഗണ്യമായി വര്‍ധിപ്പി്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് വ്യക്തമാക്കുന്നു എണ്ണക്കമ്പനികള്‍.തെരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതില്‍ വര്‍ധിപ്പിയ്ക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പക്ഷേ, അധിക ദിവസം ഈ നിബന്ധന തുടരാന്‍ സാധിയ്ക്കില്ലെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ച് ഉയരുന്നതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചത്.

സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കാണ് ഈ ആക്രമണം അസംസ്‌കൃത എണ്ണവിലയെ എത്തിച്ചത്. ബ്രാന്‍ഡ് ക്രൂഡ് വില ഇപ്പോള്‍ ബാരലിന് 70.47 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒറ്റ ദിവസം 1.14 ഡോളര്‍ വര്‍ധിച്ചതായും എണ്ണ കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തോട് വ്യക്തമാക്കി. അമേരിക്കയിലെ ടെക്‌സസില്‍ ഉള്‍പ്പടെ ഉണ്ടായ അതിശൈത്യം മൂലം എണ്ണ ഉല്‍പാദനം കുറഞ്ഞതും വില വര്‍ധനവിന് കാരണമാകുന്നതായി എണ്ണ കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ വില വര്‍ധനവ് തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധത്തിലാക്കുന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തി. തീരുവകള്‍ കുറയ്ക്കാന്‍ തയ്യാറാണെങ്കിലും ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം എന്നാണ് ആവശ്യം. കേരളത്തിന് പുറമേ ബിജെപി ഭരിയ്ക്കുന്ന കര്‍ണ്ണാടകയും, മധ്യപ്രദേശും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എണ്ണവില 3 രൂപ മുതല്‍ 5 രൂപ വരെ എങ്കിലും ലിറ്ററിന് അടുത്ത 15 ദിവസം കൊണ്ട് വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികളുടെ നിര്‍ദ്ദേശം.

ബാബു കദളിക്കാട് ✍️

Foto

Comments

leave a reply

Related News