Foto

ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി ഉദ്ഘാടനം ചെയ്തു 

കത്തോലിക്ക തിരുസഭ അംഗീകരിച്ച ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി കുമ്പളങ്ങിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സ്ഥാപിതമായ ഗാലറിയുടെ ഉദ്ഘാടനം കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ഷൈജു പരിയാത്തുശ്ശേരി നിര്‍വഹിച്ചു. 

കത്തോലിക്ക തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ എക്‌സിബിഷനുകള്‍ പലരാജ്യങ്ങളിലും നടന്നിട്ടുണ്ടെങ്കിലും ലോകത്തൊരിടത്തും ദിവ്യകാരുണ്യ അല്‍ഭുതങ്ങള്‍ക്ക് സ്ഥിരം ഗാലറിയില്ല. പ്രത്യേകതരം ഫ്രെയ്മിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങളോടെ കാന്‍വാസില്‍ തീര്‍ത്തിരിക്കുന്ന ഗാലറി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറിയാണ്. കുമ്പളങ്ങി സ്വദേശി സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ 101 ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ എന്ന  പുസ്തകത്തെ ആധാരമാക്കിയാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. 

കുമ്പളങ്ങി ഫൊറോന വികാരി ഫാ. സെബാസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷനായി. കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ആശംസ പറഞ്ഞു. കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍ സ്വാഗതവും സമരിയ ഓള്‍ഡ് ഏജ് ഹോം മാനേജിംഗ് ഡയറക്ടര്‍ സെലസ്റ്റിന്‍ കുരിശിങ്കല്‍ നന്ദിയും പറഞ്ഞു. 

രാവിലെ എട്ടു മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കാം.

വിശദവിവരങ്ങള്‍ക്ക് 
സെലസ്റ്റിന്‍ കുരിശിങ്കല്‍ 
9846333811

Comments

leave a reply

Related News