ഇസ്ലാമിക ഭീകരരുടെ ചോരക്കളിക്കു പിന്നിലെ യഥാർത്ഥ വസ്തുതകൾ അജ്ഞാതമാക്കി
വയ്ക്കാനുള്ള താൽപ്പര്യത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന സംശയം തീവ്രം
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പ് നടത്തിയ ഈസ്റ്റർ 2019 ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം നീതിപൂർവകമായിരുന്നില്ലെന്ന പരാതിയുമായി കത്തോലിക്കാ സഭ. പ്രസിഡന്റ് നിയോഗിച്ച അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന് കർദിനാൾ മാൽക്കം രഞ്ജിത്ത് ശ്രീലങ്കൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ആക്രമണം തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന കണ്ടെത്തിലിന് അപ്പുറമായി,അക്രമികൾ ആരെന്നു കണ്ടെത്തുന്നതിൽ അന്വേഷണ കമ്മീഷൻ ശ്രദ്ധ ചെലുത്തിയില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെയും നിഷ്‌ക്രിയത്വത്തിന്റെ പേരിൽ പ്രതിക്കൂട്ടിലാക്കുകയെന്ന രാഷ്ട്രീയ അജണ്ടയാണ് അന്വേഷണത്തിലൂടെ പൂർത്തിയാക്കിയതെന്നാണ് ആരോപണം. ഇതിനിടെ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ ദുരൂഹത ഏറുകയാണ്. ഗോതബയ രാജപക്സയെ അധികാരത്തിലെത്തിച്ചതിൽ നിർണ്ണായക പങ്കുണ്ടായിരുന്നു ഈസ്റ്റർ 2019 ഭീകരാക്രമണത്തിന്. ഇസ്ലാമിക ഭീകരരുടെ ചോരക്കളിക്കു പിന്നിലെ യഥാർത്ഥ വസ്തുതകൾ അജ്ഞാതമാക്കി വയ്ക്കാനുള്ള താൽപ്പര്യത്തിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കപ്പെടുന്നു.
ആക്രമണത്തിന് ഇരയായവർക്ക് പ്രസിഡൻഷ്യൽ കമ്മീഷനും സർക്കാരും നീതി നൽകണം. അല്ലാത്തപക്ഷം താൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോയി നീതി തേടും- കർദിനാൾ പറഞ്ഞു. 'ഈസ്റ്റർ ആക്രമണത്തെക്കുറിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിയ രീതിയിലും സിഐഡി പ്രവർത്തിച്ച രീതിയിലും ഞാൻ തൃപ്തനല്ല. കൂടുതൽ സഹിക്കാൻ ഞങ്ങളുടെ ആളുകൾ തയ്യാറല്ല. കമ്മീഷനിൽ നിന്നോ സർക്കാരിൽ നിന്നോ ഞങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ മറ്റൊരു തീരുമാനം എടുക്കേണ്ടിവരും.'
പ്രാദേശിക ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ നാഷണൽ തൗഹീദ് ജമാത്തിന്റെ ചാവേർ ബോംബർമാർ മൂന്ന് പള്ളികളെയും മൂന്ന് ആഡംബര ഹോട്ടലുകളെയും ലക്ഷ്യമിട്ട് 2019 ഈസ്റ്റർ ഞായറാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ 279 പേർ ആണ് കൊല്ലപ്പെട്ടത്. 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് രാഷ്ട്രീയക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളും മതനേതാക്കളും കുറ്റപ്പെടുത്തി. മുന്നറിയിപ്പ് ലഭിച്ചിട്ടും ആക്രമണം തടയാത്തതിന്റെയും പൊതുജനങ്ങളെ അറിയിക്കാത്തതിന്റെയും പേരിൽ മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ, മുൻ പോലീസ് മേധാവി പുജിത ജയസുന്ദര എന്നിവരെ അറസ്റ്റ് ചെയത് റിമാൻഡലാക്കിയിരുന്നു.
ആക്രമണം സംബന്ധിച്ച് അന്വേഷിച്ച പ്രസിഡൻഷ്യൽ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് ഈ മാസാദ്യം പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക് കൈമാറി. ആറ് വാല്യങ്ങളിലായി 472 പേജുകളും 215 അറ്റാച്ചുമെന്റുകളും അടങ്ങിയിട്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് 2019 ൽ കമ്മീഷൻ നിയമിച്ചത്. 214 ദിവസത്തിനുള്ളിൽ 457 പേരിൽ നിന്ന് തെളിവുകൾ രേഖപ്പെടുത്തി. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭ്യമാക്കിയിട്ടും ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന കുറ്റമാണ് സിരിസേനയ്ക്കും മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കമ്മീഷന്റെ അന്തിമ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക തീയതി നിശ്ചയിക്കുമെന്ന് മാസ് മീഡിയ മന്ത്രി കെഹെലിയ റംബുക്വെല്ല പറഞ്ഞു.
പ്രോസിക്യൂഷൻ നടപടികൾക്കായി റിപ്പോർട്ട് ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചതായി പ്രസിഡന്റ് രാജപക്സ സ്ഥിരീകരിച്ചു.അതേസമയം, ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടവരെ കണ്ടെത്തൽ മാത്രമല്ല വിഷയം, ഈ ആക്രമണത്തിന് പിന്നിൽ ആരായിരുന്നെന്നു കണ്ടെത്തുകയെന്നതും പ്രാധാനമാണ്. ഇതു സംബന്ധിച്ച ഞാൻ കമ്മീഷനോട് ഒരു അഭ്യർത്ഥന നടത്തിയിരുന്നു- കർദിനാൾ രഞ്ജിത്ത് പറഞ്ഞു.
സ്ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് ശ്രീലങ്ക അക്കാലത്തു തന്നെ സമ്മതിച്ചിരുന്നു. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. കൊളംബോയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി എൻഐഎ അടക്കമുള്ള ഏജൻസികൾ ശ്രീലങ്കയ്ക്ക് വിവരം നൽകിയിരുന്നു. തീവ്രവാദ സംഘടനാ നേതാവിന്റെയും മുഖ്യസംഘാംഗങ്ങളുടെയും വിശദാംശങ്ങളടക്കമാണ് എൻഐഎ കൈമാറിയത്.
ഏപ്രിൽ നാലിനാണ് ഭീകരാക്രമണം നടക്കുമെന്ന വിവരം ശ്രീലങ്കയെ ഇന്ത്യ അറിയിച്ചത്. ഏപ്രിൽ ഏഴിന് പ്രസിഡന്റ് മൈത്രിപാല സിരിസേന അദ്ധ്യക്ഷനായി സെക്യുരിറ്റി കൗൺസിൽ യോഗം ചേർന്നു. എന്നാൽ ഭീകരാക്രമണം നടന്നേക്കുമെന്ന വിവരം എല്ലാവരെയും അറിയിക്കാതെ മറച്ചുവച്ചു.കുറഞ്ഞത് ഏഴെട്ട് വർഷമായി ഈ ആക്രമണത്തിന് വേണ്ടി ആസൂത്രണം നടക്കുന്നുണ്ടായിരിക്കാമെന്നാണ് മുൻ സൈനിക മേധാവിയും പ്രാദേശിക വികസനകാര്യ മന്ത്രിയുമായ ശരത് ഫൊൻസെക പാർലമെന്റിൽ പറഞ്ഞത്.
പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള തർക്കമാണ് സുരക്ഷാ കാര്യത്തിൽ വീഴ്ച്ച വരുത്തിയതെന്നും വിമർശനമുണ്ടായി. രഹസ്യാന്വേഷണ വിവരം ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം മറച്ചുവെച്ചെന്ന് ആരോപിച്ച് ശ്രീലങ്കയിലെ മന്ത്രി മന്ത്രി ലക്ഷ്മൺ കിരിയേലയും രംഗത്ത് വന്നിരുന്നു.
✍️ ബാബു കദളിക്കാട്
Comments