Foto

ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 1 മുതല്‍

തിരുവനന്തപുരം : മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സമൂഹങ്ങളുടെ സ്ഥാപകനുമായ ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപത്തിയൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ വിപുലമായ പരിപാടികളോടുകൂടി ജൂലൈ 1 മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5 ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് കുര്‍ബാനയും കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനയും നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കബറില്‍ അഖണ്ഢ പ്രാര്‍ത്ഥന നടക്കും. ജൂലൈ 1 ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയാ മെത്രാന്‍ ബിഷപ്പ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം സഹായ മെത്രാന്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷ്യന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ്, മാര്‍ത്താണ്ഢം ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. വിന്‍സെന്റ്് മാര്‍ പൗലോസ്,  ബത്തേരി ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, പൂന കഡ്ഗി ഭദ്രസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്, മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. മാര്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബഥനി സന്യാസ സമൂഹാധ്യക്ഷന്‍ റവ. ഡോ. ഗീവര്‍ഗ്ഗീസ് കുറ്റിയില്‍ ഒ.ഐ.സി., തിരുവല്ല അതിഭദ്രാസന വികാരി ജനറല്‍ റവ. ഡോ. ഐസക് പറപ്പള്ളില്‍, മലങ്കര മേജര്‍ സെമിനാരി റക്ടര്‍ റവ. ഡോ. ജിജി ഫിലിപ് ചരിവുപുരയിടം എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. ജൂലൈ 4 ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ലത്തീന്‍ ക്രമത്തിലും ജൂലൈ 5 ന് ഇടുക്കി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സീറോ മലബാര്‍ ക്രമത്തിലും കുര്‍ബാന അര്‍പ്പിക്കും. ജൂലൈ 14 ന് വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും. സമാപന ദിവസമായ ജൂലൈ 15 ന് ആഘോഷമായ സമൂഹബലിക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഈ വര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയിരിക്കും. 

പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ നടക്കും. പ്രധാന പദയാത്ര ജൂലൈ 10 ന് റാന്നി പെരുനാട്ടില്‍ നിന്നും ആരംഭിക്കും. മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മസ്ഥലമായ മാവേലിക്കരയില്‍ നിന്നും തിരുവല്ലയില്‍ നിന്നും മൂവാറ്റുപുഴയില്‍ നിന്നും മാര്‍ത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്രകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോട് ചേരും. 2024 മാര്‍ച്ച് 14 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസിന്റെ വിശുദ്ധ നാമകരണ നടപടികളുടെ ഭാഗമായി ധന്യന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ ഓര്‍മ്മപ്പെരുന്നാളാണിത്. പരിപാടികള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്.

Comments

leave a reply

Related News