Foto

കത്തോലിക്കാ കോൺഗ്രസ് നേതൃത്വ ക്യാമ്പ് തുടങ്ങി

കത്തോലിക്കാ കോൺഗ്രസ് നേതൃത്വ ക്യാമ്പ് തുടങ്ങി

കൊച്ചി: സഭയിലെ ഐക്യവും കൂട്ടായ്മയും ഏറെ പ്രാധാന്യമർക്കുന്നതാണെന്നും , കത്തോലിക്കാ കോൺഗ്രസിന്‍റെ നിലപാടുകൾ എക്കാലവും സഭയോടൊപ്പം ആണെന്നത്  അഭിമാനകരമാണെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് (ഇഗ്നൈറ്റ് 22) പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരാധനയിലെ ഐക്യം പ്രധാനമാണ്. ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള സമുദായംഗങ്ങളിൽ ഇക്കാര്യത്തിൽ ഐക്യം ഉണ്ടാകണം. ഇക്കാര്യത്തിൽ ഇപ്പോൾ അന്തിമ തീരുമാനം ആയിരിക്കുകയാണ്.
44 രാജ്യങ്ങളിൽ രൂപപ്പെട്ടിട്ടുള്ള കത്തോലിക്ക കോൺഗ്രസ് , സഭയുടെയും സമുദായത്തിന്‍റെയും ശക്തിയായിട്ടുണ്ട് . സമുദായത്തിന്‍റെ ഒട്ടനവധി പ്രതിസന്ധികൾക്കു പരിഹാരം കാണാൻ സംഘടനയ്ക്കു സാധിക്കും. സഭയുടെ പൂർണ പിന്തുണ കത്തോലിക്ക കോൺഗ്രസിന്‍റെ എല്ലാ പ്രവർത്തനത്തിനും ഉണ്ടാവുമെന്നും കർദിനാൾ പറഞ്ഞു.
നിസ്വാർത്ഥരും കർമനിരതരുമായ നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള വേദിയായി നേതൃത്വക്യാന്പ് മാറട്ടെയെന്നും കർദിനാൾ ആശംസിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ മുഖപത്രമായ എകെസിസി വോയ്‌സിന്‍റെയും സി സി ഗ്ലോബൽ യൂത്ത് കൗൺസിൽ കർമപദ്ധതിയുടെയും പ്രകാശനവും  മാധ്യമ സംരംഭമായ ചാനലിന്‍റെ ലോഞ്ചിംഗും കർദിനാൾ നിർവഹിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഓൺലൈൻ മെന്പർഷിപ്പ് പദ്ധതിയിലെ  ആദ്യ അംഗത്വം, അഡ്വ പി. ടി. ചാക്കോയ്ക്കു കൈമാറി.
ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജിനെ യോഗത്തിൽ ആദരിച്ചു.  ബിഷപ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ഫാ . ജേക്കബ് പാലക്കാപ്പിള്ളി, ഡയറക്ടർ ഫാ . ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ട്രഷറർ ഡോ. ജോബി കാക്കശേരി , ഭാരവാഹികളായ ടെസി ബിജു , ക്യാമ്പ് കോ ഓർഡിനേറ്റർമാരായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ , ബെന്നി ആന്‍റണി തുടങ്ങിയവർ പ്രസംഗിച്ചു .
ക്യാമ്പ് ഞായറാഴ്ച  വൈകുന്നേരം സമാപിക്കും

Foto

Comments

leave a reply

Related News