Foto

അടുത്ത കാവിലെ പാട്ട് മത്സരത്തിന് കാണാം ; ഇംഗ്ലണ്ട് പോർവിളി തുടങ്ങി

അടുത്ത കാവിലെ പാട്ട്  മത്സരത്തിന്  കാണാം ;
ഇംഗ്ലണ്ട്  പോർവിളി തുടങ്ങി

കാൽപന്തുകളിയുടെ തറവാട്ടുമുറ്റത്ത്, ചരിത്ര പ്രസിദ്ധമായ ലണ്ടനിലെ വെംബ്ലിയിൽ, എഴുപതിനായിരത്തിലേറെ കാണികളെ സാക്ഷി നിറുത്തി യൂറോപ്യൻ വൻകരയുടെ ഫുട്‌ബോൾ ആധിപത്യം നേടാനുള്ള ഇംഗ്ലണ്ടിന്റെ മോഹങ്ങൾ പൂവണിഞ്ഞില്ല. അമ്പത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ്, ഒരിക്കൽ മാത്രം ലോക കപ്പിൽ മുത്തമിട്ട മണ്ണിൽ, 61 വർഷത്തെ യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി കപ്പുയർത്തുവാനുള്ള സകല തയ്യാറാടെപ്പുകളും നടത്തിയിട്ടും ഭാഗ്യദേവത തുണയ്ക്കാതെ ഇംഗ്ലീഷ് ടീം കണ്ണീരോടെ പ്രിയപ്പെട്ട മൈതാനത്തിൽ നിന്നും നടന്നകന്നു. ലോക കപ്പിൽ കന്നിമുത്തമിട്ട 1996നു ശേഷം നാളിതുവരെ ഒരു രാജ്യാന്തര കിരീടം ഇംഗ്ലണ്ടിനു കിട്ടാക്കനിയായിരുന്നു. മികച്ച ഫോമിൽ, അജയ്യരായി, ഫൈനലിലെത്തിയ ഇംഗ്ലണ്ട് സ്വന്തം തട്ടകത്ത് ചരിത്രം കുറിക്കുമെന്നാണ് കരുതിയത്. പക്ഷെ, കളി നിശ്ചിത സമയവും, അധിക സമയവും പിന്നിട്ട് കളിക്കാരും, കളിയാരാധകരും കൊതിക്കാത്ത ഭാഗ്യത്തിന്റെ അനുകൂലമായ ടൈബ്രേക്കർ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ, ഇംഗ്ലണ്ടിനെതിരെ ഇറ്റലി ജയിച്ചു കയറി. 53 വർഷങ്ങൾക്കു മുൻപ് ഒരു തവണ മാത്രം നേടിയിട്ടുള്ള യുയേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇറ്റലിക്ക് ഇത് രണ്ടാമൂഴം.
    
യൂറോ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ, രണ്ടാം മിനിറ്റ് ഗോളിലൂടെ നേടിയ മുൻതൂക്കം 65 മിനിറ്റ് കളയാതെ കാത്തുസൂക്ഷിച്ച ഇംഗ്ലണ്ടിനെതിരെ, ഇറ്റലി ഒരു കോർണർ കിക്കിലൂടെ സ്‌കോർ ചെയ്തു മൽസരം സമനിലയിലാക്കി. നിശ്ചിത 90 മിനിറ്റും അധിക സമയമായ 30 മിനിറ്റും കളിച്ചിട്ടും മത്സരവിധി നിർണ്ണയിക്കപ്പെടാതിരുന്നതോടെ ടൈബ്രേക്കർ പെനാൽറ്റി ഷൂട്ടൗട്ടിന് കളമൊരുങ്ങി ഇറ്റലിയുടെ 3 കിക്കുകൾ ലക്ഷ്യം കണ്ടപ്പോൾ, ഇംഗ്ലണ്ടിന് 2 തവണ മാത്രമെ പന്ത് വലയിലാക്കാനായുള്ളു.
    
കലാശപോരാട്ടത്തിന്റെ കിക്കോഫിൽ തന്നെ ഇറ്റലിക്ക് ലഭിച്ച കോർണർ കിക്ക് ഇംഗ്ലണ്ടിന്റെ ശക്തമായ പ്രതിരോധ നിര രക്ഷപ്പെടുത്തി. ഈ സമയം നടന്ന കൗണ്ടർ അറ്റാക്കാണ് ഗോളിന് വഴിയൊരുക്കിയത്. ഇംഗ്ലീഷ് നായകൻ ഹാരി കെയിൻ ഫൈനലിലേക്ക് കോച്ച് ഗാരി സൗത്ത്‌ഗേറ്റ് കാത്തുവച്ച കീൺ ട്രിപ്പിയർക്ക് പന്ത് കൈമാറി. ബോക്‌സിലേക്കു കുതിച്ച ട്രിപ്പിയർ കൊടുത്ത ക്രോസിൽ നിന്നാണ്, ലൂക്ക് ഷോ കനത്ത ഒരു കിക്കിലൂടെ ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മയ്ക്ക് തടുക്കുവാൻ കഴിയാത്ത വിധം ഗോൾ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. യൂറോ കപ്പിലെ ഏറ്റവും വേഗതയേറിയ ഈ ഗോൾ ലൂക്ക് ഷോയുടെ അന്താരാഷ്ട്ര കരിയറിലെ ഇംഗ്ലണ്ടിന് വേണ്ടിയുള്ള ആദ്യ ഗോൾ കൂടിയായിരുന്നു. അപ്രതീക്ഷിതമായി തുടക്കത്തിലേറ്റ പ്രഹരം ഇറ്റലിയുടെ കളിയുടെ താളം തെറ്റിച്ചു. ആദ്യ പകുതിയിൽ ആധിപത്യത്തോടെ ഇംഗ്ലീഷ് പ്രതിരോധ നിര ഇറ്റലിയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചു. രണ്ടാം പകുതിയിൽ, കളിയുടെ 67 -ാം മിനിറ്റിലാണ് ഇംഗ്ലീഷ് പ്രതിരോധത്തെ തകർത്ത് ഇറ്റലി സമനില കൈവരിച്ചത്. ഇറ്റലിക്ക് ലഭിച്ച കോർണർ കിക്ക്, ബെറാർഡി ഇംഗ്ലീഷ് ബോക്‌സിനുള്ളിലേക്ക് നൽകിയത് വെറാറ്റി ഹെഡു ചെയ്‌തെങ്കിലും ഗോൾ കീപ്പർ പിക് ഫോർഡിനെ മറികടന്ന് പോസ്റ്റിൽ തട്ടി തന്റെ കാലുകളെ ലക്ഷ്യമാക്കി വന്ന റീബൗണ്ട് മാർക്ക് ചെയ്യപ്പെടാതെ നിന്ന ലിയനാർഡോ ബൊനുച്ചി സമർത്ഥമായി വലയിലാക്കി ഇറ്റലിയെ മൽസരത്തിലേക്ക് തിരികെ എത്തിച്ചു. ഇംഗ്ലീഷ് നായകൻ കാഴ്ചക്കാരനായിപ്പോയ ഈ ഗോളാണ് പിന്നീട് വെംബ്ലിയുടെ അന്തിമ വിധിയെഴുതിയത്. ഗോൾ മടക്കിയതോടെ ഇറ്റലി ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഇംഗ്ലീഷ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തുവാൻ കഴിഞ്ഞില്ല. അധിക സമയത്തും ഇരു ടീമുകളും സ്‌കോർ ചെയ്യാതെ നിന്നതോടെ അന്തിമഫലം ട്രൈ ബ്രേക്കറിലേക്ക് നീങ്ങി.
    അധിക സമയത്തു തന്നെ പെനാൽറ്റി ഷൂട്ടൗട്ട് ലക്ഷ്യമിട്ട് ഇംഗ്ലീഷ് പരിശീലകൻ ഗാരി സൗത്ത് ഗേറ്റ് സബ്‌സിറ്റിയൂഷനിലൂടെ പെനാൽറ്റി എടുക്കുവാൻ സമർത്ഥരായ മൂന്നു യുവതാരങ്ങളെ കളിക്കളത്തിൽ ഇറക്കിയിരുന്നു. ഒടുവിൽ സൗത്ത് ഗേറ്റിന് എന്നന്നേക്കും മറക്കാൻ കഴിയാത്ത നിരാശ പകർന്നതും ആ താരങ്ങളായിരുന്നു. കളിയുടെ വിധി അതാകാം. ഷൂട്ടൗട്ടിൽ ഇറ്റലിയുടെ ബെറാർഡി, ബൊനുച്ചി ബെർണാ ഡെസ്‌കി എന്നീ കളിക്കാർ കൃത്യമായി പന്ത് വലയിലെത്തിച്ചു. ഇംഗ്ലണ്ടിനുവേണ്ടി നായകൻ                      ഹാരി കെയിനും ഹാരി മഗ്വയറും മാത്രമാണ് പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. ഇറ്റലിയുടെ ആൻഡ്രിയ ബെലോട്ടിയുടെയും, ജോർജീഞ്ഞോയുടെയും കിക്കുകൾ ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദാൻ പിക്‌ഫോർഡ് തടഞ്ഞിട്ടു. ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ കിക്ക് മാർക്കസ് റാഷ്ഫഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ജെയ്ഡൺ സാഞ്ചോയുടെയും, ബകായോ സാകയുടെയും കിക്കുകളാണ് 22 കാരനായ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻ ല്യൂ ജി ഡൊണാറുമ്മ സേവ് ചെയ്തത്.
    രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന യൂറോ 2020 കലാശക്കളിയിൽ തുല്യശക്തികളുടെ മികച്ച പോരാട്ടമാണ് കാണുവാൻ കഴിഞ്ഞത്. ഒരൊറ്റ ഗോൾ വീതം മാത്രം വഴങ്ങിയാണ് ഇംഗ്ലണ്ടും, ഇറ്റലിയും ഫൈനലിലെത്തിയത്. ആദ്യ നിമിഷങ്ങളിലെ ഗോൾ ഇംഗ്ലണ്ടിനെ അമിത പ്രതിരോധത്തിലേക്ക് നയിച്ച ലീഡു നിലനിറുത്താനാണവർ ശ്രമിച്ചത്. ഇറ്റലിക്ക് മൽസരത്തിലേക്ക് തിരിച്ചു വരേണ്ടിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ പിഴവുകളില്ലാതെ ആക്രമിക്കുവാൻ അവർ തുനിഞ്ഞു. ആഗ്രഹിച്ച ഫലം പ്രതിരോധ നിരയിൽ നിന്നു തന്നെ ഇറ്റലിക്ക് ലഭിച്ചു.
    
മൂന്നു വർഷങ്ങൾക്ക് മുൻപ് യൂറോപ്പിലെ മികച്ച ടീമായിട്ടും, ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ, 2018-ൽ റഷ്യയിൽ ഇറ്റലിക്ക് സ്ഥാനമുണ്ടായിരുന്നില്ല. യോഗ്യതാ റൗണ്ടിൽ പുറത്തുപോകേണ്ടി വന്ന ഇറ്റലിക്ക്,  പ്രത്യേകിച്ച് പരിശീലകൻ റോബർട്ടോ മാൻചീനിക്ക് അതൊരു വലിയ പാഠമായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായിരുന്ന മാൻ ചീനി ഇറ്റാലിയൻ ടീമിനെ അടിമുടി മാറ്റിയെടുത്തു. കടുത്ത പ്രതിരോധത്തിന് പേരു കേട്ട അസൂറിപ്പടയെ ആക്രമിച്ചു കളിക്കുന്ന ഒന്നാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് മാൻചീനിക്കു തന്നെയാണ്. മാർക്കോ വെറാറ്റി, ജോർജീഞ്ഞോ, ബാരെല്ല എന്നിവർ മധ്യനിര കാത്തു സൂക്ഷിക്കുമ്പോൾ, കില്ലെനിയും, ബൊനുച്ചിയും ഗോൾ കീപ്പർ ഡൊണാറുമ്മയ്‌ക്കൊപ്പം ബോക്‌സിന് കനത്ത കാവൽ ഉയർത്തുന്നു. കളിയെ വീക്ഷിക്കുന്നവർക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത കാരണവർമാരാണ് കില്ലെനി-ബൊനുച്ചി ദ്വയം. യൂറോ 2020 ഫൈനലിലെ രണ്ടാം മിനിറ്റിലെ ഇംഗ്ലണ്ടിന്റെ ഗോൾ വീഴുന്നതു വരെ ഇവരെ പല തവണ പരീക്ഷിച്ചവരും പരാജയപ്പെടുക മാത്രമേ ചെയ്തിട്ടുള്ളു.
    
''ഇതു ഞങ്ങളുടെ രാത്രിയായിരുന്നില്ല. ഞങ്ങൾ നന്നായി കളിച്ചു. ഇതിൽ കൂടുതലായി ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. പെനാൽറ്റി എന്നും വേദനകൾ നൽകുന്ന ഒന്നു തന്നെയാണ്. ലക്ഷ്യം നേടാനായാൽ സന്തോഷം പകരും. മറിച്ചാണെങ്കിൽ എന്നന്നേക്കുമുള്ള വേദനയും, നിരാശയും'' ഇംഗ്ലണ്ടിന്റെ നായകൻ ഹാരി കെയിനിന്റെ നിരാശ നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.
    
''കഴിഞ്ഞ ലോക കപ്പിൽ റഷ്യയിൽ ഞങ്ങൾക്ക് കളിക്കുവാൻ കഴിഞ്ഞില്ല. ആ കടുത്ത ആഘാതത്തിൽ നിന്ന് ഉയർത്തെഴുന്നേക്കുവാനും, അവസാന വിസിൽ വരെ പോരാടാനും ഞങ്ങൾ പ്രതിജ്ഞയെടുത്തു''. നിർണായക രണ്ടാം പകുതി ഗോൾ നേടിയ ലിയോനാർഡോ ബൊനുച്ചിയുടെതാണ് ഈ കമന്റ്.
    
കഴിഞ്ഞ രണ്ടര വർഷമായി 34 മൽസരങ്ങളിൽ ഇറ്റലി പരാജയം അറിഞ്ഞിട്ടില്ല. 35 മൽസരങ്ങളിൽ തോൽവി അറിയാത്ത ബ്രസീലിനും, സ്‌പെയിനുമൊപ്പമെത്താൻ ഒരൊറ്റ വിജയം കൂടി ഇറ്റലിക്ക് നേടേണ്ടിയിരിക്കുന്നു.
    
യൂറോപ്യൻ വൻകരയുടെ ഫുട്‌ബോൾ പ്രതിഭകളുടെ, അവരുടെ കിരീടാവകാശികളെ കണ്ടെത്തുവാനുള്ള ഒരു മാസത്തിലേറെ നീണ്ട യുയേഫ യൂറോപ്യൻ ചാമ്പ്യൻ ഷിപ്പ് ഒരിക്കൽ കൂടി കാൽ പന്തുകളിയുടെ നീണ്ട രാവുകൾ നമുക്കു സമ്മാനിച്ചതും എന്നെന്നും ഓർമിക്കുവാനുള്ള കളി മുഹൂർത്തങ്ങളാണ.് ഫുട്‌ബോളിന്റെ ശക്തിയും, സൗന്ദര്യവും ആസ്വദിക്കുവാൻ ഈ മഹാമാരിക്കാലത്തും യൂറോ കപ്പിലെ മൽസരങ്ങളിലൂടെ നമുക്കു കഴിഞ്ഞു. മികച്ച ടീമുകൾ നോക്കൗട്ട് ഘട്ടത്തിൽ ഒന്നൊന്നായി കൊഴിഞ്ഞു വീഴുമ്പോഴും, പുതിയ പുതിയ താരങ്ങൾ ഉദയം കൊള്ളുന്നുണ്ടായിരുന്നു. ഒരു വർഷമകലെ ഖത്തറിൽ ലോകഫുട്‌ബോളിന്റെ അടുത്ത അവകാശിയെ കണ്ടെത്തുവാനുള്ള അവസാന പോരാട്ടത്തിന് ഇക്കുറി യൂറോയിൽ കണ്ട ഭൂരിഭാഗം ടീമുകളും ഉണ്ടാകും. ഇംഗ്ലീഷ് നായകൻ ഹാരി കെയിൻ പറഞ്ഞതുപോലെ ഇനി ഖത്തറിൽ കാണാം.

എൻ.എസ്. വിജയ കുമാർ

 

Foto
Foto

Comments

leave a reply

Related News